Saturday, April 24, 2010

നുണപ്രചാരകരുടെ ധന സ്രോതസ്സേത്?

ലാവ്ലിന്‍ കേസ് അതിന്റെ അന്ത്യയാത്രയിലാണ്. സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍തന്നെ, അഴിമതിയില്ലാത്ത 'അഴിമതിക്കേസ്' ആണ് അതെന്ന് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സൃഷ്ടിച്ചതും ഊതിവീര്‍പ്പിച്ചതുമായ ഒന്നാണത്. ഒരു ദശകക്കാലമായി ഇന്നാട്ടില്‍ ലാവ്ലിന്‍ എന്ന പേരിനോടുചേര്‍ത്ത് പലതും പ്രചരിക്കുന്നു. സഹായിക്കാനും പിന്തുണയ്ക്കാനും വന്‍ സ്രാവുകളുള്ള ഒരു അശ്ളീല വാരികക്കാരന്റെ സൃഷ്ടിയായാണ് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണക്കരാറില്‍ 374 കോടി രൂപയുടെ അഴിമതി നടന്നു എന്ന ആരോപണം ആദ്യം പൊന്തിവന്നത്. അതില്‍പിന്നെ കഥകളും ഉപകഥകളുമായി; ഹര്‍ജികളും ഉപഹര്‍ജികളുമായി. ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും സമര്‍ഥമായി കുത്സിത ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപജാപകര്‍ ഉപയോഗിച്ചു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ സമുന്നതനായ നേതാവിന്റെ പൊതുജീവിതത്തിനുനേരെ അഴിമതി ആരോപണത്തിന്റെ ചെളി വാരിയെറിഞ്ഞ് അദ്ദേഹത്തെയും പ്രസ്ഥാനത്തെയും തളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ചുവടുവയ്പുമുണ്ടായത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്വഭാവഹത്യാ ശ്രമങ്ങള്‍ക്ക് അളവറ്റ മാധ്യമ സഹായം ലഭിച്ചു. ഒരുപരിധിവരെ കുറെയധികം ആളുകളെ തെറ്റിദ്ധാരണയ്ക്കടിപ്പെടുത്താന്‍ ഈ പ്രചാരകര്‍ക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ലാവ്ലിന്‍ പ്രശ്നമുയര്‍ത്തി നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളും നടന്നു.

കേരളത്തിലെ മൂന്ന് പഴഞ്ചന്‍ വൈദ്യുത പദ്ധതികളെ നവീകരിക്കാന്‍ എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാര്‍ത്തികേയന്‍ വൈദ്യുത മന്ത്രിയുമായ കാലത്തുണ്ടാക്കിയ പദ്ധതിയുടെ ഇടക്കാലത്തെ നിര്‍വഹണംമാത്രമാണ് 1996ലെ എല്‍ഡിഎഫ് സര്‍ക്കാരും അതില്‍ വൈദ്യുതിവകുപ്പിന്റെ ചുമതല വഹിച്ച പിണറായി വിജയനും ഏറ്റെടുത്തത്. പദ്ധതി തുടങ്ങിയതും പൂര്‍ത്തീകരിച്ചതും യുഡിഎഫ് ഭരണകാലത്താണ്. കനഡയില്‍നിന്ന് സഹായം സമാഹരിച്ച് തലശേരിയില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാം എന്ന വാഗ്ദാനം എസ്എന്‍സി ലാവലിന്‍ കമ്പനിയില്‍നിന്ന് നേടിയെടുത്തതാണ് പിണറായി വിജയന്റെ ഇതിലെ സംഭാവന. ആശുപത്രി സാക്ഷാല്‍ക്കരിക്കുന്നതിന് വലിയൊരളവ് കാര്യങ്ങള്‍ അന്നു നടന്നു. എല്‍ഡിഎഫ് ഭരണകാലത്തുതന്നെ മുഖ്യമന്ത്രി ഇ കെ നായനാര്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയുംചെയ്തു.

തുടര്‍ന്ന് 2000ല്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ ആശുപത്രിയുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവം കാട്ടി. ലാവ്ലിന്‍ കമ്പനിയുമായി ആശുപത്രി സ്ഥാപിക്കുന്നതിന് ഉണ്ടാക്കിയ ധാരണാ പത്രം കാലഹരണപ്പെടുത്താന്‍ ഉത്സാഹിച്ച യുഡിഎഫ്, പകരമായി ഒരു കരാര്‍ ഉണ്ടാക്കണമെന്ന ലാവ്ലിന്റെ ആവശ്യം തള്ളുകയുംചെയ്തു. അന്ന് കടവൂര്‍ ശിവദാസനാണ് വൈദ്യുതിമന്ത്രി. വാഗ്ദത്ത സഹായം കനഡയില്‍നിന്ന് സമാഹരിച്ച് എത്തിക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ലാവ്ലിന്‍ കമ്പനിയെ വിടുതല്‍ചെയ്തത് കടവൂരിന്റെ കാര്‍മികത്വത്തിലാണ്. അതാണ് യഥാര്‍ഥ ലാവ്ലിന്‍ കേസ്.
ലാവ്ലിനുമായി ആശുപത്രിക്കുവേണ്ടിയുള്ള ധാരണാപത്രം കാലഹരണപ്പെടുത്തിയവരും പകരം കരാര്‍ ഉണ്ടാക്കാന്‍ കൂട്ടാക്കാത്തവരുമാണ് യഥാര്‍ഥ പ്രതികള്‍. ഈ വസ്തുതകളെല്ലാം മറച്ചുവച്ച്, പിണറായി വിജയനെ ആക്രമിച്ച് തകര്‍ക്കുക എന്ന ഏകലക്ഷ്യത്തില്‍ ലാവ്ലിന്‍ പ്രശ്നം ഉപയോഗിക്കപ്പെട്ടു. അതിനായി അനേകം കഥകള്‍ പടച്ചു. കമലാ ഇന്റര്‍നാഷണല്‍ മുതല്‍ നൂറുവട്ടം വിദേശ യാത്രവരെ. എല്ലാറ്റിന്റെയും ഒരറ്റത്ത് ടി പി നന്ദകുമാര്‍ എന്ന ക്രൈം പ്രത്രാധിപരുണ്ട്; അയാളുടെ പ്രസിദ്ധീകരണമുണ്ട്. നുണകള്‍ പ്രചരിപ്പിക്കുക, അത് രേഖയാക്കി കോടതിയിലെത്തിക്കുക, കൂടുതല്‍ പ്രചാരം കിട്ടാന്‍ കോടതിയെപ്പോലും കരുവാക്കുക-ഇതാണ് അനുവര്‍ത്തിച്ച രീതി.

ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതിനോ അങ്ങനെ സംശയിക്കുന്നതിനുപോലുമോ ഉള്ള ഒരു തെളിവും തങ്ങളുടെ സുദീര്‍ഘമായ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നു. അങ്ങനെ വന്നപ്പോള്‍, അടുത്ത നുണയുമായി പുതിയ ഒരു കള്ളസാക്ഷിയെ രംഗത്തിറക്കിയിരിക്കയാണ് ക്രൈം പത്രാധിപര്‍. പത്തുകൊല്ലം മിണ്ടാതിരുന്നശേഷം പുതിയ ബോധോദയവുമായി അവതരിച്ച ആ 'സാക്ഷി'യുടെ കള്ളി ഒറ്റ ദിവസംകൊണ്ട് പൊളിഞ്ഞു. സിബിഐ കോടതിയില്‍ അതേ പത്രാധിപര്‍ സമര്‍പ്പിച്ച ഉപഹര്‍ജിയും ഇപ്പോള്‍ തള്ളിയിരിക്കുന്നു. അപവാദ പ്രചാരണത്തിന്റെ പുകപടലങ്ങള്‍ സദാ അന്തരീക്ഷത്തിലുണ്ടാകാന്‍ നടത്തുന്ന ഓരോ വഴിവിട്ട നീക്കങ്ങളും തകരുകയാണ്.

പുതിയ കാലത്ത് കോടതിച്ചെലവ് കനത്തതാണ്. സിപിഐ എമ്മിനെയും പിണറായി വിജയനെയും അപകീര്‍ത്തിപ്പെടുത്താന്‍ ലാവ്ലിന്‍ കേസടക്കം കഴിഞ്ഞ പത്തുവര്‍ഷമായി മേല്‍പറഞ്ഞ പത്രാധിപര്‍ ഏര്‍പ്പെട്ട വ്യവഹാരങ്ങള്‍ നിരവധിയാണ്. സുപ്രീം കോടതിവരെ നീളുന്ന ഈ വ്യവഹാര പരമ്പരകള്‍ക്ക് സാധാരണ നിലയില്‍തന്നെ അനേകലക്ഷം രൂപ ചെലവുവരും. നുണ പ്രചരിപ്പിക്കാനുള്ള ചെലവു വേറെ. സൃഷ്ടിച്ച എല്ലാ നുണക്കഥകളും ഇതിനകം തകര്‍ന്നുകഴിഞ്ഞു. ഇപ്പോള്‍ കൂടുതല്‍ അന്വേഷണത്തിനുള്ള ഉപഹര്‍ജി സിബിഐയുടെ പ്രത്യേക കോടതി തള്ളിയത് മറ്റൊരു പ്രഹരമാണ്.

എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്കിടയില്‍ ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു പ്രശ്നം ഈ പെരുംനുണയന്മാര്‍ക്ക് എവിടെനിന്ന് വ്യവഹാര നടത്തിപ്പിനും പ്രചാരണപ്രവര്‍ത്തനത്തിനുമായി വന്‍തുക ലഭിക്കുന്നു എന്നതാണ്. അതിന്റെ ഉറവിടം പുറത്തുവരേണ്ടതുണ്ട്. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന കഥകളൊന്നും ഞങ്ങള്‍ മുഖവലിയ്ക്കെടുത്തിട്ടില്ല. സിപിഐ എം എന്ന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഒഴുകിവരുന്ന പണം ആരുടേതെന്ന് ജനം അറിയട്ടെ. നുണയന്മാര്‍ നിയമത്തിനുമുന്നില്‍ വരട്ടെ.

ദേശാഭിമാനി മുഖപ്രസംഗം 24042010

1 comment:

  1. മഞ്ഞപ്പത്രക്കാരന്‍ മനുഷ്യാവകാശപ്രവര്‍ത്തകനാകുന്ന ഇക്കാലത്ത് സിപിഐ എം എന്ന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഒഴുകിവരുന്ന പണം ആരുടേതെന്ന് ജനം അറിയട്ടെ. നുണയന്മാര്‍ നിയമത്തിനുമുന്നില്‍ വരട്ടെ.

    ReplyDelete