Thursday, April 29, 2010

തൊഴിലുറപ്പ്: കേരളത്തിന് ഇരട്ടനേട്ടം

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ഇരട്ട നേട്ടം. തുക ചെലവഴിച്ചതിലും തൊഴില്‍ നല്‍കിയതിലുമാണ് റെക്കോഡ് നേട്ടമുണ്ടാക്കിയത്. 2009-10 സാമ്പത്തികവര്‍ഷത്തില്‍ 472.41 കോടി രൂപ ചെലവഴിച്ചും 9,31,221 കുടുംബങ്ങള്‍ക്കായി 318.68 ലക്ഷം തൊഴില്‍ദിനങ്ങള്‍ നല്‍കിയുമാണ് ഈ മുന്നേറ്റം. ഒരു കുടുംബത്തിന് ശരാശരി 34.22 തൊഴില്‍ദിനം നല്‍കാനായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ചെലവിട്ടത് 224 കോടി രൂപയും തൊഴില്‍ നല്‍കിയത് 6.92 ലക്ഷം കുടുംബത്തിനുമായിരുന്നു. തൊഴില്‍ദിനങ്ങളുടെ ശരാശരി 22 ആയിരുന്നു. കേന്ദ്രം വിഭാവനം ചെയ്തതിന്റെ 81.5 ശതമാനം തൊഴില്‍ദിനം നല്‍കാനായി. അതേസമയം 8.1 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് കേന്ദ്രം കണക്കാക്കിയതെങ്കില്‍ ഇത് 9.31 ലക്ഷമായി ഉയര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞു. നൂറുദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ എണ്ണം 37,641 ആണ്. 2.25 ലക്ഷം കുടുംബങ്ങള്‍ക്ക് 50 ദിവസമെങ്കിലും തൊഴില്‍ ലഭിച്ചു. 50 ദിവസം തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്ത കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടുരൂപ അരി പദ്ധതിക്ക് അര്‍ഹരാണ്. സര്‍ക്കാരിന്റെ സൌജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും അവര്‍ക്ക് ലഭിക്കും.

തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവുമധികം പണം ചെലവിട്ടത് വയനാട് ജില്ലയിലെ കവിഞ്ഞാല്‍ പഞ്ചായത്താണ്-5.37 കോടി രൂപ. ഒരു കുടുംബത്തിന് ശരാശരി 54.14 തൊഴില്‍ദിനം നല്‍കാനും വയനാട് ജില്ലയ്ക്ക് കഴിഞ്ഞു. ഇടുക്കി ജില്ലയില്‍ ശരാശരി 48.24 തൊഴില്‍ദിനങ്ങളാണ് നല്‍കിയത്. 59.59 കോടി രൂപ ചെലവിടാന്‍ ഇടുക്കി ജില്ലയ്ക്ക് കഴിഞ്ഞു. എന്നാല്‍, ഏറ്റവുമധികം പണം ചെലവിട്ട ജില്ല പാലക്കാടാണ്-67.83 കോടി രൂപ. പദ്ധതിയില്‍ പണിയെടുത്തവരില്‍ 88.29 ശതമാനവും സ്ത്രീകളാണ്. മറ്റൊരു സംസ്ഥാനത്തും പദ്ധതിയില്‍ ഇത്രയധികം സ്ത്രീ പങ്കാളിത്തമുണ്ടായിട്ടില്ല. അഖിലേന്ത്യാ തലത്തില്‍ സ്ത്രീ പങ്കാളിത്തം 48.46 ശതമാനം മാത്രമാണ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 10 ശതമാനത്തില്‍ താഴെയാണ് പട്ടികജാതി വിഭാഗം. എന്നാല്‍, തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളായ കുടുംബങ്ങളില്‍ 16.87 ശതമാനം പട്ടികജാതിയില്‍പ്പെട്ടവരാണ്. പദ്ധതിയില്‍ തൊഴില്‍ ലഭിച്ച 5.58 ശതമാനം കുടുംബങ്ങള്‍ പട്ടികവര്‍ഗക്കാരാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 1.2 ശതമാനം മാത്രമാണ് പട്ടികവര്‍ഗക്കാര്‍. പല പരിമിതികളെയും അതിജീവിച്ചാണ് പദ്ധതിയില്‍ കേരളം നേട്ടമുണ്ടാക്കിയത്.
(ആര്‍ സാംബന്‍)

കേരളത്തിന്റെ പദ്ധതികള്‍ മാതൃക: പാലോളി

മറ്റു സംസ്ഥാനങ്ങളിലെ തദ്ദേശസ്ഥാപനങ്ങള്‍ മാതൃകയാക്കുന്നത് കേരളത്തിന്റെ പദ്ധതികളാണെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറെ വിമര്‍ശനങ്ങള്‍ക്കും വിചാരണയ്ക്കും വിധേയമായാണ് അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും നടപ്പാക്കിയത്. ഒരു വ്യാഴവട്ടക്കാലത്തെ പ്രവര്‍ത്തനത്തിന് ദേശീയ അംഗീകാരം നേടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. അധികാരവികേന്ദ്രീകരണം നടപ്പാക്കിയതില്‍ 2009-10 സാമ്പത്തികവര്‍ഷം കേരളത്തിന് ഒന്നാംസ്ഥാനം ലഭിച്ചു. അവാര്‍ഡ് തുകയായി 2.5 കോടി രൂപയും ലഭിച്ചു. ത്രിതല പഞ്ചായത്തുകളും നഗരസഭകളും 2009-10 സാമ്പത്തികവര്‍ഷം 74.65 ശതമാനം തുക പദ്ധതിയിനത്തില്‍ ചെലവഴിച്ചു. പദ്ധതിച്ചെലവില്‍ വന്‍ കുറവുവന്നതായ വാര്‍ത്തകള്‍ ശരിയല്ല. പഞ്ചായത്തുകള്‍ 73.57, ബ്ളോക്ക് പഞ്ചായത്തുകള്‍ 81.47, ജില്ലാ പഞ്ചായത്തുകള്‍ 71.67, മുനിസിപ്പാലിറ്റികള്‍ 78.55, കോര്‍പറേഷനുകള്‍ 72.40 എന്ന ശതമാനത്തിലാണ് തുക ചെലവുചെയ്തത്. ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുംകൂടി പദ്ധതിയിനത്തില്‍ 1859.65 കോടി രൂപ കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ചു. മുന്‍വര്‍ഷത്തെ ക്യാരിഓവര്‍ കൂടി ചേര്‍ത്ത് 2388.07 കോടി ലഭ്യമായിരുന്നു. ഇതില്‍ 1782.63കോടി ചെലവിട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടുമാസം പദ്ധതിപ്രവര്‍ത്തനം തടസ്സപ്പെട്ടു. എന്നിട്ടും മുന്‍ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തി. സെപ്തംബറില്‍ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പദ്ധതി പ്രവര്‍ത്തനം ഇക്കൊല്ലം നേരത്തെ ആരംഭിച്ചു.

തൊഴിലുറപ്പുപദ്ധതി നടത്തിപ്പില്‍ കേരളത്തിന് ദേശീയതലത്തിലുള്ള അംഗീകാരമാണുള്ളത്. പഠനത്തിനായി കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റിറ്റ്യൂട്ട് കേരളത്തിന്റെ പദ്ധതി നടത്തിപ്പ് “മികച്ചതെന്ന് കണ്ടെത്തി. ഇ എം എസ് പദ്ധതിയും എം എന്‍ ലക്ഷംവീട് പദ്ധതിയും തമ്മില്‍ തര്‍ക്കമില്ലെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. രണ്ടും പാവങ്ങള്‍ക്കുള്ള ഭവനപദ്ധതികളാണ്. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയെന്ന വാര്‍ത്ത ശരിയല്ല. മുഖ്യമന്ത്രി അഭിപ്രായം തേടിയപ്പോള്‍ മറുപടി നല്‍കുക മാത്രമാണുണ്ടായത്. ആറായിരം കോടിയോളം രൂപയാണ് ഇ എം എസ് പദ്ധതിക്കായി ചെലവിടുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ വേതനം ഇ എം എസ് പദ്ധതിക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിക്കയായിരുന്നു. അതില്‍ 26 ശതമാനം എംഎന്‍ പദ്ധതിക്ക് നല്‍കാമെന്ന് സമ്മതിച്ചിരുന്നതായി മന്ത്രി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോടുതന്നെ ചോദിക്കണം. കഴിഞ്ഞ രണ്ട് ബജറ്റുകളിലായി അനുവദിച്ച 37 കോടി രൂപ എംഎന്‍ പദ്ധതിക്കായി നല്‍കി. ലോട്ടറി ടിക്കറ്റ് വില്‍പനയിലൂടെ പഞ്ചായത്തുകള്‍ എം എന്‍ പദ്ധതിക്കായി തുക സമാഹരിച്ചു. എം എന്‍ ലക്ഷംവീട് പദ്ധതിയിലെ 40,000 ഇരട്ടവീടുകള്‍ ഇതിനകം ഒറ്റവീടുകളാക്കി. ഇനി 16,000 വീടുകളാണ് ഒറ്റ വീടുകളാക്കാനുള്ളത്. അത് നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി 29042010

1 comment:

  1. മറ്റു സംസ്ഥാനങ്ങളിലെ തദ്ദേശസ്ഥാപനങ്ങള്‍ മാതൃകയാക്കുന്നത് കേരളത്തിന്റെ പദ്ധതികളാണെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറെ വിമര്‍ശനങ്ങള്‍ക്കും വിചാരണയ്ക്കും വിധേയമായാണ് അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും നടപ്പാക്കിയത്. ഒരു വ്യാഴവട്ടക്കാലത്തെ പ്രവര്‍ത്തനത്തിന് ദേശീയ അംഗീകാരം നേടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. അധികാരവികേന്ദ്രീകരണം നടപ്പാക്കിയതില്‍ 2009-10 സാമ്പത്തികവര്‍ഷം കേരളത്തിന് ഒന്നാംസ്ഥാനം ലഭിച്ചു.

    ReplyDelete