പ്രത്യേക സിബിഐ കോടതി വിട്ടയച്ച സംഘപരിവാർ നേതാക്കള്‍ ബാബ്‌റി പള്ളി പൊളിക്കാൻ ഏതെല്ലാംവിധം ഗൂഢാലോചന നടത്തിയെന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട് ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ തന്റെ കമീഷൻ റിപ്പോർട്ടിൽ. പള്ളി പൊളിച്ച് പത്താം ദിവസമാണ് പഞ്ചാബ്–- ഹരിയാന ഹൈക്കോടതി സിറ്റിങ് ജഡ്‌ജി എം എസ് ലിബർഹാനെ അന്വേഷണ കമീഷനായി നരസിംഹറാവു സര്‍ക്കാര്‍ നിയമിച്ചത്.
മൂന്നുമാസത്തിനകം റിപ്പോർട്ട് നല്‍കാനായിരുന്നു നിര്‍ദേശം. 48 വട്ടം കാലാവധി നീട്ടി 2009 ജൂൺ 30നാണ് റിപ്പോർട്ട് സമർപ്പിച്ചത്. പള്ളിപൊളിച്ചതിൽ വാജ്‌പേയിയും അദ്വാനിയും അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന റിപ്പോർട്ട് പിന്നീട് പാർലമെന്റ് അംഗീകരിച്ചു.
പതിനേഴ് വർഷമാണ് ലിബർഹാൻ കമീഷന്റെ അന്വേഷണം നീണ്ടത്. ഇത്രയും കാലതാമസമെടുത്ത ഒരു ജുഡീഷ്യൽ അന്വേഷണം ഇന്ത്യയിൽ മുമ്പുണ്ടായിട്ടില്ല. കോൺഗ്രസ് കേന്ദ്രം ഭരിച്ച ഘട്ടത്തിൽപ്പോലും സർക്കാർ സംവിധാനങ്ങളുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ലിബർഹാൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. 998 പേജുള്ള റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ:
● സംഘപരിവാറിന്റെ ദേശീയ–- പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് പള്ളി പൊളിച്ചത്. ആർഎസ്‌എസ്, ബജ്‌രംഗ്‌ദൾ, വിഎച്ച്‌പി, ബിജെപി, ശിവസേന എന്നീ സംഘടനകളുടെ നേതാക്കളും പ്രവർത്തകരുമുണ്ടായിരുന്നു. അവർ പ്രത്യക്ഷമായോ പരോക്ഷമായോ തകർക്കലിനെ സഹായിച്ചു
● പള്ളിപൊളിക്കൽ പ്രസ്ഥാനത്തെ സഹായിക്കാൻ ഫണ്ട് ശേഖരണം നടത്തിയത് പരിവാർ സംഘടനകളാണ്. അജ്ഞാത സ്രോതസ്സുകളിൽനിന്നടക്കം കോടികൾ സമാഹരിച്ച് രാമജന്മഭൂമി ന്യാസ്, വിഎച്ച്‌പി, ഭാരത് കല്യാൺ പ്രതിഷ്‌ഠാൻ തുടങ്ങിയ സംഘടനകളുടെ അക്കൗണ്ടുകളിൽ എത്തിച്ചു. ഗിരിരാജ് കിഷോർ, അശോക് സിംഗാൾ, നൃത്യഗോപാൽദാസ് തുടങ്ങിയവരാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്‌തത്
● ഫണ്ട് സമാഹരണവും മറ്റും ആസൂത്രണത്തിന് തെളിവ്. അയോധ്യയിൽ കർസേവകരെ ആസൂത്രിതമായി എത്തിച്ചതാണ്
● പള്ളിപൊളിക്കൽ പെട്ടെന്നുള്ള വികാരപ്രകടനമായിരുന്നില്ല. പള്ളിക്ക് മുകളിൽ കയറിയ കർസേവകർ മുഖംമറച്ചതും മകുടങ്ങൾക്ക് കീഴിലെ വിഗ്രഹങ്ങളും ഭണ്ഡാരപ്പെട്ടിയും എടുത്തുമാറ്റി പിന്നീട് താൽക്കാലിക ഷെഡ്ഡിൽ സ്ഥാപിച്ചതും ആസൂത്രണത്തിന് തെളിവ്.
● അദ്വാനി, വാജ്‌പേയി, ജോഷി തുടങ്ങിയവർ പരിവാർതന്ത്രം അറിഞ്ഞിരുന്നില്ലെന്ന് വിശ്വസിക്കാനാകില്ല.
● മതത്തിന്റെയും മതഅജൻഡകളുടെയും അടിസ്ഥാനമുള്ള സർക്കാരുകളെ വിലക്കണം. അവ ഭരണഘടനയെ പുച്ഛിച്ചുതള്ളും.
എം പ്രശാന്ത‌്
No comments:
Post a Comment