Friday, April 30, 2010

പ്രധാനമന്ത്രി കള്ളന് കൂട്ടിരിക്കുന്നു

2008 ല്‍ രണ്ടാംതലമുറ ടെലികോം സര്‍വീസുകള്‍ അനുവദിച്ചതില്‍ 22,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിന് സംഭവിച്ചു എന്നതാണ് സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. 2 ജി സ്പെക്ട്രം അഴിമതി എന്നറിയപ്പെടുന്ന, രാജ്യംകണ്ട ഏറ്റവും വലിയ ഈ അഴിമതി നടന്നത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ ടെലികോം മന്ത്രി എ രാജയുടെ നേതൃത്വത്തിലാണ്. ടെലികോം ഡിപ്പാര്‍ട്മെന്റിലെ പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്താണ് സിബിഐ അന്വേഷണം നീങ്ങുന്നത്. അന്വേഷണത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ലോബിയിസ്റ്റായ പബ്ളിക് റിലേഷന്‍സ് വനിത നിര റാഡിയ, ടെലികോം മന്ത്രി എം രാജയുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ചന്ദോലിയയുമായും നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവന്നതില്‍ പ്രധാനം. രാജ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്പെക്ട്രം അഴിമതിയിലൂടെ ലഭിച്ച പണം റിയല്‍ എസ്റ്റേറ്റ് മേഖലയിലും കമ്പനി ഓഹരികളിലും കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് പേരുകേട്ട മൌറീഷ്യസിലും മറ്റും നിക്ഷേപിച്ചതായി സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടു ദിവസമായി പാര്‍ലമെന്റില്‍ ഇരു സഭയെയും സംഭവം ഇളക്കി മറിക്കുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കാന്‍ സിബിഐക്കോ കേന്ദ്രസര്‍ക്കാരിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. സഭയില്‍ ഇതേക്കുറിച്ച് ചര്‍ച്ചയാവാം എന്ന് ഗവമെന്റിന് സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. അതായത് മാധ്യമ വെളിപ്പെടുത്തലുകള്‍ ശരിയാണെന്ന് വ്യക്തമാക്കുകയാണ് പാര്‍ലമെന്റ് നടപടികള്‍.

ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ഒമ്പത് പുതിയ സ്വകാര്യ കമ്പനികള്‍ക്ക് 2 ജി സ്പെക്ട്രം സര്‍വീസ് അനുവദിച്ചത്. ടെലികോം മേഖലയില്‍ വേരില്ലാത്ത, തട്ടിക്കൂട്ടിയ കമ്പനികള്‍ക്കാണ് സര്‍വീസ് നല്‍കിയത്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളെ ഒഴിവാക്കാന്‍ 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന വിചിത്ര മാനദണ്ഡമാണ് ടെലികോം വകുപ്പ് ഉപയോഗിച്ചത്. 2001 ലെ വിലനിലവാരം വച്ച് ചുളുവിലയ്ക്കാണ് രണ്ടാംതലമുറ ടെലികോം സര്‍വീസുകള്‍ ഒന്നാകെ കൈമാറിയത്. ഇതില്‍ രണ്ട് കമ്പനി- സ്വാന്‍ ടെലികോം, യൂണിടെക് എന്നിവ- ലൈസന്‍സ് സ്വന്തമാക്കിയ ഉടന്‍, സര്‍വീസ് നിലവില്‍ വരുന്നതിനും മുമ്പേ, ഓഹരികള്‍ വിദേശ കമ്പനികള്‍ക്ക് മറിച്ചുവിറ്റ് നാലിരട്ടി ലാഭമുണ്ടാക്കി. 13 സര്‍ക്കിളിന്റെ ലൈസന്‍സ് 1537 കോടി രൂപയ്ക്ക് സ്വന്തമാക്കിയ സ്വാന്‍ അതിന്റെ 45 ശതമാനം ഓഹരി യുഎഇ കമ്പനിക്ക് 4200 കോടി രൂപയ്ക്ക് വിറ്റു. 22 സര്‍ക്കിള്‍ 1658 കോടി രൂപയ്ക്ക് ലഭിച്ച യൂണിടെക് അതിന്റെ 60 ശതമാനം ഓഹരി നോര്‍വേ കമ്പനിക്ക് 6100 കോടി രൂപയ്ക്കും ഉടന്‍ കൈമാറി. ഈ രണ്ട് കൈമാറ്റം വഴി മാത്രം ടെലികോം വകുപ്പിന് നഷ്ടമായത് 7105 കോടിയാണെന്ന് സിബിഐ എഫ്ഐആറില്‍ പറയുന്നു. ഈ രീതിയില്‍ 122 സര്‍ക്കിളിന് 22,000 കോടി രൂപ നഷ്ടമായെന്നാണ് 2008 ല്‍ സിബിഐ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. അഴിമതി 60,000 കോടി രൂപയുടേതാണെന്നാണ് പ്രശ്നം ആദ്യമായി ഉയര്‍ത്തിയ സിപിഐ എം ആരോപിച്ചത്. ഇതും കടന്ന് 2 ജി സ്പെക്ട്രം അഴിമതി ഒരു ലക്ഷം കോടിയുടേതാണെന്നാണ് ഇപ്പോള്‍ വെളിവാകുന്നത്.

അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റര്‍ ചെയ്താണ് സിബിഐ അന്വേഷണം നീങ്ങുന്നത്. ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരുടെ പേര് പരാമര്‍ശിക്കാതെ നടത്തുന്ന അന്വേഷണം മന്ത്രി രാജയുടെ പങ്കിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാണ്. കേസ് രജിസ്റ്റര്‍ചെയ്ത 2008 ല്‍ തന്നെ രാജ മന്ത്രിസ്ഥാനം രാജിവക്കേണ്ടതായിരുന്നു. അതു ചെയ്തില്ലെന്നു മാത്രമല്ല, അഴിമതി ആരോപണം നേരിട്ട രാജയെ തന്റെ രണ്ടാം മന്ത്രിസഭയില്‍ അതേ വകുപ്പിലിരുത്തി ആദരിക്കുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചെയ്തത്. ഡിഎംകെയുടെ സമ്മര്‍ദംമൂലമാണെന്ന ന്യായമാണ് ഇതിനു പറഞ്ഞത്. ഡിഎംകെ നേതാവ് കരുണാനിധിയുടെ പുത്രി കനിമൊഴിയുടേതാണ് സ്വാന്‍ ടെലികോം കമ്പനിയെന്ന് ആരോപണമുണ്ട്. രാജയെ വീണ്ടും ടെലികോം മന്ത്രിയാക്കിയതില്‍ കോര്‍പറേറ്റുകളുടെ ഇടപെടലുണ്ടെന്ന് നിര റാഡിയയുടെ ടെലിഫോണ്‍ സംഭാഷണത്തില്‍ വെളിവാക്കുന്നുണ്ട്. തന്റെ മന്ത്രിസഭാംഗങ്ങള്‍ക്ക് വകുപ്പ് അനുവദിച്ചപ്പോള്‍ പ്രധാനമന്ത്രി കോര്‍പറേറ്റുകളുടെ അഭിപ്രായം പരിഗണിച്ചിരുന്നോ എന്ന ചോദ്യവും പാര്‍ലമെന്റില്‍ ഉയര്‍ന്നിട്ടുണ്ട്.

അഴിമതിയുടെ കറപുരണ്ട ആളെത്തന്നെ, ട്രായ് തള്ളിപ്പറഞ്ഞ ആളെത്തന്നെ, 3 ജി സ്പെക്ട്രം ലൈസന്‍സ് വിതരണം ചെയ്യാനും നിയോഗിച്ചിരിക്കുകയാണ് കോര്‍പറേറ്റുകളുടെ മാനസപുത്രനായ പ്രധാനമന്ത്രി. കള്ളന് കഞ്ഞിവയ്ക്കുക എന്നതില്‍ക്കവിഞ്ഞ് കള്ളന് കൂട്ടിരിക്കുകയാണ് മന്‍മോഹന്‍സിങ്. സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് പ്രകാരംതന്നെ രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ അഴിമതിയുടെ ചെളി തെറിക്കുന്നത് പ്രധാനമന്ത്രിയുടെ മുഖത്തുകൂടിയാണ്. അധികാരം നിലനിര്‍ത്താന്‍ ഏതറ്റംവരെയും കുമ്പിടുമെന്ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുറപ്പിക്കാന്‍ നടത്തിയ കുതിരക്കച്ചവടങ്ങളില്‍ മന്‍മോഹന്‍സര്‍ക്കാര്‍ തെളിയിച്ചതാണ്. ഈ കുതിരക്കച്ചവടങ്ങള്‍ക്ക് ഒഴുക്കിയ കോടികളില്‍ സ്പെക്ട്രം അഴിമതിയിലൂടെ നേടിയ കോടികളും കാണുമോ...?

ദേശാഭിമാനി മുഖപ്രസംഗം 30042010

1 comment:

  1. അഴിമതിയുടെ കറപുരണ്ട ആളെത്തന്നെ, ട്രായ് തള്ളിപ്പറഞ്ഞ ആളെത്തന്നെ, 3 ജി സ്പെക്ട്രം ലൈസന്‍സ് വിതരണം ചെയ്യാനും നിയോഗിച്ചിരിക്കുകയാണ് കോര്‍പറേറ്റുകളുടെ മാനസപുത്രനായ പ്രധാനമന്ത്രി. കള്ളന് കഞ്ഞിവയ്ക്കുക എന്നതില്‍ക്കവിഞ്ഞ് കള്ളന് കൂട്ടിരിക്കുകയാണ് മന്‍മോഹന്‍സിങ്. സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് പ്രകാരംതന്നെ രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ അഴിമതിയുടെ ചെളി തെറിക്കുന്നത് പ്രധാനമന്ത്രിയുടെ മുഖത്തുകൂടിയാണ്. അധികാരം നിലനിര്‍ത്താന്‍ ഏതറ്റംവരെയും കുമ്പിടുമെന്ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുറപ്പിക്കാന്‍ നടത്തിയ കുതിരക്കച്ചവടങ്ങളില്‍ മന്‍മോഹന്‍സര്‍ക്കാര്‍ തെളിയിച്ചതാണ്. ഈ കുതിരക്കച്ചവടങ്ങള്‍ക്ക് ഒഴുക്കിയ കോടികളില്‍ സ്പെക്ട്രം അഴിമതിയിലൂടെ നേടിയ കോടികളും കാണുമോ...?

    ReplyDelete