Friday, April 30, 2010

ജോസഫിനെ പുറത്താക്കണം; മതം ഇടപെട്ടെങ്കില്‍ തിരുത്തണം

ജോസഫിനെ പുറത്താക്കണം; മതം ഇടപെട്ടെങ്കില്‍ തിരുത്തണം: പിണറായി

വടകര: എല്‍ഡിഎഫില്‍ നിന്നും വിട്ട് മാണിഗ്രൂപ്പില്‍ ചേര്‍ന്ന പിജെ ജോസഫിന്റെ നടപടി രാഷ്ട്രീയ സദാചാരത്തിനു യോജിച്ചതല്ലെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു കാരണവും പറയാതെയാണ് ജോസഫ് മുന്നണി വിടുന്നത്. ഇനിയൊരു നിമിഷം പോലും ജോസഫിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തരുത്. പുറത്താക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. എല്‍ഡിഎഫില്‍ രാഷ്ട്രീയവും നയപരവുമായ എന്തു തീരുമാനമെടുക്കുമ്പോഴും ജോസഫ് എതിര്‍പ്പു കാട്ടിയിട്ടില്ല. ബാഹ്യമായ ഇടപെടലുകളാണ് ജോസഫിന്റെ തീരുമാനത്തിനു പിന്നിലെന്നാണ് പൊതുവേ കേള്‍ക്കുന്നത്. കത്തോലിക്കാസഭയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളാണ് കാരണമെന്ന് മാധ്യമങ്ങളില്‍ കാണുന്നു. സഭ ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതു പറയേണ്ടത് കര്‍ദ്ദിനാളാണ്. എന്നാല്‍ കര്‍ദ്ദിനാള്‍ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മതനിരപേക്ഷതയ്ക്ക് എതിരാണ്. മതം മതകാര്യങ്ങളില്‍ മാത്രം ഇടപെടുന്നതാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ജനാധിപത്യരീതി. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ അടിയന്തിരമായി തിരുത്തണമെന്നും പിണറായി പറഞ്ഞു. ഞങ്ങളാരും ഒന്നും അറിഞ്ഞില്ലെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവന ആരും വിശ്വസിക്കില്ല. നേരത്തെ ജോസഫ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത് യുഡിഎഫുകാരാണ്. ആ ജാള്യം മറക്കാനാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ബഹളം അടങ്ങുമ്പോള്‍ ജോസഫിന്റെ ഗതി എന്താകുമെന്ന് കാത്തിരിന്നുകാണാമെന്നും അദ്ദേഹം പറഞ്ഞു.

update

ജോസഫിനെ പുറത്താക്കി

തിരു: പൊതുമരാമത്ത് മന്ത്രി പിജെ ജോസഫിനെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. മുന്നണി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്കു കൈമാറി. എല്‍ഡിഎഫ് വിട്ട് മാണിഗ്രൂപ്പിനൊപ്പം ചേരാനുള്ള തീരുമാനമെടുത്ത ശേഷവും രാജിവെക്കാത്ത സാഹചര്യത്തിലാണ് ജോസഫിനെ നീക്കാനുള്ള തീരുമാനമുണ്ടായത്.

പി ജെ ജോസഫിനെ പുറത്താക്കി; പി സി തോമസ് ചെയര്‍മാന്‍


കോട്ടയം: കേരളകോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റിയോഗം ചേര്‍ന്ന് പിജെ ജോസഫിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി. സെക്രട്ടറി ജനറലായ പി സി തോമസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. വി സുരേന്ദ്രന്‍പിള്ള എംഎല്‍എ, സ്കറിയതോമസ്, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. ജെറി ഈശോഉമ്മന്‍ പുറത്താക്കല്‍ പ്രമേയം അവതരിപ്പിച്ചു. എല്‍ഡിഎഫില്‍ തുടരണമെന്ന് വാദിക്കുന്നവരാണ് ഇവര്‍. വര്‍ഷങ്ങളായി എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന ജോസഫ് ഗ്രൂപ്പിനെ യുഡിഎഫില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനെ നല്ലൊരു വിഭാഗം എതിര്‍ക്കുന്നുണ്ട്. യുഡിഎഫ് അനുകൂലികളായ മറു വിഭാഗത്തിന്റെ യോഗം വൈകിട്ട് കോട്ടയത്ത് ചേരുന്നുണ്ട്.

എല്‍ഡിഎഫ് വിട്ടുവെന്ന് ജോസഫ്

കോട്ടയം: എല്‍ഡിഎഫില്‍ മന്ത്രിസഭയില്‍നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചതായി കോരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സമിതിയംഗങ്ങളുടെയും ഭാരവാഹികളുടെയും യോഗത്തിനുശേഷമാണ് ജോസഫ് ഇക്കാര്യം പറഞ്ഞത്.

മാണി-ജോസഫ് ലയനം അസ്വാഭാവികം: ചെന്നിത്തല

തിരു: ജോസഫ്-മാണി ലയനം അസ്വഭാവികമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പെട്ടെന്നൊരു ദിവസം ജോസഫ് യുഡിഎഫില്‍ എത്തുന്നത് അംഗീകരിക്കാനാവില്ല. യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ ലയനം ജനങ്ങള്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ജോസഫ് ഇടതുമുന്നണിവിടാനുള്ള സാഹചര്യം മനസിലാകുന്നില്ല. ലയിച്ചാലും കൂടുതല്‍ സീറ്റുനല്‍കില്ലെന്ന സൂചന നല്‍കി മാണി ഗ്രൂപ്പിനുള്ള 11 സീറ്റില്‍ മാണിക്കും മറ്റുള്ളവര്‍ക്കും മത്സരിക്കാമെന്ന് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഗ്രൂപ്പുയോഗങ്ങളും പരസ്യപ്രസ്താവനകളും പാടില്ലെന്ന് തീരുമാനിച്ചതായി കോണ്‍ഗ്രസ് നേതൃയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍രമേശ്ചെന്നിത്തല പറഞ്ഞു. യൂത്ത്കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പില്‍ ചേരിതിരിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടരുത്്. ഇക്കാര്യത്തില്‍ എഐസിസി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കെപിസിസി നേതൃയോഗം ചുമതലപ്പെടുത്തിയതുപ്രകാരം ലയന വിഷയവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അതൃപ്തി കെ എം മാണിയെ ഫോണില്‍ അറിയിച്ചു. എന്നാല്‍ ഇത് തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നും ഇതില്‍ കോണ്‍ഗ്രസ് ഇടപെടേണ്ട കാര്യമില്ലെന്നും മാണി മറുപടി പറഞ്ഞതായും അറിയുന്നു.

ജോസഫിനെ വേണ്ടെന്ന് കെപിസിസി യോഗത്തില്‍ ആവശ്യം

തിരു: ജോസഫ്- മാണി ലയനം ഉണ്ടായാല്‍ കൂടുതല്‍ സീറ്റു നല്‍കരുതെന്ന് കെപിസിസി നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു. പി ജെ ജോസഫിനെ യുഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ലയനം യുഡിഎഫ് ചര്‍ച്ച ചെയ്യണം. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരടക്കം യോഗത്തില്‍ പങ്കെടുത്തു.

ലയനം അവസരവാദം: എംവി രാഘവന്‍

കൊച്ചി: തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മാണി-ജോസഫ് ലയനമെന്നും ഇത് ജനങ്ങള്‍ അവസരവാദമായി മാത്രമേ കാണുകയുള്ളുവെന്നും മുന്‍മന്ത്രി എംവി രാഘവന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ക്ളീന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തയാളാണ് പി ജെ ജോസഫ്. ലയനം കെ എം മാണിയുടെ മാത്രം കാര്യമാണെന്ന കോണ്‍ഗ്രസ് അഭിപ്രായത്തോടു യോജിക്കും. ലയനകാര്യം യുഡിഎഫുമായി ആലോചിക്കേണ്ടതായിരുന്നുവെന്നും ഗസ്റ്റ് ഹൌസില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. എല്‍ഡിഎഫില്‍ നിന്നും വിട്ട് മാണിഗ്രൂപ്പില്‍ ചേര്‍ന്ന പിജെ ജോസഫിന്റെ നടപടി രാഷ്ട്രീയ സദാചാരത്തിനു യോജിച്ചതല്ലെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു കാരണവും പറയാതെയാണ് ജോസഫ് മുന്നണി വിടുന്നത്. ഇനിയൊരു നിമിഷം പോലും ജോസഫിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തരുത്. പുറത്താക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. എല്‍ഡിഎഫില്‍ രാഷ്ട്രീയവും നയപരവുമായ എന്തു തീരുമാനമെടുക്കുമ്പോഴും ജോസഫ് എതിര്‍പ്പു കാട്ടിയിട്ടില്ല. ബാഹ്യമായ ഇടപെടലുകളാണ് ജോസഫിന്റെ തീരുമാനത്തിനു പിന്നിലെന്നാണ് പൊതുവേ കേള്‍ക്കുന്നത്. കത്തോലിക്കാസഭയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളാണ് കാരണമെന്ന് മാധ്യമങ്ങളില്‍ കാണുന്നു. സഭ ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതു പറയേണ്ടത് കര്‍ദ്ദിനാളാണ്. എന്നാല്‍ കര്‍ദ്ദിനാള്‍ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മതനിരപേക്ഷതയ്ക്ക് എതിരാണ്. മതം മതകാര്യങ്ങളില്‍ മാത്രം ഇടപെടുന്നതാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ജനാധിപത്യരീതി. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ അടിയന്തിരമായി തിരുത്തണമെന്നും പിണറായി പറഞ്ഞു.

    ReplyDelete