Tuesday, April 6, 2010

വനിതാ ബില്ലും ഭക്ഷ്യസുരക്ഷാ ബില്ലും അനിശ്ചിതത്വത്തില്‍

വനിതാബില്‍ അനിശ്ചിതത്വത്തില്‍

ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന വനിതാസംവരണബില്ലിന്റെ കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയം. വിവിധ പാര്‍ടികള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍, പുതിയൊരു നിര്‍ദേശംപോലും മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. രാജ്യസഭ പാസാക്കിയ ബില്‍ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് തിങ്കളാഴ്ചത്തെ സര്‍വകക്ഷിയോഗം നല്‍കുന്നത്. വീണ്ടും യോഗം വിളിക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും നടപ്പുസമ്മേളനത്തില്‍ ബില്‍ അവതരണം ഉണ്ടാകാനുള്ള സാധ്യത മങ്ങി. ധനമന്ത്രി പ്രണബ് മുഖര്‍ജി വിളിച്ച യോഗത്തില്‍ ഭരണമുന്നണിയായ യുപിഎതന്നെ രണ്ടുതട്ടിലാകുന്നതാണ് കണ്ടത്. നിലവിലുള്ള രൂപത്തില്‍ ബില്‍ പാസാക്കുന്നതിനോട് യോജിപ്പില്ലെന്ന് തൃണമൂല്‍ നേതാവും റെയില്‍മന്ത്രിയുമായ മമത ബാനര്‍ജി വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സംവരണം വേണമെന്ന് മമത ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ബില്ലിന്റെ വോട്ടെടുപ്പുസമയത്ത് തൃണമൂല്‍ വിട്ടുനിന്നത് വിവാദമായിരുന്നു. ബില്ലിനെ തുടക്കംമുതല്‍ എതിര്‍ക്കുന്ന സമാജ്വാദിപാര്‍ടി, ആര്‍ജെഡി എന്നീ പാര്‍ടികള്‍ക്കുപുറമെ തെലുങ്കുദേശവും എതിര്‍പ്പുമായി രംഗത്തുവന്നു. ജെഡിയുവിലെ ശരത് യാദവ് വിഭാഗവും എതിര്‍പ്പില്‍ ഉറച്ചുനിന്നു. നിലവിലുള്ള രൂപത്തില്‍ നടപ്പുസമ്മേളനത്തില്‍തന്നെ ബില്‍ പാസാക്കണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. സംവരണത്തിനുള്ളില്‍ സംവരണം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. പിന്നോക്കവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേകം സംവരണം നല്‍കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, എസ്പി നേതാവ് മുലായംസിങ് യാദവ്, ജെഡിയു നേതാവ് ശരത് യാദവ് എന്നിവര്‍ പറഞ്ഞു. ധനമന്ത്രിക്കു പുറമെ ആഭ്യന്തരമന്ത്രി പി ചിദംബരം, പ്രതിരോധമന്ത്രി എ കെ ആന്റണി, നിയമമന്ത്രി വീരപ്പ മൊയ്ലി, പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പാര്‍ടികളുടെ അഭിപ്രായം കേട്ടതല്ലാതെ പുതിയ നിര്‍ദേശമൊന്നും മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാരിനായില്ല. ചര്‍ച്ചയുടെ വിശദാംശം പ്രധാനമന്ത്രിയെ അറിയിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നത്. യോഗശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികപ്രതികരണം ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ബില്ലിന്റെ കാര്യത്തില്‍ ഇടതുപക്ഷ നിലപാടില്‍ മാറ്റമില്ലെന്ന് യോഗശേഷം സിപിഐ എം ലോക്സഭാ നേതാവ് ബസുദേബ് ആചാര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിന്നോക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംവരണം സാധ്യമാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് നിര്‍ദേശം വയ്ക്കേണ്ടത്. അങ്ങനെ നിര്‍ദേശം വന്നാല്‍ ഇടതുപക്ഷം എതിര്‍ക്കില്ലെന്നും ബസുദേബ് ആചാര്യ പറഞ്ഞു.
(എം പ്രശാന്ത്)

ഭക്ഷ്യസുരക്ഷയിലും തീരുമാനമില്ല; കേന്ദ്രത്തിന് അടിതെറ്റുന്നു

വനിതാബില്ലിനു പിന്നാലെ ഭക്ഷ്യസുരക്ഷാ ബില്ലും കേന്ദ്രസര്‍ക്കാരിന് കീറാമുട്ടിയാകുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതി തട്ടിപ്പാണെന്ന വിമര്‍ശം ശക്തമായതോടെ ചില തിരുത്തല്‍ ആലോചിക്കാന്‍ വിളിച്ച പ്രത്യേക മന്ത്രിതല സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ധനമന്ത്രി പ്രണബ്മുഖര്‍ജിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗമാണ് ധാരണയാകാതെ പിരിഞ്ഞത്. മൂന്നാഴ്ചയ്ക്കുശേഷം മന്ത്രിതല സമിതി വീണ്ടും യോഗം ചേരുമെന്ന് കൃഷിമന്ത്രി ശരത്പവാര്‍ വാര്‍ത്താലേഖകരോടു പറഞ്ഞു. മന്ത്രിതല സമിതിയില്‍ തീരുമാനമാകുന്നതുവരെ ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരില്ല. ബില്ലിനെക്കുറിച്ച് പഠിച്ച് വിശദറിപ്പോര്‍ട്ട് നല്‍കാന്‍ ആസൂത്രണ കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലില്‍ അതൃപ്തി രേഖപ്പെടുത്തി സോണിയ തനിക്ക് കത്തൊന്നും അയച്ചിട്ടില്ലെന്നും പവാര്‍ അറിയിച്ചു. പ്രണബ് മുഖര്‍ജി, ശരത് പവാര്‍ എന്നിവര്‍ക്കു പുറമെ എ കെ ആന്റണി, പി ചിദംബരം, സി പി ജോഷി, മൊണ്ടേഗ്സിങ് അലുവാലിയ എന്നിവര്‍ പങ്കെടുത്ത മന്ത്രിതല സമിതി പ്രധാനമായും നാല് നിര്‍ദേശമാണ് ചര്‍ച്ച ചെയ്തത്.

ഒന്ന്, ഭക്ഷ്യധാന്യങ്ങളുടെ അളവ് 25 കിലോയില്‍നിന്ന് 35 കിലോ ആക്കുക.
രണ്ട്, അരിക്കും ഗോതമ്പിനും പുറമെ ഭക്ഷ്യഎണ്ണയും പയറുവര്‍ഗങ്ങളുംകൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
മൂന്ന്, ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം ഏഴരക്കോടിയായി നിശ്ചയിക്കുക.
നാല്, സ്ത്രീകള്‍, വൃദ്ധജനങ്ങള്‍, വികലാംഗര്‍, എയ്ഡ്സ് രോഗികള്‍, സ്ഥിരംതൊഴില്‍ ഇല്ലാത്തവര്‍ തുടങ്ങിയവര്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളെകൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പ്രതിമാസം 25 കിലോ ഭക്ഷ്യധാന്യം വ്യവസ്ഥചെയ്യുന്ന കരടുബില്ലാണ് മന്ത്രിതല സമിതി മാര്‍ച്ച് 18ന് അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാന്‍ നിശ്ചയിച്ചിരുന്നത്. ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം ആസൂത്രണകമീഷന്‍ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്ന് ധാരണയാവുകയും ചെയ്തു. ആസൂത്രണ കമീഷന്‍ കണക്ക് പ്രകാരം രാജ്യത്ത് ആറരക്കോടി കുടുംബങ്ങള്‍ മാത്രമാണ് ബിപിഎല്‍ പരിധിയിലുള്ളത്. സോണിയ ഗാന്ധിയുടെകൂടി അനുമതിയോടെയാണ് മന്ത്രിതല സമിതി കരട് ബില്‍ അംഗീകരിച്ചത്. എന്നാല്‍, ഇടതുപക്ഷ പാര്‍ടികളും സാമൂഹ്യപ്രവര്‍ത്തകരും സാമ്പത്തികശാസ്ത്രജ്ഞരുമൊക്കെ വിമര്‍ശവുമായി രംഗത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. നിലവില്‍ പൊതുവിതരണ സംവിധാനംവഴി 35 കിലോ ഭക്ഷ്യധാന്യമാണ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. അതീവദരിദ്രര്‍ക്കായി അന്ത്യോദയ പദ്ധതിയെന്ന പേരില്‍ കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യം നല്‍കുന്ന മറ്റൊരു പദ്ധതിയുമുണ്ട്. എട്ടോളം സംസ്ഥാനത്ത് കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ 80 ശതമാനത്തോളം കുടുംബത്തിന് അരിയും ഗോതമ്പും നല്‍കുന്ന പദ്ധതി നടപ്പാക്കിയിട്ടുമുണ്ട്. ഇതെല്ലാം നിലനില്‍ക്കെയാണ് ഭക്ഷ്യധാന്യങ്ങളുടെ അളവ് കുറച്ചും വിലകൂട്ടിയും ഗുണഭോക്താക്കളുടെ എണ്ണം കുറച്ചും ഭക്ഷ്യസുരക്ഷയെന്ന പേരില്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഭക്ഷ്യസുരക്ഷയെന്നു പേരിട്ട് കൊണ്ടുവരുന്നത് തീര്‍ത്തും ദുര്‍ബലമായ നിയമമാണെന്ന പ്രചാരണം ശക്തിപ്പെട്ടതോടെ തിരുത്തല്‍ കൊണ്ടുവരാന്‍ കോഗ്രസ് നേതൃത്വം നിര്‍ബന്ധിതമാവുകയായിരുന്നു. ഇതുപ്രകാരമാണ് തിങ്കളാഴ്ച മന്ത്രിതല സമിതി വീണ്ടും യോഗം ചേര്‍ന്നത്.

ദേശാഭിമാനി 06042010

1 comment:

  1. ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന വനിതാസംവരണബില്ലിന്റെ കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയം.വനിതാബില്ലിനു പിന്നാലെ ഭക്ഷ്യസുരക്ഷാ ബില്ലും കേന്ദ്രസര്‍ക്കാരിന് കീറാമുട്ടിയാകുന്നു.

    ReplyDelete