Thursday, October 1, 2020

വടക്കാഞ്ചേരി ലൈഫ്‌‌ അട്ടിമറി : നിലച്ചു സ്വപ്നവും തൊഴിലും; ആഹ്ലാദിക്കുന്നവർ ആർക്കൊപ്പം

 വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയും യുഡിഎഫും ബിജെപി യും ആഗ്രഹിച്ച വിധം വടക്കാഞ്ചേരിയിലെ ലൈഫ്‌ മിഷൻ ഫ്ലാറ്റ്‌ നിർമാണം നിലച്ചു. 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നത്തിനുമുന്നിൽ കരിനിഴൽ വീഴ്‌ത്തി. മാത്രമല്ല, 350 ലധികം തൊഴിലാളികളുടെ തൊഴിലും നഷ്ടപ്പെട്ടു. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ വീടെന്ന സ്വപ്നമാണ് യാഥാർഥ്യമാക്കാൻ പോകുന്നതെന്ന സത്യം പോലും എംഎൽഎ മറന്നു. ഇവരുടെയെല്ലാം കുടുംബങ്ങളെ കോവിഡ്‌ മഹാമാരിയുടെ ദുരന്തകാലത്ത്‌ മറ്റൊരു ദുരിതത്തിലേക്കുകൂടി തള്ളിവിട്ടു. എംഎൽഎയും പ്രതിപക്ഷ പാർടികളും എന്തുനേടിയെന്ന വടക്കാഞ്ചേരി മണ്ഡലത്തിലെ ജനങ്ങളുടെ ചോദ്യത്തിനു മുന്നിൽ  ഇവർക്ക്‌ ഉത്തരമില്ല. 

പാവങ്ങൾക്ക്‌ വീട്‌ നൽകുന്നതിനുള്ള  ലൈഫ്‌ മിഷൻ പദ്ധതിയുടെ ഭാഗമായാണ്‌ ഫ്ളാറ്റ് സമുച്ചയങ്ങളും  ആശുപത്രിയും  വടക്കാഞ്ചേരിയിലെ ചരൽപ്പറമ്പിൽ  നിർമിക്കുന്നത്‌. ചട്ടങ്ങൾ പാലിച്ച്‌ മതിയായ ഉറപ്പിലായിരുന്നു നിർമാണം. പണി‌ പൂർത്തിയായി താമസക്കാരെത്തുമെന്നുറപ്പായതോടെയാണ്‌ അന്നുവരെ തിരിഞ്ഞുനോക്കാത്ത എംഎൽഎയും സംഘവും പെരുംനുണകളുമായി രംഗത്തുവന്നത്‌. കമ്പിക്കുപകരം പപ്പായത്തണ്ടുകൊണ്ടാണ്‌  കെട്ടിടം നിർമിച്ചതെന്നു‌വരെ പ്രചരിപ്പിച്ചു.

ലോക്‌ഡൗണിൽ അതിഥിത്തൊഴിലാളികൾ മടങ്ങിയതിനെത്തുടർന്ന്‌ പ്രദേശവാസികളാണ്‌ നിർമാണത്തിൽ പങ്കെടുത്തത്‌. നിർമാണം നിലച്ചതോടെ കോവിഡ്‌ കാലത്തുള്ള ഏക വരുമാനവും ഇല്ലാതായതായി തൊഴിലാളികൾ പറയുന്നു. വിവാദങ്ങളും അന്വേഷണങ്ങളുമെല്ലാം പെട്ടെന്ന് പൂർത്തിയാക്കി നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ തങ്ങൾ പ്രതിസന്ധിയിലാവുമെന്നും അവർ പറയുന്നു.

ലൈഫ്‌ മിഷൻ പദ്ധതിപ്രകാരം സർക്കാർ അനുവദിച്ച സ്ഥലത്ത്‌ ഫ്ലാറ്റ്‌ പണിയാൻ കരാർ നൽകിയതും നിർമാണക്കമ്പനിയെ തെരഞ്ഞെടുത്തതുമെല്ലാം  യുഎഇ കോൺസുലേറ്റും റെഡ്‌‌ക്രസന്റുമാണ്‌. സർക്കാരിന്‌ സാമ്പത്തികമായി ഒരു ഇടപാടുമില്ല.  ഇതെല്ലാം രേഖകളിൽ വ്യക്തമായിട്ടും നുണ പ്രചരിപ്പിച്ചു. നിരന്തരം നിർമാണ സ്ഥലത്തെത്തി പണികൾ തടസ്സപ്പെടുത്തി.

ഇതുകൊണ്ടൊന്നും ജനങ്ങളിൽ സംശയമുണർത്തിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ്‌ അനിൽ അക്കര സിബിഐക്ക്‌ പരാതി നൽകിയതും ബിജെപി, കോൺഗ്രസ്‌ ഗൂഢാലോചനയിൽ ഞൊടിയിടകൊണ്ട്‌ സിബിഐ ഏറ്റെടുത്തതും. ഇതോടെ  ആശങ്കയിലായ‌ നിർമാണ ക്കമ്പനി യൂണിടാക്‌ പണി നിർത്തിവയ്‌ക്കുകയായിരുന്നു. അങ്ങനെ, വീടുകാത്തിരിക്കുന്ന പാവപ്പെട്ട കുടുംബങ്ങളും തൊഴിൽ നഷ്ടപ്പെട്ട വീട്ടുകാരും എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി.

സി എ പ്രേമചന്ദ്രൻ 

No comments:

Post a Comment