Thursday, October 1, 2020

ആപദ്ഘട്ടത്തില്‍ സര്‍ക്കാരിനും സമ്പദ്ഘടനയ്ക്കും കരുത്തായത് സഹകരണ മേഖല; 17500 തൊഴില്‍ അവസരം സൃഷ്ടിക്കുക ലക്ഷ്യം: മുഖ്യമന്ത്രി

 തിരുവനന്തപുരം> ഇന്നത്തെ ആപദ്ഘട്ടത്തില്‍ സഹകരണ മേഖലയാണ് സംസ്ഥാന സര്‍ക്കാരിനും സമ്പദ്ഘടനയ്ക്കും ഏറ്റവും വലിയ കരുത്തായി മാറിയതെന്ന് മുഖ്യമന്ത്രി. സഹകരണ മേഖലയിലൂടെ 17500 തൊഴില്‍ അവസരങ്ങളാണ് ഈ കോവിഡ് കാലത്ത് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നത്.13000ല്‍പ്പരം  അവസരങ്ങള്‍ പ്രാഥമിക സഹകരണ സംഘങ്ങളോ കേരള ബാങ്കിന്റെ ശാഖകളോ സംരംഭകര്‍ക്കു നല്‍കുന്ന വായ്പയുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെടുന്നവയാണ്.

 അഞ്ചു ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന 3138 സംരംഭങ്ങളും 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന 1569 സംരംഭങ്ങളും 10 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകുന്ന 800 സംരംഭങ്ങളും 25 ലക്ഷത്തിനു മുകളില്‍ വായ്പ ലഭ്യമാക്കുന്ന 300 സംരംഭങ്ങളുമുണ്ട്. 800 പ്രാഥമിക വായ്പാ സംഘങ്ങള്‍ക്കും കേരള ബാങ്കിന്റെ 769 ശാഖകള്‍ക്കും ഇതിനുള്ള ടാര്‍ജെറ്റ് നിശ്ചയിച്ചു നല്‍കും.

 ഒരു പ്രാഥമിക സഹകരണസംഘമോ ബ്രാഞ്ചോ 5 ലക്ഷം രൂപയുടെ രണ്ടു സംരംഭങ്ങളോ 10 ലക്ഷം രൂപയുടെ ഒരു സംരംഭമോ ആരംഭിച്ചാല്‍ ഈ ലക്ഷ്യത്തിലെത്തും. ഇതിനായി 1000 കോടി രൂപ വായ്പയായി ലഭ്യമാക്കും. ഏതെങ്കിലും പ്രാഥമിക സഹകരണ സംഘത്തിന് സംരംഭക പ്രോത്സാഹനത്തിന് പണമില്ലെങ്കില്‍ കേരള ബാങ്ക് വഴി റീ ഫിനാന്‍സ് ചെയ്യും.

100 നാളികേര സംസ്‌ക്കരണ യൂണിറ്റുകളിലായി 1000 പേര്‍ക്കും 750 പച്ചക്കറി സംഭരണ വില്‍പന കേന്ദ്രങ്ങളിലായി 1500 പേര്‍ക്കും തൊഴില്‍ നല്‍കും. ഇതിനു പുറമേ പലയിനങ്ങളിലായി സംഘങ്ങള്‍ നേരിട്ടു മറ്റു സംരംഭങ്ങള്‍ക്കു രൂപം നല്‍കും. ഇവയിലൂടെ 3000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു.

അപ്പക്‌സ് സഹകരണ സംഘങ്ങളായ കണ്‍സ്യൂമര്‍ ഫെഡ് (1000), മാര്‍ക്കറ്റ് ഫെഡ് (12), വനിതാഫെഡ് (174), റബ്ബര്‍ മാര്‍ക്ക് (36), എസ്.സി/എസ്ടി ഫെഡ് (28) എന്നിങ്ങനെ 1250 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

സഹകരണ മേഖലയിലെ വായ്പാ ഇതര സംഘങ്ങളിലൂടെ 474 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ സഹകരണ വകുപ്പ്/സഹകരണ ബാങ്കുകള്‍/സഹകരണ സംഘങ്ങള്‍ എന്നിവയിലെ സ്ഥിര നിയമനങ്ങളിലൂടെ 500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

മത്സ്യഫെഡിന്റെ മുന്‍കൈയ്യില്‍ രൂപം കൊള്ളുന്ന വിവിധ തരത്തിലുള്ള സംരംഭങ്ങളിലായി 579 പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കും. അക്വാ കള്‍ച്ചര്‍ യൂണിറ്റുകളിലും മറ്റും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ ഇപ്പോള്‍ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

No comments:

Post a Comment