തിരുവനന്തപുരം> സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്‌നമുണ്ടെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കാന്‍ ലൈഫ് മിഷന്‍ സിഇഒക്ക് അനുമതി കൊടുത്തതെന്ന് മുഖ്യമന്ത്രി. കോടതിയുടെ പരിഗണനയിലായതിനാല്‍ കേസിന്റെ മെറിറ്റിലേക്കോ ആ വിഷയത്തിലേക്കോ ഇതില്‍ കൂടുതല്‍ ഇപ്പോ പോകാനാകില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി
ആ ഹര്‍ജി കോടതി പരിഗണിക്കട്ടെ എന്നാണ് പറയാനുള്ളത്.വിദേശ സംഭാവന നിയന്ത്രണ നിയമം 2010 ന്റെ ലംഘനമുണ്ടായി എന്ന് സിബിഐ കൊച്ചി യൂണിറ്റ്, എറണാകുളം ചീഫ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് 2020 സെപ്തംബര്‍ 24ന് സമര്‍പ്പിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ യുഎഇ റെഡ് ക്രസന്റിന്റെ സഹായത്തോടെ നിര്‍മിക്കുന്ന 140 ഫ്‌ളാറ്റുകളുടേയും ഒരു ഹെല്‍ത്ത് സെന്ററിന്റെയും നിര്‍മാണ കരാര്‍ യുഎഇ കോണ്‍സല്‍ ജനറലും യൂണിടാക്ക് സാനെ വെഞ്ചേഴ്‌സും തമ്മില്‍ ഏര്‍പെട്ടിട്ടുള്ളതാണ്.
ലൈഫ് മിഷന്‍ ഒരു തുകയും വിദേശ സംഭാവനയായി സ്വീകരിച്ചിട്ടില്ല. കരാര്‍ പ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുകകളും വിദേശ നിയന്ത്രണ നിയമം 2010ന്റെ പരിധിയില്‍ പെടുന്നില്ല എന്നതാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം. അതിനാല്‍, സിബിഐ കൊച്ചി യൂണിറ്റ് മേല്‍പ്പറഞ്ഞ നിയമത്തിന്റെ 35-ാം വകുപ്പും 3-ാം വകുപ്പും ലംഘിക്കപ്പെട്ടു എന്ന് കാണിച്ച് ലൈഫ് മിഷന്റെ അറിയപ്പെടാത്ത ഉദ്യോഗസ്ഥന്‍ എന്ന് കൂടി ഉള്‍പ്പെടുത്തി യൂണിടാക് ,സാനെ വെഞ്ചേഴ്‌സ് എന്നീ സ്ഥാപനങ്ങളെ അടക്കം ചേര്‍ത്ത് ഫയല്‍ ചെയ്ത എഫ്‌ഐആര്‍ നിയമപരമായി നിലനില്‍ക്കില്ല എന്ന വാദമുയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഈ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായിട്ടുണ്ട്. അടുത്ത ഹിയറിംഗില്‍ വീണ്ടും വാദം കേള്‍ക്കും. നിയമപരമായി നിലനില്‍ക്കില്ല എന്ന് നിയമോപദേശം ലഭിച്ചിട്ടുള്ള ഒരു കാര്യത്തെ പറ്റി കോടതിയില്‍ നിയമപരമായി നേരിടുന്നത് തെറ്റാണെന്ന് പറയാനാകില്ല. അത് ഭരണഘടനാ പരമായ പരിരക്ഷകള്‍ വിനിയോഗിക്കലാണ്. അത് പാടില്ല എന്ന് പാടില്ല എന്ന് പറയുന്നതിന് തുല്ല്യമാണ് ഇതിനെ നിയമപരമായി നേരിടാന്‍ കഴിയില്ല എന്ന് പറയുന്നത്.
ഭൂരഹിതരും ഭവന രഹിതരുമായ ആളുകള്‍ക്ക് അടച്ചുറപ്പുള്ള ഭവനം നല്‍കാന്‍ ആവിഷ്‌കരിച്ച ലൈഫ് മിഷനെ, അടിസ്ഥാനരഹിതമായ വ്യവഹാരങ്ങളുടെ നൂലാമാലകളില്‍ പെടുത്തുമ്പോള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കണം എന്ന് പറയുന്നതും യുക്തി രഹിതമാണ്. ഇത് അംഗീകരിക്കില്ല. വിദേശ സംഭാവന നിയന്ത്രണ നിയമം 2010ന്റെ 2 എച് വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ ലംഘനമുണ്ടായിട്ടില്ല എന്ന വ്യക്തമായ ബോധ്യത്തോടെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഫെഡറല്‍ സംവിധാനത്തില്‍ സിബിഐ ഇടപെടുമ്പോള്‍ സര്‍ക്കാര്‍ എന്ത് ചെയ്യണമെന്നുള്ള വലിയ ചോദ്യം ഇവിടെ ഉയരുകയാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതുപോലെ സിബിഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താനുള്ള പൊതു അനുമതി വിലക്കിയ മാതൃകയല്ല ഇവിടെ സ്വീകരിക്കുന്നത്. അഴിമതി നടന്നെങ്കില്‍ അത് അന്വേഷിക്കണമെന്ന വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാണ് സംസ്ഥാന വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കാത്ത കുറ്റം ആരോപിക്കപ്പെടുമ്പോള്‍ അവ ചോദ്യം ചെയ്യപ്പെടേണ്ടത് നമ്മുടെ നിയമവ്യവസ്ഥയും ഭരണവ്യവസ്ഥയും സര്‍ക്കാര്‍ ഉള്‍പപെടെ എല്ലാവര്‍ക്കും അനുവദിച്ചിട്ടുള്ള അവകാശമാണ്. അവ വിനിയോഗം ചെയ്യുക എന്നത് മാത്രമെ ഇവിടെ നടന്നിട്ടുള്ളു. നിയമക്കുരുക്ക് സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നവര്‍ തന്നെ സര്‍ക്കാര്‍ നിയമപരിഹാരം തേടുമ്പോള്‍ എതിര്‍പ്പുയര്‍ത്തുന്നത് പരിഹാസ്യമാണ്.
ഞങ്ങള്‍ എന്ത് ആക്ഷേപവും ഉന്നയിക്കും സര്‍ക്കാര്‍ അത് കേട്ട് ഇരിക്കണം, ഈ സമീപനം സ്വീകരിക്കാനാകില്ല. ഒരു വ്യാഖ്യാനം വരുന്നത്, 'തിടുക്കപ്പെട്ട് തിരിച്ചടി' എന്നതാണ്. ഇതില്‍ ഇത്തരം ഒരു വിലയിരുത്തല്‍ നടത്താന്‍ മാത്രം എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതുകൊണ്ട് കൂടുതല്‍ പറയുന്നതും ഉചിതമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
No comments:
Post a Comment