Thursday, October 1, 2020

"അയോധ്യ ബാബ്‌റി സിർഫ്‌ ജാൻകി ഹേ: കാശി മഥുര അബ്‌ ബാക്കി ഹേ" ; ഇനി കാശിയും മഥുരയും

 1992 ഡിസംബർ ആറ്‌. അയോധ്യയിൽ ബാബ്‌‌റി മസ്‌ജിദ്‌ തകർക്കുന്നതിനുള്ള കർസേവ നടക്കവെ രണ്ട്‌ സ്‌ത്രീകൾ–- ഉമ ഭാരതിയും സ്വാധി ഋതാംബരയും– ഉറക്കെ വിളിച്ചു പറഞ്ഞു ‘-അയോധ്യ ബാബ്‌റി സിർഫ്‌ ജാൻകി ഹേ: കാശി മഥുര അബ്‌ ബാക്കി ഹേ’ (അയോധ്യ ബാബ്‌റി ഒരു തുടക്കംമാത്രം: അടുത്തത്‌ കാശിയും മഥുരയും). 28 വർഷംമുമ്പ്‌ ബാബ്‌റി മസ്‌ജിദ്‌ തകർത്ത ഗൂഢാലോചന കേസിൽനിന്ന്‌ അദ്വാനിയും ഉമ ഭാരതിയും ഋതാംബരയും കുറ്റവിമുക്തരാക്കപ്പെടുമ്പോൾ ‘ഇനി കാശിയും മഥുരയുമെന്ന’ മുദ്രാവാക്യവും യാഥർഥ്യത്തിലേക്ക്‌ നീങ്ങുമെന്ന ആശങ്ക ഉയരുകയാണ്‌.

ഹിന്ദുത്വവാദികൾ അയോധ്യ മുദ്രാവാക്യം ഉയർത്തിയ ഘട്ടത്തിൽത്തന്നെയാണ്‌ കാശിയിലും മഥുരയിലുമുള്ള പള്ളികളും തകർക്കണമെന്ന മുദ്രാവാക്യവും ഉയർന്നത്‌. മഥുരയിലെ ശ്രീകൃഷ്‌ണ ക്ഷേത്രവളപ്പിലെ ഷാഹി ഈദ്‌ഗാഹും കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിനടുത്തെ ഗ്യാൻവ്യാപി പള്ളിയും തകർത്ത്‌ ആ പ്രദേശം ക്ഷേത്രങ്ങൾക്ക്‌ വിട്ടുനൽകണമെന്ന വാദമാണ്‌ സംഘപരിവാർ ഉയർത്തുന്നത്‌. യഥാർഥത്തിൽ അയോധ്യ, കാശി, മഥുര എന്ന മുദ്രാവാക്യം ആദ്യം ഉയരുന്നത്‌ 1949 ലാണ്‌. ഹിന്ദു മഹാസഭയാണ്‌ ഈ മുദ്രാവാക്യം ഉയർത്തിയത്‌. 1983–-84 വർഷത്തിലാണ്‌ ഇത്‌ വീണ്ടും സജീവമായത്‌. 1984ലാണ്‌ ബാബ്‌റി മസ്‌ജിദ്‌ നിലനിൽക്കുന്ന സ്ഥലം രാമക്ഷേത്ര നിർമാണത്തിന്‌ നൽകണമെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ ആവശ്യപ്പെട്ടത്‌‌. 1989ൽ അത്‌ ബിജെപി ഏറ്റെടുത്തു. ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടതോടെതന്നെ കാശി, മഥുര അജൻഡ സംഘപരിവാർ മുന്നോട്ടുവച്ചിരുന്നു. അന്ന്‌ അദ്വാനി പറഞ്ഞത്‌ ഉടൻ ഈ അജൻഡ പുറത്തെടുക്കില്ലെന്ന്‌ മാത്രമായിരുന്നു. അതൊരിക്കലും ഉയർത്തില്ലെന്ന്‌ അദ്വാനി പറഞ്ഞിരുന്നില്ലെന്ന്‌ വിഎച്ച്‌പി നേതാവായ അശോക്‌ സിംഗാൾ വിശദീകരിക്കുകയും ചെയ്‌തു.

അയോധ്യയിൽ ആഗസ്‌ത്‌ അഞ്ചിന്‌ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽത്തന്നെ ക്ഷേത്രനിർമാണത്തിനുള്ള ഭൂമി പൂജൻ നടന്നതോടെ അടുത്ത ലക്ഷ്യം മഥുരയാണെന്ന്‌ സംഘപരിവാർ പ്രഖ്യാപിച്ചു. ബാബ്‌റി മസ്‌ജിദ്‌ തകർത്ത സ്ഥലം രാമക്ഷേത്ര നിർമാണത്തിന്‌ വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതോടെതന്നെ മഥുരയിലെ പള്ളി തകർക്കണമെന്ന പ്രസ്ഥാനത്തിന്‌ തുടക്കമിട്ടിരുന്നു. കഴിഞ്ഞവർഷത്തെ പാർലമെന്റിന്റെ‌ ശീതകാല സമ്മേളനത്തിൽ ഹർണാഥ്‌ സിങ്‌ എന്ന ബിജെപി എംപി ജയ്‌ ശ്രീകൃഷ്‌ണ എന്ന്‌ എഴുതിയ പച്ചനിറത്തിലുള്ള വസ്‌ത്രവുമണിഞ്ഞാണ്‌ എത്തിയത്‌. അടുത്തത്‌ മഥുരയും വാരാണസിയുമാണെന്ന്‌ വിളിച്ചുപറയുകയായിരുന്നു ഹർണാഥ്‌ സിങ്‌. അയോധ്യയിൽ ഭൂമി പൂജൻ നടക്കുമ്പോൾ ബിജെപി നേതാവായ വിനയ്‌ കത്യാർ പറഞ്ഞത്‌ കാശി, മഥുര വിഷയം ഉയർത്താൻ ഇനിയും അമാന്തിക്കരുതെന്നായിരുന്നു.

മാർച്ച്‌ ആദ്യം ഹിന്ദുസന്യാസിമാരുടെ വിശാല കൂട്ടുകെട്ടായ അഖിൽ ഭാരതീയ സന്ത്‌ സമിതി വാരാണസിയിൽ യോഗം ചേർന്ന്‌ ശ്രീ കാശി ഗ്യാൻവ്യാപി മുക്ത്‌ യജ്ഞസമിതിക്ക്‌ രൂപം നൽകുകയുണ്ടായി. കാശി വിശ്വനാഥ ക്ഷേത്രത്തിന്‌ അടുത്തുള്ള പള്ളി പൊളിച്ചുനീക്കുകയാണ്‌ ലക്ഷ്യം. സുബ്രഹ്‌മണ്യ സ്വാമിയായിരുന്നു ഈ സമിതിയുടെ അധ്യക്ഷൻ.

(ബാബ്‌റി പള്ളി പൊളിക്കുന്നതിന്‌ സംഘപരിവാർ ആദ്യം രൂപംകൊടുത്തത്‌ രാമജന്മഭൂമി മുക്തി യജ്ഞ സമിതിക്കാണെന്ന്‌ ഓർക്കുക. 1984ൽ) ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ സമിതിയുടെ പ്രവർത്തനം മുന്നോട്ടുപോയില്ലെന്നുമാത്രം.

എന്നാൽ, മഹാമാരിക്കാലത്തും ജൂലൈ 23ന്‌ ശ്രീകൃഷ്‌ണ ജന്മഭൂമി മുക്തി ആന്ദോളൻ ട്രസ്റ്റിന്‌‌ രൂപം നൽകുകയുണ്ടായി. ഈ മാസം ആദ്യം അലഹബാദിൽ ചേർന്ന അഖിൽ ഭാരതീയ അഖാഡ പരിഷത്തും ഇതേ ലക്ഷ്യംവച്ചുള്ളതായിരുന്നു. ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതിന്റെ അടുത്ത അനുയായികൂടിയായ നരേന്ദ്ര ഗിരിയാണ്‌ പരിഷത്തിന്റെ അധ്യക്ഷൻ. ആർഎസ്‌എസിന്റെ പിന്തുണയോടെയാണ്‌ കാശി, മഥുര മുദ്രാവാക്യം സജീവമാകുന്നത്‌. മഥുരയിലും കാശിയിലും ക്ഷേത്രങ്ങൾ മുസ്ലിങ്ങൾ തകർത്തെന്നു പറഞ്ഞ്‌ എഫ്‌ഐആർ ഫയൽ ചെയ്യാനും പരിഷത്ത്‌ തീരുമാനിക്കുകയുണ്ടായി. കേന്ദ്രത്തിലും ഉത്തർപ്രദേശിലും ബിജെപി സർക്കാരായതിനാൽ ലക്ഷ്യം നേടാൻ വിഷമമുണ്ടാകില്ലെന്നും നരേന്ദ്ര ഗിരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഏറ്റവും അവസാനമായി മഥുരയിൽ മസ്‌ജിദ്‌ നിലനിൽക്കുന്ന സ്ഥലത്തിന്‌ അവകാശവാദമുന്നയിച്ച്‌ രഞ്‌ജന അഗ്നിഹോത്രി എന്ന അഭിഭാഷക പ്രാദേശിക കോടതിയിൽ ഹർജി ഫയൽ ചെയ്‌തു. ഈ ഹർജി കോടതി തള്ളി. പള്ളി ഇവിടെനിന്ന്‌ നീക്കം ചെയ്യണമെന്നാണ്‌ ശ്രീകൃഷ്‌ണ വിരാജ്‌മാന്റെ പേരിൽ നൽകിയ ഹർജിയിൽ വാദിച്ചത്‌. 1968ലെ ശ്രീകൃഷ്‌‌ണ ജന്മഭൂമി ട്രസ്റ്റും ഈദ്‌ഗാഹ്‌ കമ്മിറ്റിയും തമ്മിലുള്ള കരാറിനെ വെല്ലുവിളിക്കുന്നതാണ്‌ ഈ ഹർജി. 1993ൽ മോഹൻലാൽ ശർമ എന്നൊരാളും കരാറിനെ ചോദ്യംചെയ്‌ത്‌ കോടതിയെ സമീപിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുശേഷമുള്ള ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം അതേപടി നിലനിർത്തണമെന്ന 1991ലെ നിയമം മരവിപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുയർത്തി വിശ്വഭദ്ര പൂജാരി പുരോഹിത്‌ മഹാസംഘും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്‌.

ഇതെല്ലാം സൂചിപ്പിക്കുന്നത്‌ മുസ്ലിങ്ങളുടെയും ക്രിസ്‌ത്യാനികളുടെയും മറ്റും ആരാധനാലയങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള വലിയ ഗൂഢാലോചന അരങ്ങേറുന്നുവെന്നാണ്‌. ഇതുവഴി കുഗ്രാമങ്ങളിൽപ്പോലും വർഗീയധ്രുവീകരണം ശക്തമാക്കി സ്വാധീനം ഉറപ്പിക്കാൻ കഴിയുമെന്നാണ്‌ സംഘപരിവാർ കരുതുന്നത്‌. 1993 ജനുവരിയിൽ ‘കമ്യൂണലിസം കോമ്പാറ്റ്’ ‌എന്ന മാസിക ഹിന്ദുത്വവാദികൾ ലക്ഷ്യംവയ്‌ക്കുന്ന ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

30,000 ആരാധനാലയമാണ്‌ ഇങ്ങനെ സംഘപരിവാർ ലക്ഷ്യമിട്ടിട്ടുള്ളത്‌. രാജ്യത്തെ വർഗീയതയാകുന്ന മഹാമാരിയിലേക്ക്‌ വീഴ്‌ത്തി പ്രധാന വിഷയങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിട്ട്‌ അധികാരം ഉറപ്പിക്കാനാണ് സംഘപരിവാർ പദ്ധതിയിടുന്നത്‌.

വി ബി പരമേശ്വരൻ 

No comments:

Post a Comment