പത്തുവര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലക്ക് സ്വകാര്യവല്‍ക്കരണ ഭീഷണി. കൊച്ചി കപ്പല്‍ശാല ഉള്‍പ്പെടെ 27 കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ധനമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജ്യത്തിന് വിമാനവാഹിനിക്കപ്പല്‍ നിര്‍മാണം കൊച്ചി കപ്പല്‍ ശാലയില്‍ പുരോഗമിക്കുകയാണ്. തീരസംരക്ഷണസേനയുടെ 20 ചെറുകപ്പലുകളുടെ നിര്‍മാണ ഓര്‍ഡര്‍ ലഭിക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണ ഭീഷണിയുടെ വാള്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞവര്‍ഷം കപ്പല്‍ശാലയുടെ മൊത്തം വിറ്റുവരവ് 1237 കോടിരൂപയാണ്. അറ്റാദായം 160 കോടിരൂപയും. ഈവര്‍ഷം വിദേശ ഓര്‍ഡറുകള്‍ കുറഞ്ഞാലും ലാഭം കുറയില്ല എന്നുതന്നെയാണ് കണക്കുകൂട്ടുന്നത്. ഇപ്പോള്‍ കൊച്ചി കപ്പല്‍ശാലയില്‍ 3,200 കോടിയിലേറെ രൂപ ചെലവുപ്രതീക്ഷിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ലോകത്ത് അമേരിക്ക, ബ്രിട്ടന്‍, സോവിയറ്റ് യൂണിയന്‍, ക്രൊയേഷ്യ എന്നിവയ്ക്കുശേഷം വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ വികസിത രാജ്യങ്ങള്‍ ഇനിയും വിമാനവാഹിനിക്കപ്പലുകള്‍ നിര്‍മിച്ചിട്ടില്ല. വിമാനവാഹിനിക്കപ്പലുകളുടെ നിര്‍മാണം രാജ്യസുരക്ഷയുമായി ബന്ധപെട്ടതാണ്. നിര്‍മാണത്തിന്റെ എല്ലാഘട്ടത്തിലും അതീവജാഗ്രതയും സുരക്ഷയും അനിവാര്യമാണ്. അത്തരം തന്ത്രപ്രധാനവും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ നിര്‍മാണം പുരോഗമിക്കുമ്പോഴാണ് സ്വകാര്യവല്‍ക്കരണത്തിനുള്ള അണിയറ നീക്കം.
കൊച്ചി കപ്പല്‍ശാലയില്‍ ഇപ്പോഴുള്ള 20 ഓര്‍ഡറുകളില്‍ 14 വിദേശ ഓര്‍ഡറും പൂര്‍ത്തിയാക്കി കൈമാറിക്കഴിഞ്ഞു. 2006-07-ല്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് ബജറ്റ് ആനുകൂല്യമായി അനുവദിച്ച 198 കോടിരൂപ ഉപയോഗിച്ചാണ് ഇവിടെ ചെറിയ കപ്പലുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള ഡോക് ആരംഭിച്ചത്. ഇത് ആരംഭിച്ച ഘട്ടത്തിലാണ് തീരസംരക്ഷണസേനയ്ക്കുവേണ്ടി 20 ചെറുകപ്പലുകള്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ പരിഗണനയിലുള്ളത്. ഇതുകൂടാതെ ഒഎന്‍ജിസി, ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയ്ക്കുവേണ്ടിയുള്ള കപ്പലുകളുടെ നിര്‍മാണത്തിനുള്ള ഓര്‍ഡറും കപ്പല്‍ശാലയ്ക്കുണ്ട്. വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിറ്റുതുലയ്ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എംപ്ളോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ ചന്ദ്രന്‍പിള്ളയും സെക്രട്ടറി എം സി വിജയനാഥന്‍പിള്ളയും വ്യക്തമാക്കി.
1560 സ്ഥിരം ജീവനക്കാരും രണ്ടായിരത്തി അഞ്ഞൂറിലേറെ കരാര്‍ ജീവനക്കാരുമാണ് ഇപ്പോള്‍ കപ്പല്‍ശാലയിലുള്ളത്. കേന്ദ്രപൊതുമേഖലയില്‍ ഷിപ്പിങ് മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി കപ്പല്‍ശാല മിനിരത്ന പദവിയുള്ള സ്ഥാപനമാണ്. 1967-ല്‍ ഇ എം എസ് സര്‍ക്കാര്‍ ഏറ്റെടുത്തുനല്‍കിയ 170 ഏക്കര്‍ ഭൂമിയിലാണ് കപ്പല്‍ശാലയുടെ പ്രവര്‍ത്തനം. സംസ്ഥാനത്തുതന്നെ ഏറ്റവും ഉയര്‍ന്ന ഭൂമിവിലയുള്ള കൊച്ചിനഗരത്തില്‍ സ്ഥിതിചെയ്യുന്ന കപ്പല്‍ശാലയുടെ ഭൂമിയുടെ മൂല്യം വിലയിരുത്തുന്നത് പോലും അസാധ്യമാണ്.
ദേശാഭിമാനി വാര്‍ത്ത
No comments:
Post a Comment