കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കേരളത്തില്‍ നടന്ന സമരപരിപാടികള്‍ നാം കാണണമെന്നും സമരങ്ങളും അക്രമങ്ങളും ഉണ്ടാവുകയും ഡ്യൂട്ടിയില്‍ നില്‍ക്കുന്ന പൊലീസുകാരുമായി സമരക്കാര്‍ സംഘര്‍ഷമുണ്ടാക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍വര്‍ധന്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ വിമര്‍ശിച്ചു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ രോഗവ്യാപനം കൂടിയത് ഓണഘോഷം മൂലമാണ് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ധരിച്ചത് എന്നാണ് തോന്നുന്നത്. അതിനൊരു പൊസിറ്റീവ് വശം കൂടിയുണ്ട്. രാജ്യത്താകെ ഇനിയുള്ള ദിനങ്ങളില്‍ വലിയ ആഘോഷപരിപാടികള്‍ വരാന്‍ പോകുകയാണ്. അത്തരമൊരു ഘട്ടത്തില്‍ വന്‍തോതില്‍ ആളുകള്‍ കൂടാന്‍ ഇടയാവും. കൊവിഡ് വ്യാപനം വലിയതോതില്‍ തടഞ്ഞ് രാജ്യത്തിനാകെ മാതൃകയായ കേരളത്തില്‍ ഇന്ന് ഇത്രയേറെ കൊവിഡ് രോഗികളുണ്ടായത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള കൂടിച്ചേരല്‍ മൂലമാണ് എന്നാണ് അദ്ദേഹം കാണുന്നത്. അത് മറ്റു സ്ഥലത്ത് ഉണ്ടാവരുത് എന്ന് ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ് ഇതിന്റെ ഉദ്ദേശ്യം.
ഓണഘോഷം നടന്നു എന്നത് ശരിയാണ്. പക്ഷേ നമ്മുടെ നാട്ടില്‍ എങ്ങനെയാണ് ഓണം ആഘോഷിച്ചത്. കൂട്ടായ എന്തേലും പരിപാടി നടന്നോ, എവിടെയെങ്കിലും കൂടിച്ചേരല്‍ ഉണ്ടായോ. വീടുകളില്‍ ആളുകള്‍ കൂടിയിട്ടുണ്ടാവും, അതല്ലാതെ കൈവിട്ടു പോകുന്ന അവസ്ഥ കേരളത്തിലുണ്ടായിട്ടില്ല.
മാസ്‌കൊന്നും ധരിക്കണ്ട, ഇതൊക്കെ വലിച്ചെറിയണം, പ്രോട്ടോക്കോള്‍ അംഗീകരിക്കാന്‍ തയ്യാറല്ല എന്നൊക്കെ ചിലര്‍ പറയുന്ന അവസ്ഥയുണ്ടായി. ഇതിന്റെയൊക്കെ ഫലമായിട്ടുള്ള ദുരന്തഘട്ടമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. ഇതു നമുക്ക് തിരിച്ചു പിടിക്കാന്‍ കഴിയാത്തതല്ല.അതിനാലാണ് സര്‍വ്വകക്ഷിയോഗം വിളിച്ചപ്പോള്‍ നാം ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നു പറഞ്ഞത്. നല്ല നിലയ്ക്ക് കൊവിഡ് പ്രതിരോധം തീര്‍ക്കാനാവണം.
ബ്രേക്ക് ദ ചെയിന്‍ നാം നേരത്തെ തുടങ്ങിയതാണ്, അതിനിയും വ്യാപകമാകണം.മറ്റൊരു ലോക്ക് ഡൗണ്‍ അടിച്ചേല്‍പ്പിക്കാനോ നടപ്പാക്കാനോ നമുക്കാവില്ല. ലോക്ക് ഡൗണ്‍ മൂലം ഉണ്ടാവുന്ന രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതം ഉണ്ട്. ഇക്കാര്യത്തില്‍ നാം എല്ലാവരും ഒന്നിച്ചു നിന്നു ശ്രമിക്കേണ്ടതാണ്. ഇതിനാണ് നാം പരമപ്രാധാന്യം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
No comments:
Post a Comment