Friday, April 23, 2010

രക്തം ചിന്തുന്ന ബംഗാള്‍

ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സിരാകേന്ദ്രമണ് പശ്ചിമബംഗാള്‍. ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ കാലംമുതല്‍ തുടരുന്നതാണ് ഈ ഇടതുപക്ഷ ചായ്‌വ്. പിന്തിരിപ്പന്‍ ശക്തികള്‍ക്കും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കും എന്നും അത് ഒരു ‘ഭീഷണിയുമായിരുന്നു. ജനകീയപ്രശ്നങ്ങളെ മുന്‍നിര്‍ത്തി തുടര്‍ച്ചയായ പോരാട്ടങ്ങള്‍ക്ക് ഇടതുപക്ഷം നേതൃത്വം നല്‍കിപ്പോന്നു. ഈ പോരാട്ടങ്ങളാണ് കോണ്‍ഗ്രസ് ദുര്‍ഭരണം അവസാനിപ്പിക്കാനും ഇടതുപക്ഷത്തെ അധികാരത്തിലേക്ക് ഉയര്‍ത്താനും ഇടയാക്കിയത്. ഇന്ന് ബംഗാളിലെ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ സംഘടിതമായ ആക്രമണം നടക്കുന്നു. മാവോയിസ്റ്റ് ഭീകരത അരങ്ങേറുന്നു. ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ബംഗാളിന്റെ സ്വപ്നത്തെ തട്ടിത്തകര്‍ത്ത കൊലപാതികകളെ ചെറുക്കേണ്ട സന്ദര്‍ഭം ആയിക്കഴിഞ്ഞിരിക്കുന്നു. ഇവര്‍ ബംഗാളിനകത്തുള്ളവരോ പുറത്തുള്ളവരോ ആയിരിക്കാം. താല്‍ക്കാലികമായി ബംഗാളില്‍ നിലയുറപ്പിച്ചിട്ടുള്ള വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി ആയിരിക്കാം. സിംഗൂരിലെ പ്രക്ഷോഭത്തിന്റെ പ്രത്യക്ഷപ്പെടാത്ത ഏതെങ്കിലും ഒരു തലതൊട്ടപ്പനോ, തലതൊട്ടപ്പന്മാരോ ആയിരിക്കാം. ആരായാലും എവിടെനിന്ന് ഇതിനാവശ്യമായ ആയുധം, പണം തുടങ്ങിയ വിഭവങ്ങള്‍ ഇവര്‍ക്ക് ലഭിച്ചു എന്നതെല്ലാം തുറന്നുകാണിക്കപ്പെടേണ്ട കാര്യങ്ങളാണ്.

പശ്ചിമബംഗാളിലെ ഇടതുപക്ഷമുന്നണി സര്‍ക്കാരിനും അഥവാ പശ്ചിമബംഗാളിലെ ജനങ്ങള്‍ക്കും എതിരായിട്ടുള്ള ഒറ്റപ്പെട്ട ഒന്നല്ല ഈ ആക്രമണം. നമ്മുടെ രാജ്യത്താസകലമുള്ള ഇടത് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കെല്ലാം എതിരായ ആക്രമണമാണിത്. ജനാധിപത്യവ്യവസ്ഥ പരമപ്രധാനമായി കണക്കാക്കുന്ന ഏവരും ഈ ആക്രമണകാരികള്‍ക്കെതിരെ അണിനിരക്കേണ്ടിയിരിക്കുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം മാവോയിസ്റ്റ് -തൃണമൂല്‍ ഗുണ്ടകള്‍ 200ല്‍പരം സഖാക്കളെ കൊലപ്പെടുത്തിയിട്ടുണ്ട്. അവരില്‍ ഏറിയ പങ്കും പാവപ്പെട്ടവരാണ്. പശ്ചിമബംഗാളിലെ സഖാക്കള്‍, തൊഴിലാളികള്‍, കര്‍ഷക-കര്‍ഷകത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍ തുടങ്ങി—എല്ലാ വിഭാഗങ്ങളും ഒരു കാര്യം ഉറപ്പിച്ച് തീരുമാനിച്ചിട്ടുണ്ട്- ജനങ്ങളുടെ കടുത്ത ശത്രുക്കളുടെ മുമ്പില്‍ കീഴടങ്ങുകയില്ലെന്ന്, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അന്ത്യംവരെ തുടരുകതന്നെ ചെയ്യുമെന്ന്. ജനങ്ങളുടെ ഭാഗത്ത് ധീരമായി ഉറച്ചുനിന്നുകൊണ്ട്, ഭീകരതയുടെയും കൊലപാതകത്തിന്റെയും സംഘടിത പരിപാടി തകര്‍ക്കാന്‍,— ഇതിഹാസപൂര്‍വമായ അര്‍പ്പണബോധത്തോടുകൂടിയ പ്രവര്‍ത്തനമാണ് ദിനംപ്രതി നടത്തിക്കൊണ്ടിരിക്കുന്നത്. ചില പ്രദേശങ്ങളില്‍ തോക്കിന്റെ മുമ്പില്‍ ജനങ്ങളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനും ഗുണ്ടകളുടെ അകമ്പടിക്കാരാക്കാനും ഇടയായിട്ടുണ്ട്. എന്നാല്‍, നിരവധി പ്രദേശങ്ങളില്‍ ജീവന്‍ ത്യജിച്ചുകൊണ്ട് ഈ ഫാസിസ്റ്റ് രീതിയിലുള്ള ആക്രമണത്തെ ചെറുത്ത് ഈ ദുഷ്കൂട്ടത്തെ പിന്നോട്ട് അടിച്ച് ഓടിക്കാനും കഴിഞ്ഞിട്ടുണ്ട്.

ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരിന്റെ പൊലീസ് സേനയ്ക്ക് സഹായകമായി സുരക്ഷാസേനകളെ കലാപം അമര്‍ച്ചചെയ്യാന്‍ അയക്കുകയുണ്ടായി. ഇതിനെതിരെ മുറവിളി കൂട്ടി കേന്ദ്രസര്‍ക്കാര്‍ സേനയെ പിന്‍വലിക്കണമെന്നാണ് കേന്ദ്രമന്ത്രിസഭയിലെ തൃണമൂല്‍ പ്രതിനിധി ആവശ്യപ്പെടുന്നത്. എപ്പോഴെല്ലാം ജനങ്ങള്‍ സംഘടിതരായി ഭീകരപ്രവര്‍ത്തനത്തെ ചെറുക്കുകയും അവരെ പിന്തിരിപ്പിക്കുകയും ചെയ്തിട്ടുണ്ടോ ആ സന്ദര്‍ഭങ്ങളിലെല്ലാം സിപിഐ എം ഭീകരത എന്ന് പരാതിപ്പെട്ട് അലമുറയിടുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ആകട്ടെ ഈ നിരുത്തരവാദപരമായ ജല്‍പ്പനങ്ങള്‍ക്കെതിരെയോ, സഖ്യകക്ഷിയുടെ നടപടികള്‍ക്കെതിരെയോ ഒരക്ഷരം ശബ്ദിക്കാന്‍ തയ്യാറായിട്ടില്ല. അക്രമങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ മൌനസമ്മതം പ്രകടമാണ്.

മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ നിയമസമാധാനം പരിപാലിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ ഇടപെടലുകളെ ജനമര്‍ദനം’എന്ന് ചിത്രീകരിച്ച് അക്രമികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ദുഷ്പ്രചാരണക്കാരുടെ കൂട്ടത്തില്‍ ഒരുവിഭാഗം ബുദ്ധിജീവികളും അണിനിരന്നിട്ടുണ്ട്. നിരപരാധികളായ ജനങ്ങളെയും വിവിധ ബഹുജനസംഘടനകളുടെ നേതാക്കളെയും ഇടതുപക്ഷ പാര്‍ടികളിലെ പ്രവര്‍ത്തകരെയും കൊലപ്പെടുത്തിയതിനെക്കുറിച്ച് ഒരു വാക്കും പറയാത്തവരാണിവര്‍.

ജനവിരുദ്ധവും ദേശീയവിരുദ്ധവും സാമ്രാജ്യത്വ അനുകൂലവുമായ ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് കണ്ടുകൊണ്ടാണ് ഈ ആക്രമണം.സാമ്രാജ്യത്വത്തിന്റെയും വിദേശ മൂലധനത്തിന്റെയും താല്‍പ്പര്യാര്‍ഥം ദേശീയ സാമ്പത്തികനയത്തിലും സാമൂഹ്യ രാഷ്ട്രീയരംഗത്തും കേന്ദ്രഗവമെന്റ് അനുവര്‍ത്തിച്ചുപോരുന്ന ദേശീയ വിരുദ്ധനയത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തുന്നത്. സാമ്രാജ്യത്വ സ്വാധീനത്തില്‍നിന്ന് ദേശീയസമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ഈ രംഗത്തെ അമേരിക്കന്‍ ഇടപെടലിനെതിരെയും ഉള്ള പോരാട്ടത്തിനും തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉള്ള പോരാട്ടത്തിന്റെ മുന്നില്‍ നിലയുറപ്പിച്ച സംസ്ഥാനമാണ് ബംഗാള്‍. പിന്തിരിപ്പന്‍ ശക്തികളും അവര്‍ക്ക് പിന്തുണയുമായി സ്വത്തുടമവര്‍ഗത്തിന്റെ മാധ്യമങ്ങളും ദീര്‍ഘകാലമായി സംഘടിതപ്രചാരവേലകളില്‍ ഏര്‍പ്പെടുകയാണ്. പിന്തിരിപ്പന്‍ ശക്തികളുടെ ഈ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള പോരാട്ടത്തിന് നേതൃത്വംനല്‍കാനുള്ള കടമ മറ്റാരേക്കാളും കൂടുതല്‍ തൊഴിലാളിവര്‍ഗത്തിനാണ്.

ഇടതുപക്ഷത്തിനെതിരെ എല്ലാശക്തികളും ഒത്തുചരുകയാണ്. തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും ചൂഷകവര്‍ഗതാല്‍പ്പര്യം—സംരക്ഷിക്കാന്‍ നിലകൊള്ളുന്ന പാര്‍ടികളും വര്‍ഗീയശക്തികളും സാമ്രാജ്യത്വശക്തികളും കൈകോര്‍ത്ത് പിടിക്കുന്നു. മാവോയിസ്റ്റുകള്‍ പാവങ്ങളുടെ പേരില്‍ എടുക്കുന്ന നിലപാടുകള്‍ പൊള്ളയാണ്. അവരുടെ തീവ്രഇടതുപക്ഷ നിലപാടിന്റെ മറയില്‍ നടത്തിപ്പോരുന്ന പ്രവര്‍ത്തനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെയും രാഷ്ട്രീയ വ്യവസ്ഥയെയും കോര്‍പ്പറേറ്റുകള്‍ക്ക് കീഴ്പ്പെടുത്താനുമാണ് യഥാര്‍ഥത്തില്‍ സഹായിച്ചു—കൊണ്ടിരിക്കുന്നത്. നവഉദാരീകരണ സാമ്രാജ്യത്വ താല്‍പ്പര്യാര്‍ഥമുള്ള മുതലാളിത്തവ്യവസ്ഥിതിക്ക് എതിരെ ശരിയായ നയം ആവിഷ്കരിച്ച് പ്രതിരോധസമരം നടത്തുന്ന ഇടതുപക്ഷത്തെ ദുര്‍ബലമാക്കിത്തീര്‍ക്കുകയാണ് മാവോയിസ്റ്റുകളുടെ നിലപാടുകള്‍. പശ്ചിമബംഗാളിനുനേരെയുള്ള ആക്രമണം തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളാകെ യോജിച്ച് നേരിടുകയും പരാജയപ്പെടുത്തുകയും വേണം. പശ്ചിമബംഗാളിലെ സഖാക്കള്‍ ശാരീരികമായിത്തന്നെ മുന്നണിയില്‍നിന്ന് പോരാട്ടം നടത്തുകയാണ്. അവര്‍ രക്തം ചിന്തുകയും ജീവന്‍ ത്യജിക്കുകയും ചെയ്യുന്നത് അവര്‍ക്കുവേണ്ടി മാത്രമല്ല, മുഴുവന്‍ തൊഴിലാളികള്‍ക്കുംവേണ്ടിയാണ്. ജനങ്ങള്‍ക്കാകെ വേണ്ടിയാണ്.

ഈ വസ്തുതകള്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്തേണ്ടത് സ്വന്തം കടമയായി സിഐടിയു കണക്കാക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യവ്യാപക പ്രചാരണത്തിന് സിഐടിയുവിന്റെ 13-ാം അഖിലേന്ത്യ സമ്മേളനം തീരുമാനിച്ചിരിക്കുകയാണ്. ഈ പ്രചാരണം വമ്പിച്ച വിജയമാക്കാന്‍ എല്ലാ തൊഴിലാളികളും യൂണിയനുകളും മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിക്കുന്നു.

എം എം ലോറന്‍സ് ദേശാഭിമാനി 23042010

1 comment:

  1. പശ്ചിമബംഗാളിലെ ഇടതുപക്ഷമുന്നണി സര്‍ക്കാരിനും അഥവാ പശ്ചിമബംഗാളിലെ ജനങ്ങള്‍ക്കും എതിരായിട്ടുള്ള ഒറ്റപ്പെട്ട ഒന്നല്ല ഈ ആക്രമണം. നമ്മുടെ രാജ്യത്താസകലമുള്ള ഇടത് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കെല്ലാം എതിരായ ആക്രമണമാണിത്. ജനാധിപത്യവ്യവസ്ഥ പരമപ്രധാനമായി കണക്കാക്കുന്ന ഏവരും ഈ ആക്രമണകാരികള്‍ക്കെതിരെ അണിനിരക്കേണ്ടിയിരിക്കുന്നു.

    ReplyDelete