Monday, April 12, 2010

ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് പുനഃസ്ഥാപിക്കണം

ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് പുനഃസ്ഥാപിക്കണം: ഡിവൈഎഫ്ഐ

ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് ആവശ്യപ്പെട്ടു. ബാങ്ക് ദേശാസാല്‍ക്കരണത്തിന്റെ ഭാഗമായി ശാഖകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചപ്പോള്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനാണ് ബിഎസ്ആര്‍ബി രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തും ബോര്‍ഡുകള്‍ നിലവില്‍വന്നു. ഇത് നിയമനങ്ങള്‍ സുതാര്യവും നീതിപൂര്‍വവുമായി നടത്തുന്നതിന് സഹായകരമായിത്തീരുകയും ചെയ്തു. എന്നാല്‍, നവലിബറല്‍ നയങ്ങളുടെ ഭാഗമായി 2001 ജൂണില്‍ ബിഎസ്ആര്‍ബി പിരിച്ചുവിട്ടു. ഇതിന്റെ അഭാവത്തില്‍ നിയമനം സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുകയാണ് ചെയ്തത്. നിലവില്‍ ഐബിപിഎസ് എന്ന മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബാങ്ക് നിയമനപരീക്ഷകള്‍ നടത്തുന്നത്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. അടുത്തകാലത്ത് നോര്‍ത്ത് മലബാര്‍ ഗ്രാമീബാങ്ക്, കോര്‍പറേഷന്‍ബാങ്ക് തുടങ്ങിയ ബാങ്കുകളിലെ ഒഴിവുകളില്‍ അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് കാള്‍ലെറ്റര്‍ കിട്ടാത്തത് സ്ഥാപനത്തിന്റെ കാര്യക്ഷമതയില്ലായ്മയ്ക്ക് ഉദാഹരണമാണ്.

വിവിധ ബാങ്കുകള്‍ വിവിധ രീതിയിലാണ് പരീക്ഷാഫീസ് ചുമത്തുന്നത്. ഉദ്യോഗാര്‍ഥികളില്‍നിന്ന് വന്‍തുക പരീക്ഷാഫീസായി ഈടാക്കി ചൂഷണം ചെയ്യാനാണ് പല ബാങ്കുകളും ശ്രമിക്കുന്നത്. ചില പ്രധാനപ്പെട്ട പൊതുമേഖലാബാങ്കുകള്‍ ക്യാമ്പസ് ഇന്റര്‍വ്യൂവഴി നിയമനം നടത്താനുള്ള നീക്കവും നടത്തുന്നുണ്ട്. ക്യാമ്പസ് ഇന്റര്‍വ്യൂ വഴി നിയമനം നടത്താനുള്ള എസ്ബിഐ മാനേജ്മെന്റിന്റെ ശ്രമം വ്യാപകമായ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. ഇതിനെതിരായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പൊതുമേഖലാ ബാങ്കായ യൂണിയന്‍ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക് എന്നിവിടങ്ങളില്‍ വിരമിച്ച ജീവനക്കാരെ ഉയര്‍ന്ന ശമ്പളനിരക്കില്‍ താല്‍ക്കാലികമായി നിയമിച്ചു. അതോടൊപ്പം കരാര്‍ തൊഴിലും പുറംകരാര്‍ പണിയും വ്യാപകമായി പ്രോത്സാഹിപ്പിക്കുകയുമാണ്. 2001 വരെ ബിഎസ്ആര്‍ബി വഴി വര്‍ഷത്തില്‍ മുപ്പതിനായിരത്തോളം നിയമനങ്ങളെങ്കിലും നടന്നിടത്ത് നിലവില്‍ പരിമിതമായ നിയമനങ്ങള്‍മാത്രമാണ് നടക്കുന്നത്. ലക്ഷക്കണക്കിന് ഒഴിവുകള്‍ നിലവിലുണ്ടായിട്ടും അത് നികത്താന്‍ ബാങ്ക് അധികൃതര്‍ തയ്യാറാകുന്നില്ല. ഔട്ട്സോഴ്സിങ് നിര്‍ത്തലാക്കാനും ബിഎസ്ആര്‍ബി പുനഃസ്ഥാപിക്കാനും നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ദേശാഭിമാനി 120410

1 comment:

  1. ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് ആവശ്യപ്പെട്ടു. ബാങ്ക് ദേശാസാല്‍ക്കരണത്തിന്റെ ഭാഗമായി ശാഖകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചപ്പോള്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനാണ് ബിഎസ്ആര്‍ബി രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തും ബോര്‍ഡുകള്‍ നിലവില്‍വന്നു. ഇത് നിയമനങ്ങള്‍ സുതാര്യവും നീതിപൂര്‍വവുമായി നടത്തുന്നതിന് സഹായകരമായിത്തീരുകയും ചെയ്തു. എന്നാല്‍, നവലിബറല്‍ നയങ്ങളുടെ ഭാഗമായി 2001 ജൂണില്‍ ബിഎസ്ആര്‍ബി പിരിച്ചുവിട്ടു. ഇതിന്റെ അഭാവത്തില്‍ നിയമനം സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുകയാണ് ചെയ്തത്. നിലവില്‍ ഐബിപിഎസ് എന്ന മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബാങ്ക് നിയമനപരീക്ഷകള്‍ നടത്തുന്നത്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. അടുത്തകാലത്ത് നോര്‍ത്ത് മലബാര്‍ ഗ്രാമീബാങ്ക്, കോര്‍പറേഷന്‍ബാങ്ക് തുടങ്ങിയ ബാങ്കുകളിലെ ഒഴിവുകളില്‍ അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് കാള്‍ലെറ്റര്‍ കിട്ടാത്തത് സ്ഥാപനത്തിന്റെ കാര്യക്ഷമതയില്ലായ്മയ്ക്ക് ഉദാഹരണമാണ്.

    ReplyDelete