ആഗോളവല്‍ക്കരണകാലത്ത് രാഷ്ട്രീയത്തിനും ക്രിക്കറ്റിനും വരുന്ന അധഃപതനത്തിന്റെ അപമാനകരമായ കാഴ്ചയാണ് ശശി തരൂരിന്റെ രാജിയിലെത്തിയ പ്രശ്നങ്ങളില്‍ പ്രതിഫലിക്കുന്നത്. കൊച്ചിയുടെ പേരു പേറുന്ന ഐപിഎല്‍ ടീമിനായി തരൂര്‍ നടത്തിയ അവിഹിത ഇടപെടലുകള്‍ മറച്ചുവയ്ക്കാന്‍ കഴിയാത്തവിധം പരസ്യമാക്കപ്പെട്ടു. അധികാരത്തില്‍ വന്ന് ഒരു വര്‍ഷം തികയുംമുമ്പ് അഴിമതി നടത്തിയതിന് ഒരു മന്ത്രിക്ക് രാജിവയ്ക്കേണ്ടിവന്ന അവസ്ഥ രണ്ടാം യുപിഎ സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ല. പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭയിലും നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് പ്രധാനമന്ത്രി രാജി ചോദിച്ചുവാങ്ങിയത്. കൊച്ചി ടീമിന്റെ ഉപദേഷ്ടാവും മാര്‍ഗദര്‍ശിയുമാണ് താനെന്ന കാര്യം പരസ്യമായി തരൂര്‍ സമ്മതിച്ചിരുന്നു. അവര്‍ക്കുവേണ്ടി ഐപിഎല്‍ കമീഷണറുമായും ഫോണില്‍ സംസാരിക്കുകയും എസ്എംഎസുകള്‍ അയക്കുകയും ചെയ്ത കാര്യവും സമ്മതിച്ചു. കമ്പനി നിയമങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത വ്യവസ്ഥകളുമായി ഇന്നത്തെ കമ്പോളത്തില്‍ 70 കോടി രൂപയിലധികം വിലവരുന്ന ഷെയറുകള്‍ തരൂരിന്റെ സുഹൃത്തിനു ലഭിച്ചെന്ന കാര്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത അധികാര ദുര്‍വിനിയോഗമാണ്. കമ്പനി നിയമമനുസരിച്ച് സ്ഥാപനം രൂപീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞു മാത്രമേ വിയര്‍പ്പിനുള്ള വിലയായി സൌജന്യ ഓഹരികള്‍ നല്‍കാന്‍ പാടുള്ളൂ. എന്നാല്‍, ആരംഭിച്ച് ഒരു മാസത്തിനകം സുനന്ദ പുഷ്കറിന് 19 ശതമാനം വരുന്ന സൌജന്യ ഓഹരികള്‍ നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തിനകം ഇതു വിറ്റുകാശാക്കാനുള്ള അസാധാരണമായ അവകാശവും നല്‍കി. സ്ഥാപനം വലുതാകുകയും അതിന്റെ മൊത്തം മൂലധനം വര്‍ധിപ്പിക്കുകയും ചെയ്താലും പണം മുടക്കാതെ തന്നെ സുനന്ദയുടെ 19 ശതമാനവും അങ്ങനെ തന്നെ നില്‍ക്കുകയും ചെയ്യും. ഇത്രയും അസാധാരണമായ രീതിയില്‍ ഔദാര്യം എന്തിന്റെ അടിസ്ഥാനത്തിലാണ് നല്‍കിയതെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല. തരൂരിന് മന്ത്രിസ്ഥാനം നഷ്ടപ്പെടാനിടയുണ്ടെന്നു വന്നപ്പോള്‍ സൌജന്യ ഓഹരി ഉപേക്ഷിക്കുകയാണെന്ന് സുനന്ദ പ്രഖ്യാപിച്ചു. തന്റെ പ്രൊഫഷണല്‍ സേവനത്തിനായാണ് ഇത്രയും ഓഹരി ലഭിച്ചതെന്ന് ഇതുവരെ പറഞ്ഞ വ്യക്തി പെട്ടെന്ന് ഇങ്ങനെ തീരുമാനിച്ചത് യഥാര്‍ഥത്തില്‍ കുറ്റസമ്മതമായി. തരൂരിന്റെ സേവനത്തിനായി നല്‍കിയ ഓഹരിയാണ് സുനന്ദയ്ക്ക് നല്‍കിയതെന്ന് പരസ്യമായി സമ്മതിക്കുകയാണ് അതുവഴി ചെയ്തത്.
കമ്പനികളുടെ മത്സരങ്ങളില്‍ ഇടപെടുകയും അവര്‍ക്കുവേണ്ടി വഴിവിട്ട രീതിയില്‍ സഞ്ചരിക്കുകയും ചെയ്യുന്ന അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ രീതിയാണ് ഇന്ത്യയില്‍ പിന്തുടരാന്‍ തരൂര്‍ ശ്രമിച്ചത്. യഥാര്‍ഥത്തില്‍ ക്രോണി ക്യാപ്പിറ്റലിസത്തിന്റെ ഉത്തമോദാഹരണമാണ് ഇത്. വ്യവസായികളും സര്‍ക്കാര്‍ സംവിധാനവും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വ്യവസായ വിജയം നിലനില്‍ക്കുന്നതിനെയാണ് ക്രോണി ക്യാപ്പിറ്റലിസം എന്നു വിളിക്കുന്നത്. ദേശീയഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ ശൈലിയില്‍ നില്‍ക്കണമെന്ന പഴയ പ്രഖ്യാപനവും യാദൃശ്ചികമാകാന്‍ ഇടയില്ല. സുനന്ദയെപ്പോലുള്ള അടുത്ത സുഹൃത്തുക്കളും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സാധാരണമാണ്. അങ്ങേയറ്റം കമ്പോളവല്‍ക്കരിക്കപ്പെട്ട് പ്രൊഫഷണലൈസ്ഡായ ആഗോളവല്‍ക്കരണകാല രാഷ്ട്രീയത്തിന് ഏറ്റവും യോജിച്ച ആള്‍രൂപമാണ് തരൂര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ സംസ്കാരം ഇറക്കുമതി ചെയ്യുന്നതിനാണ് തരൂര്‍ ശ്രമിച്ചത്. രാഷ്ട്രീയേതര ബന്ധങ്ങളുടെ പൊതുസ്വഭാവം പരിശോധിച്ചാല്‍ അതു വ്യക്തമായിരിക്കും.
ഐക്യരാഷ്ട്രസഭയിലെ ജോലി രാജിവച്ച് മടങ്ങിയശേഷം ദുബായിലെ ഒരു കമ്പനിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു തരൂര്‍. ഇന്ത്യയിലേക്ക് വിദേശ മൂലധനം ആകര്‍ഷിക്കുകയായിരുന്നു ഇവരുടെ പ്രധാന മേഖല. അക്കാലത്തുണ്ടായ ദുബായ് കണക്ഷനുകളാണ് മന്ത്രിയായപ്പോഴത്തെ ഇടപാടുകളില്‍ അദ്ദേഹം പിന്തുടര്‍ന്നത്. അന്നു കൂടെയുണ്ടായിരുന്ന ജേക്കബ് ജോസഫായിരുന്നു മന്ത്രിയുടെ ഓഫീസര്‍ ഓ സ്പെഷ്യല്‍ ഡ്യൂട്ടി. ഇപ്പോഴത്തെ വിവാദ നായികയുടെ പ്രവര്‍ത്തനകേന്ദ്രവും ദുബായ് ആയിരുന്നു. കൊച്ചി ഐപിഎല്‍ ടീമിന്റെ ഉടമകളായ റൊന്ദേവു സ്പോര്‍ട്സ് കണ്‍സോര്‍ഷ്യത്തിനായി മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തിയതിനാണ് തരൂരിനു രാജിവയ്ക്കേണ്ടിവന്നത്. എന്നാല്‍, അതുകൊണ്ട് പ്രശ്നം തീരുന്നില്ല. ഔദ്യോഗിക സ്ഥാനത്തിരുന്ന് അടുത്ത സുഹൃത്തിന് സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതിനായി ഇടപെട്ടത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. അതുകൊണ്ട് ഏതു രീതിയിലാണ് തരൂര്‍ ഇടപെട്ടതെന്ന് വിശദമായി അന്വേഷിക്കുന്നതിനും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകണം. റൊന്ദേവു സ്പോര്‍ട്സ് കണ്‍സോര്‍ഷ്യത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളും വിശദമായി പരിശോധിക്കേണ്ടതാണ്.
കേരളത്തിന് ഒരു ടീമിനെ ലഭിക്കുന്നതിനായാണ് താന്‍ ഇതെല്ലാം ചെയ്തതെന്ന് തരൂര്‍ എപ്പോഴും പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ പ്രധാന പ്രശ്നം ഐപിഎല്‍ അല്ല, ബിപിഎല്ലും എപിഎല്ലുമാണ്. ആ ക്വോട്ടയില്‍ കേന്ദ്രവിഹിതം ലഭിക്കാന്‍ ആരുമായും ചര്‍ച്ച ചെയ്യാന്‍ തരൂരിന് നേരമില്ല. ഉറക്കമൊഴിച്ചിരുന്ന് വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ക്കായി വമ്പന്‍മാരെ വിളിക്കുന്നതിലാണ് താല്‍പ്പര്യം. കൊച്ചിയുടെ സാമ്പത്തിക വികസനമാണ് താന്‍ ലക്ഷ്യമിട്ടതെന്നും തരൂര്‍ ന്യായം വിളമ്പുന്നുണ്ട്. എങ്കില്‍ കൊച്ചി മെട്രോക്കും ഫ്ളൈ ഓവറുകള്‍ ചേരുന്ന ആകാശപാതയ്ക്കും മറ്റുമായിരുന്നു അദ്ദേഹം മന്ത്രി സ്ഥാനത്തിരുന്നു ശ്രമിക്കേണ്ടത്. അതെല്ലാം മന്ത്രിക്കു ചെയ്യാന്‍ കഴിയുന്ന ഔദ്യോഗിക കൃത്യങ്ങളാണ്. അതാണ് വന്‍ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ വിജയിപ്പിച്ച ജനങ്ങളും പ്രതീക്ഷിക്കുന്നത്. വന്‍കിട കുത്തക കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് അവിഹിത ഇടപെടലുകള്‍ നടത്തുന്നതിനല്ല ജനം തരൂരിനെ തെരഞ്ഞെടുത്തത്. മൊത്തം ഓഹരിയില്‍ ഒരു ശതമാനം മാത്രമുള്ള ഒരു മലയാളിയുടെ പേരും പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നതിനും തന്റെ തട്ടിപ്പിനു മറയാക്കുന്നതിനുമാണ് തരൂര്‍ ശ്രമിച്ചത്. ഐപിഎല്‍ ടീമുണ്ടെന്ന് അവകാശപ്പെടുന്ന സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയിലോ ക്രിക്കറ്റിലോ ഒരു നേട്ടവും പിന്നിട്ട് വര്‍ഷങ്ങളില്‍ ഉണ്ടായില്ലെന്നതും പകല്‍പോലെ വ്യക്തമാണ്. തനിക്കു ശക്തമായ ബന്ധങ്ങളുള്ള ദുബായിലേക്ക് ടീമിനെ കൊണ്ടുപോകുന്നതിനു തരൂര്‍ ശ്രമിച്ചെന്ന കാര്യം പുറത്തുവന്നതോടെ കേരളപ്രേമത്തിന്റെ കാര്യവും പൊളിഞ്ഞു. കേരളവികാരം ഇളക്കിവിട്ട് തരൂരിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ചില മലയാളപത്രങ്ങളും അതോടെ വെട്ടിലായി.
തരൂര്‍ പ്രശ്നത്തിലൂടെ ഐപിഎല്ലിന്റെ ചെറുഭാഗം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഐപിഎല്‍ ക്രിക്കറ്റിന്റെ നന്മയ്ക്കുവേണ്ടിയുള്ളതല്ല. അത് ക്രിക്കറ്റിനെ പൂര്‍ണമായും ചരക്കുവല്‍ക്കരിച്ചിരിക്കുന്നു. വന്‍സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ അതു മാറിയിരിക്കുന്നു. അവരുടെ ഔദ്യോഗിക ഉപദേഷ്ടാവിന്റെ കണക്കുപ്രകാരം 18,000 കോടി രൂപയുടെ വ്യവസായ സാമ്രാജ്യമാണ് അത്. ഊഹക്കച്ചവടത്തിന്റെ മറ്റൊരു മുഖം. സാമ്പത്തിക പ്രതിസന്ധിയില്ലാത്ത ഏകമേഖലയെന്നാണ് ലളിത് മോഡി ഐപിഎല്ലിനെ വിശേഷിപ്പിക്കുന്നത്. ഐപിഎല്ലിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സുതാര്യതയുമില്ല. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപകരണമാണ് ഇതെന്ന ആരോപണവും ശക്തമാണ്. രണ്ടു കമ്പനിക്കെങ്കിലും മൌറീഷ്യസ് ബന്ധമുണ്ട്. രണ്ടു രാജ്യത്തും നികുതി കൊടുക്കേണ്ടതില്ലെന്ന കരാറിലെ വ്യവസ്ഥ ഉപയോഗിച്ച് വന്‍വെട്ടിപ്പ് നടത്തുന്നതിനുള്ള വഴിയാണ് മൌറീഷ്യസ് റൂട്ട്. ഐപിഎല്ലിലേക്കും ഇതു കടന്നിരിക്കുന്നു. പലതരത്തിലുള്ള നികുതി ഇളവുകളും ഐപിഎല്ലിനു ലഭിക്കുന്നുണ്ട്. കേന്ദ്രം ചെയ്യുന്നത് പോരാത്തതുകൊണ്ടായിരിക്കും മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ വിനോദനികുതിയും ഒഴിവാക്കി കൊടുത്തു! വരുമാനം വര്‍ധിപ്പിക്കാന്‍ അസംസ്കൃത പെട്രോളിന്റെ കസ്റ്റംസ് ഡ്യൂട്ടിയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടിയും വര്‍ധിപ്പിച്ചവരാണ് ഈ ഇളവുകള്‍ വാരിക്കോരി കൊടുക്കുന്നത്.
ഐപിഎല്ലിനെ നിയന്ത്രിക്കുന്ന ബിസിസിഐയും യഥാര്‍ഥത്തില്‍ ഇന്ന് വന്‍കിട കുത്തകയാണ്. സൊസൈറ്റി നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനം സ്വകാര്യസ്ഥാപനമെന്ന മട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. ഉദാരവല്‍ക്കരണവും സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ വരവും ചേര്‍ന്നതോടെ വന്‍ സാമ്പത്തിക ലാഭമുള്ളതായി ഇതു മാറി. 5000 കോടി രൂപയിലധികം വരുമാനമാണ് ഐപിഎല്ലിനു മുമ്പുതന്നെ ഇവര്‍ക്കുള്ളത്. സര്‍ക്കാരിന്റെ നികുതി ഇളവുകള്‍ അനുഭവിക്കുന്ന ബിസിസിഐക്ക് സ്റ്റേഡിയങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് ചുരുങ്ങിയ നിരക്കിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് 2004ല്‍ കോടതി ബിസിസിഐ പൊതുസ്ഥാപനം തന്നെയാണെന്നു പ്രഖ്യാപിച്ചത്. എന്നിട്ടും ഒരു തരത്തിലുള്ള സാമൂഹ്യ പരിശോധനകള്‍ക്കും ഇതു വിധേയമാകുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ടി നേതാക്കളും വന്‍കിട കമ്പനി ഉടമകളും ചേരുന്ന കൂട്ടുകെട്ടാണ് ഇതിനെ നയിക്കുന്നത്. ശരദ് പവാര്‍ ദീര്‍ഘകാലം ബിസിസിഐ പ്രസിഡന്റായിരുന്നു. അരു ജെയ്റ്റ്ലി ഡല്‍ഹി ക്രിക്കറ്റ് ബോര്‍ഡിനെ നയിക്കുമ്പോള്‍ സാക്ഷാല്‍ നരേന്ദ്രമോഡിയാണ് ഗുജറാത്തില്‍ പ്രസിഡന്റ്. പ്രഫുല്‍ പട്ടേല്‍ മുംബൈയിലും ഫറൂഖ് അബ്ദുള്ള ജമ്മു കശ്മീരിലുമുള്ള അസോസിയേഷനുകളെ പ്രതിനിധാനംചെയ്ത് ബിസിസിഐയിലുണ്ട്. ഐപിഎല്ലിനു പിറകിലുള്ള കൂട്ടുകെട്ടുകളുടെ താല്‍പ്പര്യം തുറന്നുകാണിക്കാന്‍ കഴിയേണ്ട സന്ദര്‍ഭമാണ് ഇത്. അതിനുള്ള അന്വേഷണത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിന്റെ അടിവേരുതൊടാന്‍ കഴിയൂ.
പി രാജീവ് ദേശാഭിമാനി 20042010
ശശി തരൂര്‍ എന്നല്ല ഇന്ത്യന്‍ പ്രധാന്മന്ത്രി പോലും ജനകീയ നേതാവയി ഉയര്‍ന്നു വന്ന ആളല്ല. അവരൊക്കെ ഉദ്യോഗസ്ഥന്‍ മാരാണ്. അവര്‍ക്ക് രാജ്യത്തെയോ ജനങ്ങളെയോ സേവിക്കുന്നതിലാണു താല്‍പ്പര്യം എന്നു കരുതിയ നമുക്കു തെറ്റി.ഇന്റര്‍ നറ്റിഒനല്‍ ഫിഗര്‍ എന്ന ഖ്യാതിയില്‍ ജയിച്ച തരൂര്‍ ഇന്നെവിടെ നില്‍ക്കുന്ന്?
ReplyDelete