പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ കാഴ്ചപ്പാടിനെതിരെ വനിതാ എംഎല്‍എമാര്‍ ഒന്നായി പ്രതിഷേധിച്ചപ്പോള്‍ കേരള നിയമസഭയില്‍ അത് ചരിത്രമായി. പക്ഷേ, ഈ സംഭവത്തോടുള്ള അസഹിഷ്ണുതനിറഞ്ഞ പ്രതികരണങ്ങളും വിലയിരുത്തലുകളുംവഴി നല്ലൊരുപങ്ക് മാധ്യമങ്ങളും ഉമ്മന്‍ചാണ്ടി നയിക്കുന്ന പ്രതിപക്ഷവും എങ്ങനെ സ്ത്രീസമൂഹത്തെ വിവേചനപൂര്‍വം കാണുന്നുവെന്ന് വിളിച്ചറിയിക്കുന്നു. ആണിന് കീഴ്പ്പെട്ട് വീട്ടിലോ അടുക്കളയിലോ കഴിയേണ്ടവളാണ് സ്ത്രീ എന്ന ആശയത്തിന്റെ സന്ദേശവാഹകരായി ഈ ഇരട്ടകള്‍. അതുകൊണ്ടാണ് ഏഴ് വനിതകള്‍ വിചാരിച്ചപ്പോള്‍ രണ്ടുമണിക്കൂര്‍ സഭയെ സ്തംഭിപ്പിച്ചെങ്കില്‍ നാളെയെന്താകുമെന്ന ആശ്ചര്യചോദ്യം ഉയര്‍ത്തിയത്. സ്ത്രീയുടെ രാഷ്ട്രീയപങ്കാളിത്തത്തിനെതിരായ ചരിത്രപരമായ പുരുഷവിരോധമാണ് ഇതില്‍ തികട്ടുന്നത്.
സഭാ സമ്മേളനം രണ്ടുമണിക്കൂറിലധികം നിര്‍ത്തിവെയ്ക്കാന്‍ ഇടയാക്കിയത് കോണ്‍ഗ്രസിലെ ശിവദാസന്‍നായരുടെ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശമാണ്. കടന്നുവരുന്ന പുരുഷന്മാര്‍ക്കെല്ലാം വഴങ്ങുന്ന സ്ത്രീ, ബലാത്സംഗം ചെയ്യപ്പെട്ട സുന്ദരിയായ പെണ്‍കുട്ടി എന്നീ പ്രയോഗങ്ങള്‍ മൂന്നാറിന് മേല്‍ ചാര്‍ത്തിക്കൊടുത്തതാണ് ബഹളത്തിനിടയാക്കിയത്. ഇതില്‍നിന്ന് കോണ്‍ഗ്രസ് അംഗത്തെ രക്ഷപ്പെടുത്താന്‍ സഭ നിര്‍ത്തിവെച്ച വേളയില്‍ അണിയറയില്‍ തുണയായത് മുസ്ളിംലീഗിലെ അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണിയാണ്. അത് അദ്ദേഹം ഈ ലേഖകനോട് വെളിപ്പെടുത്തി. ഉര്‍ദു വിദ്യാഭ്യാസവിചക്ഷണയെ ഫോണില്‍ ബന്ധപ്പെട്ട് സാദത്ത് ഹസന്‍ മാന്‍തോയുടെ കഥയെ രണ്ടത്താണിയാണ് കണ്ടെത്തിയത്. രണ്ട് മണിക്കൂറിനുശേഷം സഭ ചേര്‍ന്നപ്പോള്‍ താന്‍ ഉദ്ധരിച്ചത് മാന്‍തോയുടെ "തുറക്കു'' (ഖോല്‍ ദോ) എന്ന കഥയിലെ വാചകമാണെന്നാണ് ശിവദാസന്‍ നായര്‍ സഭയെ അറിയിച്ചത്. പക്ഷേ, കടന്നുവരുന്നവര്‍ക്കെല്ലാം വഴങ്ങിക്കൊടുക്കുന്ന സ്ത്രീയെന്ന ഒരു വിശേഷണവും മാന്‍തോയുടെ കഥയില്‍ ഇല്ല. എന്നിട്ടും പ്രസിദ്ധനായ ഇന്തോ-പാക്സാഹിത്യകാരന്‍ സാദത്ത് ഹസന്‍ മാന്‍തോയുടെ കഥ നിയസഭയില്‍ ഉദ്ധരിക്കുന്നതിന് എല്‍ഡിഎഫ് ഭരണത്തില്‍ വിലക്കുണ്ടെന്ന പ്രതീതി മനോരമയുടെ നിയമസഭാവലോകനത്തില്‍ ഇ സോമനാഥും സമാനചിന്താഗതിക്കാരായ ചില 'മാധ്യമ പുരുഷകേസരി'കളും ചിത്രീകരിച്ചു. സഭയിലെ വനിതാ സാമാജികരുടെ ഒറ്റക്കെട്ടായ ന്യായമായ പ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താനും വനിതകളുടെ പ്രതിഷേധത്തിനെതിരെ സഭയുടെ നടുത്തളത്തിലിറങ്ങി സഭ കലക്കിയ ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തെ വെള്ളപൂശാനുമാണ് ഭൂവനപ്രസിദ്ധനായ മാന്‍തോയുടെ നാമത്തെ പരിചയാക്കിയത്. മുംബൈയില്‍ വസിച്ച മാന്‍തോ പിന്നീട് പാകിസ്ഥാനില്‍ അഭയംതേടുകയായിരുന്നു. വര്‍ഗീയശക്തികള്‍ അഴിഞ്ഞാടുമ്പോള്‍ സുരക്ഷിത്വം നല്‍കാന്‍ കഴിയാത്തതിനാല്‍ മാന്‍തോമാരും എം എഫ് ഹുസൈന്‍മാരും നാടുവിടുകയാണ്. ഇതുകാണാന്‍ മാധ്യമകേസരികള്‍ക്ക് കണ്ണില്ല. എന്നിട്ട് വനിതാ എംഎല്‍എമാര്‍ക്ക് വിവരമില്ലെന്നും ഇക്കൂട്ടര്‍ വിലയിരുത്തി. ഇന്തോ-പാക് വിഭജനകാലത്ത് വര്‍ഗീയക്കോമരങ്ങള്‍ എങ്ങനെ മനുഷ്യത്വത്തെ ചവിട്ടിമെതിച്ചുവെന്ന് കരളലിയിപ്പിക്കുംവിധം ഉര്‍ദുകഥകളിലൂടെ ലോകത്തെ അറിയിച്ച മാന്‍തോയുടെ ചെറുകഥാസാരം ഇങ്ങനെ:
'അമൃതസറില്‍നിന്ന് ഉച്ചയ്ക്ക് രണ്ടിന് തിരിച്ച തീവണ്ടി ലാഹോറില്‍ എട്ടുമണിക്കൂറിനുശേഷം എത്തിച്ചേര്‍ന്നു. വഴിയില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഒട്ടനവധിപേര്‍ക്ക് പരിക്ക്, കാണാതെ പോയവര്‍ നിരവധി. അടുത്ത ദിവസം രാവിലെ 10 മണിക്ക് സിറാജൂദീന് ബോധം തിരിച്ചുകിട്ടി. അയാള്‍ക്ക് ചുറ്റും പുരുഷന്മാരും സ്ത്രീകളും കുട്ടികളും വാവിട്ടു നിലവിളിക്കുന്നു. ഒരെത്തുംപിടിയുമില്ല. ഏറെ പണിപ്പെട്ട് അയാള്‍ക്ക് പരിസരബോധംകിട്ടി. മകള്‍ സകീനയെ കാണുന്നില്ല. തലേന്നത്തെ കലാപത്തില്‍ സകീനയുടെ അമ്മ കൊല്ലപ്പെട്ടിരുന്നു. മകളെ തേടി ആള്‍ക്കൂട്ടത്തിലൂടെ സകീനെയെന്ന് വിളിച്ച് അയാള്‍ ഓടിനടന്നു. എങ്ങും പരിഭ്രാന്തി. മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കള്‍, ഭാര്യയെ നഷ്ടപ്പെട്ട ഭര്‍ത്താക്കന്മാര്‍, ഉറ്റവരെയും ഉടയവരേയും തേടി അലമുറയിട്ടു വേവലാതിയോടെ പരതിനടക്കുന്ന ജനക്കൂട്ടം. കഴിഞ്ഞ ദിവസത്തെ കലാപത്തില്‍ സകീനയെ നഷ്ടപ്പെട്ടതെങ്ങനെയെന്ന് ഓര്‍ത്തെടുക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. അവളുടെ ദുപ്പട്ട കണ്ടെടുത്തതായി ഓര്‍ക്കുന്നു. പക്ഷേ അവള്‍ എവിടെ?
കലാപകാരികള്‍ ട്രെയിന്‍ തടഞ്ഞപ്പോള്‍ അവളെ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയതാവുമോ? സിറാജൂദീന്റെ ദീനമായ അന്വേഷണത്തിന് ഒരാഴ്ച പ്രായമായി. ഇതിനിടെ ആയുധധാരികളായ എട്ടുയുവാക്കളെ കാണുകയും അവരോട് തന്റെ വ്യഥകള്‍ പറയുകയും ചെയ്തു. അവള്‍ എന്നെ പോലെയല്ല. അമ്മയെ പോലെ നല്ല നിറമുള്ളവളാണ്. വെളുത്ത കവിളില്‍ കറുത്ത മറുകുണ്ട്. 17 വയസ്സാണ്. നിങ്ങളുടെ മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞങ്ങള്‍ അവളെ കണ്ടെത്തുമെന്ന് യുവാക്കള്‍ ഉറപ്പുകൊടുത്തു.
ട്രാക്കിലൂടെ പേടിച്ചോടുന്ന പെണ്‍കൂട്ടിയെ കണ്ട് സകീനെയെന്ന് വിളിച്ചു യുവസംഘം പിന്തുടര്‍ന്നു. നീ സിറാജൂദീന്റെ മകളല്ലേയെന്ന ചോദ്യം കേട്ട് അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. അതെ, വിടര്‍ന്ന കണ്ണുകള്‍, ഇടതുകവിളില്‍ മറുക്, സകീന. അവള്‍ യുവാക്കള്‍ക്ക് ഒപ്പം പിതാവിന്റെ അടുത്തേക്ക് യാത്രതിരിച്ചു. ഇതിനിടെ അവര്‍ അവള്‍ക്ക് ആഹാരവും വസ്ത്രവും നല്‍കി.
ദിവസങ്ങള്‍ കടന്നുപോയി. യുവാക്കളില്‍ ഒരാളെ കണ്ടപ്പോള്‍ സിറാജൂദീന്‍ ചോദിച്ചു 'മകനെ എന്റെ മകള്‍...'. അടുത്ത ദിവസം ക്യാമ്പില്‍ എന്തോ തകൃതിയായി നടക്കുന്നത് സിറാജൂദീന്റെ ശ്രദ്ധയില്‍പ്പെട്ടു. യുവാക്കള്‍ സ്ട്രക്ചറില്‍ ഒരു പെണ്‍കുട്ടിയെ ക്യാമ്പ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ്. അയാള്‍ ആശുപത്രിയില്‍ കടന്നു. പെണ്‍കുട്ടിക്ക് ബോധമില്ല. കവിളല്‍ മറുക്, സകീന... അയാള്‍ ഉറക്കേ വിളിച്ചു. ഡോക്ടര്‍ ലൈറ്റിട്ടു. ജനല്‍ തുറക്കു- ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. സ്ട്രെക്ച്ചറിലെ പെണ്‍കുട്ടി വസ്ത്രങ്ങള്‍ ഓരോന്നായി അനാവരണം ചെയ്യാന്‍ തുടങ്ങി. വെളിച്ചം മുറിയില്‍ തള്ളിക്കയറി. അതേ സകീന തന്നെ. എന്റെ മകള്‍ ജീവിച്ചിരിക്കുന്നു. സന്തോഷത്താല്‍ സിറാജൂദീന്‍ കണ്ണീരണിഞ്ഞു. ഡോക്ടര്‍ തണുത്തുവിയര്‍ത്തു.'
വിഭജനകാല ഇന്ത്യയുടെ നോവിന്റെ കഥയാണിത്. മഹത്തായ ഈ കഥയെ സഭയില്‍ നേരത്തെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ന്യായീകരിക്കാന്‍ പരിചയായി കൊണ്ടുവരുകയായിരുന്നു പ്രതിപക്ഷം. വിഭജനകാല വര്‍ഗീയകലാപത്തെയും മൂന്നാറിനെയും കൂട്ടിയോജിപ്പിക്കുന്ന ഒരു ഘടകവുമില്ല. മഹത്തായ സാഹിത്യകാരന്റെ കഥയിലെ വാചകം കടംകൊണ്ടുവെന്ന അസത്യപ്രസ്താവനയാണ് ശിവദാസന്‍നായര്‍ നടത്തിയത്. ലൈംഗികതയുടെ മണ്ഡലത്തിലുള്ള അനിയതമായ മാനസിക പ്രവണതയ്ക്ക് ഇംഗ്ളീഷില്‍ ഫെറ്റിഷിസം എന്ന് പറയുമെന്നാണ് സാഹിത്യനിരൂപകനായ എന്‍ ഇ സുധീര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അനാവശ്യമായി ലൈംഗിക വൈകൃതങ്ങളെ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതിനെതിരായാണ് സുധീര്‍ അഭിപ്രായം പറഞ്ഞതെങ്കില്‍ ഇപ്പോഴത് രാഷ്ട്രീയത്തില്‍ക്കൂടി ഉപയോഗിക്കുന്നു. മൂന്നാര്‍ ഉപമയിലൂടെ പ്രതിപക്ഷാംഗം സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് നിയമസഭയിലെ വനിതാ സാമാജികര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടപ്പോള്‍ അതില്‍ എന്തെങ്കിലും കാതലായ കാര്യമുണ്ടോയെന്ന് പരിശോധിക്കാനുള്ള അനുകമ്പ ഉമ്മന്‍ചാണ്ടി നയിക്കുന്ന പ്രതിപക്ഷത്തിന് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് രണ്ടുമണിക്കൂര്‍ നിശ്ചലമായ സഭ വീണ്ടും ചേര്‍ന്നപ്പോള്‍ വനിതകള്‍ക്കെതിരെ പ്രതിപക്ഷത്തെ 'പുരുഷകേസരി'കള്‍ നടുത്തളത്തിലിറങ്ങി സഭകലക്കിയത്. ഇത് ചെയ്ത പ്രതിപക്ഷത്തെ വാഴ്ത്തിയും വനിതാ എംഎല്‍എമാരെ വിവരദോഷികളായി ചിത്രീകരിച്ചുമാണ് മനോരമ, മാധ്യമം തുടങ്ങിയ പത്രങ്ങളിലെ സഭാവലോകക്കാരും മറ്റ് ലേഖകരും വാര്‍ത്താവിശകലനം നടത്തിയത്.
തങ്ങളുടേതല്ലാത്ത കാരണത്താല്‍ മാനഭംഗത്തിന് ഇരയായ സ്ത്രീ, സമൂഹത്തിലെ പുഴുക്കുത്താണെന്ന ബിംബകല്പനയാണ് മൂന്നാര്‍ ഉപമയിലൂടെ പ്രതിപക്ഷം നല്‍കിയത്. സ്ഥാനത്തും അസ്ഥാനത്തും സ്ത്രീയെ അവഹേളിക്കുന്ന പ്രവണതക്കെതിരായ പോരാട്ട നാളമാണ് വനിതാ എംഎല്‍എമാര്‍ സഭയില്‍ തെളിച്ചത്. ഇത് കാണാതെ മഹാന്മാരായ സാഹിത്യകാരന്മാര്‍ക്ക് നിയമസഭയില്‍ വിലക്കോ എന്ന് ചോദിക്കുന്നത് അസംബന്ധമാണ്. പുരാണ സാഹിത്യഗ്രന്ഥമാണ് കാളിദാസന്റെ കുമാരസംഭവം എന്നുവെച്ച് അതിലെ ഭാഗങ്ങളെല്ലാം എല്ലായിടത്തും ഒരു പോലെ ആലപിക്കാന്‍ സ്വബോധമുള്ളവര്‍ക്കാകുമോ. തീമഴപെയ്തപ്പോള്‍ ലോത്ത് ഗുഹയില്‍ ഒളിച്ചെന്നും കൂടെ പെണ്‍മക്കള്‍ ചെന്നെന്നും പിന്നീട് അവര്‍ക്ക് മക്കളുണ്ടായിയെന്നും പറയുന്ന ബൈബിള്‍ ഭാഗം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി എല്ലായിടത്തും ഉദ്ധരിക്കാവുന്നതല്ലല്ലോ. സാഹിത്യകൃതികള്‍ക്കോ പുരാണഗ്രന്ഥങ്ങള്‍ക്കോ സഭയില്‍ വിലക്കിന്റെ ഒരു പ്രശ്നവുമില്ല. കേശവദേവിന്റെ 'ഓടയില്‍ നിന്ന്', വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്'... എന്നിവ പാഠപുസ്തമാക്കിയപ്പോള്‍ ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് പുസ്തകങ്ങളില്‍ അശ്ളീലം കണ്ട് സഭ സ്തംഭിപ്പിച്ച വിമോചനസമര കോണ്‍ഗ്രസിന്റെ പിന്മുറക്കാരായ ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തെ പിന്താങ്ങി മാധ്യമങ്ങളും തനിനിറം വെളിപ്പെടുത്തി.
ആര്‍ എസ് ബാബു chintha weekly 02042010
പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ കാഴ്ചപ്പാടിനെതിരെ വനിതാ എംഎല്‍എമാര്‍ ഒന്നായി പ്രതിഷേധിച്ചപ്പോള്‍ കേരള നിയമസഭയില്‍ അത് ചരിത്രമായി. പക്ഷേ, ഈ സംഭവത്തോടുള്ള അസഹിഷ്ണുതനിറഞ്ഞ പ്രതികരണങ്ങളും വിലയിരുത്തലുകളുംവഴി നല്ലൊരുപങ്ക് മാധ്യമങ്ങളും ഉമ്മന്‍ചാണ്ടി നയിക്കുന്ന പ്രതിപക്ഷവും എങ്ങനെ സ്ത്രീസമൂഹത്തെ വിവേചനപൂര്‍വം കാണുന്നുവെന്ന് വിളിച്ചറിയിക്കുന്നു. ആണിന് കീഴ്പ്പെട്ട് വീട്ടിലോ അടുക്കളയിലോ കഴിയേണ്ടവളാണ് സ്ത്രീ എന്ന ആശയത്തിന്റെ സന്ദേശവാഹകരായി ഈ ഇരട്ടകള്‍. അതുകൊണ്ടാണ് ഏഴ് വനിതകള്‍ വിചാരിച്ചപ്പോള്‍ രണ്ടുമണിക്കൂര്‍ സഭയെ സ്തംഭിപ്പിച്ചെങ്കില്‍ നാളെയെന്താകുമെന്ന ആശ്ചര്യചോദ്യം ഉയര്‍ത്തിയത്. സ്ത്രീയുടെ രാഷ്ട്രീയപങ്കാളിത്തത്തിനെതിരായ ചരിത്രപരമായ പുരുഷവിരോധമാണ് ഇതില്‍ തികട്ടുന്നത്.
ReplyDelete