Sunday, April 4, 2010

ഇന്ത്യ-ചൈന നയതന്ത്രബന്ധം: 60-ാംവാര്‍ഷികം ബീജിങ്ങില്‍

വളര്‍ന്നുവരുന്ന ലോകശക്തികളും അയല്‍രാജ്യങ്ങളുമായ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 60-ാംവാര്‍ഷികാഘോഷത്തിന് ഈയാഴ്ച ബീജിങ്ങില്‍ തുടക്കമാകും. വിദേശമന്ത്രി എസ് എം കൃഷ്ണ ഇന്ത്യയെ പ്രതിനിധാനംചെയ്ത് ചടങ്ങില്‍ പങ്കെടുക്കും. സമഗ്രമായ തന്ത്രപ്രധാനബന്ധത്തിന് വന്‍ പ്രാധാന്യമാണ് ഇരുരാജ്യങ്ങളും നല്‍കുന്നതെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ക്വിന്‍ ഗാങ് പറഞ്ഞു. ചൈനീസ് ജയിലുകളില്‍ കഴിയുന്ന 21 ഇന്ത്യന്‍ തടവുകാരെ കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കുമെന്നും ചൈന വ്യക്തമാക്കി. അതിര്‍ത്തിപ്രശ്നം പരിഹരിക്കാന്‍ പ്രത്യേക പ്രതിനിധി സംഘം ചര്‍ച്ച നടത്തുകയാണ്. ഇതിനുള്ള ഇന്ത്യയുടെ പ്രതിനിധിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍മേനോനെ നിയോഗിച്ചിട്ടുണ്ട്. മാവോയുടെ നേതൃത്വത്തില്‍ ചൈനീസ് വിപ്ളവം വിജയിച്ചശേഷം ജനകീയ ചൈനയെ സോഷ്യലിസ്റ്റ് ചേരിക്ക് പുറത്ത് ആദ്യമായി അംഗീകരിച്ച രാഷ്ട്രം ഇന്ത്യയായിരുന്നു. 1950 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യ ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് 'ഹിന്ദി ചീനി ഭായ് ഭായ്' എന്ന മുദ്രാവാക്യം പ്രചാരത്തില്‍ വന്നു. 1954ല്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ബീജിങ് സന്ദര്‍ശിച്ചപ്പോള്‍ അഞ്ചുലക്ഷം പേരാണ് അദ്ദേഹത്തെ എതിരേറ്റത്. പ്രസിദ്ധമായ പഞ്ചശീലതത്വ പ്രഖ്യാപനത്തിലും ഇതേവര്‍ഷംതന്നെയാണ് ഒപ്പുവച്ചത്. സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ അടിയുറപ്പിച്ചതായിരുന്നു ഈ ബന്ധം.

എന്നാല്‍, 1962നുശേഷം ഈ ബന്ധത്തില്‍ വിള്ളല്‍വീണു. 1988ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ചൈനാ സന്ദര്‍ശനത്തോടെയാണ് ഉഭയകക്ഷിബന്ധം വീണ്ടും ശക്തമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതുയുഗംതന്നെ ഇതോടെ ആരംഭിച്ചു. 1991ല്‍ ചൈനീസ് പ്രധാനമന്ത്രി ലീപെങ്ങും ഇന്ത്യ സന്ദര്‍ശിച്ചു. 2003ല്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയിയും 2007ല്‍ സോണിയാഗാന്ധിയും 2008ല്‍ മന്‍മോഹന്‍സിങ്ങും ബീജിങ് സന്ദര്‍ശിച്ചു. ഈ ഉണര്‍വ് വ്യാപാരബന്ധത്തിലും ദൃശ്യമായി. 1990ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 26 കോടി ഡോളറാണെങ്കില്‍ 2008ല്‍ അത് 200 ഇരട്ടി വര്‍ധിച്ച് 5200 കോടി ഡോളറായി. പ്രതിവര്‍ഷം 30 ശതമാനം വളര്‍ച്ച. ഇക്കൊല്ലം 6000 കോടി ഡോളറായി ഉയര്‍ത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിട്ടത്. നാഥുല ചുരം വ്യാപാരത്തിന് തുറന്നുകൊടുത്തതും ഈ രംഗത്തെ മുന്നേറ്റത്തിന് കാരണമായി. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാരപങ്കാളിയാണ് ചൈനയെങ്കില്‍ ചൈനയുടെ പത്താമത്തെ വ്യാപാരപങ്കാളിയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും പരസ്പരനിക്ഷേപത്തിലും മത്സരിക്കുകയാണിപ്പോള്‍.

വി ബി പരമേശ്വരന്‍ ദേശാഭിമാനി

1 comment:

  1. വളര്‍ന്നുവരുന്ന ലോകശക്തികളും അയല്‍രാജ്യങ്ങളുമായ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 60-ാംവാര്‍ഷികാഘോഷത്തിന് ഈയാഴ്ച ബീജിങ്ങില്‍ തുടക്കമാകും. വിദേശമന്ത്രി എസ് എം കൃഷ്ണ ഇന്ത്യയെ പ്രതിനിധാനംചെയ്ത് ചടങ്ങില്‍ പങ്കെടുക്കും. സമഗ്രമായ തന്ത്രപ്രധാനബന്ധത്തിന് വന്‍ പ്രാധാന്യമാണ് ഇരുരാജ്യങ്ങളും നല്‍കുന്നതെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ക്വിന്‍ ഗാങ് പറഞ്ഞു. ചൈനീസ് ജയിലുകളില്‍ കഴിയുന്ന 21 ഇന്ത്യന്‍ തടവുകാരെ കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കുമെന്നും ചൈന വ്യക്തമാക്കി. അതിര്‍ത്തിപ്രശ്നം പരിഹരിക്കാന്‍ പ്രത്യേക പ്രതിനിധി സംഘം ചര്‍ച്ച നടത്തുകയാണ്. ഇതിനുള്ള ഇന്ത്യയുടെ പ്രതിനിധിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍മേനോനെ നിയോഗിച്ചിട്ടുണ്ട്.

    ReplyDelete