Wednesday, April 14, 2010

ഗ്രൂപ്പുമായ് നേതാക്കള്‍, ഗ്രിപ്പില്ലാതെ നേതൃത്വം

ഉമ്മന്‍ചാണ്ടിയെ ഒതുക്കാന്‍ ചെന്നിത്തല - വയലാര്‍ രവി സഖ്യം

പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുറന്നഗ്രൂപ്പ് യുദ്ധത്തിന്. പി പി തങ്കച്ചന്‍ നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പിനു പുറമെ പത്മജ വേണുഗോപാല്‍ വിഭാഗത്തെയും വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പിനെയും ഒപ്പം കൂട്ടിയാണ് പടപ്പുറപ്പാട്. ചെന്നിത്തലയുടെ ആശീര്‍വാദത്തോടെ എംപിമാരായ കെ സുധാകരനും കെ സി വേണുഗോപാലും തിങ്കളാഴ്ച കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പത്മജ വിഭാഗത്തിന്റെ പ്രതിനിധി എന്‍ വേണുഗോപാലും വയലാര്‍ രവി വിഭാഗത്തിലെ അജയ് തറയിലും പങ്കെടുത്തു.രമേശ് ചെന്നിത്തലയാവും ഏകീകൃത ഐ ഗ്രൂപ്പ് ലീഡര്‍. യൂത്ത് കോണ്‍ഗ്രസ് ഐ വിഭാഗം നേതാക്കള്‍ കൊച്ചിയില്‍ മറ്റൊരു കേന്ദ്രത്തിലും യോഗം ചേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരിലാണ് യോഗമെങ്കിലും യഥാര്‍ഥ പ്രശ്നം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ആരു നയിക്കണമെന്നുതന്നെയാണെന്ന് യോഗത്തില്‍ പങ്കെടുത്ത ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവ് വ്യക്തമാക്കി.

എ കെ ആന്റണിയുടെ അടുത്ത അനുയായിയായ മലബാറിലെ ഒരു എംപി ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കൈപ്പിടിയിലായാല്‍ കേരളത്തിലെ സംഘടന തന്റെ നിയന്ത്രണത്തിലാണെന്ന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താമെന്ന് ചെന്നിത്തല കരുതുന്നു. ഹൈക്കമാന്‍ഡിന് അത്ര തൃപ്തിയില്ലാത്ത ഉമ്മന്‍ചാണ്ടിക്ക് ഇത് കനത്ത തിരിച്ചടിയാകും. അടുത്ത തെരഞ്ഞെടുപ്പില്‍ സ്വന്തക്കാരെ സ്ഥാനാര്‍ഥിയാക്കി നിയമസഭാകക്ഷി നേതൃത്വം ഏറ്റെടുക്കാന്‍ ചെന്നിത്തലയ്ക്ക് ഇതു സഹായമാകുമെന്നും കണക്കുകൂട്ടുന്നു. പാര്‍ലമെന്റ് മണ്ഡലാടിസ്ഥാനത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. 16-നു മുമ്പ് ലോകസഭാ മണ്ഡലം അടിസ്ഥാനത്തിലും ബൂത്തുതലംവരെയുള്ള യോഗങ്ങള്‍ 22-നകവും നടത്തും. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അര്‍ഹമായ പ്രാതിനിധ്യം പിടിച്ചെടുക്കാനാണ് ഈ പടയൊരുക്കം.

വി ഡി സതീശന്‍ എംഎല്‍എ, സി എന്‍ ബാലകൃഷ്ണന്‍, ശരത്ചന്ദ്രപ്രസാദ്, കെ പി അനില്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം ലിജു, ജോസഫ് വാഴക്കന്‍, വി കെ ശ്രീകണ്ഠന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ദുബായിലായതിനാല്‍ പത്മജ വേണുഗോപാല്‍ പങ്കെടുത്തില്ല. പത്മജ എത്തിയശേഷം വ്യാഴാഴ്ച തിരുവനന്തപുരത്ത് വീണ്ടും യോഗം ചേരും. എ ഗ്രൂപ്പിനു സഹായമാകുന്ന വിട്ടുവീഴ്ചയ്ക്കൊന്നും തയ്യാറാകരുതെന്നും കെഎസ് യു തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും യോഗത്തില്‍ ധാരണയുണ്ടായി. ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടിലായിരുന്നു വിശാല ഐ ഗ്രൂപ്പ് യോഗം.

സംഘടനാ തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍് 20 പാര്‍ലമെന്റ് മണ്ഡലത്തിലും നാലുദിവസത്തിനകം ഗ്രൂപ്പ് യോഗവും ജില്ലാടിസ്ഥാനത്തില്‍ ഗ്രൂപ്പ് യോഗങ്ങളും ചേരാന്‍ എം ലിജുവിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഐ വിഭാഗം നേതൃയോഗവും തീരുമാനിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും ലിജുവിനെയും ശ്രീകണ്ഠനെയും ചുമതലപ്പെടുത്തി. ആദ്യം ഹോട്ടല്‍ സരോവരത്തില്‍ ചേര്‍ന്ന യോഗം പിന്നീട് മരടിലെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. എ ഗ്രൂപ്പിലും പടയൊരുക്കം ശക്തമാണ്. കെ വി തോമസും വി എം സുധീരനും ഉമ്മന്‍ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതായി അറിയുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനം ലക്ഷ്യമിട്ട് സുധീരന്‍ തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് താമസവും മാറിയിട്ടുണ്ട്.

ലക്ഷ്യം പങ്കുവയ്പില്‍ നേട്ടമുണ്ടാക്കല്‍

വയലാര്‍ രവിയും ചെന്നിത്തലയും സംയുക്തമായി തയ്യാറാക്കിയ രൂപരേഖയുടെ ഭാഗമായാണ് ഉമ്മന്‍ചാണ്ടി വിരുദ്ധരുടെ യോഗം കൊച്ചിയില്‍ തിങ്കളാഴ്ച ചേര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഏകീകൃത ഐ ഗ്രൂപ്പായി മത്സരിക്കാനാണ് യോഗതീരുമാനം. കെഎസ്യു തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പ് അനായാസവിജയം നേടിയത് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കരുതെന്ന വികാരം യോഗത്തിലുണ്ടായി. പ്രാദേശിക തെരഞ്ഞെടുപ്പ് കഴിയുംവരെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കേരളത്തില്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം നിരാകരിക്കുക മാത്രമല്ല, എം ലിജു നയിക്കുന്ന സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടന്നാല്‍ ഉമ്മന്‍ചാണ്ടി പക്ഷത്തെ തോല്‍പ്പിച്ച് ഉമ്മന്‍ചാണ്ടിവിരുദ്ധ ചേരി വിജയം നേടണം. അതിനായി അണികളിലും പ്രവര്‍ത്തകരിലും ഉണര്‍വുണ്ടാക്കാന്‍ താഴെത്തട്ടുമുതല്‍ സംഘടിതപ്രവര്‍ത്തനം നടത്താനാണ് വയലാര്‍ രവിയും ചെന്നിത്തലയും നിര്‍ദേശിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ വിധി കെപിസിസി-ഡിസിസി സ്ഥാനം പങ്കിടലില്‍ പ്രധാനമാണ്. പ്രാദേശിക തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ കോണ്‍ഗ്രസില്‍ മുകള്‍ത്തട്ടില്‍ തെരഞ്ഞെടുപ്പ് വേണ്ട സമവായം മതിയെന്ന ധാരണയിലാണ് ഇപ്പോള്‍. നിയോജകമണ്ഡലം തലത്തില്‍ തെരഞ്ഞെടുപ്പാകാം. എന്നാല്‍, അതിനു മുകളില്‍ വോട്ടെടുപ്പ് വേണ്ടെന്നാണ് പൊതുധാരണ. മുകള്‍ത്തട്ടില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നാല്‍ അത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംഘടനയില്‍ വിള്ളല്‍വന്നാല്‍ തെരഞ്ഞെടുപ്പിന്റെ സാധ്യതകളെ ബാധിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. അതിനാല്‍ മുകള്‍ത്തട്ടില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താനാണ് നീക്കം. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടെയുള്ള പങ്കുവയ്പാകും ഉണ്ടാകുക. അതില്‍ സ്ഥാനം ലഭിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗംകൂടിയാണ് ഉമ്മന്‍ചാണ്ടിക്കെതിരായ വയലാര്‍രവി-ചെന്നിത്തല പടനീക്കം.

സംഘടനാ തെരഞ്ഞെടുപ്പ്: മൂന്നും നാലും അടക്കം ചേര്‍ന്ന് വിശാല ഐ ഗ്രൂപ്പ്

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐ ഗ്രൂപ്പും മൂന്നും നാലും ഗ്രൂപ്പുകളും കൊച്ചിയില്‍ രഹസ്യയോഗം ചേര്‍ന്നു. കെ സുധാകരന്‍, കെ സി വേണുഗോപാല്‍ എന്നീ എംപിമാരുടെ നേതൃത്വത്തിലാണ് ഹോട്ടല്‍ വൈറ്റ്ഫോര്‍ട്ടില്‍ യോഗം ചേര്‍ന്നത്. വിശാല ഐ ഗ്രൂപ്പായി സംഘടനാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം. അതിനിടെ, 20 പാര്‍ലമെന്റ് മണ്ഡലത്തിലും മണ്ഡലാടിസ്ഥാനത്തില്‍ നാലു ദിവസത്തിനകം ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് നേതൃയോഗം തീരുമാനിച്ചു. ജില്ലാടിസ്ഥാനത്തിലും യോഗം ചേരും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം ലിജു, കെ ശ്രീകണ്ഠന്‍ എന്നിവരെ ചുമതലപ്പെടുത്തി. 20 ന് തുടങ്ങുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി കെഎസ്യു തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനുണ്ടായ തിരിച്ചടി മറികടക്കാനുള്ള തന്ത്രങ്ങള്‍ മെനയാനും യോഗം തീരുമാനിച്ചു. ആദ്യം വൈറ്റില ഹോട്ടല്‍ സരോവരത്തില്‍ ചേര്‍ന്ന യോഗം പിന്നീട് മരടിലെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി.

പത്മജയുടെ സാന്നിധ്യത്തില്‍ ഐ ഗ്രൂപ്പ് യോഗം

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ കരുണാകരവിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തൃശൂരില്‍ പത്മജ വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ നടന്ന ഐ ഗ്രൂപ്പ് രഹസ്യയോഗം തീരുമാനിച്ചു. ജില്ലയില്‍ 13 മണ്ഡലങ്ങളിലും ഗ്രൂപ്പ് യോഗം വിളിക്കാനും ജില്ലാ, ബ്ളോക്ക് തലങ്ങളില്‍ അര്‍ഹതപ്പെട്ട ഭാരവാഹിത്വങ്ങള്‍ നേടിയെടുക്കുന്നതിന് ശക്തമായ സമ്മര്‍ദതന്ത്രം ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് പത്മജ വേണുഗോപാല്‍ യോഗത്തില്‍ പങ്കെടുത്തത്. മുന്‍ കോര്‍പറേഷന്‍ കൌസിലര്‍ പ്രൊഫ. മേരിക്കുഞ്ഞിന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ കരുണാകര വിഭാഗം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ലിന്റോ വരടിയം അധ്യക്ഷനായി. കെപിസിസി എക്സി. അംഗം ഇബ്രാഹിംകുട്ടി കല്ലാറും യോഗത്തില്‍ പങ്കെടുത്തു. അമ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗം രഹസ്യയോഗങ്ങള്‍ വ്യപകമാക്കാനും തീരുമാനിച്ചു. 20 മുതലാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ ആരംഭിക്കുക. അതിനകം എല്ലാ മണ്ഡലങ്ങളിലും യോഗം ചേരും. സംസ്ഥാനതലത്തില്‍ത്തന്നെ ഉമ്മന്‍ചാണ്ടി വിഭാഗത്തിനെതിരായ നീക്കത്തിന്റെ ഭാഗമാണ് രഹസ്യയോഗങ്ങള്‍. തൃശൂര്‍ അതിരൂപത സഹായമെത്രാനായി അഭിഷിക്തനായ മാര്‍ റാഫേല്‍ തട്ടിലിനെ പത്മജ സന്ദര്‍ശിച്ചു.

കൊല്ലത്തെ എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം കായംകുളത്ത്

കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല-വയലാര്‍ രവി സഖ്യത്തിന്റെ നീക്കം ചെറുക്കാന്‍ എ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കി. ഗ്രൂപ്പ് നേതൃത്വത്തില്‍നിന്നുണ്ടായ നിര്‍ദേശപ്രകാരം കൊല്ലം ജില്ലയിലെ നേതാക്കള്‍ ചൊവ്വാഴ്ച കായംകുളത്ത് യോഗം ചേര്‍ന്നു. തോട്ടവിള ഗവേഷണകേന്ദ്രം ഗസ്റ്റ്ഹൌസിലായിരുന്നു അടിയന്തര രഹസ്യയോഗം. ഗ്രൂപ്പ് ബലാബലം ഉടനെ പരീക്ഷിക്കപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പായിരുന്നു യോഗത്തിന്റെ മുഖ്യ അജന്‍ഡ. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ഗ്രൂപ്പുയോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചുമതല മുന്‍ എംഎല്‍എ പ്രതാപവര്‍മതമ്പാന് നല്‍കി. വിശാല ഐ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ പരാജയപ്പെടുത്തുകയാണ് പ്രധാനദൌത്യം. ഡിസിസി വൈസ്പ്രസിഡന്റ് എ ഷാനവാസ്ഖാന്‍, ജനറല്‍സെക്രട്ടറിമാരായ തൊടിയൂര്‍ രാമചന്ദ്രന്‍, എം ഭാസ്കരന്‍, സി ആര്‍ നജീബ്, പി ജര്‍മിയാസ്, സുധീര്‍ ജേക്കബ്, കെപിസിസി അംഗങ്ങളായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, എഴുകോണ്‍ നാരായണന്‍ എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി വാര്‍ത്തകള്‍

1 comment:

  1. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുറന്നഗ്രൂപ്പ് യുദ്ധത്തിന്. പി പി തങ്കച്ചന്‍ നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പിനു പുറമെ പത്മജ വേണുഗോപാല്‍ വിഭാഗത്തെയും വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പിനെയും ഒപ്പം കൂട്ടിയാണ് പടപ്പുറപ്പാട്. ചെന്നിത്തലയുടെ ആശീര്‍വാദത്തോടെ എംപിമാരായ കെ സുധാകരനും കെ സി വേണുഗോപാലും തിങ്കളാഴ്ച കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പത്മജ വിഭാഗത്തിന്റെ പ്രതിനിധി എന്‍ വേണുഗോപാലും വയലാര്‍ രവി വിഭാഗത്തിലെ അജയ് തറയിലും പങ്കെടുത്തു.രമേശ് ചെന്നിത്തലയാവും ഏകീകൃത ഐ ഗ്രൂപ്പ് ലീഡര്‍. യൂത്ത് കോണ്‍ഗ്രസ് ഐ വിഭാഗം നേതാക്കള്‍ കൊച്ചിയില്‍ മറ്റൊരു കേന്ദ്രത്തിലും യോഗം ചേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരിലാണ് യോഗമെങ്കിലും യഥാര്‍ഥ പ്രശ്നം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ആരു നയിക്കണമെന്നുതന്നെയാണെന്ന് യോഗത്തില്‍ പങ്കെടുത്ത ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവ് വ്യക്തമാക്കി.

    ReplyDelete