സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെപ്പറ്റി വീണ്ടും ചില അപശബ്ദങ്ങള്‍ ചില ഇരുണ്ടമൂലകളില്‍നിന്ന് കേള്‍ക്കുന്നു. എഴുത്തുകാരുടെയും ജീവനക്കാരുടെയും കഞ്ഞിക്കലം മാറാല കെട്ടിക്കിടന്ന 1985 മുതല്‍ 1997വരെയുള്ള കാലങ്ങളില്‍ ആരും നിലവിളിച്ചില്ല. അതങ്ങനെ മരിച്ചോളും. ആ മരണംപോലും ആരും അറിയണ്ടായെന്ന് വിചാരിച്ചിട്ടുണ്ടാവും. വീക്ഷണം വാരാന്തപ്പതിപ്പില്‍ ഒരു ലേഖകന്‍ എഴുതിയ ലേഖനം വായിച്ചപ്പോഴാണ് ഇങ്ങനെയൊക്കെ ചിന്തിച്ചുപോയത്. അങ്ങ് തലസ്ഥാനത്തുനിന്ന് മറ്റു ചിലരും ഉണ്ടയില്ലാ വെടികള്‍ വയ്ക്കുന്നുണ്ട്. നമ്മുടെ സാഹിത്യകാരന്മാര്‍ സംഘം ഭരിച്ചിരുന്നകാലത്തുതന്നെയാണല്ലോ ഇതിന്റെ അപചയം സംഭവിച്ചത്. സാഹിത്യകാരന്മാരെ കുറ്റപ്പെടുത്തുകയല്ല. മറ്റ് ഒട്ടേറെ കാരണങ്ങളുണ്ടാവും. അതൊന്നും വിസ്തരിക്കുന്നില്ല.
1981 മുതല്‍ സംഘം ക്രമേണ നഷ്ടത്തിലേക്ക് നീങ്ങിയിട്ടും അത് പരിഹരിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും എങ്ങും കണ്ടില്ല. 1996 ലാണ് അന്നത്തെ സഹകരണമന്ത്രി പിണറായി വിജയന്‍ ഇത് സംരക്ഷിക്കേണ്ടത് സാംസ്കാരികകേരളത്തിന് ആവശ്യമാണെന്നും സാഹിത്യകാരന്മാരെ തിരുവനന്തപുരം ഡര്‍ബാര്‍ ഹാളില്‍ വിളിച്ചുകൂട്ടി നവീകരണപ്രവര്‍ത്തനത്തെക്കുറിച്ച് ആലോചിച്ചതും. ഓഫ്സെറ്റ് പ്രസും പുതിയ സംവിധാനങ്ങളുമുണ്ടാക്കി നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ 'സംഘം മാര്‍ക്സിസ്റ്റുകാര്‍ പിടിച്ചെടുക്കുന്നേ' എന്ന നിലവിളി ചില ഭാഗത്തുനിന്നുണ്ടായി. കടത്തില്‍ മുങ്ങിക്കിടക്കുന്ന ഈ സ്ഥാപനം പിടിച്ചെടുത്തിട്ട് അവര്‍ക്ക് എന്തുപ്രയോജനമെന്ന് ചിന്തിക്കാനുള്ള സാമാന്യയുക്തിപോലും അവര്‍ക്കുണ്ടായില്ല. 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നല്ലോ. സംഘത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി മുന്‍സഹകരണമന്ത്രി അനുവദിച്ച് ബാങ്കില്‍ കിടന്ന തുകപോലും പിന്‍വലിക്കാന്‍ അനുവദിച്ചില്ലല്ലോ. ആരും കരഞ്ഞുകേട്ടില്ല. ദയാവധം കൊടുക്കണമെന്നും ഇങ്ങനൊരു എഴുത്തുകാരുടെ സംഘത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നുമാണ് പറഞ്ഞു കേട്ടത്. ആ തുകകൊണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഈ ഭീമന്‍ബാധ്യത സംഘത്തിന് ഉണ്ടാകുമായിരുന്നില്ല.
സഹകരണമന്ത്രി ജി സുധാകരനാണോ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ രക്ഷാധികാരിയെന്ന് ഒരു ലേഖകന് സംശയം. ഒരു സംശയവും വേണ്ട. അദ്ദേഹംതന്നെയാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കാലംകൊണ്ട് എന്തെന്തുനേട്ടങ്ങളാണ് മന്ത്രി ജി സുധാകരന്റെ ശ്രമഫലമായി ഉണ്ടായതെന്ന് ലേഖകന്‍ അന്വേഷണം നടത്തുന്നതും നന്നായിരിക്കുമെന്ന് തോന്നുന്നു. സാഹിത്യത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറയുന്നുവെന്നോ? ചിരിക്കാന്‍ തോന്നുന്നു. സാഹിത്യത്തെക്കുറിച്ചുപറയാന്‍ മന്ത്രി ജി സുധാകരനുള്ള അര്‍ഹത അദ്ദേഹം മന്ത്രിയായതുകൊണ്ടല്ല, സാഹിത്യം നന്നായി എന്നും പഠിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ്.
വിഷയം സാഹിത്യത്തിലേക്ക് കടക്കുമ്പോഴാണ് ലേഖകന്റെ ധാര്‍മികരോഷം അസഹ്യമാകുന്നത്. സംഘം പ്രകാശനംചെയ്ത നൂറുപുസ്തകങ്ങളില്‍ നാലെണ്ണം മാത്രമേ ഉപയോഗമുള്ളത്രെ. ഇതൊക്കെ തീരുമാനിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? കുമാരനാശാന്‍, തകഴി, കേശവദേവ്, കാരൂര്‍, പൊന്‍കുന്നം വര്‍ക്കി, വയലാര്‍ രാമവര്‍മ, ഒ എന്‍ വി, സുഗതകുമാരി, വിഷ്ണുനാരായണന്‍നമ്പൂതിരി, എം ലീലാവതി, പി വത്സല, സി രാധാകൃഷ്ണന്‍, യു എ ഖാദര്‍, ജോര്‍ജ് ഓണക്കൂര്‍, കെ എല്‍ മോഹനവര്‍മ, പുനത്തില്‍ കുഞ്ഞബ്ദുള്ള, അക്ബര്‍ കക്കട്ടില്‍, പാലാ കെ എം മാത്യു, പ്രൊഫ. എം കെ സാനു, പ്രൊഫ. എസ് ശിവദാസ്, കിളിമാനൂര്‍ രമാകാന്തന്‍, റോസ് മേരി, യു കെ കുമാരന്‍, സാറാ തോമസ്, ശ്രീകുമാരന്‍ തമ്പി, കെ എം റോയ്, സിപ്പി പള്ളിപ്പുറം തുടങ്ങിയ കേരളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ രചനകളാണ് സംഘം അടുത്തകാലത്ത് പുറത്തിറക്കിയത്. ഒപ്പം പുതിയ എഴുത്തുകാര്‍ക്കും വേണ്ടത്ര പരിഗണന നല്‍കിയിട്ടുണ്ട്. മൊത്തം അഞ്ഞൂറ് പുസ്തകം. അക്കൂട്ടത്തില്‍ എണ്ണപ്പെട്ട വിശ്വസാഹിത്യഗ്രന്ഥങ്ങളുണ്ട്. നിഘണ്ടുക്കളും ഇതിഹാസഗ്രന്ഥങ്ങളുമുണ്ട്. അടുത്ത ആഗസ്ത് അവസാനിക്കുംമുമ്പ് അഞ്ഞൂറ് കൃതികൂടി പ്രകാശിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായി സംഘം മുന്നേറുമ്പോള്‍ ഇരുട്ടിനുള്ളില്‍ മറഞ്ഞിരുന്ന മണ്ഡൂകങ്ങളെപ്പോലെ ചിലര്‍ ചിലയ്ക്കുന്നത് ഒറ്റപ്പെട്ട ആത്മരോദനമായി അവഗണിക്കാം. പക്ഷേ, കേരളത്തിലെ എഴുത്തിന്റെ വഴികളില്‍ എഴുത്തുകാര്‍ക്ക് തറവാടായി, എഴുത്തുകാരുടെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം കരുത്താര്‍ജിക്കുമ്പോള്‍ അതിന്റെ ഭിത്തിയില്‍ അശ്ളീലം എഴുതിവച്ച് രസിക്കുന്നത് ഭാഷയുടെ ആദ്യക്ഷരമെങ്കിലും വശമുള്ളവര്‍ ഒരിക്കലും ചെയ്യരുതാത്ത ഹീനകര്‍മമാണ്. സാഹിത്യം ഒരു മിമിക്രിയല്ല എന്ന് ഇതിന് ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഒരുവട്ടം ആലോചിക്കുന്നത് നന്ന്.
വികലമായ ചില സാഹിത്യവിചാരങ്ങള്‍ മുമ്പും ചിലര്‍ നടത്തിയിട്ടുണ്ട്. കേശവദേവ് ഓടസാഹിത്യകാരനാണ്, വയലാറും പി ഭാസ്കരനും ഒ എന്‍ വിയും പടപ്പാട്ടുകാരാണ്, വൈക്കം മുഹമ്മദ്ബഷീര്‍ തെറിക്കഥാകാരനാണ് ഇങ്ങനെയൊക്കെ എന്തെല്ലാം പ്രചാരണങ്ങള്‍ നടന്നു. അപവാദപ്രചാരകരൊക്കെ ഇരുട്ടില്‍ കൂനിക്കൂടി. അവര്‍ തമസ്കരിക്കാന്‍ ശ്രമിച്ച നൂറുകണക്കിന് എഴുത്തുകാര്‍ ഇന്നും അനുവാചകമനസ്സില്‍ ജീവിക്കുന്നു. ഈ നൂറ് പുസ്തകങ്ങളില്‍ എത്ര മാര്‍ക്സിസ്റ്റുകാരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഉണ്ടെന്നുകൂടി ഒരു ഗവേഷണം നടത്തേണ്ടതായിരുന്നു. ഇത്രയുമൊക്കെ ഗവേഷണം ചെയ്തപ്പോള്‍ അതുകൂടി വേണമായിരുന്നു. ഇതിന്റെ അര്‍ഥം സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെ വിമര്‍ശിക്കരുത് എന്നല്ല. ശക്തമായി വിമര്‍ശിക്കണം. പക്ഷേ, വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. ഇവിടെ സാധാരണ ജനങ്ങള്‍ മറ്റാരെയുംകാള്‍ പുസ്തകം തിരിച്ചറിയുന്നവരാണ്. പണ്ഡിതമതം നോക്കിയല്ല ഇവിടെ വായനക്കാരുടെ വലിയ നിരയുണ്ടായത്.
ശിവരാമന്‍ ചെറിയനാട് ദേശാഭിമാനി 28042010
1981 മുതല്‍ സംഘം ക്രമേണ നഷ്ടത്തിലേക്ക് നീങ്ങിയിട്ടും അത് പരിഹരിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും എങ്ങും കണ്ടില്ല. 1996 ലാണ് അന്നത്തെ സഹകരണമന്ത്രി പിണറായി വിജയന്‍ ഇത് സംരക്ഷിക്കേണ്ടത് സാംസ്കാരികകേരളത്തിന് ആവശ്യമാണെന്നും സാഹിത്യകാരന്മാരെ തിരുവനന്തപുരം ഡര്‍ബാര്‍ ഹാളില്‍ വിളിച്ചുകൂട്ടി നവീകരണപ്രവര്‍ത്തനത്തെക്കുറിച്ച് ആലോചിച്ചതും. ഓഫ്സെറ്റ് പ്രസും പുതിയ സംവിധാനങ്ങളുമുണ്ടാക്കി നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ 'സംഘം മാര്‍ക്സിസ്റ്റുകാര്‍ പിടിച്ചെടുക്കുന്നേ' എന്ന നിലവിളി ചില ഭാഗത്തുനിന്നുണ്ടായി. കടത്തില്‍ മുങ്ങിക്കിടക്കുന്ന ഈ സ്ഥാപനം പിടിച്ചെടുത്തിട്ട് അവര്‍ക്ക് എന്തുപ്രയോജനമെന്ന് ചിന്തിക്കാനുള്ള സാമാന്യയുക്തിപോലും അവര്‍ക്കുണ്ടായില്ല. 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നല്ലോ. സംഘത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി മുന്‍സഹകരണമന്ത്രി അനുവദിച്ച് ബാങ്കില്‍ കിടന്ന തുകപോലും പിന്‍വലിക്കാന്‍ അനുവദിച്ചില്ലല്ലോ. ആരും കരഞ്ഞുകേട്ടില്ല. ദയാവധം കൊടുക്കണമെന്നും ഇങ്ങനൊരു എഴുത്തുകാരുടെ സംഘത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നുമാണ് പറഞ്ഞു കേട്ടത്. ആ തുകകൊണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഈ ഭീമന്‍ബാധ്യത സംഘത്തിന് ഉണ്ടാകുമായിരുന്നില്ല
ReplyDelete