Friday, April 30, 2010

ഭൂമാഫിയ രംഗത്ത് : പാപ്പിനിശേരിയില്‍ കണ്ടല്‍ നശീകരണം

ഭൂമാഫിയ രംഗത്ത് : പാപ്പിനിശേരിയില്‍ കണ്ടല്‍ നശീകരണം വീണ്ടും

പാപ്പിനിശേരി: പാപ്പിനിശേരിയില്‍ കണ്ടല്‍കാടുകള്‍ നശിപ്പിക്കുന്നത് വ്യാപകമായി. വളപട്ടണം പാലത്തിന് പടിഞ്ഞാറ് പാപ്പിനിശേരി- പഴയങ്ങാടി റോഡ് ജങ്ഷനടുത്തുള്ള കണ്ടലുകളാണ് കഴിഞ്ഞദിവസം രാത്രി മുതല്‍ വീണ്ടും വെട്ടി നശിപ്പിക്കാന്‍ തുടങ്ങിയത്. ഹര്‍ത്താല്‍ ദിനത്തില്‍ അര്‍ധരാത്രിക്കുശേഷവും ബുധനാഴ്ച രാത്രിയും കണ്ടലുകള്‍ മുറിച്ചുമാറ്റി. വനംവകുപ്പ് അധികൃതര്‍ അന്വേഷണം നടത്തി. പടര്‍ന്ന് പന്തലിച്ച് വലിയ വൃക്ഷമായി വളര്‍ന്ന പത്തോളം കണ്ടല്‍ മരങ്ങളാണ് വാള്‍ ഉപയോഗിച്ച് മുറിച്ച് മാറ്റിയത്. ഇതിന് സമീപത്തായി ചതുപ്പ്നിലം നികത്തിയിട്ടുണ്ട്. കുന്നിടിച്ച്കൊണ്ടുവരുന്ന ചരലാണ് ചതുപ്പ് നികത്താന്‍ ഉപയോഗിക്കുന്നത്. ചിറക്കലിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉള്ളതും തീരദേശസംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നതുമായ ചതുപ്പാണ് അനധികൃതമായി നികത്തുന്നത്. ചതുപ്പ്പ്രദേശം നികത്തി പറമ്പാക്കി മറിച്ചുവില്‍ക്കാനുള്ള ഭൂമാഫിയയുടെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മുസ്ളിംലീഗ്, കോണ്‍ഗ്രസ് പാര്‍ടികളുടെ പിന്തുണയോടെയാണ് ഇവിടെ ഭൂമാഫിയ പിടിമുറുക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കണ്ടല്‍ സംരക്ഷണത്തിന്റെ ഭാഗമായി ഇക്കോ ടൂറിസം സൊസൈറ്റി കണ്ടല്‍ തീം പാര്‍ക്ക് പരിസരത്തും വളപട്ടണം പുഴയോരത്തും വ്യാപകമായി കണ്ടല്‍ചെടികള്‍ നട്ട്പിടിപ്പിക്കുന്നുണ്ട്. ഇതിനിടയിലാണ് ജീവികളുടെ ആവാസവ്യവസ്ഥക്കും പരിസ്ഥിതിക്കും പോറലേല്‍പിച്ച് കണ്ടല്‍ നശിപ്പിക്കുന്നത്. ഇക്കോ ടൂറിസം സൊസൈറ്റിക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഘങ്ങള്‍ കണ്ടല്‍ നശിപ്പിച്ച സംഭവത്തില്‍ മൌനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്.

ദേശാഭിമാനി 30042010

ജോസഫിനെ പുറത്താക്കണം; മതം ഇടപെട്ടെങ്കില്‍ തിരുത്തണം

ജോസഫിനെ പുറത്താക്കണം; മതം ഇടപെട്ടെങ്കില്‍ തിരുത്തണം: പിണറായി

വടകര: എല്‍ഡിഎഫില്‍ നിന്നും വിട്ട് മാണിഗ്രൂപ്പില്‍ ചേര്‍ന്ന പിജെ ജോസഫിന്റെ നടപടി രാഷ്ട്രീയ സദാചാരത്തിനു യോജിച്ചതല്ലെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു കാരണവും പറയാതെയാണ് ജോസഫ് മുന്നണി വിടുന്നത്. ഇനിയൊരു നിമിഷം പോലും ജോസഫിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തരുത്. പുറത്താക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. എല്‍ഡിഎഫില്‍ രാഷ്ട്രീയവും നയപരവുമായ എന്തു തീരുമാനമെടുക്കുമ്പോഴും ജോസഫ് എതിര്‍പ്പു കാട്ടിയിട്ടില്ല. ബാഹ്യമായ ഇടപെടലുകളാണ് ജോസഫിന്റെ തീരുമാനത്തിനു പിന്നിലെന്നാണ് പൊതുവേ കേള്‍ക്കുന്നത്. കത്തോലിക്കാസഭയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളാണ് കാരണമെന്ന് മാധ്യമങ്ങളില്‍ കാണുന്നു. സഭ ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതു പറയേണ്ടത് കര്‍ദ്ദിനാളാണ്. എന്നാല്‍ കര്‍ദ്ദിനാള്‍ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മതനിരപേക്ഷതയ്ക്ക് എതിരാണ്. മതം മതകാര്യങ്ങളില്‍ മാത്രം ഇടപെടുന്നതാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ജനാധിപത്യരീതി. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ അടിയന്തിരമായി തിരുത്തണമെന്നും പിണറായി പറഞ്ഞു. ഞങ്ങളാരും ഒന്നും അറിഞ്ഞില്ലെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവന ആരും വിശ്വസിക്കില്ല. നേരത്തെ ജോസഫ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത് യുഡിഎഫുകാരാണ്. ആ ജാള്യം മറക്കാനാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ബഹളം അടങ്ങുമ്പോള്‍ ജോസഫിന്റെ ഗതി എന്താകുമെന്ന് കാത്തിരിന്നുകാണാമെന്നും അദ്ദേഹം പറഞ്ഞു.

update

ജോസഫിനെ പുറത്താക്കി

തിരു: പൊതുമരാമത്ത് മന്ത്രി പിജെ ജോസഫിനെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. മുന്നണി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്കു കൈമാറി. എല്‍ഡിഎഫ് വിട്ട് മാണിഗ്രൂപ്പിനൊപ്പം ചേരാനുള്ള തീരുമാനമെടുത്ത ശേഷവും രാജിവെക്കാത്ത സാഹചര്യത്തിലാണ് ജോസഫിനെ നീക്കാനുള്ള തീരുമാനമുണ്ടായത്.

പി ജെ ജോസഫിനെ പുറത്താക്കി; പി സി തോമസ് ചെയര്‍മാന്‍


കോട്ടയം: കേരളകോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റിയോഗം ചേര്‍ന്ന് പിജെ ജോസഫിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി. സെക്രട്ടറി ജനറലായ പി സി തോമസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. വി സുരേന്ദ്രന്‍പിള്ള എംഎല്‍എ, സ്കറിയതോമസ്, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. ജെറി ഈശോഉമ്മന്‍ പുറത്താക്കല്‍ പ്രമേയം അവതരിപ്പിച്ചു. എല്‍ഡിഎഫില്‍ തുടരണമെന്ന് വാദിക്കുന്നവരാണ് ഇവര്‍. വര്‍ഷങ്ങളായി എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന ജോസഫ് ഗ്രൂപ്പിനെ യുഡിഎഫില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനെ നല്ലൊരു വിഭാഗം എതിര്‍ക്കുന്നുണ്ട്. യുഡിഎഫ് അനുകൂലികളായ മറു വിഭാഗത്തിന്റെ യോഗം വൈകിട്ട് കോട്ടയത്ത് ചേരുന്നുണ്ട്.

എല്‍ഡിഎഫ് വിട്ടുവെന്ന് ജോസഫ്

കോട്ടയം: എല്‍ഡിഎഫില്‍ മന്ത്രിസഭയില്‍നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചതായി കോരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സമിതിയംഗങ്ങളുടെയും ഭാരവാഹികളുടെയും യോഗത്തിനുശേഷമാണ് ജോസഫ് ഇക്കാര്യം പറഞ്ഞത്.

മാണി-ജോസഫ് ലയനം അസ്വാഭാവികം: ചെന്നിത്തല

തിരു: ജോസഫ്-മാണി ലയനം അസ്വഭാവികമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പെട്ടെന്നൊരു ദിവസം ജോസഫ് യുഡിഎഫില്‍ എത്തുന്നത് അംഗീകരിക്കാനാവില്ല. യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ ലയനം ജനങ്ങള്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ജോസഫ് ഇടതുമുന്നണിവിടാനുള്ള സാഹചര്യം മനസിലാകുന്നില്ല. ലയിച്ചാലും കൂടുതല്‍ സീറ്റുനല്‍കില്ലെന്ന സൂചന നല്‍കി മാണി ഗ്രൂപ്പിനുള്ള 11 സീറ്റില്‍ മാണിക്കും മറ്റുള്ളവര്‍ക്കും മത്സരിക്കാമെന്ന് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഗ്രൂപ്പുയോഗങ്ങളും പരസ്യപ്രസ്താവനകളും പാടില്ലെന്ന് തീരുമാനിച്ചതായി കോണ്‍ഗ്രസ് നേതൃയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍രമേശ്ചെന്നിത്തല പറഞ്ഞു. യൂത്ത്കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പില്‍ ചേരിതിരിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടരുത്്. ഇക്കാര്യത്തില്‍ എഐസിസി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കെപിസിസി നേതൃയോഗം ചുമതലപ്പെടുത്തിയതുപ്രകാരം ലയന വിഷയവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അതൃപ്തി കെ എം മാണിയെ ഫോണില്‍ അറിയിച്ചു. എന്നാല്‍ ഇത് തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നും ഇതില്‍ കോണ്‍ഗ്രസ് ഇടപെടേണ്ട കാര്യമില്ലെന്നും മാണി മറുപടി പറഞ്ഞതായും അറിയുന്നു.

ജോസഫിനെ വേണ്ടെന്ന് കെപിസിസി യോഗത്തില്‍ ആവശ്യം

തിരു: ജോസഫ്- മാണി ലയനം ഉണ്ടായാല്‍ കൂടുതല്‍ സീറ്റു നല്‍കരുതെന്ന് കെപിസിസി നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു. പി ജെ ജോസഫിനെ യുഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ലയനം യുഡിഎഫ് ചര്‍ച്ച ചെയ്യണം. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരടക്കം യോഗത്തില്‍ പങ്കെടുത്തു.

ലയനം അവസരവാദം: എംവി രാഘവന്‍

കൊച്ചി: തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മാണി-ജോസഫ് ലയനമെന്നും ഇത് ജനങ്ങള്‍ അവസരവാദമായി മാത്രമേ കാണുകയുള്ളുവെന്നും മുന്‍മന്ത്രി എംവി രാഘവന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ക്ളീന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തയാളാണ് പി ജെ ജോസഫ്. ലയനം കെ എം മാണിയുടെ മാത്രം കാര്യമാണെന്ന കോണ്‍ഗ്രസ് അഭിപ്രായത്തോടു യോജിക്കും. ലയനകാര്യം യുഡിഎഫുമായി ആലോചിക്കേണ്ടതായിരുന്നുവെന്നും ഗസ്റ്റ് ഹൌസില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാര്‍ത്ത

ലാവലിന്‍ - സ്റ്റേ ആവശ്യം മാധ്യമ സിന്‍ഡിക്കറ്റ് സൃഷ്ടി

ലാവ്ലിന്‍ കേസില്‍ വീണ്ടും ഡല്‍ഹി കേന്ദ്രീകരിച്ച് മാധ്യമസിന്‍ഡിക്കറ്റിന്റെ വ്യാജവാര്‍ത്ത. കേസ് വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ പിണറായി വിജയന്റെ അഭിഭാഷകന്‍ കീഴ്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍, കോടതി നിരാകരിച്ചെന്നുമായിരുന്നു സിന്‍ഡിക്കറ്റിന്റെ 'കണ്ടെത്തല്‍'. കേസില്‍ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ നടന്ന കാര്യങ്ങള്‍ പൂര്‍ണമായും ഗവര്‍ണര്‍ക്കും സിബിഐക്കും തിരിച്ചടിയാകുന്ന വിധത്തിലായിരുന്നു. സുപ്രീംകോടതിയില്‍ കേസ് വാദിക്കണമെന്ന് ഗവര്‍ണര്‍ക്ക് എന്താണ് ഇത്ര താല്‍പ്പര്യമെന്നുപോലും കോടതി ചോദിച്ചു. ഗവര്‍ണര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ നിഷ്പക്ഷമായി കോടതിയെ അറിയിക്കാന്‍ അറ്റോര്‍ണി ജനറലിനെ അനുവദിച്ച് കേസ് മാറ്റുകയാണുണ്ടായത്.

ഇതിനുശേഷം വിവിധ പത്രങ്ങളുടെയും ചാനലുകളുടെയും റിപ്പോര്‍ട്ടര്‍മാര്‍ ആകെ അങ്കലാപ്പിലായിരുന്നു. പിണറായിക്കെതിരെ എന്ത് വാര്‍ത്ത നല്‍കുമെന്ന ചോദ്യം ഇവരെ കുഴപ്പിച്ചു. എന്നാല്‍, കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ള അശ്ളീലവാരികക്കാരന്റെയും കോണ്‍ഗ്രസ് നേതാവിന്റെയുമൊക്കെ അഭിഭാഷകര്‍ സഹായഹസ്തവുമായി രംഗത്തെത്തിയതോടെ പിണറായിയുടെ അഭിഭാഷകന്‍ സ്റ്റേ ആവശ്യപ്പെട്ടെന്നും നിരാകരിച്ചെന്നുമുള്ള നുണ പൊട്ടിമുളച്ചു. സ്റ്റേ എന്ന വാക്ക് കോടതിയില്‍ ആദ്യം ഉപയോഗിച്ചത് സിബിഐക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയാണ്. സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ കേസ് മാറ്റിവയ്ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു വഹന്‍വതിയുടെ പരാമര്‍ശം. സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ ഘട്ടത്തില്‍ ഇടപെട്ട് കേസില്‍ സ്റ്റേ ഒന്നും നിലനില്‍ക്കുന്നില്ലെന്ന് അറിയിച്ചു. അങ്ങനെയെങ്കില്‍ കേസ് മാറ്റുന്നതില്‍ ബുദ്ധിമുട്ടുണ്ടോയെന്ന് കോടതി പിണറായിക്കു വേണ്ടി ഹാജരായ പി എച്ച് പരേഖിനോട് ചോദിച്ചു. തങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്നും കേസ് മാറ്റാമെന്നും പരേഖ് മറുപടി നല്‍കിയതോടെ ജൂലൈ നാലാംവാരം വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

ദേശാഭിമാനി 30042010

പൊതുമേഖലാ കമ്പനികളെല്ലാം ലാഭത്തിലേക്ക്

വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 2010-11 സാമ്പത്തികവര്‍ഷം 309 കോടി രൂപ ലാഭം പ്രതീക്ഷിക്കുന്നതായി വ്യവസായമന്ത്രി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭം 240 കോടിയായിരുന്നു. അഞ്ചു പൊതുമേഖലാ സ്ഥാപനം മാത്രമാണ് ഇപ്പോള്‍ നഷ്ടത്തിലുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ സ്ഥാപനവും ലാഭത്തിലാക്കുമെന്ന് വാര്‍ഷിക അവലോകനത്തിനുശേഷം മന്ത്രി പറഞ്ഞു. അതിന് വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിച്ചു. കമ്പനികള്‍ ലാഭത്തിലേക്ക് ചുവടുവച്ച സാഹചര്യത്തില്‍ മുഴുവന്‍ ഒഴിവും നികത്താന്‍ തീരുമാനിച്ചു. 2005-06ല്‍ വ്യവസായവകുപ്പിനു കീഴില്‍ 43 സ്ഥാപനത്തില്‍ 12 എണ്ണം മാത്രമാണ് ലാഭമുണ്ടാക്കിയത്. എല്ലാ സ്ഥാപനവുംകൂടിയുണ്ടാക്കിയ നഷ്ടം 70 കോടിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതിന് മാറ്റമുണ്ടാകുകയും അഞ്ചെണ്ണമൊഴികെ ബാക്കിയെല്ലാം ലാഭത്തിലാകുകയും ചെയ്തു. വിറ്റുവരവിലും ഗണ്യമായ വര്‍ധനയുണ്ടായി. 2005-06ല്‍ 1523 കോടിയായിരുന്നു മൊത്തം വിറ്റുവരവെങ്കില്‍ 2009-10 ആയപ്പോള്‍ 2191 കോടിയായി. പുതിയ സാമ്പത്തികവര്‍ഷം ഉല്‍പ്പാദനം 2430 കോടിയും വിറ്റുവരവ് 2356 കോടിയുമാക്കാനാണ് തീരുമാനം.

കഴിഞ്ഞ നാലുവര്‍ഷമായി കമ്പനികള്‍ ക്രമാനുഗതമായ പുരോഗതി കൈവരിച്ചതായി അവലോകനയോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ചും ആധുനിക മാനേജ്മെന്റ് തന്ത്രങ്ങള്‍ ഫലപ്രദമായി പ്രയോഗിച്ചും ധൂര്‍ത്തും അഴിമതിയും ഇല്ലാതാക്കിയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. 2006-07 മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 5850ല്‍ അധികം തൊഴിലവസരങ്ങളുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണവും വൈവിധ്യവല്‍ക്കരണവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 275 കേടി രൂപയുടെ വിപുലീകരണപദ്ധതികളും 55 കോടിയുടെ നവീകരണവും ഉദ്ദേശിക്കുന്നു. എട്ട് പുതിയ പൊതുമേഖലാ സ്ഥാപനം ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉല്‍പ്പാദനം തുടങ്ങും. കേന്ദ്ര സംരംഭമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (ബിഇഎംഎല്‍) ആദ്യഘട്ടം മെയ് 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തറക്കല്ലിട്ട് ഇത്രവേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ കേരളത്തില്‍ അപൂര്‍വമാണ്. ബ്രഹ്മോസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിനുള്ള തടസ്സം നീങ്ങി. സമാനസ്വഭാവമുള്ള കമ്പനികളെ ഏകീകരിച്ച് ഒറ്റക്കമ്പനിയാക്കി ശക്തിപ്പെടുത്താനും തീരുമാനമായി. ഇത്തരത്തില്‍ കേരളത്തിലെ കെല്‍ട്രോണ്‍ കമ്പനികളെല്ലാം ഒരുമിപ്പിക്കും. വാര്‍ഷിക അവലോകനയോഗം തൊഴില്‍മന്ത്രി പി കെ ഗുരുദാസന്‍ ഉദ്ഘാടനംചെയ്തു. വ്യവസായമന്ത്രി എളമരം കരീം അധ്യക്ഷനായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍, വ്യവസായ ഡയറക്ടര്‍ ടി സൂരജ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനുള്ള 'റിയാബ്' ചെയര്‍മാന്‍ ജോ മത്തായി, സെക്രട്ടറി കെ പത്മകുമാര്‍, വ്യവസായ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 30042010

പ്രധാനമന്ത്രി കള്ളന് കൂട്ടിരിക്കുന്നു

2008 ല്‍ രണ്ടാംതലമുറ ടെലികോം സര്‍വീസുകള്‍ അനുവദിച്ചതില്‍ 22,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിന് സംഭവിച്ചു എന്നതാണ് സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. 2 ജി സ്പെക്ട്രം അഴിമതി എന്നറിയപ്പെടുന്ന, രാജ്യംകണ്ട ഏറ്റവും വലിയ ഈ അഴിമതി നടന്നത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ ടെലികോം മന്ത്രി എ രാജയുടെ നേതൃത്വത്തിലാണ്. ടെലികോം ഡിപ്പാര്‍ട്മെന്റിലെ പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്താണ് സിബിഐ അന്വേഷണം നീങ്ങുന്നത്. അന്വേഷണത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ലോബിയിസ്റ്റായ പബ്ളിക് റിലേഷന്‍സ് വനിത നിര റാഡിയ, ടെലികോം മന്ത്രി എം രാജയുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ചന്ദോലിയയുമായും നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവന്നതില്‍ പ്രധാനം. രാജ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്പെക്ട്രം അഴിമതിയിലൂടെ ലഭിച്ച പണം റിയല്‍ എസ്റ്റേറ്റ് മേഖലയിലും കമ്പനി ഓഹരികളിലും കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് പേരുകേട്ട മൌറീഷ്യസിലും മറ്റും നിക്ഷേപിച്ചതായി സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടു ദിവസമായി പാര്‍ലമെന്റില്‍ ഇരു സഭയെയും സംഭവം ഇളക്കി മറിക്കുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കാന്‍ സിബിഐക്കോ കേന്ദ്രസര്‍ക്കാരിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. സഭയില്‍ ഇതേക്കുറിച്ച് ചര്‍ച്ചയാവാം എന്ന് ഗവമെന്റിന് സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. അതായത് മാധ്യമ വെളിപ്പെടുത്തലുകള്‍ ശരിയാണെന്ന് വ്യക്തമാക്കുകയാണ് പാര്‍ലമെന്റ് നടപടികള്‍.

ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ഒമ്പത് പുതിയ സ്വകാര്യ കമ്പനികള്‍ക്ക് 2 ജി സ്പെക്ട്രം സര്‍വീസ് അനുവദിച്ചത്. ടെലികോം മേഖലയില്‍ വേരില്ലാത്ത, തട്ടിക്കൂട്ടിയ കമ്പനികള്‍ക്കാണ് സര്‍വീസ് നല്‍കിയത്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളെ ഒഴിവാക്കാന്‍ 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന വിചിത്ര മാനദണ്ഡമാണ് ടെലികോം വകുപ്പ് ഉപയോഗിച്ചത്. 2001 ലെ വിലനിലവാരം വച്ച് ചുളുവിലയ്ക്കാണ് രണ്ടാംതലമുറ ടെലികോം സര്‍വീസുകള്‍ ഒന്നാകെ കൈമാറിയത്. ഇതില്‍ രണ്ട് കമ്പനി- സ്വാന്‍ ടെലികോം, യൂണിടെക് എന്നിവ- ലൈസന്‍സ് സ്വന്തമാക്കിയ ഉടന്‍, സര്‍വീസ് നിലവില്‍ വരുന്നതിനും മുമ്പേ, ഓഹരികള്‍ വിദേശ കമ്പനികള്‍ക്ക് മറിച്ചുവിറ്റ് നാലിരട്ടി ലാഭമുണ്ടാക്കി. 13 സര്‍ക്കിളിന്റെ ലൈസന്‍സ് 1537 കോടി രൂപയ്ക്ക് സ്വന്തമാക്കിയ സ്വാന്‍ അതിന്റെ 45 ശതമാനം ഓഹരി യുഎഇ കമ്പനിക്ക് 4200 കോടി രൂപയ്ക്ക് വിറ്റു. 22 സര്‍ക്കിള്‍ 1658 കോടി രൂപയ്ക്ക് ലഭിച്ച യൂണിടെക് അതിന്റെ 60 ശതമാനം ഓഹരി നോര്‍വേ കമ്പനിക്ക് 6100 കോടി രൂപയ്ക്കും ഉടന്‍ കൈമാറി. ഈ രണ്ട് കൈമാറ്റം വഴി മാത്രം ടെലികോം വകുപ്പിന് നഷ്ടമായത് 7105 കോടിയാണെന്ന് സിബിഐ എഫ്ഐആറില്‍ പറയുന്നു. ഈ രീതിയില്‍ 122 സര്‍ക്കിളിന് 22,000 കോടി രൂപ നഷ്ടമായെന്നാണ് 2008 ല്‍ സിബിഐ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. അഴിമതി 60,000 കോടി രൂപയുടേതാണെന്നാണ് പ്രശ്നം ആദ്യമായി ഉയര്‍ത്തിയ സിപിഐ എം ആരോപിച്ചത്. ഇതും കടന്ന് 2 ജി സ്പെക്ട്രം അഴിമതി ഒരു ലക്ഷം കോടിയുടേതാണെന്നാണ് ഇപ്പോള്‍ വെളിവാകുന്നത്.

അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റര്‍ ചെയ്താണ് സിബിഐ അന്വേഷണം നീങ്ങുന്നത്. ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരുടെ പേര് പരാമര്‍ശിക്കാതെ നടത്തുന്ന അന്വേഷണം മന്ത്രി രാജയുടെ പങ്കിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാണ്. കേസ് രജിസ്റ്റര്‍ചെയ്ത 2008 ല്‍ തന്നെ രാജ മന്ത്രിസ്ഥാനം രാജിവക്കേണ്ടതായിരുന്നു. അതു ചെയ്തില്ലെന്നു മാത്രമല്ല, അഴിമതി ആരോപണം നേരിട്ട രാജയെ തന്റെ രണ്ടാം മന്ത്രിസഭയില്‍ അതേ വകുപ്പിലിരുത്തി ആദരിക്കുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചെയ്തത്. ഡിഎംകെയുടെ സമ്മര്‍ദംമൂലമാണെന്ന ന്യായമാണ് ഇതിനു പറഞ്ഞത്. ഡിഎംകെ നേതാവ് കരുണാനിധിയുടെ പുത്രി കനിമൊഴിയുടേതാണ് സ്വാന്‍ ടെലികോം കമ്പനിയെന്ന് ആരോപണമുണ്ട്. രാജയെ വീണ്ടും ടെലികോം മന്ത്രിയാക്കിയതില്‍ കോര്‍പറേറ്റുകളുടെ ഇടപെടലുണ്ടെന്ന് നിര റാഡിയയുടെ ടെലിഫോണ്‍ സംഭാഷണത്തില്‍ വെളിവാക്കുന്നുണ്ട്. തന്റെ മന്ത്രിസഭാംഗങ്ങള്‍ക്ക് വകുപ്പ് അനുവദിച്ചപ്പോള്‍ പ്രധാനമന്ത്രി കോര്‍പറേറ്റുകളുടെ അഭിപ്രായം പരിഗണിച്ചിരുന്നോ എന്ന ചോദ്യവും പാര്‍ലമെന്റില്‍ ഉയര്‍ന്നിട്ടുണ്ട്.

അഴിമതിയുടെ കറപുരണ്ട ആളെത്തന്നെ, ട്രായ് തള്ളിപ്പറഞ്ഞ ആളെത്തന്നെ, 3 ജി സ്പെക്ട്രം ലൈസന്‍സ് വിതരണം ചെയ്യാനും നിയോഗിച്ചിരിക്കുകയാണ് കോര്‍പറേറ്റുകളുടെ മാനസപുത്രനായ പ്രധാനമന്ത്രി. കള്ളന് കഞ്ഞിവയ്ക്കുക എന്നതില്‍ക്കവിഞ്ഞ് കള്ളന് കൂട്ടിരിക്കുകയാണ് മന്‍മോഹന്‍സിങ്. സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് പ്രകാരംതന്നെ രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ അഴിമതിയുടെ ചെളി തെറിക്കുന്നത് പ്രധാനമന്ത്രിയുടെ മുഖത്തുകൂടിയാണ്. അധികാരം നിലനിര്‍ത്താന്‍ ഏതറ്റംവരെയും കുമ്പിടുമെന്ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുറപ്പിക്കാന്‍ നടത്തിയ കുതിരക്കച്ചവടങ്ങളില്‍ മന്‍മോഹന്‍സര്‍ക്കാര്‍ തെളിയിച്ചതാണ്. ഈ കുതിരക്കച്ചവടങ്ങള്‍ക്ക് ഒഴുക്കിയ കോടികളില്‍ സ്പെക്ട്രം അഴിമതിയിലൂടെ നേടിയ കോടികളും കാണുമോ...?

ദേശാഭിമാനി മുഖപ്രസംഗം 30042010

Thursday, April 29, 2010

സ്പെക്ട്രം അഴിമതി ചര്‍ച്ചയാകാം: കേന്ദ്രം

ടെലികോം സ്പെക്ട്രം ഇടപാടിലെ അഴിമതിയെച്ചൊല്ലി പാര്‍ലമെന്റിലെ ഇരുസഭയും പ്രക്ഷുബ്ധമായി. ടെലികോം മന്ത്രി എ രാജ അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചതായുള്ള പത്രവാര്‍ത്തയെ തുടര്‍ന്നാണ് ഇരുസഭയിലും പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയത്. ബഹളം കാരണം ലോക്സഭയിലും രാജ്യസഭയിലും നടപടി തടസ്സപ്പെട്ടു. രാജയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഒടുവില്‍ സ്പെക്ട്രം അഴിമതിയെക്കുറിച്ച് ചര്‍ച്ചയാകാമെന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു.

അതിനിടെ, സ്പ്രക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജലയളിത ബുധനാഴ്ച പുറത്തുവിട്ടു. സിബിഐ അന്വേഷണ സംഘ തലവനായിരുന്ന വിനീത് അഗര്‍വാള്‍, ആദായനികുതി വകുപ്പ് ജോയന്റ് ഡയറക്ടര്‍ അഷിഷ് അബ്റോള്‍ എന്നവരെഴുതിയ കത്തുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആദായനികുതി ഡയറക്ടര്‍ ജനറലിന്റെ ആഭ്യന്തര വിലയിരുത്തല്‍ റിപ്പോര്‍ടും, കേസില്‍ സംശയനിഴലിലുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയത് സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങളും പുറത്തുവിട്ട രേഖകളിലുണ്ട്. പബ്ളിക് റിലേഷന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നിര റാഡിയ എന്ന സ്ത്രീയുമായി എ രാജ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശം സിബിഐക്ക് ലഭിച്ചതായാണ് പത്രവാര്‍ത്തകള്‍. നിരവധി പബ്ളിക് റിലേഷന്‍സ്- കസള്‍ട്ടിങ് സ്ഥാപനങ്ങളുടെ ഉടമസ്ഥയാണ് നിര റാഡിയ. രണ്ടാംതലമുറ സ്പെക്ട്രം ലേലത്തില്‍ നേട്ടമുണ്ടാക്കിയ ഒമ്പതോളം കമ്പനികളില്‍ അഞ്ചെണ്ണത്തിന് നിര റാഡിയയുടെ സേവനം ലഭിച്ചതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ റാഡിയയെ ചോദ്യംചെയ്യാന്‍ സിബിഐ അനുമതി തേടിയെങ്കിലും ഉന്നതങ്ങളിലെ ഇടപെടലിനെത്തുടര്‍ന്ന് നിഷേധിക്കപ്പെട്ടു.

ആദായനികുതി വകുപ്പാണ് സ്പെക്ട്രം അഴിമതി അന്വേഷണത്തിന്റെ ഭാഗമായി നിര റാഡിയയുടെയും മറ്റുചില ബിസിനസ്-രാഷ്ട്രീയ പ്രമുഖരുടെയും ഫോണുകള്‍ ചോര്‍ത്തിയത്. 2008ലും 2009ലും രണ്ടുഘട്ടമായിട്ടായിരുന്നു ചോര്‍ത്തല്‍. സ്പെക്ട്രം അഴിമതിയിലൂടെ ലഭിച്ച പണം റിയല്‍ എസ്റേറ്റ് മേഖലയിലും കമ്പനി ഓഹരികളിലും കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് പേരുകേട്ട മൌറീഷ്യസിലും മറ്റുമായി നിക്ഷേപിച്ചതായി സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. മന്ത്രി എ രാജയും നിര റാഡിയയും പലവട്ടം ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശവും അന്വേഷണഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. രാജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍ കെ ചന്ദോലിയയുമായി റാഡിയ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശം ആദായനികുതി വകുപ്പ് കൈമാറുകയായിരുന്നു. രാജയെ പുറത്താക്കണമെന്നും ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശം വെളിപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്സഭയിലും രാജ്യസഭയിലും എഐഎഡിഎംകെ അംഗങ്ങളാണ് വിഷയം ഉയര്‍ത്തിയത്. രാജ്യസഭയില്‍ ചോദ്യോത്തരവേള മുടങ്ങി. ലോക്സഭ ചോദ്യോത്തരവേളയ്ക്ക് ശേഷം രണ്ടുമണിവരെ നിര്‍ത്തേണ്ടി വന്നു. വിഷയത്തെക്കുറിച്ച് വിശദമായ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ പിന്നീട് രാജ്യസഭയില്‍ സമ്മതിച്ചു.

ടെലികോം 2ജി സ്പെക്ട്രം വില്‍പ്പനയിലെ അഴിമതി സര്‍ക്കാരിന് ഒരുലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയതായാണ് കണക്ക്. സ്വാന്‍ ടെലികോം, യൂണിടെക് എന്നീ കമ്പനികള്‍ക്ക് കുറഞ്ഞ തുകയ്ക്ക് സ്പെക്ട്രം ലൈസന്‍സ് നല്‍കിയതാണ് വിവാദമായത്. ലേലം കൂടാതെയായിരുന്നു വില്‍പ്പന. ലൈസന്‍സ് നേടിയ രണ്ടുകമ്പനിയും ഓഹരികള്‍ വിദേശകമ്പനികള്‍ക്ക് മറിച്ചുവിറ്റ് പതിനായിരം കോടിയോളം രൂപ ലാഭം നേടി. ലൈസന്‍സ് സ്വന്തമാക്കിയ സിഡിഎംഎ മൊബൈല്‍ കമ്പനികള്‍ക്കും വന്‍ലാഭം കൈവരിക്കാനായി. സ്വാന്‍ ടെലികോം കമ്പനി കരുണാനിധിയുടെ മകള്‍ കനിമൊഴിയുടേതാണെന്ന് വാര്‍ത്ത വന്നതോടെയാണ് രാജ പ്രതിക്കൂട്ടിലായത്. ഖണ്ഡനപ്രമേയത്തെ കുതിരക്കച്ചവടത്തിലൂടെ അതിജീവിച്ച സര്‍ക്കാരിനു മുന്നില്‍ സ്പെക്ട്രം അഴിമതി പുതിയ പ്രതിസന്ധിയായി.

എം പ്രശാന്ത് ദേശാഭിമാനി 29042010

8 പുതിയ പൊതുമേഖലാ സ്ഥാപനത്തിന് അനുമതി

സംസ്ഥാനത്ത് 125 കോടി രൂപ മുതല്‍മുടക്കി എട്ടു പൊതുമേഖലാ സ്ഥാപനം തുടങ്ങുന്നതിന് ടെക്സ്റൈല്‍ കോര്‍പറേഷന്‍, സിഡ്കോ, കെല്‍ട്രോ, ട്രാക്കോ, സ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്നിവയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇവയാണ്. കാസര്‍കോട്ട് ടെക്സ്റൈല്‍ മില്‍ (20 കോടി), കണ്ണൂരില്‍ ആധുനിക നെയ്ത്ത്ഫാക്ടറി (20 കോടി), ട്രാക്കോ കേബിള്‍ യൂണിറ്റ് (12 കോടി), ആലപ്പുഴ കോമളപുരത്ത് സ്പിന്നിങ് മില്‍ (32 കോടി), കോഴിക്കോട്ട് ഒളവണ്ണയില്‍ സിഡ്കോ ടൂള്‍ റൂം (12 കോടി), കുറ്റിപ്പുറത്ത് കെല്‍ട്രോണിന്റെ കെല്‍ട്രാക്ക് ടൂള്‍ റൂം (12 കോടി), ഷൊര്‍ണൂരില്‍ ഫോര്‍ജിങ് യൂണിറ്റ് (12 കോടി), പാലക്കാട്ട് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് മീറ്റര്‍ ഫാക്ടറി ( അഞ്ചു കോടി). ഒരു വര്‍ഷത്തിനകം ഇവ പൂര്‍ത്തിയാക്കി ഉല്‍പ്പാദനം തുടങ്ങാനാണ് ലക്ഷ്യം.

കോഴിക്കോട്ടെ മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍, തിരുവനന്തപുരം സ്പിന്നിങ് മില്‍, കേരള സോപ്സ് (കോഴിക്കോട്) എന്നിവയുടെ വിപുലീകരണത്തിന് ടെക്സ്റൈല്‍ കോര്‍പറേഷന്‍, കെഎസ്ഐഇ എന്നിവയെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി കെഎംഎംഎല്‍, മലബാര്‍ സിമന്റ്സ് എന്നിവയില്‍നിന്ന് 100 കോടി രൂപ കണ്ടെത്തും. എറണാകുളം ജില്ലയിലെ അത്താണിയില്‍ കാര്‍ഷിക ട്രാക്ടര്‍ അസംബ്ളി പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള അഗ്രോ മെഷീനറി കോര്‍പറേഷന്റെ പ്രോജക്ടിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഗ്രാമവികസന കമീഷണറേറ്റിലെ സെക്രട്ടറിയറ്റ് ജീവനക്കാരുടെ തസ്തികകള്‍ സെക്രട്ടറിയറ്റിലേക്ക് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചു. പകരം ഗ്രാമവികസന കമീഷണറേറ്റില്‍ അത്രയും തസ്തിക പുതുതായി സൃഷ്ടിക്കും. അബ്കാരി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതിയുടെ സമയപരിധി ജൂണ്‍30 വരെ നീട്ടി.

ദേശാഭിമാനി 29042010

പ്രതിച്ഛായ തകര്‍ന്ന് മന്‍മോഹന്‍ സര്‍ക്കാര്‍

പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്ക്കും വളം സബ്ഡിസി വെട്ടിക്കുറച്ചതിനുമെതിരെ ഇടതുപക്ഷം ലോക്സഭയില്‍ കൊണ്ടുവന്ന ഖണ്ഡനോപക്ഷേപം യുപിഎ സര്‍ക്കാരിന്റെ ദൌര്‍ബല്യം കൂടുതല്‍ വെളിവാക്കുന്നതായി. മന്‍മോഹന്‍ സര്‍ക്കാരിനെ താഴെയിറക്കാനല്ല, രൂക്ഷമായ വിലക്കയറ്റത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം പാര്‍ലമെന്റില്‍ ചെയ്തത്. വിലക്കയറ്റത്തിനെതിരെ ദേശവ്യാപകമായി നടത്തിയ ഹര്‍ത്താല്‍ ദിവസംതന്നെയാണ് പാര്‍ലമെന്റിനകത്തും ജനകീയ പ്രതിഷേധം ഉയര്‍ത്തിയത്. ഖണ്ഡനോപക്ഷേപത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് പെട്രോള്‍-ഡീസല്‍ നികുതി പിന്‍വലിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ജനദ്രോഹനടപടിയില്‍നിന്ന് മന്‍മോഹന്‍ സര്‍ക്കാര്‍ പിന്‍വാങ്ങിയില്ല. പകരം പാര്‍ലമെന്റിലെ കണക്കിലെ കളിയില്‍ തങ്ങളുടെ പ്രതിലോമനയം മൂടിവയ്ക്കാന്‍ ശ്രമിച്ചു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍വിജയം നേടിയിരിക്കുന്നുവെന്നാണ് ഞങ്ങളുടെ പല സഹജീവികളും ആവേശംകൊള്ളുന്നത്. പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിക്കാത്ത യുപിഎ സര്‍ക്കാരിനെ അഭിനന്ദനംകൊണ്ട് മൂടിയിരിക്കുകയാണ് മനോരമാദികള്‍. ഖണ്ഡനോപക്ഷേപം കൊണ്ടുവന്ന പ്രതിപക്ഷത്തിന് എന്തോ അക്കിടി പറ്റിയെന്നും അവര്‍ പരിഹസിക്കുന്നു.

ആര്‍ക്കാണ് അക്കിടി പറ്റിയത്?

ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രസിനെ മാന്യമായി അധികാരത്തിലെത്തിച്ച വോട്ടര്‍മാര്‍ക്കാണ് അക്കിടി പറ്റിയത്. ഒരു വര്‍ഷത്തിനകം ജനക്ഷേമകരമായ വല്ല നടപടിയും മന്‍മോഹന്‍ സര്‍ക്കാര്‍ കൈക്കൊണ്ടതായി കോണ്‍ഗ്രസുകാര്‍ക്കുതന്നെ പറയാന്‍ കഴിയില്ല. പകരം രാജ്യം കണ്ട ഏറ്റവും രൂക്ഷമായ വിലക്കയറ്റത്തിലേക്ക് ഇന്ത്യന്‍ ജനതയെ നയിക്കുകയാണ് ചെയ്തത്. കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി സൌജന്യം നല്‍കുകയും പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുകയും ചെയ്യുന്നവര്‍ക്ക് എന്ത് 'ഐക്യപുരോഗമന'മാണുള്ളത്. പെട്രോള്‍-ഡീസല്‍ വില അടിക്കടി കയറ്റുക മാത്രമല്ല, അതിന്മേല്‍ അധികനികുതി ചുമത്തി വീണ്ടും വിലകൂട്ടി. തല്‍ഫലമായി ജനങ്ങള്‍ നേരിടുന്ന പൊറുതിമുട്ടലിന് പ്രതിഷേധരൂപം നല്‍കുകയാണ് മതേതര കക്ഷികളെ കൂട്ടുപിടിച്ച് ഇടതുപക്ഷം ചെയ്തത്. സര്‍ക്കാരിനെ താഴെയിറക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് ഖണ്ഡനോപക്ഷേപം കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍തന്നെ ഇടതുപക്ഷം പ്രഖ്യാപിച്ചു. എന്നാല്‍, മന്‍മോഹന്‍ സര്‍ക്കാര്‍ ഒന്നിളകി. സര്‍ക്കാരിനെ നിലനില്‍പ്പിനുമേല്‍ അനിശ്ചിതത്വം താല്‍ക്കാലികമായെങ്കിലും ഉണ്ടായി. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പതിവുപരിപാടിയായ കുതിരക്കച്ചവടംതന്നെ ഉപയോഗിച്ചു. തലേന്നാള്‍വരെ കീരിയും പാമ്പുമായിരുന്ന ബിഎസ്പി പൊടുന്നനെ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുചെയ്തു. അംബേദ്കര്‍ ദിനത്തില്‍ രാഹുല്‍ഗാന്ധിക്ക് യുപിയിലെ അംബേദ്കര്‍ ജില്ലയിലേക്ക് പ്രവേശനം നിഷേധിച്ച മായാവതി പൊടുന്നനെ സോണിയ ഗാന്ധിയുടെ ഉറ്റസുഹൃത്തായി. ബിഎസ്പിയുടെ 21 അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഖണ്ഡനോപക്ഷേപത്തിന് എതിരായി 289 വോട്ടുലഭിച്ചു. ബിഎസ്പിയെ കിഴിച്ചാല്‍ വോട്ട് 261. ഇത്രയുമാണ് മന്‍മോഹന്‍ സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന കണക്കിലെ സ്ഥിരത. ഇതോടൊപ്പം മുലായംസിങ്ങും ലാലുപ്രസാദ് യാദവും തങ്ങളുടെ നിലപാടില്ലായ്മ ഇറങ്ങിപ്പോക്കിലൂടെ വീണ്ടും തെളിയിച്ചപ്പോള്‍ സോണിയ ഗാന്ധിക്കും മന്‍മോഹന്‍സിങ്ങിനും അത്യാഹ്ളാദമായി. കോണ്‍ഗ്രസ് അംഗങ്ങള്‍ അവരെ അഭിനന്ദനത്തില്‍ മൂടി.

ഈ ആഹ്ളാദപ്രകടനത്തിന് എത്ര കോടികള്‍ ചെലവാക്കി? സിബിഐ എന്തൊക്കെ കളി കളിച്ചു?

ഏത് കൊച്ചുകുട്ടിക്കും ഊഹിക്കാവുന്നതേയുള്ളൂ. ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷം പുറത്തുനിന്നുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ 2008 ജൂലൈ 22ന് ഈ കോടികളുടെ കളി ലോക്സഭ ദര്‍ശിച്ചതാണ്. തന്റെ കസേര ഉറപ്പിക്കാന്‍ മന്‍മോഹന്‍സിങ് കളിച്ച വൃത്തികെട്ട കളി മൂന്ന് കോടിയുടെ കറന്‍സിയായി ലോക്സഭയില്‍ അവതരിച്ചതാണ്. 1993 ജൂലൈയില്‍ നരസിംഹറാവു കളിച്ച അതേ വൃത്തികെട്ട കളിയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമോന്നത സഭയില്‍ മന്‍മോഹനും കളിക്കുന്നത്. കുപ്രസിദ്ധമായ ജെഎംഎം കോഴക്കേസില്‍ നരസിംഹറാവു കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി വിധിച്ചിരുന്നു; മേല്‍ക്കോടതി പിന്നീട് കുറ്റവിമുക്തനാക്കിയെങ്കിലും. ജെഎംഎം കോഴക്കേസിലെ കക്ഷി ഷിബുസൊറന്‍ ഇത്തവണയും കളിക്കാനെത്തിയത് യാദൃച്ഛികമാവാം. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി വന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനുവേണ്ടി വോട്ടുകുത്തിയ നാണംകെട്ട കാഴ്ചയും കണ്ടു.

രണ്ടാം മന്‍മോഹന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇത്രയുമാണ്. സ്ഥിരത ഇങ്ങനെയാണ്.

രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി ഇത്തവണയാണ് കോണ്‍ഗ്രസിന് ലോക്സഭയില്‍ ഇരുനൂറിനുമേല്‍ സീറ്റ് ലഭിച്ചത്. എന്നിട്ടെന്ത്? ഭൂരിപക്ഷമുറപ്പിക്കാന്‍ അടിക്കടി നാണംകെട്ട് കളിക്കേണ്ടി വരുന്നു. ഭൂരിപക്ഷം ലഭിക്കില്ലെന്ന പേടിമൂലം ആണവബാധ്യതാ ബില്‍ അവതരിപ്പിക്കാതെ മാറ്റി. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലമായിരുന്നു ഇത്. രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്‍ ഘടകകക്ഷികളുടെ എതിര്‍പ്പുമൂലം ലോക്സഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല. പെട്രോള്‍-ഡീസല്‍ നികുതി, ആണവകരാര്‍, വനിതാസംവരണം തുടങ്ങി ഏതെങ്കിലും നിര്‍ണായക വിഷയത്തില്‍ ഐക്യപുരോഗമന സഖ്യത്തില്‍ (യുപിഎ) ഐക്യമുണ്ടോ? ഇടതുപക്ഷം പിന്തുണച്ച ആദ്യ യുപിഎ സര്‍ക്കാരിന് ഒരു പൊതുമിനിമം പരിപാടിയുണ്ടായിരുന്നു. അത് ലംഘിച്ച് ആണവകരാറില്‍ ഏര്‍പ്പെട്ടപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. പിന്നീട് പിന്തുണയ്ക്കായി 'ഐപിഎല്‍ കളി'കളിക്കുന്ന കോണ്‍ഗ്രസിനെയാണ് പാര്‍ലമെന്റ് ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്‍ അഴിമതി, നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ മുഖം ചുളിഞ്ഞിരിക്കുന്ന മന്‍മോഹന്‍ സര്‍ക്കാരിന് നാണം മറയ്ക്കാന്‍ പ്രതിച്ഛായയുടെ ഒരു കീറത്തുണിയെങ്കിലും കൈവശമുണ്ടോ? ഖണ്ഡനോപക്ഷേപം പരാജയപ്പെട്ടതിന് മന്‍മോഹന്‍സിങ്ങിനെ വാനോളം പുകഴ്ത്തുന്ന ഞങ്ങളുടെ മാന്യ സഹജീവികള്‍ ഇക്കാര്യം ജനങ്ങളോട് വിശദീകരിച്ചാല്‍ നന്നായിരുന്നു.

ദേശാഭിമാനി മുഖപ്രസംഗം 29042010

തൊഴിലുറപ്പ്: കേരളത്തിന് ഇരട്ടനേട്ടം

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ഇരട്ട നേട്ടം. തുക ചെലവഴിച്ചതിലും തൊഴില്‍ നല്‍കിയതിലുമാണ് റെക്കോഡ് നേട്ടമുണ്ടാക്കിയത്. 2009-10 സാമ്പത്തികവര്‍ഷത്തില്‍ 472.41 കോടി രൂപ ചെലവഴിച്ചും 9,31,221 കുടുംബങ്ങള്‍ക്കായി 318.68 ലക്ഷം തൊഴില്‍ദിനങ്ങള്‍ നല്‍കിയുമാണ് ഈ മുന്നേറ്റം. ഒരു കുടുംബത്തിന് ശരാശരി 34.22 തൊഴില്‍ദിനം നല്‍കാനായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ചെലവിട്ടത് 224 കോടി രൂപയും തൊഴില്‍ നല്‍കിയത് 6.92 ലക്ഷം കുടുംബത്തിനുമായിരുന്നു. തൊഴില്‍ദിനങ്ങളുടെ ശരാശരി 22 ആയിരുന്നു. കേന്ദ്രം വിഭാവനം ചെയ്തതിന്റെ 81.5 ശതമാനം തൊഴില്‍ദിനം നല്‍കാനായി. അതേസമയം 8.1 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് കേന്ദ്രം കണക്കാക്കിയതെങ്കില്‍ ഇത് 9.31 ലക്ഷമായി ഉയര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞു. നൂറുദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ എണ്ണം 37,641 ആണ്. 2.25 ലക്ഷം കുടുംബങ്ങള്‍ക്ക് 50 ദിവസമെങ്കിലും തൊഴില്‍ ലഭിച്ചു. 50 ദിവസം തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്ത കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടുരൂപ അരി പദ്ധതിക്ക് അര്‍ഹരാണ്. സര്‍ക്കാരിന്റെ സൌജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും അവര്‍ക്ക് ലഭിക്കും.

തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവുമധികം പണം ചെലവിട്ടത് വയനാട് ജില്ലയിലെ കവിഞ്ഞാല്‍ പഞ്ചായത്താണ്-5.37 കോടി രൂപ. ഒരു കുടുംബത്തിന് ശരാശരി 54.14 തൊഴില്‍ദിനം നല്‍കാനും വയനാട് ജില്ലയ്ക്ക് കഴിഞ്ഞു. ഇടുക്കി ജില്ലയില്‍ ശരാശരി 48.24 തൊഴില്‍ദിനങ്ങളാണ് നല്‍കിയത്. 59.59 കോടി രൂപ ചെലവിടാന്‍ ഇടുക്കി ജില്ലയ്ക്ക് കഴിഞ്ഞു. എന്നാല്‍, ഏറ്റവുമധികം പണം ചെലവിട്ട ജില്ല പാലക്കാടാണ്-67.83 കോടി രൂപ. പദ്ധതിയില്‍ പണിയെടുത്തവരില്‍ 88.29 ശതമാനവും സ്ത്രീകളാണ്. മറ്റൊരു സംസ്ഥാനത്തും പദ്ധതിയില്‍ ഇത്രയധികം സ്ത്രീ പങ്കാളിത്തമുണ്ടായിട്ടില്ല. അഖിലേന്ത്യാ തലത്തില്‍ സ്ത്രീ പങ്കാളിത്തം 48.46 ശതമാനം മാത്രമാണ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 10 ശതമാനത്തില്‍ താഴെയാണ് പട്ടികജാതി വിഭാഗം. എന്നാല്‍, തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളായ കുടുംബങ്ങളില്‍ 16.87 ശതമാനം പട്ടികജാതിയില്‍പ്പെട്ടവരാണ്. പദ്ധതിയില്‍ തൊഴില്‍ ലഭിച്ച 5.58 ശതമാനം കുടുംബങ്ങള്‍ പട്ടികവര്‍ഗക്കാരാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 1.2 ശതമാനം മാത്രമാണ് പട്ടികവര്‍ഗക്കാര്‍. പല പരിമിതികളെയും അതിജീവിച്ചാണ് പദ്ധതിയില്‍ കേരളം നേട്ടമുണ്ടാക്കിയത്.
(ആര്‍ സാംബന്‍)

കേരളത്തിന്റെ പദ്ധതികള്‍ മാതൃക: പാലോളി

മറ്റു സംസ്ഥാനങ്ങളിലെ തദ്ദേശസ്ഥാപനങ്ങള്‍ മാതൃകയാക്കുന്നത് കേരളത്തിന്റെ പദ്ധതികളാണെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറെ വിമര്‍ശനങ്ങള്‍ക്കും വിചാരണയ്ക്കും വിധേയമായാണ് അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും നടപ്പാക്കിയത്. ഒരു വ്യാഴവട്ടക്കാലത്തെ പ്രവര്‍ത്തനത്തിന് ദേശീയ അംഗീകാരം നേടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. അധികാരവികേന്ദ്രീകരണം നടപ്പാക്കിയതില്‍ 2009-10 സാമ്പത്തികവര്‍ഷം കേരളത്തിന് ഒന്നാംസ്ഥാനം ലഭിച്ചു. അവാര്‍ഡ് തുകയായി 2.5 കോടി രൂപയും ലഭിച്ചു. ത്രിതല പഞ്ചായത്തുകളും നഗരസഭകളും 2009-10 സാമ്പത്തികവര്‍ഷം 74.65 ശതമാനം തുക പദ്ധതിയിനത്തില്‍ ചെലവഴിച്ചു. പദ്ധതിച്ചെലവില്‍ വന്‍ കുറവുവന്നതായ വാര്‍ത്തകള്‍ ശരിയല്ല. പഞ്ചായത്തുകള്‍ 73.57, ബ്ളോക്ക് പഞ്ചായത്തുകള്‍ 81.47, ജില്ലാ പഞ്ചായത്തുകള്‍ 71.67, മുനിസിപ്പാലിറ്റികള്‍ 78.55, കോര്‍പറേഷനുകള്‍ 72.40 എന്ന ശതമാനത്തിലാണ് തുക ചെലവുചെയ്തത്. ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുംകൂടി പദ്ധതിയിനത്തില്‍ 1859.65 കോടി രൂപ കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ചു. മുന്‍വര്‍ഷത്തെ ക്യാരിഓവര്‍ കൂടി ചേര്‍ത്ത് 2388.07 കോടി ലഭ്യമായിരുന്നു. ഇതില്‍ 1782.63കോടി ചെലവിട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടുമാസം പദ്ധതിപ്രവര്‍ത്തനം തടസ്സപ്പെട്ടു. എന്നിട്ടും മുന്‍ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തി. സെപ്തംബറില്‍ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പദ്ധതി പ്രവര്‍ത്തനം ഇക്കൊല്ലം നേരത്തെ ആരംഭിച്ചു.

തൊഴിലുറപ്പുപദ്ധതി നടത്തിപ്പില്‍ കേരളത്തിന് ദേശീയതലത്തിലുള്ള അംഗീകാരമാണുള്ളത്. പഠനത്തിനായി കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റിറ്റ്യൂട്ട് കേരളത്തിന്റെ പദ്ധതി നടത്തിപ്പ് “മികച്ചതെന്ന് കണ്ടെത്തി. ഇ എം എസ് പദ്ധതിയും എം എന്‍ ലക്ഷംവീട് പദ്ധതിയും തമ്മില്‍ തര്‍ക്കമില്ലെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. രണ്ടും പാവങ്ങള്‍ക്കുള്ള ഭവനപദ്ധതികളാണ്. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയെന്ന വാര്‍ത്ത ശരിയല്ല. മുഖ്യമന്ത്രി അഭിപ്രായം തേടിയപ്പോള്‍ മറുപടി നല്‍കുക മാത്രമാണുണ്ടായത്. ആറായിരം കോടിയോളം രൂപയാണ് ഇ എം എസ് പദ്ധതിക്കായി ചെലവിടുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ വേതനം ഇ എം എസ് പദ്ധതിക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിക്കയായിരുന്നു. അതില്‍ 26 ശതമാനം എംഎന്‍ പദ്ധതിക്ക് നല്‍കാമെന്ന് സമ്മതിച്ചിരുന്നതായി മന്ത്രി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോടുതന്നെ ചോദിക്കണം. കഴിഞ്ഞ രണ്ട് ബജറ്റുകളിലായി അനുവദിച്ച 37 കോടി രൂപ എംഎന്‍ പദ്ധതിക്കായി നല്‍കി. ലോട്ടറി ടിക്കറ്റ് വില്‍പനയിലൂടെ പഞ്ചായത്തുകള്‍ എം എന്‍ പദ്ധതിക്കായി തുക സമാഹരിച്ചു. എം എന്‍ ലക്ഷംവീട് പദ്ധതിയിലെ 40,000 ഇരട്ടവീടുകള്‍ ഇതിനകം ഒറ്റവീടുകളാക്കി. ഇനി 16,000 വീടുകളാണ് ഒറ്റ വീടുകളാക്കാനുള്ളത്. അത് നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി 29042010

സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ വളര്‍ച്ചയില്‍ സങ്കടപ്പെടുന്നവരോട്

സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെപ്പറ്റി വീണ്ടും ചില അപശബ്ദങ്ങള്‍ ചില ഇരുണ്ടമൂലകളില്‍നിന്ന് കേള്‍ക്കുന്നു. എഴുത്തുകാരുടെയും ജീവനക്കാരുടെയും കഞ്ഞിക്കലം മാറാല കെട്ടിക്കിടന്ന 1985 മുതല്‍ 1997വരെയുള്ള കാലങ്ങളില്‍ ആരും നിലവിളിച്ചില്ല. അതങ്ങനെ മരിച്ചോളും. ആ മരണംപോലും ആരും അറിയണ്ടായെന്ന് വിചാരിച്ചിട്ടുണ്ടാവും. വീക്ഷണം വാരാന്തപ്പതിപ്പില്‍ ഒരു ലേഖകന്‍ എഴുതിയ ലേഖനം വായിച്ചപ്പോഴാണ് ഇങ്ങനെയൊക്കെ ചിന്തിച്ചുപോയത്. അങ്ങ് തലസ്ഥാനത്തുനിന്ന് മറ്റു ചിലരും ഉണ്ടയില്ലാ വെടികള്‍ വയ്ക്കുന്നുണ്ട്. നമ്മുടെ സാഹിത്യകാരന്മാര്‍ സംഘം ഭരിച്ചിരുന്നകാലത്തുതന്നെയാണല്ലോ ഇതിന്റെ അപചയം സംഭവിച്ചത്. സാഹിത്യകാരന്മാരെ കുറ്റപ്പെടുത്തുകയല്ല. മറ്റ് ഒട്ടേറെ കാരണങ്ങളുണ്ടാവും. അതൊന്നും വിസ്തരിക്കുന്നില്ല.

1981 മുതല്‍ സംഘം ക്രമേണ നഷ്ടത്തിലേക്ക് നീങ്ങിയിട്ടും അത് പരിഹരിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും എങ്ങും കണ്ടില്ല. 1996 ലാണ് അന്നത്തെ സഹകരണമന്ത്രി പിണറായി വിജയന്‍ ഇത് സംരക്ഷിക്കേണ്ടത് സാംസ്കാരികകേരളത്തിന് ആവശ്യമാണെന്നും സാഹിത്യകാരന്മാരെ തിരുവനന്തപുരം ഡര്‍ബാര്‍ ഹാളില്‍ വിളിച്ചുകൂട്ടി നവീകരണപ്രവര്‍ത്തനത്തെക്കുറിച്ച് ആലോചിച്ചതും. ഓഫ്സെറ്റ് പ്രസും പുതിയ സംവിധാനങ്ങളുമുണ്ടാക്കി നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ 'സംഘം മാര്‍ക്സിസ്റ്റുകാര്‍ പിടിച്ചെടുക്കുന്നേ' എന്ന നിലവിളി ചില ഭാഗത്തുനിന്നുണ്ടായി. കടത്തില്‍ മുങ്ങിക്കിടക്കുന്ന ഈ സ്ഥാപനം പിടിച്ചെടുത്തിട്ട് അവര്‍ക്ക് എന്തുപ്രയോജനമെന്ന് ചിന്തിക്കാനുള്ള സാമാന്യയുക്തിപോലും അവര്‍ക്കുണ്ടായില്ല. 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നല്ലോ. സംഘത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി മുന്‍സഹകരണമന്ത്രി അനുവദിച്ച് ബാങ്കില്‍ കിടന്ന തുകപോലും പിന്‍വലിക്കാന്‍ അനുവദിച്ചില്ലല്ലോ. ആരും കരഞ്ഞുകേട്ടില്ല. ദയാവധം കൊടുക്കണമെന്നും ഇങ്ങനൊരു എഴുത്തുകാരുടെ സംഘത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നുമാണ് പറഞ്ഞു കേട്ടത്. ആ തുകകൊണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഈ ഭീമന്‍ബാധ്യത സംഘത്തിന് ഉണ്ടാകുമായിരുന്നില്ല.

സഹകരണമന്ത്രി ജി സുധാകരനാണോ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ രക്ഷാധികാരിയെന്ന് ഒരു ലേഖകന് സംശയം. ഒരു സംശയവും വേണ്ട. അദ്ദേഹംതന്നെയാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കാലംകൊണ്ട് എന്തെന്തുനേട്ടങ്ങളാണ് മന്ത്രി ജി സുധാകരന്റെ ശ്രമഫലമായി ഉണ്ടായതെന്ന് ലേഖകന്‍ അന്വേഷണം നടത്തുന്നതും നന്നായിരിക്കുമെന്ന് തോന്നുന്നു. സാഹിത്യത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറയുന്നുവെന്നോ? ചിരിക്കാന്‍ തോന്നുന്നു. സാഹിത്യത്തെക്കുറിച്ചുപറയാന്‍ മന്ത്രി ജി സുധാകരനുള്ള അര്‍ഹത അദ്ദേഹം മന്ത്രിയായതുകൊണ്ടല്ല, സാഹിത്യം നന്നായി എന്നും പഠിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ്.

വിഷയം സാഹിത്യത്തിലേക്ക് കടക്കുമ്പോഴാണ് ലേഖകന്റെ ധാര്‍മികരോഷം അസഹ്യമാകുന്നത്. സംഘം പ്രകാശനംചെയ്ത നൂറുപുസ്തകങ്ങളില്‍ നാലെണ്ണം മാത്രമേ ഉപയോഗമുള്ളത്രെ. ഇതൊക്കെ തീരുമാനിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? കുമാരനാശാന്‍, തകഴി, കേശവദേവ്, കാരൂര്‍, പൊന്‍കുന്നം വര്‍ക്കി, വയലാര്‍ രാമവര്‍മ, ഒ എന്‍ വി, സുഗതകുമാരി, വിഷ്ണുനാരായണന്‍നമ്പൂതിരി, എം ലീലാവതി, പി വത്സല, സി രാധാകൃഷ്ണന്‍, യു എ ഖാദര്‍, ജോര്‍ജ് ഓണക്കൂര്‍, കെ എല്‍ മോഹനവര്‍മ, പുനത്തില്‍ കുഞ്ഞബ്ദുള്ള, അക്ബര്‍ കക്കട്ടില്‍, പാലാ കെ എം മാത്യു, പ്രൊഫ. എം കെ സാനു, പ്രൊഫ. എസ് ശിവദാസ്, കിളിമാനൂര്‍ രമാകാന്തന്‍, റോസ് മേരി, യു കെ കുമാരന്‍, സാറാ തോമസ്, ശ്രീകുമാരന്‍ തമ്പി, കെ എം റോയ്, സിപ്പി പള്ളിപ്പുറം തുടങ്ങിയ കേരളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ രചനകളാണ് സംഘം അടുത്തകാലത്ത് പുറത്തിറക്കിയത്. ഒപ്പം പുതിയ എഴുത്തുകാര്‍ക്കും വേണ്ടത്ര പരിഗണന നല്‍കിയിട്ടുണ്ട്. മൊത്തം അഞ്ഞൂറ് പുസ്തകം. അക്കൂട്ടത്തില്‍ എണ്ണപ്പെട്ട വിശ്വസാഹിത്യഗ്രന്ഥങ്ങളുണ്ട്. നിഘണ്ടുക്കളും ഇതിഹാസഗ്രന്ഥങ്ങളുമുണ്ട്. അടുത്ത ആഗസ്ത് അവസാനിക്കുംമുമ്പ് അഞ്ഞൂറ് കൃതികൂടി പ്രകാശിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായി സംഘം മുന്നേറുമ്പോള്‍ ഇരുട്ടിനുള്ളില്‍ മറഞ്ഞിരുന്ന മണ്ഡൂകങ്ങളെപ്പോലെ ചിലര്‍ ചിലയ്ക്കുന്നത് ഒറ്റപ്പെട്ട ആത്മരോദനമായി അവഗണിക്കാം. പക്ഷേ, കേരളത്തിലെ എഴുത്തിന്റെ വഴികളില്‍ എഴുത്തുകാര്‍ക്ക് തറവാടായി, എഴുത്തുകാരുടെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം കരുത്താര്‍ജിക്കുമ്പോള്‍ അതിന്റെ ഭിത്തിയില്‍ അശ്ളീലം എഴുതിവച്ച് രസിക്കുന്നത് ഭാഷയുടെ ആദ്യക്ഷരമെങ്കിലും വശമുള്ളവര്‍ ഒരിക്കലും ചെയ്യരുതാത്ത ഹീനകര്‍മമാണ്. സാഹിത്യം ഒരു മിമിക്രിയല്ല എന്ന് ഇതിന് ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഒരുവട്ടം ആലോചിക്കുന്നത് നന്ന്.

വികലമായ ചില സാഹിത്യവിചാരങ്ങള്‍ മുമ്പും ചിലര്‍ നടത്തിയിട്ടുണ്ട്. കേശവദേവ് ഓടസാഹിത്യകാരനാണ്, വയലാറും പി ഭാസ്കരനും ഒ എന്‍ വിയും പടപ്പാട്ടുകാരാണ്, വൈക്കം മുഹമ്മദ്ബഷീര്‍ തെറിക്കഥാകാരനാണ് ഇങ്ങനെയൊക്കെ എന്തെല്ലാം പ്രചാരണങ്ങള്‍ നടന്നു. അപവാദപ്രചാരകരൊക്കെ ഇരുട്ടില്‍ കൂനിക്കൂടി. അവര്‍ തമസ്കരിക്കാന്‍ ശ്രമിച്ച നൂറുകണക്കിന് എഴുത്തുകാര്‍ ഇന്നും അനുവാചകമനസ്സില്‍ ജീവിക്കുന്നു. ഈ നൂറ് പുസ്തകങ്ങളില്‍ എത്ര മാര്‍ക്സിസ്റ്റുകാരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഉണ്ടെന്നുകൂടി ഒരു ഗവേഷണം നടത്തേണ്ടതായിരുന്നു. ഇത്രയുമൊക്കെ ഗവേഷണം ചെയ്തപ്പോള്‍ അതുകൂടി വേണമായിരുന്നു. ഇതിന്റെ അര്‍ഥം സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെ വിമര്‍ശിക്കരുത് എന്നല്ല. ശക്തമായി വിമര്‍ശിക്കണം. പക്ഷേ, വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. ഇവിടെ സാധാരണ ജനങ്ങള്‍ മറ്റാരെയുംകാള്‍ പുസ്തകം തിരിച്ചറിയുന്നവരാണ്. പണ്ഡിതമതം നോക്കിയല്ല ഇവിടെ വായനക്കാരുടെ വലിയ നിരയുണ്ടായത്.

ശിവരാമന്‍ ചെറിയനാട് ദേശാഭിമാനി 28042010

Wednesday, April 28, 2010

കീശക്ക് കനമുള്ളവര്‍ യൂത്ത് കോണ്‍ഗ്രസിലേക്ക് വരിക!

കീശയ്ക്ക് കനമുണ്ടെങ്കില്‍ യൂത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം

തൊഴിലില്ലാത്ത യുവാക്കളുടെ സംഘടനയായ യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയിലേക്കു മത്സരിക്കാന്‍ നോമിനേഷന്‍ ഫീസ് അടക്കേണ്ടത് 100 രൂപ. മണ്ഡലം കമ്മറ്റിയായാല്‍ അത്- 500 രൂപയാണ്. നിയമസഭാമണ്ഡലം - 1500, പാര്‍ലമെന്റ് മണ്ഡലം - 3500 സംസ്ഥാന കമ്മിറ്റിയിലേക്കു മത്സരിക്കാന്‍ 7500 രൂപ എന്നിങ്ങനെയാണ് നോമിനേഷന്‍ ഫീസ്. ഇത് താങ്ങാനാവുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. കോണ്‍ഗ്രസ് അംഗത്വത്തിന് മൂന്നു രൂപ മാത്രമുള്ളപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തിന് 15 രൂപ അടക്കണം. അതും പേരാതെ അപേക്ഷാഫോറം ഇന്റര്‍നെറ്റില്‍നിന്ന് ഡൌലോഡ് ചെയ്തെടുക്കണം.

ഏതായാലും അംഗത്വഫീസും നോമിഷേന്‍ ഫീസുമായി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് അഞ്ചുകോടി രൂപയിലേറെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ബൂത്തുതലത്തില്‍ അഞ്ചും ബാക്കി കമ്മിറ്റികളിലേക്ക് 10 ഉം ഭാരവാഹികളെ വീതമാണ് തെരഞ്ഞെടുക്കേണ്ടത്. ഒരു ബൂത്തില്‍ അഞ്ചു സ്ഥാനത്തേക്ക് 10 പേര്‍ മത്സരിച്ചാല്‍തന്നെ 20,508 ബൂത്തിലായി നോമിനേഷന്‍ ഫീസ് ഇനത്തില്‍ 2.05 കോടി രൂപ ലഭിക്കും. മണ്ഡലം കമ്മിറ്റിയിലെ 10 സ്ഥാനങ്ങളിലേക്ക് 20 പേര്‍ മത്സരിച്ചാല്‍ ഫീസിനത്തില്‍ 1.3 കോടി രൂപയും ലഭിക്കും. നിരവധി ഗ്രൂപ്പുകള്‍ ഉള്ളതിനാല്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം വരുമാനവും കൂടുമെന്നുറപ്പ്. സംഘടനാ തെരഞ്ഞെടുപ്പിനുള്ള ചുമതലയില്‍നിന്ന് ഭാരവാഹികളെ ഒഴിവാക്കി 'സെയിം' ഇവന്റ് മാനേജ്മെന്റിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

ദേശാഭിമാനി 28042010

രാജ്യത്തിന്റെ താക്കീത്

ഹര്‍ത്താല്‍: കേന്ദ്രസര്‍ക്കാരിന് കനത്ത താക്കീത്

നാല് ഇടതുപക്ഷ പാര്‍ടികളും ഒമ്പത് കോണ്‍ഗ്രസിതര ബിജെപി ഇതര മതനിരപേക്ഷ കക്ഷികളും സംയുക്തമായി ആഹ്വാനംചെയ്ത ദേശവ്യാപകമായ ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ ഉയര്‍ന്ന രാഷ്ട്രീയധാരണയും അവകാശബോധവുമുള്ള ഇന്ത്യയിലെ ജനതയെ ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും സീമാതീതമായ വിലക്കയറ്റംമൂലം പൊറുതിമുട്ടിയ ബഹുഭൂരിപക്ഷം ജനങ്ങളും കലവറയില്ലാത്ത പിന്തുണയാണ് ഹര്‍ത്താലിന് നല്‍കിയത്. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ഹര്‍ത്താല്‍ ഫലത്തില്‍ ബന്ദായിമാറുകയാണുണ്ടായത്. ജനരോഷം കണ്ടില്ലെന്നു നടിച്ച യുപിഎ സര്‍ക്കാരിന് ചൊവ്വാഴ്ച നടന്ന ഹര്‍ത്താല്‍ കനത്ത താക്കീതാണ്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തായിരുന്ന പല പാര്‍ടികളുടെയും പിന്തുണ യുപിഎ സര്‍ക്കാരിന് അനായാസമായി ലഭിക്കാനിടയായി. ഈ ഭൂരിപക്ഷം സ്ഥിരമായി നിലനില്‍ക്കുന്നതാണെന്ന മിഥ്യാധാരണയോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഭരണത്തില്‍ തുടര്‍ന്നത്. നാലുവര്‍ഷത്തിലധികം ഇടതുപക്ഷത്തെമാത്രം ആശ്രയിച്ച് ഭരണത്തില്‍ തുടരേണ്ടിവന്ന സാഹചര്യത്തില്‍ മാറ്റിവച്ച പല ജനവിരുദ്ധപരിപാടികളും അമിതവേഗത്തില്‍ നടപ്പാക്കാനാണ് മന്‍മോഹന്‍സര്‍ക്കാര്‍ ശ്രമിച്ചത്. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 40,000 കോടിരൂപ കേന്ദ്ര ഖജനാവിലേക്ക് മുതല്‍ക്കൂട്ടാന്‍ തീരുമാനിച്ചു. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ആണവബാധ്യതാബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാന്‍ അമിതാവേശം കാണിച്ചു. ശതകോടീശ്വരന്മാരുടെ അമിതലാഭം വീണ്ടും വീണ്ടും പെരുപ്പിക്കാന്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. ജനകീയാവശ്യങ്ങളോട് മുഖംതിരിഞ്ഞുനിന്നു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് നിത്യോപയോഗസാധനങ്ങളുടെയും വില മാനംമുട്ടെ ഉയര്‍ന്നു. ഇടതുപക്ഷ പാര്‍ടികള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തെ ആധാരമാക്കി ശക്തമായ പ്രക്ഷോഭം നടത്തി. വിലക്കയറ്റം തടയാനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയുംചെയ്തു. സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം ഫലപ്രദമായി നടപ്പാക്കാനും ഭക്ഷ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കാനും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാനും പ്രതിപക്ഷം ആവശ്യപ്പെട്ടു. പൊതുവിതരണ സമ്പ്രദായം നടപ്പാക്കാനുള്ള പണം എവിടെ എന്ന ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കി.

2009-10ലെ ബജറ്റില്‍ ഇന്ത്യയിലെ സമ്പന്നരായ കോര്‍പറേറ്റുകള്‍ക്ക് 4,18,095 കോടി രൂപയുടെ നികുതി ഇളവാണ് സര്‍ക്കാര്‍ അനുവദിച്ചത്. ബജറ്റ് പ്രസംഗത്തിന്റെ 58-ാമത്തെ പേജില്‍ ഈ വിവരം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ലോക്സഭയില്‍ സിപിഐ എം അംഗം ചൂണ്ടിക്കാണിച്ചു. ഇതിന്റെ പകുതിയില്‍ താഴെവരുന്ന രണ്ടുലക്ഷംകോടി രൂപ സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കാന്‍ മാറ്റിവച്ചാല്‍ 80 ശതമാനത്തിലധികം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമെന്ന വസ്തുത ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതൊന്നും ചെവിക്കൊള്ളാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി സര്‍ക്കാരിന്റെ വിലക്കയറ്റം സൃഷ്ടിക്കുന്ന നയത്തെ എതിര്‍ത്തു. സഭ പലതവണ നിര്‍ത്തിവയ്ക്കേണ്ടിവന്നു.

ഇടതുപക്ഷപാര്‍ടികള്‍ മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ ലക്ഷക്കണക്കിനു ജനങ്ങളെ അണിനിരത്തി മാര്‍ച്ച് നടത്തി. ഏപ്രില്‍ എട്ടിന് ദേശവ്യാപകമായി ജയില്‍നിറയ്ക്കല്‍ സമരംനടത്തി. പാര്‍ലമെന്റിന് അകത്തും പുറത്തും നടന്ന ഈ സമരങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ പര്യാപ്തമായില്ല എന്നാണ് മനസ്സിലാകുന്നത്. എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്ന രീതിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില പത്തുമാസത്തിനകം രണ്ടുതവണ വര്‍ധിപ്പിച്ചു. യൂറിയയുടെ വിലയും വര്‍ധിപ്പിച്ചു.

ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഐക്യത്തോടെ 13 പാര്‍ടികള്‍ ചേര്‍ന്ന് ദേശവ്യാപകമായ ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. അതോടൊപ്പം ഖണ്ഡനോപക്ഷേപം സഭയില്‍ അവതരിപ്പിക്കാനും തീരുമാനിച്ചു. സര്‍ക്കാരിനെ താഴത്തിറക്കലല്ല ലക്ഷ്യമെന്ന് പ്രതിപക്ഷം പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളുടെ സാധുത തെളിയിക്കുന്ന രൂപത്തിലാണ് സഭയ്ക്കകത്തും പുറത്തും പിന്തുണ ലഭിച്ചത്.

2009ല്‍ വമ്പിച്ച പിന്തുണയോടെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. രണ്ടുപതിറ്റാണ്ടായി കേന്ദ്രസര്‍ക്കാരിനെ നയിച്ച കക്ഷിക്ക് ഇരുനൂറിലധികം സീറ്റ് ലോക്സഭയില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസിന് 205 സീറ്റ് ലഭിച്ചു. യുപിഎ സഖ്യത്തിന് 262 സീറ്റും ലഭിച്ചു. മറ്റൊരു സര്‍ക്കാര്‍ അധികാരത്തില്‍വരുന്നത് സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത സാഹചര്യമാണ് സംജാതമായത്. അതോടെ കോണ്‍ഗ്രസിന്റെ അഹന്തയും ധിക്കാരവും അതിരുകടന്നരീതിയിലായി. ഒരുവര്‍ഷം തികയുംമുമ്പുതന്നെ ലോക്സഭയില്‍ കോണ്‍ഗ്രസ് എല്ലാദിവസവും നക്ഷത്രം എണ്ണുന്ന നിലയുണ്ടായി. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ആണവബാധ്യതാബില്‍ ലോക്സഭയില്‍ അമിതമായ താല്‍പ്പര്യത്തോടെ അവതരിപ്പിക്കാനിരുന്നത് മാറ്റിവയ്ക്കേണ്ടിവന്നു. അമിതവേഗത്തിലാണ് യുപിഎ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടാനിടയായത്.

ചതുരുപായങ്ങളായ സാമദാനഭേദദണ്ഡനമുറകള്‍ ഉപയോഗിച്ച് ഖണ്ഡനോപക്ഷേപത്തെ മറികടക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍, അതിന് കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്. ഈ നിലയില്‍ തുടരുന്നത് വലിയ സാഹസമായിരിക്കും. നേരെമറിച്ച് വിലക്കയറ്റം തടയുന്നതടക്കമുള്ള ജനപ്രിയ നടപടികള്‍ സ്വീകരിക്കുന്നതാണ് സ്ഥായിയായ നിലനില്‍പ്പിന് സഹായകമായിരിക്കുക. എന്നാല്‍, കോണ്‍ഗ്രസിന്റെ വര്‍ഗതാല്‍പ്പര്യം അതിന് തടസ്സമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകണം. അതുകൊണ്ടുതന്നെ ശക്തമായ ബഹുജനസമരത്തിന്റെ പാതയില്‍ ബഹുദൂരം സഞ്ചരിച്ചാല്‍ മാത്രമേ കേന്ദ്ര ഭരണാധികാരികളുടെ സമീപനത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമാറ്റം വരുത്താന്‍ സാധിക്കൂ. ഇന്നലെ നടന്ന ദേശവ്യാപകമായ ഹര്‍ത്താലിന് ലഭിച്ച ജനപിന്തുണ ഇതിന് സഹായകരമാണ്.

ദേശാഭിമാനി മുഖപ്രസംഗം 28042010

Tuesday, April 27, 2010

കര്‍ഷകദ്രോഹമാകുന്ന വിത്തുബില്‍

രാജ്യത്ത് 75 ശതമാനത്തോളം ജനങ്ങള്‍ കൃഷിയുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വികസനമെന്നാല്‍ അതില്‍ കാര്‍ഷികരംഗത്തെ വികസനത്തിന് വന്‍ പ്രാധാന്യമുണ്ട്. എന്നാല്‍, കയറ്റുമതി അധിഷ്ഠിതവികസനതന്ത്രവുമായി മുന്നോട്ടുപോകുന്ന നവലിബറല്‍ വികസന നയങ്ങളാണ് കേന്ദ്രത്തില്‍ മാറിമാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ച് വന്നിരുന്നത്. കാര്‍ഷികരംഗം വന്‍ പ്രതിസന്ധിയെ നേരിടുന്നു. ഈ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുന്ന നയങ്ങളാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ മുഖമുദ്ര. കര്‍ഷക ജനസാമാന്യത്തിന്റെ ദുരിതങ്ങളും ആത്മഹത്യകളുമല്ല അഗ്രി ബിസിനസിന്റെയും അത് നിയന്ത്രിക്കുന്ന വന്‍കിട കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങളാണ് യുപിഎ സര്‍ക്കാരിനെ നയിക്കുന്നത്. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ വിത്തുബില്‍ പാസാക്കാനുള്ള നീക്കം.

വിത്തുബില്‍ 2004 ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബഹുരാഷ്ട്ര വിത്തുകുത്തകകള്‍ക്കുവേണ്ടി തട്ടിപ്പടച്ച നിരവധി വ്യവസ്ഥകളോടെയുള്ള ബില്‍ അന്നുതന്നെ കടുത്ത എതിര്‍പ്പിനു വിധേയമായി. അന്ന് പാര്‍ലമെന്റിന്റെ ഇരുസഭയിലും ചര്‍ച്ചചെയ്ത് കൃഷിയുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. തീര്‍ത്തും പ്രതിലോമപരവും കര്‍ഷക താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നതുമായ ബില്‍ ഇടതുപക്ഷവും സിപിഐ എമ്മും ശക്തിയായി എതിര്‍ത്തിരുന്നില്ലെങ്കില്‍ പാര്‍ലമെന്റില്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ പാസാക്കുമായിരുന്നു.

കുത്തകകളില്‍നിന്ന് വിത്തുവാങ്ങാന്‍ നിര്‍ബന്ധിതമാവുകയും പിന്നീട് അതേ വിത്തില്ലെങ്കില്‍ കൃഷിതന്നെ അവസാനിപ്പിക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയിലേക്ക് കര്‍ഷകനെ തള്ളിവിടുന്ന നിയമനിര്‍മാണത്തിനെതിരെ വ്യാപകമായ വിമര്‍ശമാണ് ഉയര്‍ന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധിച്ച് കാതലായ ഭേദഗതി നിര്‍ദേശങ്ങളോടെയാണ് ബില്‍ തിരിച്ചയച്ചത്. എന്നാല്‍, കര്‍ഷകരുടെ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കാനും വിത്തുകുത്തകകളെ നിയന്ത്രിക്കാനും പര്യാപ്തമായ വ്യവസ്ഥകള്‍ ഇല്ലാതെ ബില്‍ പാസാക്കാനുള്ള നീക്കത്തിലാണിപ്പോള്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍. പഴയ വീഞ്ഞുതന്നെ പുതിയ കുപ്പിയിലാക്കുന്നു. വിത്തില്‍ കര്‍ഷകര്‍ക്കുള്ള അവകാശം നഷ്ടപ്പെടുകയും അത് ബഹുരാഷ്ട്ര കുത്തകകളുടെ കൈവശം ചെന്നുചേരുകയും ചെയ്യുന്ന ബില്‍ രാജ്യത്തിന്റെയും കര്‍ഷകരുടെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ഭേദഗതികള്‍ ഉള്‍പ്പെടുത്തി ബില്‍ പാസാക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. കേന്ദ്ര കൃഷിമന്ത്രി കര്‍ഷക താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ ചില ഭേദഗതികളാണ് ബില്ലിന് നിര്‍ദേശിച്ചിട്ടുള്ളത്. കൃഷിചെയ്ത് വിത്തുണ്ടാക്കുക, അത് സൂക്ഷിച്ചുവയ്ക്കുകയും വീണ്ടും ഉപയോഗിക്കുകയും ചെയ്യുക, കൈമാറുക, വില്‍ക്കുക എന്നിങ്ങനെ വിത്തിന്മേല്‍ കര്‍ഷകര്‍ക്കുള്ള അവകാശങ്ങളൊന്നും സംരക്ഷിക്കുന്നതല്ല കൃഷിമന്ത്രിയുടെ നാമമാത്രമായ ഭേദഗതികള്‍. ബില്‍ ഇന്നത്തെ നിലയില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ഭേദഗതികള്‍ ഇല്ലാതെ പാസാക്കിയാല്‍ കര്‍ഷകര്‍ സാധാരണ ഉപയോഗിച്ചുവരുന്നതും സുലഭവുമായ വിത്തുകള്‍ ചിന്തിക്കാവുന്നതിനപ്പുറമുള്ള വാണിജ്യവല്‍ക്കരണത്തിന് വിധേയമാകും.

പാര്‍ലമെന്റ് കമ്മിറ്റി മുന്നോട്ടുവച്ച സുപ്രധാനമായ ഭേദഗതികളാകെ തള്ളുന്ന സമീപനമാണ് യുപിഎ സര്‍ക്കാരിന്റേത്. ബഹുരാഷ്ട്ര കാര്‍ഷിക ബിസിനസുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന അജന്‍ഡയാണ് ഇതിനുപിന്നില്‍. ഇത് കോടിക്കണക്കിനു കര്‍ഷകരുടെ ജീവിതം തകര്‍ക്കുന്നതും ബഹുരാഷ്ട്ര കാര്‍ഷിക ബിസിനസുകാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമാണ്. കര്‍ഷകര്‍ക്ക് താങ്ങാനാകാത്ത വിലയാണ് വിത്തുമേഖലയിലെ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത വാഗ്ദാനംചെയ്യുന്ന ഈ വിത്തുകള്‍ കര്‍ഷകരെ കബളിപ്പിക്കുകയാണ്. വിത്തുകളുടെ വില നിശ്ചയിക്കാനോ നിയന്ത്രിക്കാനോ വ്യാജ വിത്തുകള്‍ തടയാനോ ഉള്ള വ്യവസ്ഥ ബില്ലിലില്ല. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനുള്ള സംവിധാനമോ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ പ്രശ്നപരിഹാരത്തിന് സമീപിക്കാവുന്ന സ്ഥാപനങ്ങളോ ബില്ലില്‍ നിര്‍ദേശിക്കുന്നില്ല. കുത്തക കമ്പനികള്‍ക്ക് ഇഷ്ടമുള്ളപോലെ വില നിശ്ചയിക്കാം. നിര്‍ബന്ധിത ലൈസന്‍സിങ് അവകാശവും നിര്‍ദേശിക്കുന്നില്ല.

കേന്ദ്ര വിത്തുസമിതിയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാന്‍ കഴിയുമായിരുന്ന 1966ലെ വിത്തുനിയമത്തിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്ത് ഫെഡറല്‍ തത്വങ്ങളെ തകര്‍ത്തു. ജനിതക വിത്തുകള്‍ക്കും താല്‍ക്കാലിക രജിസ്ട്രേഷന്‍ നല്‍കുന്നത് ജൈവസുരക്ഷയെ തകര്‍ക്കും. ജൈവവൈവിധ്യ നിയമത്തെയും ഇത് അട്ടിമറിക്കും. വിത്തുകള്‍ സാക്ഷ്യപ്പെടുത്താന്‍ വിദേശ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നത് അപകടകരമാണ്. കാലാവസ്ഥ, മണ്ണ്, വിള പരിപാലന സംവിധാനം എന്നിവയില്‍നിന്നെല്ലാം വ്യത്യസ്തമായ സംവിധാനത്തില്‍ വിത്തുകള്‍ പരിശോധിച്ച് അത് ഇവിടേക്ക് കൊണ്ടുവരുന്നതും ആശാസ്യമല്ല. ചുരുക്കത്തില്‍ എല്ലാ അര്‍ഥത്തിലും എതിര്‍ത്തുതോല്‍പ്പിക്കേണ്ടതാണ് ഈ ബില്‍. അക്കാര്യം ശക്തമായ ഭാഷയില്‍ കഴിഞ്ഞ ദിവസം കിസാന്‍ സഭാ നേതൃത്വം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കര്‍ഷകവിരുദ്ധ വ്യവസ്ഥകളോടെ ബില്‍ പാസാക്കപ്പെടാതിരിക്കാനുള്ള അതീവ ജാഗ്രത കര്‍ഷകരും ജനങ്ങളുമാകെ പാലിക്കേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം

ലളിത് മോഡി റിട്ടയേര്‍ഡ് ഹര്‍ട്ട്

പണത്തിനു മീതെ ഐ.പി.എല്‍ പന്ത് പറക്കില്ല
ചൂതാട്ടം, നിശാവിരുന്നുകള്‍ പിന്നെ ക്രിക്കറ്റും

VII

ബിര്‍ല, ഡാല്‍മിയ തുടങ്ങിയ പേരുകേട്ട മാര്‍വാഡി വ്യവസായികളുടെ തട്ടകമാണ് രാജസ്ഥാനിലെ ഷെഖാവതി മേഖല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) എന്ന ക്രിക്കറ്റ് ചൂതാട്ടം ആവിഷ്കരിക്കുകയും വിജയിപ്പിക്കുകയുംചെയ്ത ലളിത് മോഡിയും ഷെഖാവതിയുടെ സന്തതിതന്നെ. ഐപിഎല്ലിനുമുമ്പേ മോഡി കേരളത്തിനു പരിചിതനാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തഴച്ചുവളര്‍ന്ന ഓണ്‍ലൈന്‍ ലോട്ടറിയുടെ ഉടമകളിലൊരാള്‍. 2002 ലാണ് ലോട്ടറിയുമായി മോഡി കേരളത്തിലെത്തുന്നത്. ഇവിടം കുത്തകയാക്കിയ പ്ളേവിന്നിനെതിരെ സിക്സോ എന്ന ബ്രാന്‍ഡുമായാണ് മോഡിയുടെ രംഗപ്രവേശം. പ്ളേവിന്‍ സ്റ്റേ വാങ്ങിയെങ്കിലും ഒരു വര്‍ഷത്തിനകം അത് നീക്കി സണ്‍ഷൈന്‍ എന്ന ലോട്ടറിയുമായി മോഡി വീണ്ടും സജീവമായി. സമ്മര്‍ദങ്ങളെത്തുടര്‍ന്ന് ചൂതാട്ടവിരുദ്ധ നിയമത്തിന്‍കീഴില്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചതോടെ മോഡി പിന്‍വാങ്ങി. സണ്‍ഷൈന്‍ ലോട്ടറിയുടെ ശാഖ തുടങ്ങാന്‍ നൂറുകണക്കിനാളുകളില്‍നിന്ന് അഞ്ചുലക്ഷം രൂപ വീതം നിക്ഷേപം വാങ്ങിയത് മടക്കിനല്‍കാതെയാണ് മുങ്ങിയത്.

വ്യവസായസമൂഹത്തില്‍ 'രാശി'യില്ലാത്തവനെന്ന ദുഷ്പേര് മോഡിക്കുണ്ട്. ഐപിഎല്‍ കച്ചവടത്തിലൂടെ ഇത് മാറ്റിവരികയായിരുന്നു. എന്നാല്‍, മോഡിതന്നെ സ്വന്തം കുഴിതോണ്ടി. കേന്ദ്രസര്‍ക്കാരിലെ ചില ഉന്നതര്‍ക്കുവേണ്ടി ശശി തരൂരിന്റെ രഹസ്യ ഇടപാടുകളും സുനന്ദയുമായുള്ള ബന്ധവും പരസ്യപ്പെടുത്തിയപ്പോള്‍ സംരക്ഷണം ലഭിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. എന്നാല്‍, സര്‍ക്കാരിന് നാണക്കേട് വരുത്തിയ ഐപിഎല്‍ മേധാവിക്കെതിരെ കോണ്‍ഗ്രസ് തിരിഞ്ഞതോടെ കണക്കുകൂട്ടല്‍ പിഴച്ചു. ബിജെപിയും പവാറുമൊന്നും രക്ഷയ്ക്കെത്തിയതുമില്ല.

ഷെഖാവതിയില്‍നിന്നുള്ള ഗുജര്‍ലാല്‍ മോഡി പടുത്തുയര്‍ത്തിയ മോഡി എന്റര്‍പ്രൈസസിന്റെ മൂന്നാംതലമുറ കണ്ണിയാണ് ലളിത് മോഡിയെന്ന നാല്‍പ്പത്താറുകാരന്‍. മോഡി എന്റര്‍പ്രൈസസിനെ വലിയ ബിസിനസ് സാമ്രാജ്യമാക്കി മാറ്റിയത് ലളിതിന്റെ അച്ഛന്‍ കെ കെ മോഡിയാണ്. അമ്മ ബിന മോഡിയും സംരംഭകയാണ്. അമേരിക്കയില്‍നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടിയശേഷം സംരംഭകരംഗത്ത് പരീക്ഷണങ്ങള്‍ മനസ്സില്‍ കണ്ടാണ് മോഡി ഇന്ത്യയിലെത്തിയത്. 1994ല്‍ സ്പോര്‍ട്സ് ചാനലായ ഇഎസ്പിഎന്നിന്റെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശം അഞ്ചുവര്‍ഷത്തേക്ക് മോഡി പിടിച്ചു. സാമ്പത്തിക പ്രശ്നത്തില്‍ ഇഎസ്പിഎന്നുമായി തെറ്റി കോടതിയിലെത്തി. അഞ്ചുവര്‍ഷത്തെ കരാര്‍ കഴിഞ്ഞപ്പോള്‍ ഇഎസ്പിഎന്‍ മോഡിയോട് സലാം പറഞ്ഞു. പിന്നീട്, മോഡി എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്വര്‍ക്ക് (എംഇഎന്‍) എന്ന സ്വന്തം ടിവി കമ്പനി തുടങ്ങി അമേരിക്കയിലെ വാള്‍ട്ട്ഡിസ്നി ഗ്രൂപ്പിന്റെ പരിപാടികളുടെ ഇന്ത്യയിലെ വിപണനാവകാശം നേടി. ഡിസ്നി ഗ്രൂപ്പ് ഇന്ത്യയില്‍ നേരിട്ട് ശാഖ തുടങ്ങുന്നതിന് സര്‍ക്കാരിനെ സമീപിച്ചതോടെ അവരുമായി തെറ്റി. തുടര്‍ന്ന് ഫാഷന്‍ടിവിയെയാണ് മോഡി സമീപിച്ചത്. അവരുമായും കേസുകളുണ്ടായെങ്കിലും എല്ലാം കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നു. ഇപ്പോഴും എഫ്ടിവി ഇന്ത്യയുടെ നിയന്ത്രണം മോഡിക്കാണ്.

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുമായുള്ള അടുപ്പത്തിലൂടെയാണ് മോഡി ബിസിസിഐയുടെ അകത്തളങ്ങളിലെത്തിയത്. ക്രിക്കറ്റിലെ ഔദ്യോഗികകേന്ദ്രങ്ങളെ വെല്ലുവിളിച്ച് കപില്‍ദേവും സീ സ്പോര്‍ട്സും തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിനെ വീഴ്ത്താന്‍ മോഡി ഐപിഎല്ലുമായി എത്തിയത് ബിസിസിഐയിലെ ഉന്നതരുടെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു. ക്രിക്കറ്റിലെ പണമൊഴുക്ക് സാധ്യത കണ്ട മോഡി തന്ത്രപൂര്‍വം ഐപിഎല്ലിന്റെ നിയന്ത്രണം ഏറ്റെടുത്തു. മൂന്ന് ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയായപ്പോള്‍ മോഡി കെട്ടിപ്പടുത്തത് കോടികളുടെ സാമ്രാജ്യമാണ്. തരൂര്‍വിവാദത്തില്‍ തട്ടി പുറത്തുപോകുമ്പോള്‍ മോഡിക്ക് തേടാന്‍ പുതിയ മേച്ചില്‍പുറങ്ങളുണ്ടാകും. ഐപിഎല്ലിന്റെ പല ഉള്ളുകള്ളികളും അടുത്തറിയുന്നതുകൊണ്ട് മോഡിയെ വേട്ടയാടാനുള്ള ധൈര്യം കേന്ദ്രത്തിനുണ്ടാകില്ല. പലതും വിളിച്ചുപറയുമെന്ന മോഡിയുടെ മുന്നറിയിപ്പ് കേന്ദ്രത്തിനുള്ള താക്കീതാണ്. മോഡി തെറിച്ചെങ്കിലും ഐപിഎല്‍ കച്ചവടത്തില്‍ മാറ്റത്തിന് സാധ്യതയില്ല. അടുത്ത സീസണിലും കോടികള്‍ ഒഴുകും. മോഡിമാര്‍ മാറിമാറി വരും. ചൂതാട്ടത്തിന് എരിവും പുളിയും പകരാന്‍ പുതിയ തരൂരുമാരും സുനന്ദമാരുമുണ്ടാകും.

ദേശാഭിമാനി ഡല്‍ഹി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം പ്രശാന്ത് തയ്യാറാക്കിയ പരമ്പരയിലെ അവസാന ഭാഗം.

റാട്ടിന്റെ സംഗീതത്തിന് പ്രതീക്ഷയുടെ താളം

കൊല്ലം: റാട്ടില്‍നിന്ന് ഉയരുന്ന സംഗീതത്തിന് ഇപ്പോള്‍ പട്ടിണിയുടെ ഈണമല്ല; ആഹ്ളാദത്തിന്റെ താളമാണ്. ഇല്ലായ്മകളുടെ കഥ മാത്രം പറഞ്ഞിരുന്ന കയര്‍ത്തൊഴിലാളികള്‍ക്കിന്ന് ജീവിതത്തെക്കുറിച്ച് നിറമുള്ള പ്രതീക്ഷയാണ്. പെന്‍ഷനും കൂലിയുമൊക്കെ മുടങ്ങാതെ കിട്ടുന്നു. ആരോഗ്യം അനുവദിച്ചാല്‍ എല്ലാ ദിവസവും പണിയുമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തുനല്‍കി. പെന്‍ഷന്‍ ഇരുനൂറും പിന്നെ 250 രൂപയുമായി വര്‍ധിപ്പിച്ചു. കഴിഞ്ഞ ബജറ്റില്‍ പെന്‍ഷന്‍ 300 രൂപയായി വര്‍ധിപ്പിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കും അവരുടെ മക്കള്‍ക്കുമുള്ള വിവാഹധനസഹായം ആയിരത്തില്‍നിന്ന് രണ്ടായിരമാക്കി വര്‍ധിപ്പിച്ചു. ചികിത്സാസഹായം 350 ആയിരുന്നത് ആയിരമാക്കി.

പുതിയ പദ്ധതിപ്രകാരം മാരകരോഗങ്ങള്‍ക്ക് ചികിത്സച്ചെലവ് 10,000 രൂപ വരെ ലഭിക്കും. സ്ഥിരമായ അസ്വാധീനത്തിന് മെഡിക്കല്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ ഹാജരാക്കിയാല്‍ 2500 രൂപ ലഭിക്കും. താല്‍ക്കാലികമായ അസ്വാധീനമുള്ളവര്‍ക്ക് മൂന്നു മാസത്തേക്ക് 300 രൂപയാണ് നല്‍കിയിരുന്നത്. ഇപ്പോഴത് 600 രൂപയായി വര്‍ധിപ്പിച്ചു. പ്രസവാനുകൂല്യം നേരത്തെ 200 രൂപയായിരുന്നു. ഇപ്പോഴത് ആയിരമാണ്. ക്ഷേമനിധിയില്‍ അംഗമായ കയര്‍ത്തൊഴിലാളി അപകടത്തില്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് 10,000 രൂപ ലഭിക്കും. മുമ്പ് 5000 രൂപ മാത്രമാണ് കിട്ടിയിരുന്നത്. കയര്‍ത്തൊഴിലാളിയുടെ അച്ഛന്‍, അമ്മ, ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, മക്കള്‍ എന്നിവരിലാരെങ്കിലും അപകടത്തില്‍ മരിച്ചാലും 1000 രൂപ അടിയന്തര സഹായം ലഭിക്കും. മുമ്പ് 200 രൂപയാണ് നല്‍കിയിരുന്നത്. ക്ഷേമനിധി അംഗം മരിച്ചാല്‍ കുടുംബ പെന്‍ഷന്‍ 75 രൂപയായിരുന്നത് നൂറാക്കി ഉയര്‍ത്തി. കയര്‍ത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം അഞ്ഞൂറില്‍നിന്ന് 750 ആയും പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള സഹായം 1500ല്‍നിന്ന് 3000 ആയും കൂട്ടി.

നഷ്ടത്തിലായി അടഞ്ഞുകിടന്ന സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് നടപടിയുണ്ടായത്. തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനും കാലത്തിനനുസരിച്ച് വ്യവസായത്തില്‍ ആധുനികവല്‍ക്കരണം നടപ്പാക്കാനും ആനത്തലവട്ടം ആനന്ദന്‍ ചെയര്‍മാനായ കമീഷന്റെ പഠനറിപ്പോര്‍ട്ടിന് ആസൂത്രണബോര്‍ഡും സര്‍ക്കാരും അംഗീകാരം നല്‍കി. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്.

ദേശാഭിമാനി വാര്‍ത്ത

തൊഴിലുറപ്പു പദ്ധതി നിര്‍വഹണ മികവില്‍ കേരളം മാതൃക

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണം പ്രതിപക്ഷത്തിന്റെ മാത്രമല്ല മാധ്യമങ്ങളുടെയും നിശിത നിരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സ്വാഗതം ചെയ്യപ്പെടേണ്ടതാണ് ഈ പ്രവണത. കേന്ദ്രത്തില്‍നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ സംവിധാനം സംസ്ഥാനത്ത് ഭരണത്തിലിരിക്കുമ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു പരിശോധന നടക്കുന്നത് എന്നതാണ് പ്രത്യേകത. കേന്ദ്രത്തിലും സംസ്ഥാനത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതോ പങ്കാളിത്തമുള്ളതോ ആയ ഭരണ സംവിധാനമാണെങ്കില്‍ കേന്ദ്രാവിഷ്കൃത പദ്ധതി എന്നല്ല ഒരു പദ്ധതിയും ചര്‍ച്ചാ വിഷയമാകാറില്ല.

ഭരണഘടനയില്‍ അന്തര്‍ലീനമായിരിക്കുന്ന ഫെഡറല്‍ കാഴ്ചപ്പാടുകളെ നിഷേധിക്കുന്നതും സംസ്ഥാനങ്ങളുടെ വികസന കാര്യങ്ങളിലെ മുന്‍ഗണനകളെ പരിഗണിക്കാത്തതുമാണ് പല കേന്ദ്രാവിഷ്കൃത പദ്ധതികളും. ഉടമ-അടിമ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിലെ തമ്പുരാക്കന്മാര്‍ സംസ്ഥാനങ്ങളിലെ ഭൃത്യന്മാര്‍ക്ക് നല്‍കുന്ന കൈനീട്ടമാണ് കേന്ദ്രാവിഷ്കൃത പദ്ധതികളെന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും കരുതുന്നത്. സംസ്ഥാനത്തില്‍നിന്ന് പിരിച്ചെടുക്കുന്നതും പദ്ധതിവിഹിതമായി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതുമായ നികുതിപ്പണമാണ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. അത് നടപ്പാക്കുന്ന ഘട്ടത്തില്‍ കേന്ദ്രം ഏകപക്ഷീയമായി നിര്‍ദേശിക്കുന്ന നിബന്ധനകള്‍ അംഗീകരിക്കാനുള്ള ബാധ്യതയും സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. എന്നിരിക്കിലും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ ഒരുപേക്ഷയും സംസ്ഥാന ഗവമെന്റ് വരുത്തിയിട്ടില്ല. മാത്രമോ, മുമ്പൊരിക്കലും ഉണ്ടാക്കാന്‍ കഴിയാത്തത്ര നേട്ടം ഉണ്ടാക്കുകയുംചെയ്തു.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തിയിട്ട് നാലു വര്‍ഷമാകുന്നു. അതിനുമുമ്പ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേരളത്തിലെ നിര്‍വഹണത്തിന്റെ സ്ഥിതി എന്തായിരുന്നെന്ന് ഇന്നത്തെ പ്രതിപക്ഷത്തിന് ഓര്‍മയില്ല. മുഖ്യധാര വാര്‍ത്താ മാധ്യമങ്ങള്‍ക്കും അങ്ങനെയൊരു താരതമ്യത്തിന് താല്‍പ്പര്യവുമില്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നേടിയെടുക്കുന്നതില്‍ മാത്രമല്ല നിര്‍വഹണത്തിലും കേരളം കഴിഞ്ഞ നാലു വര്‍ഷത്തിനിപ്പുറം ഗണ്യമായ പുരോഗതി കൈവരിച്ചു എന്നതാണ് വസ്തുത. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി, പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന, ഇന്ദിരാഗാന്ധി ആവാസ് യോജന, ഹരിയാലി തുടങ്ങി എല്ലാ പദ്ധതികളുടെയും നിര്‍വഹണത്തിലെ മികവും ഭൌതിക നേട്ടങ്ങളും ദേശീയ തലത്തില്‍തന്നെ അംഗീകരിക്കപ്പെട്ടതാണ്. കേരളത്തിലെ നിര്‍വഹണ രീതി മാതൃകയാക്കണമെന്ന് ഇതര സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രാലയം മാത്രമല്ല തൊഴിലുറപ്പു പദ്ധതിയുടെ ഉപജ്ഞാതാക്കളില്‍ പ്രമുഖ സ്ഥാനമുള്ള ശ്രീമതി അരുണാ റോയി അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരും കേരളത്തിന്റെ മികവ് എടുത്തുപറഞ്ഞിട്ടുണ്ട്.

നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രതിപക്ഷത്തിനും ചില മാധ്യമങ്ങള്‍ക്കും ഇത്തരം ഗുണകരമായ കാര്യങ്ങള്‍ കാണുന്നതിലല്ല താല്‍പ്പര്യം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതകള്‍ വിനിയോഗിക്കുന്നതില്‍ പരാജയപ്പെട്ടു, കേന്ദ്രം അനുവദിക്കുന്ന കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തി തുടങ്ങിയവയാണ് സംസ്ഥാന ഗവമെന്റിനെതിരായ വിമര്‍ശനം. പദ്ധതിയില്‍ അഴിമതി നടക്കുന്നു, സ്വജനപക്ഷപാതം കാട്ടുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ ഭാഗ്യവശാല്‍ ഇപ്പോള്‍ ഉന്നയിക്കുന്നില്ല.

തൊഴിലുറപ്പു പദ്ധതി ദേശീയതലത്തില്‍ തുടക്കം കുറിച്ചത് 2005-06 വര്‍ഷമാണ്. അന്ന് സംസ്ഥാനത്ത് യുഡിഎഫ് ഭരണമായിരുന്നു. ആഘോഷപൂര്‍വം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു എന്നതൊഴിച്ചാല്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുകയോ തൊഴില്‍ കാര്‍ഡ് നല്‍കുകയോ കൂലിയിനത്തില്‍ ഒരു രൂപയെങ്കിലും ചെലവഴിക്കുകയോ ചെയ്തില്ല. അതിന് പരിശ്രമിച്ചുമില്ല. പദ്ധതി നിര്‍വഹണം കേരളത്തില്‍ ആരംഭിച്ചത് 2006 മെയ് മാസം ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തിയ ശേഷമാണ്. ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ച 200 ജില്ലയില്‍ കേരളത്തില്‍ നിന്ന് വയനാടും പാലക്കാടും മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടാം ഘട്ടത്തിലെ 130 ജില്ലയിലും കേരളത്തില്‍നിന്ന് ഇടുക്കിയും കാസര്‍കോടും മാത്രവും. രാജ്യത്തെ എല്ലാ ജില്ലയിലും പദ്ധതി നടപ്പാക്കിയ മൂന്നാം ഘട്ടത്തിലാണ്, 2008-09ലാണ് കേരളത്തിലെ 10 ജില്ല പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ഈ പത്തു ജില്ലയിലും ആദ്യ വര്‍ഷം മുന്നൊരുക്കങ്ങള്‍ക്കു വേണ്ട സമയം ആവശ്യമായിരുന്നു. ഫലത്തില്‍ 2009-10 വര്‍ഷം മുതല്‍ക്കേ ചിട്ടയായ പദ്ധതി നിര്‍വഹണം കേരളത്തില്‍ സാധ്യമാകുമായിരുന്നുള്ളു.

ദേശീയ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലയിലെ തകര്‍ച്ചയുടെയും തല്‍ഫലമായുണ്ടായ ദാരിദ്ര്യത്തിന്റെയും കര്‍ഷക ആത്മഹത്യയുടെയും പശ്ചാത്തലത്തിലാണ് ആദ്യ യുപിഎ ഗവമെന്റ് തൊഴിലുറപ്പു പദ്ധതിക്ക് രൂപം നല്‍കിയത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. തൊഴില്‍ നല്‍കാനുള്ള പദ്ധതിയായാണ് നിര്‍മാണ പ്രവര്‍ത്തനമായല്ല രൂപകല്‍പ്പന ചെയ്തത്. കായികാധ്വാനത്തിന് തയ്യാറുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസമെങ്കിലും തൊഴിലും കൂലിയും അധികമായി നല്‍കുക എന്നതാണ് പദ്ധതി ലക്ഷ്യം. പൊതുഭൂമിയിലും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങളിലെ ഭൂമിയിലുമുള്ള കായികാധ്വാനം മാത്രമാണ് അനുവദിക്കപ്പെട്ടത്. മണ്ണ് - ജലസംരക്ഷണ - വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. ഈ മേഖലകളിലെ പ്രവര്‍ത്തനം കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. എന്നാല്‍, പൊതുഭൂമിയുടെ ലഭ്യത കേരളത്തില്‍ തീരെ കുറവാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ കൈവശമുള്ള ഭൂമിയുടെ വിസ്തൃതിയുടെ കാര്യവും വ്യത്യസ്തമല്ല. കാര്‍ഷിക പരിഷ്കരണം പൂര്‍ണമായ തോതില്‍ നടപ്പാക്കിയ സംസ്ഥാനമെന്ന നിലയില്‍ ചെറുകിട നാമമാത്ര കര്‍ഷകരാണ് കേരളത്തില്‍ മഹാ ഭൂരിപക്ഷവും. നാമമാത്ര കര്‍ഷകരുടെ കൃഷി ഭൂമിയിലെ അധ്വാനവും തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ തൊഴില്‍ ദിനം കണ്ടെത്താന്‍ കഴിയുകയൂ.

ഓരോ സംസ്ഥാനത്തെയും കാര്‍ഷിക മേഖലയിലെ കുറഞ്ഞ കൂലിയാണ് തൊഴിലുറപ്പു പദ്ധതിയില്‍ കൂലിയായി അംഗീകരിച്ചിട്ടുള്ളത്. പദ്ധതിക്ക് തുടക്കം കുറിച്ച 2005-06 ലെ മിനിമം കൂലിയായ 125 രൂപയാണ് കേരളത്തില്‍ തൊഴിലുറപ്പു പദ്ധതിക്ക് അനുവദനീയമായ കൂലി. കേരളത്തില്‍ കാര്‍ഷിക മേഖലയിലെ മിനിമം കൂലി 200 രൂപയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഈ നിരക്ക് അനുവദിക്കാന്‍ നിവൃത്തിയില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പൊതുവില്‍ 250 രൂപ മുതല്‍ 350 രൂപ വരെ കൂലി നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ആ സാഹചര്യത്തില്‍ 125 രൂപ നിരക്കില്‍ പണിയെടുക്കാന്‍ ആളെ കിട്ടുക ബുദ്ധിമുട്ടാണ്.

കാര്‍ഷിക മേഖലയില്‍ ഇന്ന് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ പ്രാധാനമായ ഒരു ഘടകം കൃഷിപ്പണിക്ക് ആളെ കിട്ടാനില്ല എന്നതാണ്. കാര്‍ഷിക മേഖലയിലും ഇതര അസംഘടിത തൊഴില്‍ മേഖലകളിലുമായി അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ചു ലക്ഷത്തിലേറെ തൊഴിലാളികളാണ് കേരളത്തില്‍ പണിയെടുക്കുന്നത്. സ്വന്തം നാട്ടില്‍ കായികാധ്വാനത്തിന് തയ്യാറല്ല എന്നതാണ് മലയാളികളുടെ പൊതു സമീപനം. തൊഴിലുറപ്പു പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം പദ്ധതി നിര്‍വഹണം അസാധ്യമാകുന്ന സാമൂഹ്യ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഈ പ്രതികൂല സാഹചര്യങ്ങളെ മുറിച്ചുകടന്ന് അഴിമതിരഹിതമായും സുതാര്യമായും എങ്ങനെ പദ്ധതി നിര്‍വഹണം സാധ്യമാകും എന്ന പരിശ്രമമാണ് തദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയത്. ഈ ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചുകൊണ്ടാണ് പദ്ധതി നിര്‍വഹണം നാലാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്നത്. കേരളത്തിന്റെ പദ്ധതിനടത്തിപ്പിന്റെ കാര്യക്ഷമതയും അഴിമതിരാഹിത്യവും അഖിലേന്ത്യാതലത്തില്‍ അംഗീകാരം നേടിയിരിക്കുകയാണ്.

കേരളത്തിന്റെ പദ്ധതി നിര്‍വഹണത്തിലെ പ്രത്യേകതകള്‍ താഴെ പറയുന്നു.

പദ്ധതിപ്രവര്‍ത്തനം പൂര്‍ണമായും പഞ്ചായത്തുകളുടെ ഉത്തരവാദിത്തത്തില്‍. ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി. കരാറുകാര്‍ ഇല്ല. നടത്തിപ്പിന്റെ ചുമതല കുടുംബശ്രീ സംവിധാനത്തിന്. ബാങ്ക് അക്കൌണ്ടുകളിലൂടെ മാത്രം കൂലി. അഴിമതിരഹിതം. പൂര്‍ണമായും സുതാര്യം. കൃഷി, ജലവിഭവം, വനം തുടങ്ങിയ വകുപ്പുകളുമായി പ്രവൃത്തിതലത്തിലുള്ള സംയോജനം.

ദേശീയതലത്തില്‍ 2009-10 ലെ അടങ്കല്‍ 40100 കോടി രൂപയായിരുന്നു. 674 കോടി രൂപയുടെ ലേബര്‍ ബജറ്റിനാണ് നമുക്ക് അംഗീകാരം ലഭിച്ചിരുന്നത്. ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാനും ലക്ഷ്യമിട്ടിരുന്നു. ഇത് എത്രത്തോളം നേടാന്‍ കഴിഞ്ഞു എന്ന് പട്ടിക പരിശോധിച്ചാല്‍ മനസിലാകും.

II

കേരളത്തിന്റെ നേട്ടം അഭിമാനാര്‍ഹം

2005-06 സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതി ആരംഭിച്ചത്. ആ വര്‍ഷം ഒരാള്‍ക്കുപോലും തൊഴില്‍ കൊടുക്കുകയുണ്ടായില്ല. 2006-07ന്റെ പകുതിയോടെ മാത്രമേ (ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം) തൊഴില്‍ കാര്‍ഡുകള്‍ കൊടുക്കാനും പ്രവൃത്തികള്‍ കണ്ടെത്തി തൊഴില്‍ നല്‍കാനും കഴിഞ്ഞുള്ളു. തുടര്‍ന്നുള്ള പ്രവര്‍ത്തന പുരോഗതി പട്ടിക 1ല്‍ കാണാം. പ്രാദേശികമായ വ്യത്യാസം പദ്ധതി നടത്തിപ്പില്‍ പ്രകടമാണ്. വിവിധ ജില്ലകളുടെ വികസന നിലയിലെ വൈജാത്യം, ഭൂമിശാസ്ത്രപരമായ വ്യത്യാസം, പഞ്ചായത്ത് ഭരണസമിതികളുടെ താല്‍പ്പര്യം, ഉദ്യോഗസ്ഥരുടെ മനോഭാവം എന്നീ ഘടകങ്ങളും ഇതിനു കാരണമാണ്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്ത് 5.16 കോടി രൂപ ചെലവഴിച്ചപ്പോള്‍ തൊട്ടടുത്ത ഇടവക പഞ്ചായത്ത് 4.37 കോടി രൂപ ചെലവഴിക്കുകയുണ്ടായി. ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്ത് 4.34 കോടി രൂപയും ചെലവഴിച്ച് തൊട്ടടുത്തുണ്ട്. 3 കോടിയിലേറെ ചെലവഴിച്ച പത്തു പഞ്ചായത്തും രണ്ടു കോടിയിലേറെ ചെലവഴിച്ച 23 പഞ്ചായത്തും കേരളത്തിലുണ്ട്. ഒരു കോടി രൂപയിലേറെ തൊഴിലുറപ്പു പദ്ധതിയില്‍ ഈ വര്‍ഷം ചെലവഴിച്ച 95 പഞ്ചായത്തുകള്‍ കേരളത്തിലുണ്ട്. ജില്ല തിരിച്ചും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കനുസരിച്ചുമുള്ള 2009-10 ലെ പദ്ധതി പ്രവര്‍ത്തന പുരോഗതി പട്ടിക, 2 പട്ടിക 3 എന്നിവയില്‍ കൊടുത്തിരിക്കുന്നു. എല്ലാ ജില്ലകള്‍ക്കും നീര്‍ത്തട മാസ്റ്റര്‍ പ്ളാനുകള്‍ തയ്യാറാവുകയും ചെറുകിട, നാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ ഭൂവികസനവും ഹോള്‍ട്ടിക്കള്‍ച്ചറല്‍ പ്രവര്‍ത്തനവും സാധ്യമാവുകയും ചെയ്യുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ നമുക്കു കഴിയും. അപ്പോഴും സുതാര്യതയും അഴിമതിയില്ലായ്മയും നിലനിര്‍ത്തേണ്ടതുണ്ട്, അത് ശ്രമകരമാണ്. എങ്കിലും അതു നിലനിര്‍ത്തിയേ പറ്റൂ.

തൊഴിലുറപ്പു പദ്ധതിയുടെ മിനിമം കൂലിയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിശ്രമവും നടക്കുന്നുണ്ട്. തൊഴിലുറപ്പു പദ്ധതിയുടെ സംസ്ഥാനത്തെ കൂലി 125 രൂപയില്‍നിന്ന് കുറയ്ക്കുന്നതിന് ഒരു പരിശ്രമവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന ശാഠ്യമാണ് സംസ്ഥാനത്തെ പ്രതിപക്ഷം പുലര്‍ത്തുന്നത്. ഒരര്‍ഥത്തില്‍ അതു ശരിയുമാണ്. കേരളത്തിലെ മിനിമംകൂലി കുറയ്ക്കുന്നതിനല്ല ദേശീയാടിസ്ഥാനത്തില്‍ തൊഴിലുറപ്പു പദ്ധതിക്ക് പൊതുവായ ഒരു കൂലി നിശ്ചയിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ അങ്ങനെ നിര്‍ദേശിച്ച കൂലി കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള കൂലിയേക്കാള്‍ ഏറെ കുറവുമാണ്. എന്നാല്‍, മറ്റു പല സംസ്ഥാനങ്ങളിലും നിലവിലുണ്ടായിരുന്ന കൂലിയേക്കാള്‍ ഏറെ മികച്ചതും.

തൊഴിലുറപ്പ് പദ്ധതിക്ക് ദേശീയാടിസ്ഥാനത്തില്‍ മിനിമം കൂലി നിശ്ചയിക്കുക എന്ന കാര്യം 2008 മുതലേ കേന്ദ്രഗവമെന്റ് പരിഗണനയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ തലത്തില്‍ കൂടിയാലോചനകളും ചര്‍ച്ചകളുമൊക്കെ നടന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് 2008 ആഗസ്ത് 14ന് കേന്ദ്ര ഗ്രാമവികസന സെക്രട്ടറി സംസ്ഥാന ഗ്രാമവികസന സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തത്. 2005-06ല്‍ കാര്‍ഷിക തൊഴിലാളികളുടെ ശരാശരി കൂലി ദേശീയ അടിസ്ഥാനത്തില്‍ 65 രൂപയായിരുന്നു. 2006-07ല്‍ ഇത് 75 രൂപയായി വര്‍ധിച്ചു. 2007-08, 2008-09 വര്‍ഷങ്ങളില്‍ ചില സംസ്ഥാന ഗവര്‍മെന്റുകള്‍ പ്രത്യേകിച്ചും ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവ കാര്‍ഷിക തൊഴിലാളികളുടെ കൂലിയില്‍ വന്‍തോതിലുള്ള വര്‍ധന വരുത്തി. ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ദേശീയ തൊഴിലുറപ്പു പദ്ധതിക്കുവേണ്ടി മാത്രമായി കാര്‍ഷിക തൊഴിലാളികള്‍ക്ക് ഉയര്‍ന്ന കൂലിനിരക്ക് നിശ്ചയിച്ചു. ആവശ്യാധിഷ്ഠിത തൊഴില്‍ദാന പദ്ധതി ആയതിനാല്‍ ഈ പ്രവണത കേന്ദ്ര ബജറ്റിനെ തകിടം മറിക്കാന്‍ ഇടയാക്കിയേക്കാം.

ഈ സാഹചര്യത്തിലാണ് ദേശീയ തൊഴിലുറപ്പ് ആക്ടിലെ സെക്ഷന്‍ 6 പ്രകാരം പദ്ധതിക്കായി ദേശീയതലത്തില്‍ 80 രൂപ കുറഞ്ഞ കൂലിയായി നിശ്ചയിക്കാമോ എന്ന നിര്‍ദേശത്തിന്മേല്‍ സംസ്ഥാന ഗവമെന്റുകളുടെ അഭിപ്രായം ആരാഞ്ഞത്. വിവിധ സംസ്ഥാന ഗവമെന്റുകളുടെ അഭിപ്രായം വകുപ്പു സെക്രട്ടറിമാര്‍ പ്രകടിപ്പിച്ചു. പൊതുവില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കുറഞ്ഞ കൂലി 80 രൂപയില്‍ താഴെ ആയതിനാല്‍ അങ്ങനെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നിര്‍ദേശത്തോട് എതിര്‍പ്പില്ലായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ കുറഞ്ഞ കൂലി 125 രൂപ ആണെന്നും ആ നിലയ്ക്ക് അതില്‍ കുറവായ ഒരു കൂലി സംസ്ഥാന ഗവമെന്റിന് സ്വീകാര്യമല്ലെന്നും സംസ്ഥാന ഗവമെന്റ് അറിയിക്കുകയുണ്ടായി. വിവിധ തലത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ നടത്താതെ അവസാന തീരുമാനത്തില്‍ എത്തരുതെന്നും സംസ്ഥാന ഗവമെന്റ് അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടയില്‍ കേരളത്തിലെ കാര്‍ഷിക തൊഴിലാളികളുടെ മിനിമം കൂലി 200 രൂപയായി ഉയര്‍ത്തി നിശ്ചയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന തൊഴിലുറപ്പു കൌണ്‍സിലും ഈ കൂലി കേരളത്തില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഞാന്‍ കേന്ദ്ര ഗ്രാമവികസനമന്ത്രി ആയിരുന്ന ഡോ. രഘുവംശ പ്രസാദിനെ നേരില്‍ കണ്ട് സംസ്ഥാന ഗവമെന്റിന്റെ ആവശ്യം ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നു. 2009 ഡിസംബര്‍ 3ന് ദേശീയ തൊഴിലുറപ്പ് ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരം കുറഞ്ഞ കൂലി 100 രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്രഗവമെന്റിന്റെ തീരുമാനം സംസ്ഥാന ഗവമെന്റിനെ അറിയിക്കുകയുണ്ടായി. അതില്‍ കൂടുതല്‍ വരുന്ന തുക സംസ്ഥാന ഗവമെന്റ് വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, 100 രൂപയില്‍ കൂടുതല്‍ കൂലി നിലവില്‍ 2009 ജനുവരി ഒന്നുമുതല്‍ വിജ്ഞാപനം ചെയ്തിട്ടുള്ള സംസ്ഥാനങ്ങളില്‍ അത് നിലനിര്‍ത്തുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന ഗവമെന്റിന്റെ ശക്തമായ ഇടപെടലിന്റെ കൂടി ഫലമായിട്ടാണ് ദേശീയതലത്തില്‍ തൊഴിലുറപ്പു പദ്ധതിക്ക് നിശ്ചയിച്ച മിനിമം കൂലിയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയിരിക്കുന്നത്. 2009-10 ലെ ബജറ്റ് പ്രസംഗത്തിലും കേന്ദ്ര ധനമന്ത്രി ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് 100 രൂപ കൂലി ഉറപ്പു വരുത്തുമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.

2010-11 ലെ തൊഴിലുറപ്പു പദ്ധതിക്കുള്ള ലേബര്‍ ബജറ്റ് കേന്ദ്ര ഗവമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചുകഴിഞ്ഞു. 1113 കോടി രൂപയുടെ ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. 9.12 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും 6.29 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 69 ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്. പദ്ധതി പ്രവര്‍ത്തനം ബാലാരിഷ്ടതകള്‍ പിന്നിടുകയും തദ്ദേശസ്ഥാപനങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും പദ്ധതി നിര്‍വഹണത്തിന്റെ വിവിധ തലത്തില്‍ പ്രവീണ്യം നേടുകയുംചെയ്ത സാഹചര്യത്തില്‍ പ്രയാസകരമെങ്കിലും ലക്ഷ്യം നേടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് തദ്ദേശസ്വയംഭരണ വകുപ്പിനുള്ളത്. പ്രതികൂല സാഹചര്യത്തിലും പദ്ധതി നിര്‍വഹണത്തില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളെയും മാതൃകാപരമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. 2010-11 ലെ പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കാം.

പാലോളി മുഹമ്മദ്കുട്ടി

അപവാദങ്ങള്‍ തള്ളി ഹര്‍ത്താല്‍ വിജയമാക്കുക

രാഷ്ട്രീയ പകപോക്കലിന് ഭരണഘടനാസ്ഥാപനങ്ങളെപ്പോലും ദുരുപയോഗിച്ച് കെട്ടിച്ചമച്ച ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മെയ് ഏഴിന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയ മുന്നണിയുടെ പരമോന്നത നേതാവാണ് ഉമ്മന്‍ചാണ്ടി. ആ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ചോദിക്കുന്നു: എന്തിനാണ് ഹര്‍ത്താല്‍ പോലുള്ള മാരകായുധമെടുത്ത് കേന്ദ്രത്തിനെതിരെ ചുഴറ്റുന്നത് എന്ന്. സങ്കുചിത നേട്ടങ്ങള്‍ക്കായി ഏത് മാര്‍ഗവും ഉപേയോഗിച്ച് ശീലിച്ചവര്‍ക്കു ദഹിക്കുന്ന ന്യായമാണത്.

ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗസാധനങ്ങളുടെയും വില അനുദിനം കുതിച്ചുകയറുന്നതിനെതിരെയാണ് ഏപ്രില്‍ 27ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആ ആയുധത്തിന്റെ പ്രഹരമേല്‍ക്കേണ്ടത് കേന്ദ്ര യുപിഎ സര്‍ക്കാരിനുമാത്രമാണ്. 13 മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങുമ്പോള്‍ തീര്‍ച്ചയായും ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ അസ്വസ്ഥരാകും. നവലിബറല്‍ നയങ്ങളും സാമ്രാജ്യത്വ അടിമത്തവുമായി മുന്നോട്ടുപോകുന്ന രണ്ടാം യുപിഎ സര്‍ക്കാരിനെതിരായ പുതിയ കരുത്തന്‍ മുന്നേറ്റത്തെയാണ് മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റിലും പുറത്തും യുപിഎ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമ്പോഴുള്ള വെപ്രാളം ഹര്‍ത്താലിനെതിരായ വികാരമായി ഉമ്മന്‍ചാണ്ടിയില്‍നിന്ന് പുറത്തുവരുന്നു എന്നേയുള്ളൂ.

പതിമൂന്ന് മതനിരപേക്ഷ കക്ഷികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ഒരുദിവസത്തെ തോന്നല്‍കൊണ്ടല്ല. വിലക്കയറ്റം അടക്കമുള്ള അടിയന്തരപ്രശ്നങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 12ന് ഇടതുപക്ഷപാര്‍ടികള്‍ ഡല്‍ഹിയില്‍ റാലി നടത്തി. ഏപ്രില്‍ എട്ടിന് രാജ്യത്താകെ പിക്കറ്റിങ്ങും അറസ്റ്വരിക്കലും നടന്നു. അടുത്ത പടിയാണ് ഹര്‍ത്താല്‍. വിലക്കയറ്റം കൊണ്ടുണ്ടാകുന്ന ദുരിതം അവഗണിച്ച് കേന്ദ്രബജറ്റിലൂടെ ഡീസലിന്റെയും പെട്രോളിന്റെയും വില വര്‍ധിപ്പിച്ച നടപടിക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്നാണോ ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധം? വിലക്കയറ്റം തടയാനും പൊതുവിതരണസംവിധാനം കാര്യക്ഷമമാക്കാനും അവശ്യനടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നതിന് മറ്റെന്തുവഴിയുണ്ടെന്ന് ഉമ്മന്‍ചാണ്ടിതന്നെ പറയണം.

ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പാക്കുന്ന യുപിഎ സര്‍ക്കാരിന്റെ ദുര്‍നയത്തിന്റെ ഭാഗമായാണ് വിലക്കയറ്റം രൂക്ഷമായത്. വന്‍കിട കുത്തകകള്‍ക്ക് ശതകോടികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്ന കേന്ദ്രം ഭക്ഷ്യ സബ്സിഡിക്ക് പണമില്ലെന്നു പറയുന്നു. കേരളത്തിനുള്ള അരി നിഷേധിക്കുന്നു. പൊതുവിതരണസമ്പ്രദായം തകര്‍ക്കുന്നു. ഇതിലെല്ലാം പ്രതിഷേധിച്ചുകൊണ്ടാണ് കേരളം ഹര്‍ത്താലാചരിക്കുന്നത്. അല്ലാതെ ചടങ്ങിനുവേണ്ടിയോ ഹര്‍ത്താലിനോടുള്ള പ്രണയംകൊണ്ടോ അല്ല. വിലക്കയറ്റം രാജ്യത്തെ സുപ്രധാനമായ പ്രശ്നമാണെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും യുപിഎ അധ്യക്ഷയും പരസ്യമായി സമ്മതിച്ചതാണ്. അതേസമയംതന്നെ ജനവിരുദ്ധ നയങ്ങളില്‍ അവര്‍ കൂടുതല്‍കൂടുതല്‍ മുഴുകുകയും ചെയ്യുന്നു. ജനങ്ങളുടെ സംഘടിതമായ ചെറുത്തുനില്‍പ്പിലൂടെയേ ഇത്തരം ദുര്‍നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയൂ എന്നത് ചരിത്രയാഥാര്‍ഥ്യമാണ്. സാമ്രാജ്യഭരണത്തിനെതിരെ നിയമലംഘന സമരത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നെങ്കിലും ജനങ്ങളുടെ സമരത്തെ അധിക്ഷേപിക്കുന്ന ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ ഓര്‍ക്കേണ്ടതുണ്ട്.

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ജനങ്ങള്‍ സമരരംഗത്തിറങ്ങുന്നത്. ഈ സമരം വിജയിക്കേണ്ടത് രാജ്യത്തിന്റെയും ഭാവി തലമുറയുടെയും ആവശ്യമാണ്. ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ വന്‍വിജയമാക്കാന്‍ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹായവും ഉണ്ടാകേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 27042010

Monday, April 26, 2010

വര്‍ക്കല രാധാകൃഷ്ണനു ആദരാഞ്ജലികള്‍

സിപിഐ എം നേതാവും മുന്‍ എംപിയുമായ വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. പ്രഭാതസവാരിക്കിടെ കഴിഞ്ഞ ദിവസം വാഹനം തട്ടി വീണ അദ്ദേഹം ഒരാഴ്ചയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി തവണ എംപിയും എംഎല്‍എയുമായ വര്‍ക്കല കേരള നിയമസഭാ സ്പീക്കറും പ്രശസ്തനായ അഭിഭാഷകനുമായിരുന്നു. ഭരണഘടനയിലും പാര്‍ലമെന്ററി ചട്ടങ്ങളിലും അവഗാഹമുണ്ടായിരുന്നു. 1967, 69ല്‍ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വര്‍ക്കല. 87, 91, 96 വര്‍ഷങ്ങളില്‍ വര്‍ക്കലയില്‍നിന്ന് നിയമസഭാംഗമായി. 87-92ല്‍ വര്‍ക്കല സ്പീക്കറായിരുന്ന ഘട്ടത്തില്‍ അഴിമതി നിരോധനനിയമം അടക്കം നിരവധി നിയമനിര്‍മാണങ്ങള്‍ നടപ്പാക്കി. 1998 മുതല്‍ 2004വരെ മൂന്ന് തവണ ചിറയന്‍കീഴില്‍നിന്ന് പാര്‍ലമെന്റ് അംഗമായി. പ്രശസ്ത നിയമജ്ഞന്‍കൂടിയായിരുന്ന വര്‍ക്കല എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ പ്രകടന നിരോധനത്തിനെതിരെ പ്രകടനം നയിച്ച് അറസ്റ്റ് വരിക്കുകയും ഈ കേസ് സ്വയം വാദിച്ച് ജയിക്കുകയും ചെയ്തു. പരേതയായ പ്രഫ. സൌദാമിനിയാണ് ഭാര്യ. ഒരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്.
വര്‍ക്കലയുടെ സംസ്കാരം ഇന്ന് രാത്രി ഒമ്പതിന്

അന്തരിച്ച വര്‍ക്കല രാധാകൃഷ്ണന്റെ മൃതദേഹം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ വര്‍ക്കലയിലെ മുണ്ടയിലുള്ള കുടുംബവീട്ടില്‍ സംസ്കരിക്കും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ കോളേജില്‍നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് കൊണ്ടുവരും. അതിനുശേഷം തൈക്കാടുള്ള വീട്ടില്‍ കൊണ്ടുവരും. ഉച്ചയ്ക്ക് ഒരു മണിയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ ഹാളിലും തുടര്‍ന്ന് വിജെടി ഹാളിലും വൈകിട്ട് ആറ്റിങ്ങലിലും പൊതുദര്‍ശനത്തിനുവെച്ചശേഷമാകും സംസ്കാരം.

സഖാവിനു ജനശക്തിയുടെ ആദരാഞ്ജലികള്‍

ചൂതാട്ടം, നിശാവിരുന്നുകള്‍ പിന്നെ ക്രിക്കറ്റും

ഒന്നാം ഭാഗം പണത്തിനുമീതെ ഐപിഎല്‍പന്ത് പറക്കില്ല ഇവിടെ

IV

അഴിമതിയുടെ ക്രീസില്‍ മന്ത്രിപുത്രിമാരും

ഐപിഎല്ലിലെ പുതിയ ടീമുകളെ നിശ്ചയിക്കുന്നതിനുള്ള നിര്‍ണായക ലേലത്തിന് രണ്ടുദിവസംമുമ്പ് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിന്റെ ഓഫീസില്‍നിന്ന് വിദേശസഹമന്ത്രി ശശി തരൂരിന് അടിയന്തര ഇ-മെയില്‍ ലഭിച്ചു. രാത്രി പത്തിന് തിരക്കിട്ട് മെയില്‍ അയച്ചത് പട്ടേലിന്റെ പേഴ്സണല്‍ സെക്രട്ടറി ചമ്പ ഭരദ്വാജ്. വിഷയം ഐപിഎല്‍ ലേലം. ഐപിഎല്‍ ടീം സ്വന്തമാക്കിയാലുള്ള ലാഭനഷ്ട കണക്കുകളാണ് പട്ടേല്‍ തരൂരിന് എത്തിച്ചുകൊടുത്തത്. പട്ടേല്‍ അയച്ച കണക്കുപ്രകാരം ഐപിഎല്‍ ടീം ലാഭത്തിലെത്താന്‍ പത്തുവര്‍ഷമെടുക്കും. ഇക്കാലയളവില്‍ 612 കോടിയുടെ നഷ്ടം പ്രതീക്ഷിക്കാം. ഐപിഎല്‍ അത്ര ലാഭമുള്ള ബിസിനസല്ല പിന്മാറുന്നതാകും നല്ലതെന്നായിരുന്നു 'ഉപദേശം'. പട്ടേലിന്റെ 'താല്‍പ്പര്യ'ങ്ങള്‍ നന്നായി അറിയുന്ന തരൂര്‍ പിന്‍മാറുന്നതിനു പകരം ലേലത്തില്‍ ഒരു മുഴം നീട്ടിയെറിഞ്ഞു. വീഡിയോക്കോണ്‍, അദാനി ഗ്രൂപ്പുകളെ പിന്തള്ളി കൊച്ചി ടീമിനായി റൊന്ദേവു കണ്‍സോര്‍ഷ്യം ലേലം പിടിച്ചു. തരൂരിനെ പിന്തിരിപ്പിക്കാന്‍ പട്ടേല്‍ ശ്രമിച്ചതിന്റെ വസ്തുതകള്‍ അന്വേഷിച്ചാല്‍ ഐപിഎല്‍ കമ്പോളത്തില്‍ ഖദര്‍ധാരികള്‍ നടത്തുന്ന നാണംകെട്ട ഇടപെടലുകള്‍ ഒന്നൊന്നായി പുറത്തുവരും.

പുണെയ്ക്കൊരു ഐപിഎല്‍ ടീം എന്‍സിപി നേതാക്കളായ ശരത് പവാറും പ്രഫുല്‍ പട്ടേലും ആഗ്രഹിച്ചിരുന്നു. പവാറിന്റെ മരുമകന്‍ സദാനന്ദ് സൂലെയും പട്ടേലിന്റെ മകള്‍ പൂര്‍ണയും ദീര്‍ഘനാളായി ഐപിഎല്‍ കളത്തിലുള്ളവരും ലളിത് മോഡിയുടെ അടുപ്പക്കാരുമാണ്. ഇവരെല്ലാം ചേര്‍ന്ന് പുണെ ടീമിനുവേണ്ടി വീഡിയോക്കോണ്‍ മുതലാളി വേണുഗോപാല്‍ ദൂതിനെ ലേലവിപണിയിലിറക്കി. ഈ ഘട്ടത്തിലാണ് കൊച്ചി ടീമെന്ന സ്വപ്നവുമായി തരൂര്‍ പട്ടേലിനെ ബന്ധപ്പെടുന്നത്. രണ്ടു ടീമുകള്‍ക്കായുള്ള ലേലത്തില്‍ കൂടുതലാളുകള്‍ വരുന്നതിലെ അപകടം മണത്താണ് തരൂരിനെ വഴിതെറ്റിക്കുന്ന ഇ-മെയില്‍ പട്ടേലിന്റെ ഓഫീസില്‍നിന്ന് ആസൂത്രിതമായി അയച്ചത്. തരൂര്‍- സുനന്ദ ഇടപാടുകള്‍ക്കു പിന്നാലെ ഇപ്പോള്‍ പവാറും പട്ടേലുമൊക്കെ വാര്‍ത്തകളില്‍ നിറയുന്നതിനു കാരണം ഖദര്‍ധാരികളുടെ തമ്മില്‍തല്ലാണ്.

മറാത്ത രാഷ്ട്രീയത്തില്‍ പവാറിന്റെയും പട്ടേലിന്റെയും ശത്രുവാണ് പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പൃഥ്വിരാജ് ചവാന്‍. ഐപിഎല്ലില്‍ പവാര്‍- പട്ടേല്‍ കുടുംബങ്ങളുടെ ഇടപാടുകള്‍ മണത്തറിഞ്ഞ ചവാന്‍ ഒരു ദേശീയദിനപത്രത്തിന് വാര്‍ത്തകള്‍ ചോര്‍ത്തുകയായിരുന്നു. തരൂരിന്റെ ഓഫീസിലേക്കു പോയ ഇ-മെയിലടക്കം ചോര്‍ന്നത് ചവാന്റെ ഇടപെടലിലൂടെ. തന്നെയും പവാറിനെയും കുടുക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളാണെന്ന് പട്ടേല്‍ ആരോപിച്ചത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. എന്നാല്‍, എന്‍സിപി നേതാക്കളെ പൂര്‍ണമായി കൈയൊഴിയാന്‍ കോണ്‍ഗ്രസിന് കഴിയില്ല. പാര്‍ലമെന്റില്‍ ഖണ്ഡനോപക്ഷേപം അടക്കം വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ അണിയറയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ സജീവം. പവാറും പട്ടേലുമൊക്കെ സംരക്ഷിക്കപ്പെടാനാണ് സാധ്യത.
ഐപിഎല്‍ നടത്തിപ്പില്‍ ലളിത് മോഡിയെ കാര്യമായി സഹായിക്കുന്നവരിലൊരാളാണ് പട്ടേല്‍. പട്ടേലിന്റെ ഇരുപത്തിനാലുകാരിയായ മകള്‍ പൂര്‍ണ പട്ടേല്‍ ഐപിഎല്‍ ജീവനക്കാരിയാണ്. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റാണ് ചുമതല. തരൂരിന് പട്ടേല്‍ അയച്ച ഇമെയിലിന്റെ യഥാര്‍ഥ സ്രോതസ്സ് പൂര്‍ണയാണ്. യഥാര്‍ഥത്തില്‍ ലളിത് മോഡിയും പൂര്‍ണയും ഐപിഎല്‍ സിഇഒ സുന്ദര്‍രാമനുമൊക്കെ ചേര്‍ന്ന് നടത്തിയ നാടകമായിരുന്നു ഇ-മെയില്‍ സന്ദേശം. ഐപിഎല്ലിന്റെ മുഖ്യസംഘാടകരിലൊരാളാണ് നേരത്തെ ഫാഷന്‍രംഗത്തും മറ്റും ശോഭിച്ച പൂര്‍ണ. കേന്ദ്രമന്ത്രിയുടെ മകളെന്ന അധികാരം പൂര്‍ണ ചൂഷണംചെയ്യുന്നുമുണ്ട്. ഐപിഎല്ലിനുവേണ്ടി എയര്‍ഇന്ത്യയുടെ വിമാനസര്‍വീസുകള്‍ പലപ്പോഴും പൂര്‍ണ അച്ഛന്റെ പേരില്‍ ദുരുപയോഗപ്പെടുത്തി. പൂര്‍ണയെപ്പോലെ പവാറിന്റെ മകള്‍ സുപ്രിയ സുലെയും ഐപിഎല്‍ വിപണിയില്‍ സജീവം. പുണെ ടീമിനുവേണ്ടി രംഗത്തുണ്ടായിരുന്ന വീഡിയോക്കോണ്‍ ഗ്രൂപ്പ് നിശ്ചിതശതമാനം വിയര്‍പ്പ് ഓഹരി സുപ്രിയയുടെ ഭര്‍ത്താവ് സദാനന്ദിനും പൂര്‍ണയ്ക്കും വാഗ്ദാനം ചെയ്തതായി വാര്‍ത്തയുണ്ട്. വീഡിയോക്കോ ഗ്രൂപ്പിന്റെ ലേലരേഖകളും മറ്റും കാണാതായത് ഈ പശ്ചാത്തലത്തിലാണ്. ഐപിഎല്‍ ഓഹരിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ലോക്സഭാംഗംകൂടിയായ സുപ്രിയ നിരാകരിക്കുന്നുണ്ടെങ്കിലും സദാനന്ദിന്റെ ഐപിഎല്‍ ബന്ധങ്ങള്‍ പുറത്തുവന്നതോടെ നിശ്ശബ്ദതയിലാണ്. ഐപിഎല്ലിന്റെ സംപ്രേഷണാവകാശം നേടിയ മള്‍ട്ടിസ്ക്രീന്‍ മീഡിയയില്‍ (പഴയ സോണിഗ്രൂപ്പ്) 10 ശതമാനം ഓഹരി സദാനന്ദിന്റേതാണ്. വേള്‍ഡ് സ്പോര്‍ട്സ് ഗ്രൂപ്പിന് കോടിക്കണക്കിനു രൂപ കോഴ നല്‍കിയാണ് മള്‍ട്ടിസ്ക്രീന്‍ മീഡിയ ഐപിഎല്‍ സംപ്രേഷണാവകാശം നേടിയതെന്ന് തെളിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കളും ഐപിഎല്‍ കമ്പോളത്തില്‍ സജീവമായുണ്ട്. 10 ജന്‍പഥിലെ വിശ്വസ്തരിലൊരാളായ രാജീവ് ശുക്ളയാണ് കോണ്‍ഗ്രസിനായി ക്രീസിലുള്ളത്. മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗവും ബിസിസിഐ വൈസ്പ്രസിഡന്റുമായ ശുക്ള ഐപിഎല്‍ ഗവേണിങ്ങ് കൌണ്‍സില്‍ അംഗംകൂടിയാണ്. ജനസത്ത പത്രത്തിന്റെ ലേഖകനായി ഡല്‍ഹിയിലെത്തിയ ശുക്ള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിലെത്തിയത് അതിവേഗത്തിലായിരുന്നു. 2000ല്‍ രാജ്യസഭാംഗമായതോടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ബിസിസിഐയിലും പിന്നീട് ഐപിഎല്ലിലുമെത്തി. ഐപിഎല്ലില്‍ മോഡിയുടെ വലംകൈയായിരുന്നെങ്കിലും ഇപ്പോള്‍ മോഡിയെ വെട്ടാനുള്ള കരുനീക്കങ്ങളിലാണ്. ബിജെപിയുടെ അരുജെയ്റ്റ്ലിയാണ് ഐപിഎല്‍ കളത്തിലുള്ള മറ്റൊരു രാഷ്ട്രീയതാരം. വലതുപക്ഷ രാഷ്ട്രീയത്തിലെ ഉന്നതരും വ്യവസായപ്രമുഖരും ബോളിവുഡ് താരങ്ങളുമൊക്കെയായി പ്രമുഖരുടെ നിരതന്നെയാണ് ഐപിഎല്‍ കച്ചവടത്തിന് മുന്നിട്ടിറങ്ങുന്നത്. സാമ്പത്തികനേട്ടം മാത്രമല്ല മറ്റു പല 'ലാഭ'ങ്ങളും ഐപിഎല്‍ കച്ചവടത്തിലുണ്ട്.

V

പണം വാരാന്‍ 'ലഹരി'നുരയും നിശാവിരുന്നുകള്‍

ദക്ഷിണാഫ്രിക്കക്കാരിയായ കാന്‍ഡിസ് ക്രോസിന് ഇന്ത്യ സ്വന്തം നാടുപോലെ പരിചിതം. മുംബൈയും ഡല്‍ഹിയും ബംഗളൂരുവുമെല്ലാം പ്രിയ നഗരങ്ങള്‍. ഇരുപത്തൊന്നുകാരിയായ കാന്‍ഡിസ് ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള മോഡലാണ്. ഇന്ത്യയിലെത്തിയിട്ട് ഒരു മാസം. വിജയ് മല്യയുടെ റോയല്‍ ചലഞ്ചേഴ്സ് ടീമിനുവേണ്ടി ഐപിഎല്‍ വേദികളില്‍ ചിയര്‍ഗേള്‍സ് എന്ന പേരില്‍ നൃത്തംചെയ്യാന്‍ പറന്നെത്തിയതാണ്. കാന്‍ഡിസ് ഉള്‍പ്പെടുന്ന റോയല്‍ ചലഞ്ചേഴ്സ് നൃത്തസംഘത്തിന്റെ പേര് മിസ്ചീഫ് ഗേള്‍സ്. ടീമിനും നൃത്തസംഘത്തിനുമെല്ലാം മദ്യം മണക്കുന്ന പേരുകള്‍. കാന്‍ഡിസ് ക്രോസ് ഇപ്പോള്‍ അറിയപ്പെടുന്നത് മിസ്ചീഫ് ഗേള്‍ കാന്‍ഡി എന്ന പേരിലാണ്. റോയല്‍ചലഞ്ചേഴ്സിന്റെ വെബ്സൈറ്റില്‍ കാന്‍ഡിയെഴുതുന്ന ബ്ളോഗിന് വായനക്കാര്‍ ഏറെ. ചിയര്‍ ഗേള്‍ എന്ന നിലയില്‍ മോശമല്ലാത്ത പ്രതിഫലം കിട്ടും. കളി നടക്കുമ്പോള്‍ മൈതാനങ്ങളില്‍ നൃത്തം ചെയ്യുന്നതിനൊപ്പം ഐപിഎല്‍ നിശാവിരുന്നുകളില്‍ പങ്കെടുക്കുകയും നിര്‍ബന്ധം.

നിശാവിരുന്നുകള്‍ ഐപിഎല്‍ മൂന്നാംപതിപ്പിന്റെ പുത്തന്‍ സവിശേഷതയാണ്. ഓരോ കളിക്കും ശേഷം രണ്ടു ടീമുകളെയും പങ്കെടുപ്പിച്ചുള്ള ആഹ്ളാദവിരുന്ന്. ടീം ഉടമസ്ഥരും ഒഫീഷ്യല്‍സും സംഘാടകരുമൊക്കെ വിരുന്നിനുണ്ടാകും. ഗ്ളാമറേകാന്‍ ബോളിവുഡ് താരങ്ങളും മോഡലുകളും. മദ്യവും നൃത്തവും ഫാഷന്‍ ഷോയുമൊക്കെയായി പാതിരമുതല്‍ പുലരുംവരെ ലഹരിവിരുന്ന്. ബോളിവുഡ് താരം അര്‍ജുന്‍ രാംപാല്‍- മെഹര്‍ ജെസിയ ദമ്പതികളുടെ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് നിശാവിരുന്നുകളുടെ സംഘാടകര്‍. നിശാവിരുന്നെന്ന ആശയം ലളിത് മോഡിയുടെ മുമ്പില്‍ അവതരിപ്പിച്ചത് തങ്ങളാണെന്ന് മുന്‍ മോഡല്‍കൂടിയായ മെഹര്‍ ജെസിയ പറയുന്നു. ഐപിഎല്ലിന് കൊഴുപ്പേകാന്‍ കഴിഞ്ഞ രണ്ടുമാസങ്ങളിലായി 54 നിശാവിരുന്ന് സംഘടിപ്പിച്ചു. കളി നടക്കുന്ന നഗരത്തിലെ ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലായിരിക്കും വേദി. ആതിഥേയ ടീമാണ് വിരുന്നിന്റെയും ആതിഥേയര്‍. കളി കഴിഞ്ഞാലുടന്‍ വിരുന്ന് തുടങ്ങും. ഫാഷന്‍ഷോയാണ് ആദ്യ ഇനം. മനീഷ് മല്‍ഹോത്ര, സഞ്ചിത അജ്ജാംപ്പൂര്‍, ഗായത്രി ഖന്നദേവ്, മനീഷ് അറോറ തുടങ്ങി പ്രശസ്തരായ ഡിസൈനര്‍മാരാണ് പ്രദര്‍ശനം ഒരുക്കുന്നത്. കളിക്കാരും ഐപിഎല്‍ ഭാരവാഹികളും ബോളിവുഡ് താരങ്ങളുമൊക്കെ അണിനിരന്ന സദസ്സിനു മുമ്പാകെ അര്‍ധനഗ്നരായ മോഡലുകള്‍ റാമ്പില്‍ ചുവടുവയ്ക്കും. ഫാഷന്‍ഷോയ്ക്കു പിന്നാലെ ആട്ടവും പാട്ടുമൊക്കെയുണ്ട്. വിരുന്നിന് ലഹരി കൂട്ടാന്‍ ബിയറിന്റെയും വിസ്കിയുടെയുമൊക്കെ രൂപത്തില്‍ മദ്യമൊഴുകും. ക്രിക്കറ്റ് താരങ്ങള്‍ക്കും ടീമിന്റെ ഉടമസ്ഥര്‍ക്കുമൊക്കെ ചിയര്‍ഗേളുകളുമായും മോഡലുകളുമായും സൌഹൃദം സ്ഥാപിക്കാനുള്ള അവസരംകൂടിയാണ് നിശാവിരുന്നുകള്‍. നിശാവിരുന്നുകളില്‍ മോഡലുകളുമായി അമിത സൌഹൃദത്തിലായതിന്റെ പേരില്‍ പല താരങ്ങളും വിവാദത്തില്‍പ്പെടുകയും ചെയ്തു. പെണ്ണും ലഹരിയും മാത്രമായി വിരുന്നുകളെ കാണേണ്ട. ലളിത് മോഡിക്ക് ഇതും പണമൊഴുക്കാനുള്ള വഴിയാണ്. മദ്യമേറെ ഒഴുകുമെന്നതിനാല്‍ മദ്യരാജാവ് വിജയ്മല്യതന്നെയാണ് ഐപിഎല്‍ വിരുന്നുകളുടെ ഔദ്യോഗിക സ്പോസര്‍. ഐപിഎല്‍ വിരുന്നുകളുടെ സംപ്രേഷണാവകാശം വലിയ തുകയ്ക്കാണ് ഒരു ടിവി കമ്പനിക്ക് കരാര്‍ കൊടുത്തിരിക്കുന്നത്.

ഐപിഎല്‍ ക്ളബ് ലോഞ്ച് ടിക്കറ്റുകളാണ് മറ്റൊരു വരുമാനമാര്‍ഗം. ഒരു ടിക്കറ്റിന് 40,000 രൂപയാണ് വില. ഈ ടിക്കറ്റ് എടുത്താല്‍ വിഐപി ലോഞ്ചില്‍ ബോളിവുഡ് താരങ്ങള്‍ക്കും മറ്റ് വിഐപികള്‍ക്കും ഒപ്പമിരുന്ന് മദ്യം കഴിച്ച് കളി കാണാം. കളിക്കുശേഷം നിശാവിരുന്നിലും പങ്കെടുക്കാം. വിരുന്നിനിടെ ക്രിക്കറ്റ് താരങ്ങളെയും ബോളിവുഡ് താരങ്ങളെയുമൊക്കെ പരിചയപ്പെടാം. 40,000 രൂപ വില നിശ്ചയിച്ച ടിക്കറ്റ് പലപ്പോഴും മൂന്നുംനാലും ഇരട്ടി തുകയ്ക്കാണ് വിറ്റുപോകുന്നത്. ഒരു കളിയില്‍ ഇരുന്നുറോളം ടിക്കറ്റ് ക്ളബ്ലോഞ്ച് ടിക്കറ്റുകളായി വില്‍ക്കാറുണ്ട്. ഇഷ്ടടീമിന്റെ 14 കളികളും വിഐപി പരിഗണനയില്‍ കാണണമെന്നുള്ളവര്‍ക്ക് ആറുലക്ഷത്തിന്റെ പ്രത്യേകപാക്കേജുണ്ട്. സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്ക് 1.27 ലക്ഷമാണ് ടിക്കറ്റ് വില. ടിക്കറ്റ് വിറ്റുകിട്ടുന്ന പണം ഐപിഎല്‍ അധികൃതര്‍ക്കാണ് പോകുന്നത്. നിശ്ചിതശതമാനം ആതിഥേയരായ ടീമിനും കിട്ടും.

VI

ജയം, റണ്‍സ്, വിക്കറ്റ്, സിക്സര്‍... ബൌണ്ടറികളില്ലാത്ത ചൂതാട്ടം

ഓണ്‍ലൈന്‍ ചൂതാട്ടത്തിന് കുപ്രസിദ്ധി നേടിയതാണ് ബെറ്റ്356. ഇതിന്റെ പ്രവര്‍ത്തനം ഇംഗ്ളണ്ട് കേന്ദ്രീകരിച്ചാണെങ്കിലും ഒന്നരമാസമായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുന്ന ഇടപാടുകാരില്‍ അധികവും ഇന്ത്യയില്‍നിന്നാണ്. ഐപിഎല്‍ മൂന്നാംപതിപ്പിന് കൊടിയേറിയത് മുതല്‍ കോടിക്കണക്കിന് രൂപയുടെ പന്തയ ഇടപാടാണ് ഇതുവഴി നടക്കുന്നത്.

ചൂതാട്ടം ഇന്ത്യയില്‍ നിയമവിരുദ്ധമാണെങ്കിലും ഓലൈന്‍ ചൂതാട്ടത്തിന്റെ കാര്യത്തില്‍ അവ്യക്തതയാണ്. രാജ്യത്ത് നിലവിലുള്ള ചൂതാട്ടവിരുദ്ധ നിയമങ്ങളെല്ലാം ഇന്റര്‍നെറ്റ് യുഗത്തിന് മുമ്പുള്ളതാണ്. എങ്കിലും പൊതുവിലുള്ള ചൂതാട്ടനിയന്ത്രണവും നിരോധനവും ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ബാധകമാണെന്ന് നിയമജ്ഞര്‍ പറയുന്നു. ഇന്ത്യയിലെ നിരോധനമൊന്നും ചൂതാട്ടക്കാര്‍ക്ക് പ്രശ്നമല്ല. വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി ചൂതാട്ട സൈറ്റുകളില്‍ ഒന്നാണ് ബെറ്റ്365. ലാഡ്ബ്രോക്സ്, വില്യംഹില്‍, ബെറ്റ്ഫെയര്‍, ബെറ്റ്ചിക്ക് തുടങ്ങിയ സൈറ്റുകളുമുണ്ട്. എങ്കിലും ഐപിഎല്‍ പന്തയക്കാര്‍ക്ക് പ്രിയം ബെറ്റ് 365 തന്നെ. ഇവിടെ രൂപയിലൂടെതന്നെ പന്തയഇടപാടുകള്‍ നടത്താം. വിദേശകറന്‍സി വേണ്ട. പന്തയത്തില്‍ പങ്കുകൊള്ളാന്‍ ആഗ്രഹിക്കുന്നവര്‍ സൈറ്റില്‍ പ്രവേശിച്ച് പേരും വിലാസവുമൊക്കെ രേഖപ്പെടുത്തി അക്കൌണ്ട് തുറന്നാല്‍ മതി. കളി ക്രിക്കറ്റായതിനാല്‍ പന്തയത്തിന് പല രൂപങ്ങളുണ്ട്. ആര് ജയിക്കും എന്നതു തന്നെ പ്രധാനം. ടോസ് ആര്‍ക്ക് ലഭിക്കും, കൂടുതല്‍ റണ്‍സ് നേടുന്നവര്‍, വിക്കറ്റ് എടുക്കുന്നവര്‍, എത്ര സിക്സര്‍, എത്ര ബൌണ്ടറി തുടങ്ങി പന്തയത്തിന് സാധ്യതകള്‍ ഏറെ. ഏറ്റവും ഒടുവില്‍ കേട്ട പന്തയവിഷയം ലളിത് മോഡി ഐപിഎല്‍ കമീഷണര്‍സ്ഥാനം രാജിവയ്ക്കുമോ ഇല്ലയോ എന്നതായിരുന്നു. ടെന്‍ഡുല്‍ക്കര്‍ ഫൈനല്‍ കളിക്കുമോയെന്നതും പന്തയത്തിന് വന്നു.

പന്തയത്തിന് ഇന്ത്യ കേന്ദ്രമായി സൈറ്റുകളില്ലെങ്കിലും പന്തയത്തിന്റെ സാധ്യതകളും സൂചനകളുമൊക്കെ നല്‍കുന്ന 'സഹായ'സൈറ്റുകള്‍ ഒട്ടേറെയുണ്ട്. ഐപിഎല്‍ ബെറ്റ്, ഇന്ത്യാബെറ്റ് തുടങ്ങിയവ ഉദാഹരണം. ഒരു ഐപിഎല്‍ കളിയില്‍ എണ്ണൂറ് കോടിയോളം രൂപയുടെ പന്തയം ഇന്ത്യയിലും വിദേശത്തുമായി നടക്കുന്നുണ്ടെന്നാണ് കോഴഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഐപിഎല്‍ മൂന്നാംപതിപ്പില്‍ മൊത്തം അമ്പതിനായിരം കോടിയോളം രൂപയുടെ ചൂതാട്ടം നടന്നതായാണ് കണക്ക്. ഇതിനുപുറമെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചൂതാട്ട സംഘങ്ങളുമുണ്ട്. ഇന്ത്യയില്‍ മുംബൈയും വിദേശത്ത് ദുബായിയുമാണ് പ്രധാന കേന്ദ്രങ്ങള്‍. അധോലോകത്തിന്റെ ശക്തമായ പിന്തുണയോടെയാണ് ചൂതാട്ടക്കാരുടെ പ്രവര്‍ത്തനം. ഐപിഎല്‍ കളിക്കിടെ ബംഗളൂരു സ്റ്റേഡിയത്തില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ മുംബൈയിലെ ചൂതാട്ട സംഘങ്ങളാണോയെന്ന സംശയം ശക്തമാണ്. ബംഗളൂരുവില്‍ നിശ്ചയിച്ച സെമിഫൈനല്‍ മത്സരങ്ങള്‍ പന്തയക്കാരുടെ പ്രിയനഗരമായ മുംബൈയിലേക്ക് മാറ്റുന്നതിനു വേണ്ടിയാണ് സ്ഫോടനങ്ങളെന്നാണ് ആരോപണം.

ഐപിഎല്ലിനു പിന്നിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന ആദായനികുതി വകുപ്പ് കേന്ദ്രത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ചൂതാട്ടവിപണി ഐപിഎല്ലിനെ വലിയ ഒത്തുകളി കേന്ദ്രമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പല ഇന്ത്യന്‍ താരങ്ങളും വിദേശതാരങ്ങളും ഒത്തുകളിയില്‍ പങ്കാളികളാണെന്നാണ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ പല താരങ്ങളുടെയും പതനം തീര്‍ച്ച. ഇന്ത്യന്‍ ക്രിക്കറ്റിനുതന്നെ ഇതുവലിയ തിരിച്ചടിയാകുമെന്നതിനാല്‍ റിപ്പോര്‍ട്ട് മൂടിവയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായാണ് സൂചന. ഐപിഎല്‍ ചൂതാട്ടത്തിനു പിന്നിലും ലളിത് മോഡിയാണെന്ന തരത്തിലാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മോഡിയുടെ സൃഹൃത്തും ഡല്‍ഹിയിലെ ഉന്നതവൃത്തങ്ങളിലെ പ്രമുഖനുമായ സമീര്‍ തുക്റാളാണ് ചൂതാട്ടത്തിനു പിന്നിലെന്നാണ് ആരോപണം. എല്ലാ ഐപിഎല്‍ മത്സരങ്ങളിലും വിഐപി ലോഞ്ചില്‍ തുക്റാളിന്റെ സാന്നിധ്യമുണ്ടാകും. ഐപിഎല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നപ്പോഴും തുക്റാളുണ്ടായിരുന്നു. പുറത്തു പറയാവുന്ന ബിസിനസോ ജോലിയോ ഇല്ലാത്ത തുക്റാള്‍ ആഡംബരപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്. ചൂതാട്ടമാണ് ഒത്തുകളിക്ക് വഴിയൊരുക്കുന്നതെന്ന് പത്തുവര്‍ഷം മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച ഒത്തുകളി വിവാദം അന്വേഷിച്ച മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ കെ മാധവന്‍ പറഞ്ഞു. ഒത്തുകളിയും വാതുവയ്പും തമ്മില്‍ വലിയ ബന്ധമുണ്ട്. എല്ലാം അനധികൃതമായി നടക്കുന്നതുകൊണ്ടാണ് ഒത്തുകളിയിലേക്കും മറ്റും കാര്യങ്ങള്‍ നീങ്ങുന്നത്- മാധവന്‍ അഭിപ്രായപ്പെടുന്നു.

ദേശാഭിമാനി ഡല്‍ഹി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം പ്രശാന്ത് തയ്യാറാക്കിയ പരമ്പരയിലെ 4,5,6 ഭാഗങ്ങള്‍

പരമ്പരയിലെ അവസാ‍ന ഭാഗം

ലളിത് മോഡി റിട്ടയേര്‍ഡ് ഹര്‍ട്ട്

ചോര്‍ത്തുന്നത് ജനാധിപത്യത്തെ

കൊടുംക്രിമിനലുകളുടെ ടെലിഫോണ്‍ സംഭാഷണംപോലും അംഗീകൃത നിയമ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്‍ക്കും ചോര്‍ത്താന്‍ അധികാരമില്ല. രാജ്യസുരക്ഷ അപകടപ്പെടുന്നതുള്‍പ്പെടെയുള്ള അതീവഗുരുതരമായ സാഹചര്യങ്ങളില്‍, അത് ബോധ്യപ്പെടുന്ന ഉന്നതതല കമ്മിറ്റിയുടെ അനുവാദത്തോടെയും അതിന്റെ പരിശോധനയ്ക്ക് വിധേയമായും മാത്രമാണ് ഏതെങ്കിലും ടെലിഫോണ്‍ സംഭാഷണം ചോര്‍ത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കുന്നത്. അതല്ലാത്ത ഏതു ഫോണ്‍ ചോര്‍ത്തലും നിയമവിരുദ്ധമാണ്; ക്രിമിനല്‍ കുറ്റമാണ്. ഇങ്ങനെ കര്‍ക്കശമായ നിയമ വ്യവസ്ഥകളുള്ള നാട്ടില്‍ ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവരുടെയും പ്രതിപക്ഷനേതാക്കളുടെയും സ്വന്തം ഘടകകക്ഷിനേതാക്കളുടെയും ഫോണ്‍ ചോര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍തന്നെ തയ്യാറായിരിക്കുന്നു. സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്, കൃഷിമന്ത്രി ശരദ് പവാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ് എന്നിവരടക്കമുള്ളവരുടെ സംഭാഷണം ചോര്‍ത്തിയ തായാണ് 'ഔട്ട്ലുക്ക്' വാരികയിലൂടെ പുറത്തുവന്നത്.

രാജീവ് ഗാന്ധിയുടെ വീടിനടുത്ത് രണ്ട് പൊലീസുകാരെ കണ്ടു എന്ന കാരണം പറഞ്ഞ് ഒരു ഗവണ്‍മെന്റിനെത്തന്നെ മറിച്ചിട്ട പാരമ്പര്യം കോണ്‍ഗ്രസിനുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പേരില്‍ രാമകൃഷ്ണ ഹെഗ്ഡെയ്ക്ക് മുഖമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു. സഹമന്ത്രിയുടെയും ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്റെയും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി എന്ന വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ രാജി അവിടത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് ഈയിടെയാണ്. കേരളത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തി എന്ന വാര്‍ത്ത വന്നപ്പോള്‍ തങ്ങള്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ചെയ്യാന്‍ അധികാരമില്ലെന്നും സിബിഐക്ക് പറയേണ്ടിവന്നിരുന്നു.

ഇപ്പോള്‍ ദേശീയ നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍ടിആര്‍ഒ) എന്ന ഏജന്‍സി ചോര്‍ത്തിയ സംഭവത്തിന് മേല്‍പറഞ്ഞ സംഭവങ്ങളേക്കാള്‍ ഗൌരവവും പ്രാധാന്യവുമുണ്ട്. ശിക്ഷാര്‍ഹമായ കുറ്റകൃത്യം എന്നതിനൊപ്പവും അതിലുപരിയുമായി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ വയ്ക്കുന്ന കത്തി കൂടിയാണത്. സിപിഐ എം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടിയപോലെ, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി യുപിഎ സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനം ദുരുപയോഗംചെയ്യുന്നതിന് ഒന്നാംതരം ഉദാഹരണമാണ് ഫോണ്‍ ചോര്‍ത്തല്‍.

ജനാധിപത്യത്തെ അട്ടിമറിച്ചും അതിന്റെ അന്തസ്സത്തയെ ചവിട്ടിയരച്ചും അധികാരം നിലനിര്‍ത്താനുള്ള അതിമോഹമാണ് നിയമവിരുദ്ധമായ വഴികളിലേക്ക് യുപിഎ നേതൃത്വത്തെ നയിച്ചത്. ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചപ്പോള്‍ പണം വാരിയെറിഞ്ഞും വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞും എംപിമാരെ വിലയ്ക്കുവാങ്ങി ഭൂരിപക്ഷം തികയ്ക്കാന്‍ കിതച്ചോടുന്ന കോണ്‍ഗ്രസ് നേതൃത്വത്തെയാണ് രാജ്യം കണ്ടത്. കുതിരക്കച്ചവടത്തിലൂടെ അന്ന് ജനവിധിയെ മറികടക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. സിബിഐയെ ഉപയോഗിച്ച് തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയ നേതാക്കളെ കള്ളക്കേസില്‍ കുരുക്കിയതും വരുതിയില്‍ നിര്‍ത്തണമെന്ന് തോന്നുന്നവരെ പ്രീണിപ്പിച്ചതും ജനാധിപത്യത്തിന്റെ സത്ത നശിപ്പിക്കുന്ന നടപടിതന്നെയാണ്. ഇപ്പോള്‍, പാര്‍ലമെന്റില്‍ ഖണ്ഡനോപക്ഷേപം വരുമ്പോള്‍, മായാവതിയുടെ പിന്തുണ നേടി രക്ഷപ്പെടാനും സിബിഐയെ രംഗത്തിറക്കുന്നതായാണ് വാര്‍ത്ത. മായാവതിക്കെതിരായ കേസ് സിബിഐ അവസാനിപ്പിക്കാം എന്ന വ്യവസ്ഥയില്‍, പാര്‍ലമെന്റില്‍ അവരുടെ സഹായം യുപിഎ സര്‍ക്കാരിന് ലഭിക്കാന്‍ പോകുന്നു.

തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ പത്രങ്ങളില്‍ പണംകൊടുത്ത് വാര്‍ത്തയെഴുതിക്കുക എന്ന രീതി നാട്ടില്‍ കൊണ്ടുവന്നതും അതിന്റെ പരമാവധി പ്രയോജനം അനുഭവിച്ചതും കോണ്‍ഗ്രസാണ്-മഹാരാഷ്ട്ര മുഖ്യമന്ത്രിതന്നെ അതിന് തെളിവ്. ഏതുവിധേനയും അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിത്തന്നെയാണ് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയത്. ഫോണ്‍ ചോര്‍ത്തല്‍ ഇതുവരെ സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല. അന്വേഷിക്കാമെന്നു പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, കേവലമായ ഒരു അന്വേഷണച്ചടങ്ങില്‍ തീരുന്നതല്ല പ്രശ്നം. പ്രതിപക്ഷനേതാക്കളുടേത് മാത്രമല്ല, സ്വന്തം മന്ത്രിസഭയിലെ സീനിയര്‍ അംഗത്തിന്റെയും സ്വന്തം പാര്‍ടിയിലെ സമുന്നത നേതാവിന്റെയുംകൂടി ഫോണ്‍ സംഭാഷണം സര്‍ക്കാര്‍ ഏജന്‍സി ചോര്‍ത്തി എന്നത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് എളുപ്പത്തില്‍ ന്യായീകരിക്കാവുന്ന സംഗതിയല്ല. തന്റെ ഔദ്യോഗിക വസതിയിലെ ഫോണ്‍ ചോര്‍ത്തിയത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞിട്ടുണ്ട്. തീവ്രവാദികളുടെയും ഭീകരരുടെയും അക്രമം തടഞ്ഞ് ദേശീയസുരക്ഷ ശക്തമാക്കാനുള്ള സംവിധാനം ദുരുപയോഗം ചെയ്താണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഫോണ്‍ ചോര്‍ത്തിയത് എന്നത് സ്ഥിതി കുറെക്കൂടി ഗുരുതരമാക്കുന്നു. സാങ്കേതിക വിദ്യയുടെ നഗ്നവും ഗുരുതരവുമായ ദുരുപയോഗത്തിന്റെ പ്രശ്നവും ഇതിലുണ്ട്. ജനാധിപത്യത്തിന്റെയും നിയമത്തിന്റെയും നിഷേധം കേന്ദ്രസര്‍ക്കാരില്‍നിന്നുതന്നെയാണ് ഉണ്ടായിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തിയതിന്റെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കുകമാത്രമല്ല ഇതിന് നിര്‍ദേശം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും വേണം.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെയും ഔദ്യോഗിക സംവിധാനങ്ങളെയും ദുരുപയോഗംചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കുകയും ഗവമെന്റിന്റെ ഉന്നതതലങ്ങളില്‍തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്യുന്ന ഈ പ്രവണതയ്ക്ക് പൂര്‍ണവിരാമമിടാന്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ സ്വയം തയ്യാറായില്ലെങ്കില്‍ ജനങ്ങളുടെ സംഘടിതശക്തിയാണ് ആ ധിക്കാരത്തിനു മറുപടി പറയേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം 26042010

ഇന്ദിരയുടെ വഴിയില്‍ മന്‍മോഹന്‍ സര്‍ക്കാരും

രാഷ്ട്രീയ പ്രതിയോഗികളുടെയും സ്വന്തം പാര്‍ടിയിലെ സംശയമുള്ളവരുടെയും ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയ അടിയന്തരാവസ്ഥയിലെ ഇന്ദിരാ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോഴും കേന്ദ്രം ഭരിക്കുന്നതെന്ന് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തെളിയിച്ചു. ഫോണ്‍ ചോര്‍ത്തുന്നതിലെ സാങ്കേതികവിദ്യയില്‍ മാത്രമാണ് അന്നും ഇന്നും തമ്മില്‍ വ്യത്യാസം. അധികാരം നഷ്ടപ്പെടുമോ എന്ന ആധിയാണ് മറ്റുള്ളവരുടെ സംഭാഷണം ഒളിഞ്ഞുകേള്‍ക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. തന്റെ ടെലിഫോണ്‍ ചോര്‍ത്തുന്നതായി സെയില്‍സിങ് രാഷ്ട്രപതിയായിരിക്കെ രാജീവ്ഗാന്ധി സര്‍ക്കാരിനോട് പരാതിപ്പെട്ടിരുന്നു. 1988ല്‍ രാഷ്ട്രീയ എതിരാളികളുടെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്ഡെക്ക് രാജിവയ്ക്കേണ്ടിവന്നു. 2006ല്‍ സമാജ്വാദി പാര്‍ടി നേതാവായിരുന്ന അമര്‍സിങ്ങിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായും പരാതിയുണ്ടായിരുന്നു. എ ബി വാജ്പേയി, ചരസിങ്, ജഗജ്ജീവന്റാം, ചന്ദ്രശേഖര്‍, പത്രപ്രവര്‍ത്തകരായ കുല്‍ദീപ് നയ്യാര്‍, അരു ഷൂരി, ജി എസ് ചാവ്ള തുടങ്ങി നിരവധി പേരുടെ ഫോണ്‍ സംഭാഷണം കോണ്‍ഗ്രസ് സര്‍ക്കാര്‍ ചോര്‍ത്തിയത് മുമ്പ് പുറത്തുവന്നിരുന്നു.

അടിയന്തരാവസ്ഥ തിരിച്ചുവരികയാണോ എന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി തന്റെ ബ്ളോഗില്‍ എഴുതുന്നു. കാലഹരണപ്പെട്ട ഇന്ത്യന്‍ ടെലിഫോണ്‍ ആക്ട് എടുത്തുകളയണമെന്നും പൌരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്നും അദ്വാനി ആവശ്യപ്പെടുന്നു.

വളരെ അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്നില്‍ക്കണ്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫോണ്‍ സംഭാഷണം ചോര്‍ത്താനുള്ള അനുമതി നല്‍കാമെന്ന് 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ 1996ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശം കൂടുതല്‍ വ്യക്തത നല്‍കി. നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഗുരുതര കുറ്റവുമാണെന്ന് കോടതി വിലയിരുത്തി. ഫോണ്‍ സംഭാഷണം ചോര്‍ത്താനുള്ള ഉത്തരവ് കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ ആഭ്യന്തര സെക്രട്ടറിയായിരിക്കണം നല്‍കേണ്ടതെന്നും അത് 15 ദിവസത്തേക്ക് മാത്രമായിരിക്കണമെന്നും നിര്‍ദേശിച്ചു. വീണ്ടും ഫോണ്‍ ചോര്‍ത്തണമെങ്കില്‍ പുതിയ ഉത്തരവ് വേണം. മറ്റ് മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമേ ടെലിഫോണ്‍ ചോര്‍ത്താന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു.

വാര്‍ത്താവിനിമയരംഗത്തെ കുതിച്ചുചാട്ടം കണക്കിലെടുക്കുമ്പോള്‍ ഈ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി വരികയാണ്.
(വി ജയിന്‍)

deshabhimani 26042010

നുണക്കൊട്ടാരങ്ങള്‍ തകരുമ്പോള്‍....

നുണക്കൊട്ടാരം തകര്‍ന്നപ്പോള്‍ പുതിയ കഥകള്‍: പിണറായി

ലാവ്ലിന്‍ കരാറിലൂടെ തന്റെ കൈയില്‍ കോടികള്‍ എത്തിയെന്ന നുണപ്രചാരണം അന്വേഷണ ഏജന്‍സിയായ സിബിഐ തന്നെ പൊളിച്ചതിന്റെ വേവലാതിയിലാണ് ചിലരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ വേവലാതിയിലാണ് പുതിയ കഥകള്‍ മെനഞ്ഞെടുക്കാനുള്ള ശ്രമം മാധ്യമങ്ങള്‍ നടത്തുന്നത്. ലാവ്ലിന്‍ കേസില്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരമാണ് കോടതിയില്‍ സിബിഐ കൊടുത്ത പ്രസ്താവനയിലൂടെ പൊളിഞ്ഞത്. സിപിഐ എം ജില്ലാ കമ്മിറ്റി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ഒരു കേസ് വന്നാല്‍, അതില്‍പ്പെട്ടവരാണ് ഉല്‍ക്കണ്ഠപ്പെടാറുള്ളത്. എന്നാല്‍, ഇവിടെ നേരേ മറിച്ചാണ്. ചില കേന്ദ്രങ്ങള്‍ ഇതേപ്പറ്റി സ്ഥിരമായി ആലോചിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട മാധ്യമങ്ങളുടെ ഇടയില്‍ അത്യന്തം ഹീനമായ പ്രവൃത്തി ചെയ്യുന്നവരുണ്ട്. ഒരു മാധ്യമം കൈയില്‍വച്ച് ആളുകളെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഒരാള്‍. ഒരു വാര്‍ത്ത വരാന്‍ പോകുകയാണെന്നും അത് വരാതിരിക്കാന്‍ ഇത്ര ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെടുന്ന ഒരു സാമൂഹ്യദ്രോഹി നമ്മുടെ മാധ്യമങ്ങളുടെ ഇടയിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ആളെ കൊല്ലാനും കൈയും കാലും വെട്ടാനും ഇത്ര തുകയെന്ന് പറഞ്ഞ് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തെപോലെയാണ് അയാളുടെ പ്രവര്‍ത്തനം. ഈ സാമൂഹ്യദ്രോഹിയെ നന്നായി ഉപയോഗിക്കുന്ന വീരന്മാരും നമ്മുടെ നാട്ടിലുണ്ട്. സാമൂഹ്യദ്രോഹി നല്‍കുന്ന വാര്‍ത്തകള്‍ക്കെല്ലാം വലിയ പ്രചാരണം കൊടുക്കുകയാണ് ചില മാധ്യമങ്ങള്‍.

ലാവ്ലിന്‍ കേസില്‍ എന്റെ കൈയില്‍ കോടികള്‍ വന്നുവെന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്. ചിലര്‍ പറഞ്ഞത് 350 കോടി. മറ്റു ചിലര്‍ പ്രചരിപ്പിച്ചത് 500 കോടിയെന്നും. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാര്‍ടിയിലുള്ളവര്‍ക്ക് അറിയാം. സംശയത്തിന്റ കണികപോലും പാര്‍ടിക്കോ പ്രവര്‍ത്തകര്‍ക്കോ ഉണ്ടായിട്ടില്ല. എന്നാല്‍, സമൂഹത്തില്‍ ഒട്ടനവധി പേരുടെ മനസ്സില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇവരുടെ പ്രചാരണം ഇടയാക്കി. സിപിഐ എമ്മിനെ പോലുള്ള ഒരു രാഷ്ട്രീയ പാര്‍ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ഞങ്ങളുടെ കൈകള്‍ ശുദ്ധമായതുകൊണ്ടും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതുകൊണ്ടുമാണ് തളരാതിരുന്നത്.

കോടതിയില്‍ വന്ന ഒരു ഹര്‍ജിയുടെ തെളിവെടുപ്പിന്റ ഭാഗമായാണ് ചില കാര്യങ്ങള്‍ സിബിഐക്ക് പറയേണ്ടിവന്നത്. ലാവ്ലിന്‍ കേസില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സിബിഐക്ക് പറയേണ്ടി വന്നു. ചിലര്‍ പ്രചരിപ്പിച്ചതുപോലെ, ഒരു നയാപൈസ പോലും എന്റെ കൈയിലേക്ക് വന്നില്ലെന്ന് സിബിഐയുടെ പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, ഇതുകൊണ്ട് കേസ് അവസാനിച്ചെന്ന മിഥ്യാധാരണ ഞങ്ങള്‍ക്കില്ല. കൂത്തുപറമ്പ് ലോക്കപ്പില്‍ പണ്ട് തല്ലുകൊണ്ടിട്ട് ഞാന്‍ വീഴാത്തതുകണ്ടപ്പോള്‍ ഒരു പൊലീസുകാരന് വാശിയായി. ഇവനെന്താ വീഴാത്തത്, ഇവനെ ഞാന്‍ വീഴ്ത്താമെന്നുപറഞ്ഞ് ഒരു പ്രയോഗം അയാള്‍ നടത്തി. ഞാന്‍ മാറിനിന്നു. ചെറുപ്പമല്ലേ. നീയെന്ത് വീഴ്ത്താനാടാ എന്നു ഞാന്‍ ചോദിച്ചു. തല്ല് പൊതിരെ കിട്ടുകയും ചെയ്തു. ഇവന്‍ വീഴാത്തതെന്താണെന്ന വിചാരത്തോടെ ഇപ്പോള്‍ നടത്തുന്ന ഈ പ്രചാരണങ്ങള്‍ ഇതുപോലെയാണ്. പൊതുപ്രവര്‍ത്തനത്തിനിടെ ശിക്ഷിക്കപ്പെട്ട ഒരാളാണ് ഞങ്ങളെ പൊതുപ്രവര്‍ത്തനമൂല്യം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. ജോര്‍ജുമാരും വീരന്മാരും ഏതു തരക്കാരാണെന്ന് ഞങ്ങള്‍ക്ക് അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല, ആക്ഷേപിക്കാന്‍ പൊതുവേദി എന്തിന് ഉപയോഗിക്കണമെന്നുകരുതിയാണ് മിണ്ടാത്തതെന്നും പിണറായി പറഞ്ഞു.

മാധ്യമങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ നിന്നുതരാന്‍ ഞങ്ങളെ കിട്ടില്ല: പിണറായി

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെപ്പറ്റി ആന്റണി പറഞ്ഞകാര്യംപോലും പറയാന്‍ മടിക്കുന്ന മാധ്യമങ്ങള്‍ സിപിഐ എമ്മിനെക്കറിച്ച് അപവാദം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, മാധ്യമങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ നിന്നുതരാന്‍ ഞങ്ങളെ കിട്ടില്ല. സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. പിണറായി ഒരറ്റത്തും വി എസ് അച്യുതാനന്ദന്‍ മറ്റൊരറ്റത്തുമാണെന്നാണ് പ്രചാരണം. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ തര്‍ക്കമാണെന്നും പ്രരിപ്പിക്കുന്നു. ഏതെങ്കിലും പൊലീസ് ഉദ്യേഗസ്ഥന്റെ കാര്യങ്ങള്‍ നോക്കുകയല്ല സിപിഐ എമ്മിന്റെ പണി. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയെപ്പറ്റി ഗവമെന്റ് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു. ഇത്തരം കാര്യങ്ങളില്‍ നമ്മുടെ നാട്ടില്‍ കോടതികള്‍ ഇടപെട്ടെന്നു വരാം. അതിനു മുകളില്‍ കോടതികളുണ്ട്. തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചൊല്ലി ഞങ്ങള്‍ തമ്മില്‍ തര്‍ക്കിക്കേണ്ട കാര്യമെന്താണ്. തീരുമാനമെടുക്കേണ്ട വിഷയമാണെങ്കില്‍ പാര്‍ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുക സ്വാഭാവികമാണ്. ഒരാള്‍ പറയുന്നത് എല്ലാവരും ഏറ്റുപറയലല്ല പാര്‍ടിയിലെ രീതി. സിപിഐ എമ്മിനുള്ളില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന്് ഞങ്ങള്‍തന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് പരിഹരിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ നിന്നുതരാന്‍ ഞങ്ങളെ കിട്ടില്ല. വി എസോ പിണറായിയോ തമ്മില്‍ പോരടിക്കുന്നവരല്ല. അത് മനസിലാക്കുക. സിപിഐ എമ്മിനെക്കുറിച്ച് മോശം ചിത്രമുണ്ടാക്കാനാണ് ശ്രമം. ഇവര്‍ക്ക് തല്ലു കൂടാനേ നേരമുള്ളോയെന്ന് ചിന്തിപ്പിക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി 26042010

Sunday, April 25, 2010

ഫോണ്‍ ചോര്‍ത്തല്‍: കേന്ദ്രം കുരുക്കില്‍

പ്രതിപക്ഷനേതാക്കളുടെയും ഘടകകക്ഷികളുടെയും ഫോണ്‍ ചോര്‍ത്തിയ സംഭവം പുറത്തായത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ വീണ്ടും കുരുക്കിലാക്കി. ഐപിഎല്‍ വിവാദത്തില്‍നിന്ന് തലയൂരാനാവാതെ യുപിഎ സര്‍ക്കാര്‍ കുഴങ്ങുന്നതിനിടയിലാണ് രാജ്യത്തിന്റെ നിയമസംവിധാനത്തെതന്നെ വെല്ലുവിളിക്കുന്ന 'ചാരപ്രവര്‍ത്തനം' വെളിച്ചത്തായത്. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരഗാന്ധിയുടെ ജനാധിപത്യവിരുദ്ധശൈലി മന്‍മോഹന്‍സിങ് സര്‍ക്കാരും മാതൃകയാക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള ദേശീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയ സംഭവം തെളിയിക്കുന്നു. സംഭവം അന്വേഷിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച അറിയിച്ചെങ്കിലും മറ്റൊരു വിശദീകരണവും നല്‍കിയില്ല.

സംഭവം അടുത്ത ദിവസങ്ങളില്‍ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുമെന്നാണ് വിവിധ നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്. പാര്‍ലമെന്റില്‍ തിങ്കളാഴ്ച പ്രശ്നമുന്നയിച്ച് സിപിഐ എം അടക്കമുള്ള പ്രതിപക്ഷം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തും.

ഐപിഎല്‍ അഴിമതി യുപിഎയെ വേട്ടയാടുന്നതിനിടയിലാണ് പ്രകാശ് കാരാട്ട്, കൃഷിമന്ത്രി ശരത് പവാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ് എന്നിവരടക്കമുള്ളവരുടെ സംഭാഷണം ചോര്‍ത്തിയ കാര്യം 'ഔട്ട്ലുക്ക്' വാരിക പുറത്തുകൊണ്ടുവന്നത്. ഖണ്ഡനോപക്ഷേപം കൊണ്ടുവരാനുള്ള ഇടതുപക്ഷ തീരുമാനത്തോടെ പാര്‍ലമെന്റില്‍ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍. ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല. അന്വേഷിക്കാമെന്നു മാത്രമാണ് അറിയിച്ചത്.

നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ തെറ്റാണെന്നും എന്നാല്‍, അത് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. ഫോണ്‍ ചോര്‍ത്തിയത് അങ്ങേയറ്റം അപലപനീയമാണെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ പറഞ്ഞു. ജനാധിപത്യവിരുദ്ധമായ ഈ നടപടി വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ബിജെപി വക്താവ് നിര്‍മല സീതാരാമന്‍ പറഞ്ഞു. വിഷയം തിങ്കളാഴ്ച പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് ബിജെപി നേതാവ് എസ് എസ് അലുവാലിയ അറിയിച്ചു. തന്റെ ഔദ്യോഗിക വസതിയിലെ ഫോണ്‍ ചോര്‍ത്തിയത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ മാപ്പുപറയണമെന്ന് എന്‍സിപി യുവജനവിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍ടിആര്‍ഒ) എന്ന ഏജന്‍സിയാണ് ഫോണുകള്‍ ചോര്‍ത്തിയത്. കാര്‍ഗില്‍ യുദ്ധത്തിനുശേഷം രൂപീകരിച്ച ഏജന്‍സിയാണ് ഇത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഏജന്‍സി ഫോണ്‍ ചോര്‍ത്തണമെങ്കില്‍ ഗവമെന്റിന്റെ കൃത്യമായ നിര്‍ദേശമുണ്ടെന്ന് ഉറപ്പാണ്. തീവ്രവാദികളുടെയും ഭീകരരുടെയും അക്രമം തടഞ്ഞ് ദേശീയസുരക്ഷ ശക്തമാക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ദുരുപയോഗം ചെയ്തത്. ഗുരുതരമായ ക്രിമിനല്‍ കുറ്റം സംബന്ധിച്ച അന്വേഷണം, തീവ്രവാദമടക്കമുള്ള രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ തടയല്‍ എന്നിങ്ങനെ അതീവ ഗൌരവമുള്ള കാര്യങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ ഫോണ്‍ ചോര്‍ത്താമെന്ന് വ്യവസ്ഥയുണ്ട്. ഇതല്ലാത്ത ഫോണ്‍ ചോര്‍ത്തല്‍ പൌരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മൌലികാവകാശങ്ങളുടെ ലംഘനവുമാണ്. 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫിക് നിയമത്തിന്റെ സെക്ഷന്‍ അഞ്ചിലെ 419, 419എ വകുപ്പുകള്‍ പ്രകാരം ഗവമെന്റിന്റെ അനുമതിയുണ്ടെങ്കിലേ ഫോണ്‍ ചോര്‍ത്താന്‍ പാടുള്ളൂ.
(വി ജയിന്‍)

ഫോണ്‍ ചോര്‍ത്തല്‍ സേവനദാതാവും അറിയാതെ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദം വിരല്‍ചൂണ്ടുന്നത് സാങ്കേതികവിദ്യയുടെ ഗുരുതരമായ നിയമവിരുദ്ധപ്രയോഗങ്ങളിലേക്ക്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സേവനദാതാവുപോലും അറിയാതെയാണ് ഫോണ്‍ ചോര്‍ത്തല്‍. ഓഫ് ദ എയര്‍ മോണിട്ടറിങ് എന്ന ഫോണ്‍ ചോര്‍ത്തല്‍ സംവിധാനം ഇന്ത്യയില്‍ ആദ്യമായി ഉയോഗിച്ചത് 2005-06ലാണ്. ഇതിന് ഫോണ്‍ കമ്പനികളുടെ സഹായം പോലും ആവശ്യമില്ല. ഫോണുമായി നേരിട്ട് ബന്ധവും വേണ്ട. ഒരിടത്ത് ഉപകരണം ഘടിപ്പിച്ചാല്‍ രണ്ടു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ കോളും ചോര്‍ത്തപ്പെടും. സെല്‍ഫോണില്‍നിന്ന് മൊബൈല്‍ ടവറിലേക്കുള്ള തരംഗങ്ങളാണ് പിടിച്ചെടുക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന സംഭാഷണങ്ങള്‍ പിന്നീട് തരംതിരിച്ചെടുക്കാം. ഒരേസമയം ആയിരം സംഭാഷണംവരെ ചോര്‍ത്താം. കോളുകള്‍ തടസ്സപ്പെടുത്തുകയോ ഏതെങ്കിലും തരത്തിലുള്ള തരംഗങ്ങള്‍ പുറപ്പെടുവിക്കുകയോ ചെയ്യാത്തതിനാല്‍ ചോര്‍ത്തല്‍ കണ്ടുപിടിക്കപ്പെടുകയുമില്ല. ആര്‍ക്കും ആരുടെയും ഫോണ്‍ ചോര്‍ത്താമെന്ന സ്ഥിതിയാണ്. നിശ്ചിതപരിധിയിലുള്ള ഏത് ഫോണ്‍ കോളും റെക്കോഡ് ചെയ്യാനുമാകും. ജിഎസ്എം, സിഡിഎംഎ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെല്‍ഫോണുകള്‍ക്ക് വ്യത്യസ്തമായ ചോര്‍ത്തല്‍ സംവിധാനമാണുള്ളത്. അധോലോകസംഘങ്ങളും ഭീകരരും വന്‍കിടബിസിനസുകാരുമെല്ലാം ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. രണ്ടുകോടിയോളം രൂപയാണ് ഉപകരണത്തിന്റെ വില. ബ്രിട്ടന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന ഉപകരണങ്ങള്‍ ഇന്ത്യയില്‍ വിതരണംചെയ്യാന്‍ ഏജന്റുമാരുണ്ട്.

ഫോണ്‍ ചോര്‍ത്തല്‍ അതീവ ഗൌരവമുള്ളത്: ദേവഗൌഡ

ബംഗളൂരു: സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയത് ജനാധിപത്യമൂല്യങ്ങള്‍ക്കെതിരും അങ്ങേയറ്റം അപലപനീയവുമാണെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൌഡ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ഔന്നത്യമുള്ള കാരാട്ടിനെപ്പോലൊരു വ്യക്തിയുടെ ഫോണ്‍ ചോര്‍ത്തിയത് ജനാധിപത്യത്തിന് നാണക്കേടാണ്. സംഭവത്തെ ഏറെ ഗൌരവത്തോടെ കണ്ട് സമഗ്ര അന്വേഷണം നടത്തണം. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ ഇടതുപക്ഷം നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്നും ഗൌഡ പറഞ്ഞു.

ദേശാഭിമാനി 25042010