മഹാമാരിയുടെ മധ്യത്തിൽ അവതരിപ്പിക്കുന്നത് എന്ന നിലയ്‌ക്ക് ‘മുമ്പൊരിക്കലും’ ഉണ്ടായിട്ടില്ലാത്തതുപോലത്തെ ബജറ്റാണ് 2021ലേത് എന്ന് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഇത് സർക്കാരിന്റെ നവഉദാര അജൻഡയനുസരിച്ച് തന്നെയുള്ളതായാണ് കാണുന്നത്. 2020–-21 സാമ്പത്തികവർഷത്തിലെ പരിഷ്‌കരിച്ച കണക്കും 2021–-22ലേക്കുള്ള ബജറ്റ് എസ്‌റ്റിമേറ്റും ചെലവുകളിൽ ഗണ്യമായ ഒരു വർധനയും കാണിക്കുന്നില്ല. മഹാമാരി അതിന്റെ മൂർധന്യത്തിലായിരുന്ന 2020–-21ൽ പകർച്ചവ്യാധിയും ലോക്‌ഡൗണും തകർത്തവർക്കുള്ള സഹായവും ആരോഗ്യ ചെലവുകളും ഗണ്യമായി ഉയർത്തുകയും സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് ഉത്തേജിപ്പിക്കാൻ ക്രിയാത്മക ധനനയവും ആവശ്യമായിരുന്നപ്പോൾ മൊത്തം ചെലവ് 13.4 ശതമാനം മാത്രമാണ് വർധിച്ചത്. ഒരു സാധാരണ വർഷമായിരുന്ന 2019–-20ൽ മൊത്തം കേന്ദ്ര ചെലവ് 16 ശതമാനം വർധിച്ചിരുന്നു. പ്രതിസന്ധി നേരിടാൻ സർക്കാർ ചെലവുയർത്തി എന്ന ധനമന്ത്രിയുടെ അവകാശവാദത്തിന് വിരുദ്ധമാണ് ഈ തെളിവ്. ഈ യാഥാസ്ഥിതിക ധനസമീപനത്തിന് അനുസൃതമായുള്ളതാണ് 2021–-22ലെ ബജറ്റ്. മൊത്തം ആഭ്യന്തര ഉൽപ്പാദനം(ജിഡിപി) 14.4 ശതമാനം വർധിക്കുമെന്ന് കാണിക്കുമ്പോൾ മൊത്തം ചെലവിൽ വെറും 9.5 ശതമാനം വർധനയാണ് കണക്കാക്കുന്നത്.
ഇതിന്റെ ഫലങ്ങൾ വ്യക്തമാണ്. ഉദാഹരണത്തിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പരിപാടി(എംജിഎൻആർഇജിപി) നോക്കൂ. 2019–-20ൽ ബജറ്റിൽ വകയിരുത്തിയ 61,500 കോടി രൂപയും യഥാർഥ ചെലവ് 71,687 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 2020–-21ലെ ചെലവ് കാണിച്ചിട്ടുള്ളത് 1,11,500 കോടി രൂപയാണ്. ഉപജീവനമാർഗങ്ങൾ ഇല്ലാതാക്കപ്പെട്ടവർ, ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയ കുടിയേറ്റത്തൊഴിലാളികൾ അടക്കമുള്ളവർ എംജിഎൻആർഇജിപിയിലേക്ക് തിരിഞ്ഞത് അതിലേക്കുള്ള വകയിരുത്തൽ ഉയരുന്നതിനിടയാക്കി. സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങി എന്ന് അവകാശപ്പെടാനാകില്ല. എന്നിട്ടും 2021–-22ലേക്ക് എംജിഎൻആർഇജിപിക്ക് നീക്കിവച്ചിട്ടുള്ളത് 73,000 കോടി രൂപ മാത്രമാണ്.
ഭക്ഷ്യ സബ്‌സിഡികളുടെ കാര്യത്തിലും സമാനചിത്രമാണ് കാണാനാകുന്നത്. 2020–-21ലെ ബജറ്റിൽ കണക്കാക്കിയിരുന്നത് 1,15,570 കോടി രൂപയായിരുന്നെങ്കിലും പുതുക്കിയ കണക്കനുസരിച്ച് അത് 4,22,618 കോടിയായി ഉയർന്നു. 2019–-20ലെ യഥാർഥ ചെലവ് 1,08,688 കോടിയായിരുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ(എൻഎഫ്‌എസ്‌എ) പരിധിയിൽ വരുന്നവർക്ക് അഞ്ച് കിലോ ധാന്യം സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിക്കുന്നതുപോലും ഈയിനത്തിൽ ചെലവിൽ വലിയ വർധനയുണ്ടാക്കും. സമ്പദ്‌ഘടനയുടെ തിരിച്ചുവരവ് പലരെയും സ്‌പർശിക്കില്ലെന്നിരിക്കെ വരുന്നവർഷം സൗജന്യമായോ കുറഞ്ഞവിലയ്‌ക്കോ ഭക്ഷ്യവിതരണമടങ്ങുന്ന ശക്തമായ സുരക്ഷാ സംവിധാനം ആവശ്യമാകില്ലെന്ന് പറയാനാകില്ല. എന്നിട്ടും 2021–-22ലെ ബജറ്റിൽ ഭക്ഷ്യസബ്‌സിഡിക്ക് വകയിരുത്തിയിട്ടുള്ളത് 2020–-21ൽ ചെലവാക്കിയതിന്റെ പകുതിയിൽ അൽപ്പം കൂടുതൽ മാത്രമാണ്.
ബജറ്റിനെ ‘വ്യത്യസ്ത’മാക്കാൻ ആരോഗ്യ, അടിസ്ഥാനസൗകര്യ മേഖലകളിൽ താൻ ചെലവ് ഭീമമായി ഉയർത്തുന്നതായി ധനമന്ത്രി അവകാശപ്പെട്ടിട്ടുണ്ട്. ‘ആരോഗ്യ–-സൗഖ്യ’ ബജറ്റിലെ 137 ശതമാനം വർധന ആരോഗ്യ–-കുടുംബക്ഷേമ വകുപ്പിനുള്ള യഥാർഥ വകയിരുത്തൽ കാണിക്കുന്നില്ല. വെള്ളം, ശുചീകരണം, ആരോഗ്യം എന്നിവയ്‌ക്ക് സംസ്ഥാനങ്ങൾക്ക് നിയമപ്രകാരം നൽകുന്ന 49,214 കോടിയടക്കം ചേർത്താണ് ഇത് സൃഷ്‌ടിച്ചിരിക്കുന്നത്. ഇത് വിനിയോഗിക്കുന്നയാൾക്ക് തീരുമാനിക്കാവുതോ വർധിപ്പിച്ച ചെലവോ ആയി കാണാനാകില്ല. കൂടാതെ, സർക്കാരിന്റെ ജൽജീവൻ മിഷന് സെസ് വഴിയുള്ള ‘കേന്ദ്ര റോഡ്–-അടിസ്ഥാന സൗകര്യ നിധി’യിൽനിന്ന് 50,000 കോടി രൂപ വകയിരുത്തലും ഇതിലുൾപ്പെടുന്നു.
അതേസമയം, റോഡുകൾക്കും മറ്റ് അടിസ്ഥാനസൗകര്യങ്ങൾക്കും പണം കാണുന്നത് സ്വകാര്യവൽക്കരണത്തിലൂടെയാണ്. പൊതുമേഖലാ ഓഹരിവിൽപ്പനയിലൂടെ ലക്ഷ്യമിടുന്ന 1,75,000 കോടി രൂപയാണ് 2021–-22ൽ കേന്ദ്രത്തിന്റെ ഒരു പ്രധാന വരുമാനസ്രോതസ്സ്. പൊതുമേഖലയുടെ ആസ്തി, വിശേഷിച്ച് അവയുടെ ഭൂമി, വിൽക്കുന്നതിൽ നിന്നുള്ള വരുമാനവും ഇതിനൊപ്പം ചേർക്കണം. ചുരുക്കത്തിൽ ഇവിടെ മാറ്റമൊന്നുമില്ല. കുറഞ്ഞ നികുതിയിലൂടെയും കുറഞ്ഞ കടമെടുപ്പിലൂടെയും പരിമിതമായ ചെലവിന് ആസ്തിവിൽപ്പനയിലൂടെയും നവഉദാര അജൻഡ തുടരുന്നു. മഹാമാരി 2021–-22ൽ പരിമിതമായ ഒരു വ്യത്യാസം വരുത്തിയിട്ടുണ്ടാകാം. പക്ഷേ, പതിവുപോലെ അത് 2021–-22ൽ സാധാരണ ബിസിനസിലേക്കുള്ള മടക്കംപോലെയാണ് കാണുന്നത്.
സി പി ചന്ദ്രശേഖർ
No comments:
Post a Comment