പണത്തിനുമീതെ ഐപിഎല്‍പന്ത് പറക്കില്ല
ഐപിഎല്ലില്‍ എല്ലാം നിശ്ചയിക്കുന്നത് പണമാണ്. 2005ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) വാര്‍ഷികവരുമാനം 90 കോടി. എന്നാല്‍, ഐപിഎല്‍ ഓരോ വര്‍ഷവും കൊയ്യുന്നത് ആയിരക്കണക്കിന് കോടി രൂപ. വരുമാനത്തിന്റെ 40 ശതമാനത്തോളം ഐപിഎല്‍ സംഘാടകര്‍ക്കുതന്നെ കിട്ടും. 54 ശതമാനം ടീം ഉടമസ്ഥരായ കണ്‍സോര്‍ഷ്യങ്ങള്‍ക്ക്. ആറുശതമാനം സമ്മാനത്തുകയ്ക്കായി നീക്കിവയ്ക്കും. ഐപിഎല്ലിലേക്ക് പണം പല വഴിക്കാണ് എത്തുന്നത്. കളികളുടെ സംപ്രേഷണാവകാശം 8700 കോടി രൂപയ്ക്കാണ് സോണി ഗ്രൂപ്പിന് നല്‍കിയത്. ടൂര്‍ണമെന്റിന്റെ മുഖ്യസ്പോസറായ ഡിഎല്‍എഫ് അഞ്ചുവര്‍ഷത്തേക്ക് നല്‍കുന്നത് 220 കോടിയോളം രൂപ. മറ്റ് പ്രധാനസ്പോണ്‍സര്‍മാരായ ഹീറോഹോണ്ട, പെപ്സി, കിങ്ഫിഷര്‍ എന്നീ കമ്പനികളില്‍നിന്ന് 300 കോടി കിട്ടും. അതേപോലെ വെബ്, മൊബൈല്‍, ഡിജിറ്റല്‍ തുടങ്ങി സേവനങ്ങള്‍ വിറ്റുകിട്ടുന്ന കോടികളുടെ വരവ് വേറെയും. കോടികള്‍ മുടക്കി ടീമുകളെ സ്വന്തമാക്കുന്ന കണ്‍സോര്‍ഷ്യങ്ങള്‍ക്ക് പണമുണ്ടാക്കാനും വിവിധ മാര്‍ഗങ്ങളുണ്ട്. കളിക്കാരുടെ ജേഴ്സിയിലെയും തൊപ്പിയിലെയും എഴുത്തുകള്‍, ബാറ്റിലെ ലോഗോ തുടങ്ങി എന്തുമേതും ടീമിന് പണംവരുന്ന വഴിയാണ്. സ്പോണ്‍സര്‍മാരിലൂടെ 20 കോടിയോളം രൂപ ടീമുകള്‍ക്ക് കിട്ടും. ടിക്കറ്റ് വില്‍പ്പനയുടെ ഓഹരിയെന്ന നിലയില്‍ 15 കോടിയും സ്റ്റേഡിയത്തിലെ പരസ്യങ്ങളിലൂടെയും മറ്റും 10 കോടിയും ലഭിക്കും. കളിക്കാരുടെ ശമ്പളമാണ് ടീമുകളുടെ പ്രധാനചെലവ്. മുപ്പതുകോടിയോളം ഇതിന് വേണം. താമസം, യാത്ര തുടങ്ങി മറ്റിനങ്ങളിലായി പ്രതിവര്‍ഷം 10 കോടിയിലേറെ രൂപ വേറെയും ചെലവുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഐപിഎല്ലില്‍ പുതിയ രണ്ട് ടീമിനെ ഉള്‍പ്പെടുത്തുന്നതിനുള്ള ലേലം. അഞ്ച് വ്യവസായ ഗ്രൂപ്പുകളായിരുന്നുമത്സരരംഗത്ത്. ലേലത്തില്‍ വിജയിച്ചത് മഹാരാഷ്ട്രയിലെ റൊന്ദേവൂ സ്പോര്‍ട്സ് ലിമിറ്റഡും സഹാറഗ്രൂപ്പിന്റെ സഹാറ അഡ്വഞ്ചര്‍ സ്പോര്‍ട്സും. വീഡിയോകോണ്‍, അദാനി ബില്‍ഡേഴ്സ് തുടങ്ങിയ പ്രമുഖരൊക്കെ ലേലത്തില്‍ തോറ്റു. റൊന്ദേവൂ സ്പോര്‍ട്സിലൂടെ അപ്രതീക്ഷിതമായി കൊച്ചിക്ക് ടീമിനെ കിട്ടി. രണ്ടു ടീമിന്റെമാത്രം ലേലത്തുകയായി ഐപിഎല്ലിന് കിട്ടിയത് 3200 കോടി രൂപ. 2008 ല്‍ ആദ്യ ഐപിഎല്‍ ലേലത്തില്‍ എട്ടു ടീമിന്റെ ലേലം ഉറപ്പിച്ചത് 2840 കോടി രൂപയ്ക്കായിരുന്നു. മൂന്നുവര്‍ഷംകൊണ്ട് ലേലത്തുകയില്‍ വന്ന വര്‍ധന മൂന്നിരട്ടി. ഐപിഎല്ലിനെ ഒരു മാന്ദ്യവും ബാധിക്കില്ലെന്ന് ചെയര്‍മാന്‍ ലളിത് മോഡി അഹങ്കാരത്തോടെ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. നിലവില്‍ ഐപിഎല്ലിന്റെ ആകെ വിപണിമൂല്യം ഇരുപതിനായിരം കോടി രൂപയില്‍ അധികമാണെന്ന് കോര്‍പറേറ്റ് ധനകാര്യ നിരീക്ഷകര്‍ പറയുന്നു. കേരളത്തിന്റെ വാര്‍ഷികപദ്ധതിയുടെ ഇരട്ടിവരുമിത്. ഈ തുകയുണ്ടെങ്കില്‍ രാജ്യത്തെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും മൂന്ന് രൂപ നിരക്കില്‍ 25 കിലോ ഭക്ഷ്യധാന്യം നല്‍കാം. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ പതിനായിരം കോടി രൂപയാണ് മൂല്യമായി കണക്കാക്കിയത്. പൊതുതെരഞ്ഞെടുപ്പ് കാരണമുളള സുരക്ഷാപ്രശ്നങ്ങളുടെ പേരില്‍ രണ്ടാംപതിപ്പ് ദക്ഷിണാഫ്രിക്കയിലേക്ക് പറിച്ചുനട്ടതിനാല്‍ വിപണിമൂല്യത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടായില്ല. ഇന്ത്യയിലേതുപോലൊരു വന്‍ക്രിക്കറ്റ് വിപണി ദക്ഷിണാഫ്രിക്കയിലില്ല എന്നതായിരുന്നു കാരണം. എന്നാല്‍, മൂന്നാംപതിപ്പില്‍ ഇന്ത്യയിലേക്ക് നടത്തിയ തിരിച്ചുവരവില്‍ ഐപിഎല്‍ എല്ലാ റെക്കോഡും ഭേദിക്കുകയാണ്.
II
കള്ളപ്പണത്തിന്റെ മൌറീഷ്യസ് ലീഗ്
മൌറീഷ്യസിലെയും ഗുസീയിലെയും കള്ളപ്പണക്കാര്‍, ലളിത്മോഡിയുടെ അളിയന്‍മുതല്‍ മരുമകന്‍വരെ... ഐപിഎല്‍ ടീമുകള്‍ക്കു പിന്നില്‍ തെരഞ്ഞാല്‍ കാണാനാകുന്നത് കള്ളപ്പണം വെളുപ്പിക്കാനും നികുതിവെട്ടിപ്പിനുമുള്ള വമ്പന്മാരുടെയും അവരുടെ സ്വന്തക്കാരുടെയും ബാറ്റിങ്ങും ബൌളിങ്ങും.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തോട് ചേര്‍ന്നുകിടക്കുന്ന മൌറീഷ്യസിലെ ക്രിക്കറ്റിനെക്കുറിച്ച് സ്വന്തം നാടിന് പുറത്ത് ആരുമറിയാനിടയില്ല. പക്ഷേ, ഐപിഎല്‍ ക്രിക്കറ്റ് ടീമുകളുടെ പിന്നിലെല്ലാം ഒരു മൌറീഷ്യസ് ബന്ധം കാണാം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് ഒഴുകിയെത്തുന്ന കള്ളപ്പണത്തിന്റെ പ്രധാന ഉറവിടമാണ് മൌറീഷ്യസ്. ഇംഗ്ളീഷ് ചാനലിലെ കൊച്ചുദ്വീപായ ഗുസീയും ഐപിഎല്‍ ഇടപാടുകാരുടെ പ്രിയകേന്ദ്രമാണ്. കേമാന്‍ ഐലന്‍ഡ്സ്, ബഹാമസ്, മക്കാവൂ, മാലദ്വീപ് തുടങ്ങി ലോകത്തെ അറിയപ്പെടുന്ന നികുതിവെട്ടിപ്പ് കേന്ദ്രങ്ങളെല്ലാം ഐപിഎല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഐപിഎല്ലിന്റെ ആദ്യ പതിപ്പില്‍ ജേതാക്കളായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഉടമസ്ഥതയുടെ കാര്യത്തില്‍ സംശയത്തിന്റെ പുകമറയിലാണ് റോയല്‍സ്. ജയ്പുര്‍ ഐപിഎല്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡാണ് ടീം ഉടമസ്ഥര്‍. 301 കോടി രൂപയ്ക്കാണ് ഇവര്‍ ടീമിനെ സ്വന്തമാക്കിയത്. എന്നാല്‍, ജയ്പുര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ വേരുകള്‍ മൌറീഷ്യസ് വരെയെത്തും. മൌറീഷ്യസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇഎം സ്പോര്‍ടിങ് ലിമിറ്റഡിന്റെ ഇന്ത്യന്‍ ശാഖമാത്രമാണ് ജയ്പുര്‍ ക്രിക്കറ്റ് ലിമിറ്റഡ്.
കമ്പനിയുടെ ഓഹരിഉടമസ്ഥത എങ്ങനെയെന്ന് നോക്കാം. 32.41 ശതമാനം ഓഹരി ബ്രിട്ടനില്‍ വ്യവസായിയായ മനോജ് ബഡാലെയുടെ എമര്‍ജിങ്മീഡിയ ലിമിറ്റഡ് എന്ന കമ്പനിക്കാണ്. 44.15 ശതമാനം ഓഹരി ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത ട്രെസ്കോ ഇന്റര്‍നാഷണല്‍ എന്ന കമ്പനിക്കാണ്. കാബുഹോള്‍ഡിങ് ലിമിറ്റഡിന്റേതാണ് ട്രെസ്കോ. കാബുഹോള്‍ഡിങ്ങിന്റെ ഉടമസ്ഥന്‍ നൈജീരിയയില്‍ വ്യവസായിയായ സുരേഷ് ചെല്ലാരംഐപിഎല്‍ കമീഷണര്‍ ലളിത് മോഡിയുടെ അളിയനാണ്. ജയ്പുര്‍ ക്രിക്കറ്റ് ലിമിറ്റഡിന്റെ മറ്റ് ഓഹരിഉടമകളെ പരിശോധിച്ചാല്‍ ബഹാമാസ്, ഹോങ്കോങ്, ഗുസീ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് അന്വേഷണം നീളും. ശില്‍പഷെട്ടിയുടെ ഭര്‍ത്താവ് രാജ്കുന്ദ്രയുടെ കുകിഇന്‍വെസ്റ്റ്മെന്റിന് 11.70 ഓഹരിയാണ് രാജസ്ഥാന്‍ ടീമിലുള്ളത്. ഈ കമ്പനി രജിസ്റ്റര്‍ ചെയ്തത് ബഹാമാസിലാണ്. ഹോങ്കോങില്‍ രജിസ്റ്റര്‍ ചെയ്ത ബ്ളൂവാട്ടര്‍ എസ്റ്റേറ്റിനാണ് ശേഷിക്കുന്ന ഓഹരി. രാജസ്ഥാന്‍ റോയല്‍സിന്റെ മാത്രമല്ല, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമുകളുടെ സാമ്പത്തികവേരുകളും വിദേശത്താണ്.
1983ല്‍ ഇന്ത്യയും മൌറീഷ്യസും ഒപ്പിട്ട ഇരട്ടനികുതി ഒഴിവാക്കല്‍ കരാറാണ് ഐപിഎല്ലിന്റെ മൌറീഷ്യസ് ബന്ധത്തിന് പിന്നില്‍. മൌറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി ഇന്ത്യയില്‍ നിക്ഷേപം നടത്തി ലാഭംനേടിയാല്‍ അതിന് നികുതി അടയ്ക്കേണ്ട. മൌറീഷ്യസില്‍ നികുതികൊടുത്താല്‍ മതി. എന്നാല്‍, മൌറീഷ്യസിലാവട്ടെ മൂലധന ആദായത്തിന് നികുതിയില്ല. ചുരുക്കത്തില്‍ രണ്ടിടത്തും നികുതി പൂജ്യം. മാത്രമല്ല മൌറീഷ്യസ്, ബഹാമാസ്, കേമാന്‍ ഐലന്‍ഡ്സ് എന്നിവിടങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ സ്രോതസ്സ് വെളിപ്പെടുത്തേണ്ടതില്ല.
ഐപിഎല്‍ സംപ്രേഷണാവകാശം നേടിയ വേള്‍ഡ്സ്പോര്‍ട്സ് ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മൌറീഷ്യസിലാണ്. 6,850 കോടി രൂപയാണ് കമ്പനി ഐപിഎല്ലില്‍ മുടക്കിയിരിക്കുന്നത്. ആദ്യസീസണില്‍ സോണി ടെലിവിഷനായിരുന്നു സംപ്രേഷണാവകാശം. അഞ്ചുവര്‍ഷത്തേക്കായിരുന്നു കരാര്‍. എന്നാല്‍, രണ്ടാംവര്‍ഷം ലളിത് മോഡി കരാര്‍ ലംഘിച്ച് മൌറീഷ്യസ് കമ്പനിക്ക് കൂടുതല്‍ തുകയ്ക്ക് അവകാശം മറിച്ചുകൊടുത്തു. സോണി കോടതിയെ സമീപിച്ചു. ഒടുവില്‍ മൌറീഷ്യസ് കമ്പനിക്ക് വലിയൊരു തുക നല്‍കി ഇന്ത്യയിലെ സംപ്രേഷണാവകാശം സോണി നിലനിര്‍ത്തി. ഐപിഎല്ലിന്റെ മൊബൈല്‍, വെബ്- ഡിജിറ്റല്‍ അവകാശങ്ങള്‍ മറ്റൊരു മൌറീഷ്യസ് കമ്പനിയായ ഗ്ളോബല്‍ ക്രിക്കറ്റ് വെഞ്ച്വറിനാണ് (ജിസിവി). തുടക്കത്തില്‍ ലൈവ് കറന്റ് മീഡിയ എന്ന സ്ഥാപനത്തിനായിരുന്നു വെബ് അവകാശം. 10 വര്‍ഷത്തേക്ക് 220 കോടി രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്. എന്നാല്‍, കഴിഞ്ഞവര്‍ഷം വെറും 100 കോടി രൂപയ്ക്ക് വെബ് അവകാശം ഹോങ്കോങ് കേന്ദ്രീകരിച്ചുള്ള ജിസിവിക്ക് മറിച്ചുകൊടുത്തു. ഇവര്‍ പിന്നീട് ഐപിഎല്ലിന്റെ മൊബൈല്‍- ഡിജിറ്റല്‍ കരാറുകള്‍ പിടിച്ച നെറ്റ്ലിങ്ക് ബ്ളൂഹോള്‍ഡിങ്സുമായി ചേര്‍ന്ന് സംയുക്തസംരംഭ സ്ഥാപനമായി. ജിസിവി എന്ന പേരില്‍ ഇതിനിടെ മൌറീഷ്യസില്‍ പുതിയൊരു കമ്പനി രജിസ്റര്‍ചെയ്തു. ആഗസ്തില്‍ ഐപിഎല്ലിന്റെ വെബ്, മൊബൈല്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ മൌറീഷ്യസ് ജിസിവി ഹോങ്കോങ് ജിസിവിയില്‍നിന്ന് എട്ടുകോടി രൂപയ്ക്ക് വാങ്ങി. ആയിരക്കണക്കിന് കോടി വിലമതിക്കുന്ന അവകാശങ്ങളാണ് എട്ടുകോടി രൂപയ്ക്ക് മറിച്ചുവിറ്റത്. കൈമാറ്റം ബിസിസിഐ പോലും അറിഞ്ഞില്ല. വില്‍പ്പന നടന്ന് രണ്ടുമാസത്തിനകം ജിസിവി കമ്പനിയുടെ 50 ശതമാനം ഓഹരി എലഫന്റ് ക്യാപിറ്റല്‍ ഇന്‍വെസ്റ്മെന്റ് എന്ന സ്ഥാപനം വാങ്ങി. മോഡിയുടെ മരുമകന്‍ ഗൌരവ് ബര്‍മനാണ് ഈ സ്ഥാപനത്തിന്റെ ഉടമ.
III
തരൂരും സുനന്ദയും വിപണിയുടെ പന്തേറും
ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം ട്വിറ്ററില്‍ തരൂര്‍ മനസ്സ് തുറന്നു. ഐപിഎല്‍ വിവാദങ്ങളെത്തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന്റെ വേദന മറന്ന് ബുധനാഴ്ച പുലര്‍ച്ചെ തരൂര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു:
“എല്ലാ നല്ലവാക്കുകള്‍ക്കും നന്ദി. വിചാരണയുടെ ഈ ഘട്ടത്തില്‍ ഒട്ടേറെ പേര്‍ ആശ്വസിപ്പിക്കാനെത്തിയത് വലിയ കാര്യമായി കാണുന്നു.“
തരൂരിന്റെ പ്രതികരണം രണ്ടുവാക്കില്‍ അവസാനിച്ചു. കേരളത്തോടും ക്രിക്കറ്റിനോടുമുള്ള 'സ്നേഹ'ത്തെക്കുറിച്ച് പരാമര്‍ശമില്ല. സുനന്ദ പുഷ്കറെക്കുറിച്ച് മിണ്ടാട്ടമേയില്ല. ക്രിക്കറ്റെന്നും സുനന്ദയെന്നും കേട്ടാല്‍ത്തന്നെ ഞെട്ടുന്ന അവസ്ഥയിലാണ് ഈ ഉത്തരാധുനിക രാഷ്ട്രീയനേതാവ്. ക്രിക്കറ്റിനോടും കേരളത്തോടും സ്നേഹമുള്ളതുകൊണ്ട് ഐപിഎല്‍ ചൂതാട്ടത്തിന് ഇറങ്ങിയെന്നാണ് തരൂരിന്റെ വിശദീകരണം. ഐപിഎല്ലാണോ ബിപിഎല്ലാണോ കേരളത്തിന് പ്രധാനം എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറല്ല. തരൂര്‍ സമ്പന്നനാണ്. കോടികളുടെ സമ്പാദ്യമുണ്ട്. യുഎന്നില്‍നിന്ന് നല്ല തുക പെന്‍ഷനായി കിട്ടുന്നു. എഴുതിയ പുസ്തകങ്ങളുടെ റോയല്‍റ്റിയുമുണ്ട്. ദുബായില്‍ അഫ്രാസ് വെഞ്ച്വേഴ്സ് എന്ന പേരില്‍ സ്ഥാപനമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത് വിട്ടതാണ്. എന്നാല്‍, ബിസിനസ് താല്‍പ്പര്യങ്ങള്‍ ഉപേക്ഷിച്ചിരുന്നില്ല.
ഐപിഎല്‍ പൂര്‍ണമായും ബിസിനസ് ഏര്‍പ്പാടാണ്. കോടികള്‍ മുടക്കി ശതകോടികള്‍ സ്വന്തമാക്കാം. തരൂര്‍ ഈ ബിസിനസില്‍ കരുക്കള്‍ നീക്കിത്തുടങ്ങിയത് 2009 അവസാനമാണ്. ടീമുകളുടെ എണ്ണം പത്തായി വര്‍ധിപ്പിക്കുമെന്നും പുതിയ ടീമുകള്‍ക്കായി ലേലം നടത്തുമെന്നും ലളിത് മോഡി പ്രഖ്യാപിച്ചത് ഈ ഘട്ടത്തിലായിരുന്നു. സുനന്ദയുമായുള്ള സൌഹൃദം ദൃഢമായതും ക്രിക്കറ്റ് കളത്തിലിറങ്ങാന്‍ പ്രേരണയായി. ദേശീയ രാഷ്ട്രീയത്തിലെ മറ്റുചില വമ്പന്മാര്‍ക്കൊപ്പം സജീവമായി തരൂരും വലവീശിത്തുടങ്ങി. ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്നു തരൂരിന്റെ ഇടനിലക്കാരനെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പല വ്യവസായപ്രമുഖരെയും ഈ മുന്‍ ക്രിക്കറ്റര്‍ തരൂരിനുവേണ്ടി സമീപിച്ചു. ബജാജ് ഗ്രൂപ്പിന്റെ ഉടമയായ രാഹുല്‍ ബജാജിന്റെ അനുജന്‍ ശശിര്‍ ബജാജിനെയാണ് ആദ്യം കണ്ടത്. രാഹുല്‍ ബജാജ് പാര്‍ലമെന്റ് അംഗമാണ്. തരൂരിന്റെ സുഹൃത്തുമാണ്. എന്നാല്‍, അനുജന്‍ ഐപിഎല്‍ കളത്തില്‍ ഇറങ്ങുന്നതില്‍ രാഹുലിന് താല്‍പ്പര്യമുണ്ടായില്ല.
ഹീറോഹോണ്ട മോട്ടോഴ്സിന്റെ പവന്‍ മുഞ്ചലിനെയാണ് പിന്നെ കണ്ടത്. ക്രിക്കറ്റ് കളികള്‍ പരസ്യലക്ഷ്യംവച്ച് സ്പോണ്‍സര്‍ ചെയ്യുമെങ്കിലും ഐപിഎല്‍ ചൂതാട്ടത്തിന് മുഞ്ചലിനും ധൈര്യമുണ്ടായില്ല. ഏറ്റവും ഒടുവില്‍ ജേപീ ഗ്രൂപ്പിന്റെ ജെ പി ഗൌര്‍ സഹായവാഗ്ദാനവുമായി വന്നു. മാര്‍ച്ച് ഏഴിന് നിശ്ചയിച്ച ലേലത്തില്‍ പങ്കെടുക്കാനായി ഇവര്‍ അപേക്ഷ നല്‍കിയെങ്കിലും വൈകിയതിനാല്‍ തള്ളിപ്പോയി. എന്നാല്‍, ലേലപ്രക്രിയ നിബന്ധനകളുടെ പേരിലുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് ഉപേക്ഷിച്ചതോടെ തരൂരിന് വീണ്ടും പ്രതീക്ഷകളായി. നിബന്ധനകളില്‍ മാറ്റംവരുത്തി ലേലപ്രക്രിയ തുടങ്ങിയപ്പോള്‍ മഹാരാഷ്ട്രയിലെ റൊന്ദേവു സ്പോര്‍ട്സിനെ കൂട്ടുപിടിച്ച് തരൂര്‍ വീണ്ടും സജീവമായി. ആങ്കര്‍, പരിനി എന്നീ വ്യവസായഗ്രൂപ്പുകളും ഗള്‍ഫ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫിലിം വേവ്സ് കമ്പനിയും റൊന്ദേവു സ്പോര്‍ട്സിനു കീഴില്‍ കൊച്ചി കണ്‍സോര്‍ഷ്യത്തില്‍ പങ്കാളികളായി. റൊന്ദേവുവിന് 25 ശതമാനം സൌജന്യഓഹരിയും നിശ്ചയിച്ചു. ടീമിനെ ഒന്നിപ്പിക്കുന്നതില്‍ താന്‍ നടത്തിയ പ്രയത്നങ്ങള്‍ക്ക് തരൂര്‍ വിലപേശിയത് ഈ ഘട്ടത്തിലാണ്. സൌജന്യഓഹരിയുടെ 19 ശതമാനം സുനന്ദയ്ക്ക് വിയര്‍പ്പ്ഓഹരിയായി നല്‍കണമെന്നായിരുന്നു ആവശ്യം. കണ്‍സോര്‍ഷ്യം അംഗങ്ങള്‍ അംഗീകരിച്ചതോടെ 70 കോടിയുടെ വിയര്‍പ്പ്ഓഹരി സുനന്ദയുടെ പേരിലായി. ചെന്നൈയില്‍ നടന്ന ലേലത്തില്‍ 1533 കോടി രൂപയ്ക്ക് കൊച്ചി ടീം ലേലമുറപ്പിച്ചു. വീഡിയോക്കോ, അദാനി ബില്‍ഡേഴ്സ് തുടങ്ങിയ വമ്പന്മാരെ പിന്തള്ളിയാണ് റൊന്ദേവു കണ്‍സോര്‍ഷ്യം ടീമിനെ സ്വന്തമാക്കിയത്. ലേലപ്രക്രിയയില്‍ ഉടനീളം തരൂരിന്റെ വിശ്വസ്തനായ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി (ഒഎസ്ഡി) ജേക്കബ് ജോസഫിന്റെ സാന്നിധ്യമുണ്ടായിരുന്നു.
അഹമ്മദാബാദിന് ടീം നഷ്ടപ്പെട്ടതില്‍ നിരാശനായ ലളിത് മോഡി കൊച്ചി കണ്‍സോര്‍ഷ്യത്തിന്റെ പിന്നാമ്പുറങ്ങള്‍ ചികഞ്ഞുതുടങ്ങിയതോടെയാണ് സുനന്ദയുടെ വിയര്‍പ്പ്ഓഹരിയും മറ്റും പുറത്തുവന്നത്. മോഡി ഇത് പരസ്യപ്പെടുത്തിയതോടെ തരൂരിന്റെ താല്‍പ്പര്യങ്ങള്‍ മറനീക്കി പുറത്തുവന്നു. കൊച്ചി കണ്‍സോര്‍ഷ്യം യാഥാര്‍ഥ്യമാകുന്നതിന് രാഹുല്‍ഗാന്ധിയുടെയും സോണിയയുടെയും വിശ്വസ്തനായ അഹമ്മദ് പട്ടേലിന്റേതടക്കം സഹായം തരൂര്‍ തേടിയതായി സൂചനയുണ്ട്. എന്നാല്‍, സുനന്ദയുടെ ഇടപെടലുകളെക്കുറിച്ച് ഇവരും അജ്ഞരായിരുന്നു. മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായ തരൂര്‍ സുനന്ദയുമായുള്ള സൌഹൃദവും ഐപിഎല്‍ താല്‍പ്പര്യവും എങ്ങനെ തുടരുമെന്ന സൂചനകള്‍ നല്‍കിയിട്ടില്ല. രണ്ടാംഭാര്യ ക്രിസ്റ ഗൈല്‍സുമായുള്ള ബന്ധം വേര്‍പ്പെടുത്തിയശേഷം സുനന്ദയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും ഇപ്പോള്‍ പ്രചാരമില്ല. സുനന്ദയും നിശബ്ദതയിലാണ്. എന്തായാലും ഐപിഎല്ലിന്റെ വികൃതമുഖം പുറത്തുകൊണ്ടുവരാന്‍ അറിയാതെയാണെങ്കിലും കാരണക്കാരായ തരൂരിനും സുനന്ദയ്ക്കും നന്ദിപറയാം.
ദേശാഭിമാനി ഡല്‍ഹി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം പ്രശാന്ത് തയ്യാറാക്കിയ പരമ്പരയിലെ ആദ്യ മൂന്ന് ഭാഗങ്ങള്‍
പരമ്പരയിലെ അടുത്ത ഭാഗങ്ങള്‍
ചൂതാട്ടം, നിശാവിരുന്നുകള്‍ പിന്നെ ക്രിക്കറ്റും
ലളിത് മോഡി റിട്ടയേര്‍ഡ് ഹര്‍ട്ട്
ഐപിഎല്ലില്‍ എല്ലാം നിശ്ചയിക്കുന്നത് പണമാണ്. 2005ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) വാര്‍ഷികവരുമാനം 90 കോടി. എന്നാല്‍, ഐപിഎല്‍ ഓരോ വര്‍ഷവും കൊയ്യുന്നത് ആയിരക്കണക്കിന് കോടി രൂപ. വരുമാനത്തിന്റെ 40 ശതമാനത്തോളം ഐപിഎല്‍ സംഘാടകര്‍ക്കുതന്നെ കിട്ടും. 54 ശതമാനം ടീം ഉടമസ്ഥരായ കണ്‍സോര്‍ഷ്യങ്ങള്‍ക്ക്. ആറുശതമാനം സമ്മാനത്തുകയ്ക്കായി നീക്കിവയ്ക്കും. ഐപിഎല്ലിലേക്ക് പണം പല വഴിക്കാണ് എത്തുന്നത്. കളികളുടെ സംപ്രേഷണാവകാശം 8700 കോടി രൂപയ്ക്കാണ് സോണി ഗ്രൂപ്പിന് നല്‍കിയത്. ടൂര്‍ണമെന്റിന്റെ മുഖ്യസ്പോസറായ ഡിഎല്‍എഫ് അഞ്ചുവര്‍ഷത്തേക്ക് നല്‍കുന്നത് 220 കോടിയോളം രൂപ. മറ്റ് പ്രധാനസ്പോണ്‍സര്‍മാരായ ഹീറോഹോണ്ട, പെപ്സി, കിങ്ഫിഷര്‍ എന്നീ കമ്പനികളില്‍നിന്ന് 300 കോടി കിട്ടും. അതേപോലെ വെബ്, മൊബൈല്‍, ഡിജിറ്റല്‍ തുടങ്ങി സേവനങ്ങള്‍ വിറ്റുകിട്ടുന്ന കോടികളുടെ വരവ് വേറെയും.
ReplyDeleteസുനന്ദയുമായുള്ള സൌഹൃദം ദൃഢമായതും ക്രിക്കറ്റ് കളത്തിലിറങ്ങാന്‍ പ്രേരണയായി. Nalla "Crime"(Nandakumar) language.
ReplyDelete