Monday, April 26, 2010

വര്‍ക്കല രാധാകൃഷ്ണനു ആദരാഞ്ജലികള്‍

സിപിഐ എം നേതാവും മുന്‍ എംപിയുമായ വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. പ്രഭാതസവാരിക്കിടെ കഴിഞ്ഞ ദിവസം വാഹനം തട്ടി വീണ അദ്ദേഹം ഒരാഴ്ചയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി തവണ എംപിയും എംഎല്‍എയുമായ വര്‍ക്കല കേരള നിയമസഭാ സ്പീക്കറും പ്രശസ്തനായ അഭിഭാഷകനുമായിരുന്നു. ഭരണഘടനയിലും പാര്‍ലമെന്ററി ചട്ടങ്ങളിലും അവഗാഹമുണ്ടായിരുന്നു. 1967, 69ല്‍ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വര്‍ക്കല. 87, 91, 96 വര്‍ഷങ്ങളില്‍ വര്‍ക്കലയില്‍നിന്ന് നിയമസഭാംഗമായി. 87-92ല്‍ വര്‍ക്കല സ്പീക്കറായിരുന്ന ഘട്ടത്തില്‍ അഴിമതി നിരോധനനിയമം അടക്കം നിരവധി നിയമനിര്‍മാണങ്ങള്‍ നടപ്പാക്കി. 1998 മുതല്‍ 2004വരെ മൂന്ന് തവണ ചിറയന്‍കീഴില്‍നിന്ന് പാര്‍ലമെന്റ് അംഗമായി. പ്രശസ്ത നിയമജ്ഞന്‍കൂടിയായിരുന്ന വര്‍ക്കല എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ പ്രകടന നിരോധനത്തിനെതിരെ പ്രകടനം നയിച്ച് അറസ്റ്റ് വരിക്കുകയും ഈ കേസ് സ്വയം വാദിച്ച് ജയിക്കുകയും ചെയ്തു. പരേതയായ പ്രഫ. സൌദാമിനിയാണ് ഭാര്യ. ഒരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്.
വര്‍ക്കലയുടെ സംസ്കാരം ഇന്ന് രാത്രി ഒമ്പതിന്

അന്തരിച്ച വര്‍ക്കല രാധാകൃഷ്ണന്റെ മൃതദേഹം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ വര്‍ക്കലയിലെ മുണ്ടയിലുള്ള കുടുംബവീട്ടില്‍ സംസ്കരിക്കും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ കോളേജില്‍നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് കൊണ്ടുവരും. അതിനുശേഷം തൈക്കാടുള്ള വീട്ടില്‍ കൊണ്ടുവരും. ഉച്ചയ്ക്ക് ഒരു മണിയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ ഹാളിലും തുടര്‍ന്ന് വിജെടി ഹാളിലും വൈകിട്ട് ആറ്റിങ്ങലിലും പൊതുദര്‍ശനത്തിനുവെച്ചശേഷമാകും സംസ്കാരം.

സഖാവിനു ജനശക്തിയുടെ ആദരാഞ്ജലികള്‍

2 comments:

  1. സഖാവിനു ജനശക്തിയുടെ ആദരാഞ്ജലികള്‍

    ReplyDelete
  2. സഖാവിന്‌ കാക്കരയുടെ ആദരാഞ്ജലികള്‍ ...

    ReplyDelete