Thursday, April 22, 2010

കള്ളിപൊളിഞ്ഞപ്പോള്‍ 'ദൃക്സാക്ഷി'യുമായി ഉപജാപകസംഘം

ആരോപണങ്ങളും വ്യാജതെളിവുകളും തകര്‍ന്നടിഞ്ഞപ്പോള്‍ നിരാശരായ ലാവ്ലിന്‍ ഉപജാപകസംഘം 'കോടികള്‍ കൈമാറുന്നത് നേരിട്ടുകണ്ട' ദൃക്സാക്ഷിക്ക് ജന്മം നല്‍കി. ലാവ്ലിന്‍ കേസില്‍ പിണറായി അഴിമതി നടത്തിയതിന് തെളിവോ തെളിവിലേക്കു നയിക്കുന്ന സൂചനപോലുമോ ഇല്ലെന്ന് സിബിഐതന്നെ വ്യക്തമാക്കിയ ജാള്യം മറയ്ക്കാനാണ് അശ്ളീലവാരികക്കാരനും സംഘവും വിലയ്ക്കെടുത്ത പുതിയ സാക്ഷിയുമായി രംഗത്തുവന്നത്. ആദ്യം 'ക്രൈം ഓലൈനില്‍' നന്ദകുമാറിന്റെ വാര്‍ത്ത, തൊട്ടുപിന്നാലെ പി സി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം, അടുത്ത ദിവസം മനോരമയുള്‍പ്പെടെയുള്ള പത്രങ്ങളുടെ 'സ്വന്തം' വാര്‍ത്ത. ലാവ്ലിന്‍ കേസില്‍ പുതിയ വ്യാജകഥകളുടെ ഉല്‍പ്പാദനം തുടങ്ങി. പിണറായി നൂറിലേറെ തവണ വിദേശയാത്ര നടത്തിയെന്നും മറ്റുമുള്ള ആരോപണങ്ങളടങ്ങുന്ന ക്രൈം നന്ദകുമാറിന്റെ ഉപഹര്‍ജി സിബിഐ കോടതി പരിഗണിക്കുന്നതിനു തൊട്ടുമുമ്പാണ് പുതിയ നാടകം.

വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രതിയാക്കാനുള്ള അതിവിപുലമായ ഗൂഢാലോചന നടന്നു. അതിനായി ഭരണഘടനാതീതമായ ഇടപെടലുണ്ടായി; നിയമനിഷേധം അരങ്ങേറി. എല്ലാമായിട്ടും പിണറായി അഴിമതി നടത്തിയെന്നാരോപിക്കാന്‍പോലും സിബിഐക്കു കഴിഞ്ഞില്ല. അത് കോടതിയില്‍ സമ്മതിക്കേണ്ടിയും വന്നു. അതോടെയാണ് ഉപജാപകര്‍ മനോവിഭ്രാന്തിയിലായത്.

പത്തുവര്‍ഷത്തിലേറെയായി ചര്‍ച്ച ചെയ്യപ്പെടുന്ന കേസില്‍ പൊടുന്നനെയാണ് ഒരു 'ദൃക്സാക്ഷി' വരുന്നത്. ആക്ഷേപം തലനാരിഴകീറി പരിശോധിച്ച വിജിലന്‍സിനും സിബിഐക്കും അറിയാത്ത, ഒളിഞ്ഞിരുന്ന 'ദൃക്സാക്ഷി' അഴിമതിക്ക് തെളിവില്ലെന്ന് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് പുറത്തുചാടിയിരിക്കുന്നത്. നിയമസഭയിലും രണ്ടു തെരഞ്ഞെടുപ്പിലും ഉള്‍പ്പെടെ ലാവ്ലിന്‍ കേസ് ചര്‍ച്ചചെയ്യപ്പെട്ട ഘട്ടത്തിലൊന്നും ഈ ദൃക്സാക്ഷി ഉണ്ടായിരുന്നില്ല. കേസില്‍ 107-ാം സാക്ഷിയായ ക്രൈം വാരികക്കാരന്റെ മൊഴി 2007ലും 2008ലും സിബിഐ എടുത്തിട്ടുണ്ട്. ആരോപിച്ചതൊന്നും തെളിയിക്കാന്‍ തന്റെ കൈവശം ഒന്നുമില്ലെന്ന് മഞ്ഞപ്പത്രക്കാരന്‍ പറഞ്ഞതും സിബിഐ എഴുതിവച്ചിട്ടുണ്ട്. വരദാചാരിയുടെ തലപരിശോധനാവിവാദവും കൂട്ടത്തിലുണ്ട്. 2009 ജൂണില്‍ സിബിഐ കുറ്റപത്രവും സമര്‍പ്പിച്ചു. അന്നൊന്നുമില്ലാത്ത സാക്ഷിയെ പുതുതായി അവതരിപ്പിക്കുന്നു. അപവാദപ്രചാരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് ഉപജാപകര്‍. നേരത്തെയും ഉപജാപകര്‍ കള്ളസാക്ഷികളെ ഉണ്ടാക്കിയിരുന്നു. കേസില്‍ മുഖ്യതെളിവായി സിബിഐ ഉയര്‍ത്തിക്കാട്ടിയത് ലാവ്ലിന്‍ കരാറിനെ എതിര്‍ത്ത മുന്‍ ധനപ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി ഫയലില്‍ എഴുതി എന്ന കഥയാണ്. അത് പച്ചക്കള്ളമെന്ന് ഇക്കാര്യം പ്രചരിപ്പിച്ച പത്രങ്ങളുടെതന്നെ പഴയ താളുകള്‍ തെളിയിച്ചു. ഇല്ലാത്ത ഫയല്‍ കണ്ടു, അതില്‍ എഴുതി, കൈവശംവച്ചു, ഫയല്‍ മുക്കി എന്നെല്ലാം കള്ളസാക്ഷികളെക്കൊണ്ട് പറയിപ്പിച്ചത് അന്വേഷണരേഖകളിലുണ്ട്. കമലാ ഇന്റര്‍നാഷണല്‍, ടെക്നിക്കാലിയ, സിംഗപ്പുര്‍ യാത്ര തുടങ്ങിയ കള്ളങ്ങളും പ്രചരിപ്പിച്ചു. ഇതിലൊന്നുപോലും സത്യമല്ലെന്ന് സിബിഐയും കേന്ദ്ര ഏജന്‍സികളും വ്യക്തമാക്കി. എന്നിട്ടും ഉപജാപകര്‍ അടങ്ങുന്നില്ല. പത്തുകൊല്ലം 'ഒളിച്ചിരുന്ന' പുതിയ സാക്ഷിയുമായി നുണക്കഥക്കാരും അത് ഏറ്റുപാടുന്ന മാധ്യമങ്ങളും ചേര്‍ന്ന് കേരളത്തെ വീണ്ടും മലിനമാക്കുകയാണ്.
(കെ എം മോഹന്‍ദാസ്)

ദേശാഭിമാനി 22042010

1 comment:

  1. ആരോപണങ്ങളും വ്യാജതെളിവുകളും തകര്‍ന്നടിഞ്ഞപ്പോള്‍ നിരാശരായ ലാവ്ലിന്‍ ഉപജാപകസംഘം 'കോടികള്‍ കൈമാറുന്നത് നേരിട്ടുകണ്ട' ദൃക്സാക്ഷിക്ക് ജന്മം നല്‍കി. ലാവ്ലിന്‍ കേസില്‍ പിണറായി അഴിമതി നടത്തിയതിന് തെളിവോ തെളിവിലേക്കു നയിക്കുന്ന സൂചനപോലുമോ ഇല്ലെന്ന് സിബിഐതന്നെ വ്യക്തമാക്കിയ ജാള്യം മറയ്ക്കാനാണ് അശ്ളീലവാരികക്കാരനും സംഘവും വിലയ്ക്കെടുത്ത പുതിയ സാക്ഷിയുമായി രംഗത്തുവന്നത്. ആദ്യം 'ക്രൈം ഓലൈനില്‍' നന്ദകുമാറിന്റെ വാര്‍ത്ത, തൊട്ടുപിന്നാലെ പി സി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം, അടുത്ത ദിവസം മനോരമയുള്‍പ്പെടെയുള്ള പത്രങ്ങളുടെ 'സ്വന്തം' വാര്‍ത്ത. ലാവ്ലിന്‍ കേസില്‍ പുതിയ വ്യാജകഥകളുടെ ഉല്‍പ്പാദനം തുടങ്ങി. പിണറായി നൂറിലേറെ തവണ വിദേശയാത്ര നടത്തിയെന്നും മറ്റുമുള്ള ആരോപണങ്ങളടങ്ങുന്ന ക്രൈം നന്ദകുമാറിന്റെ ഉപഹര്‍ജി സിബിഐ കോടതി പരിഗണിക്കുന്നതിനു തൊട്ടുമുമ്പാണ് പുതിയ നാടകം.

    ReplyDelete