പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഉറപ്പുനേടാന്‍ സമ്മര്‍ദം
നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി ഇന്ത്യ-അമേരിക്ക ആണവ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ അമേരിക്കന്‍ ആണവ വ്യവസായ ലോബിയുടെ വന്‍ സമ്മര്‍ദം. കരാര്‍ പ്രാവര്‍ത്തികമാക്കിയാലേ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ റിയാക്ടറുകള്‍ സ്ഥാപിച്ച് കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ് നടത്താന്‍ കഴിയൂ. ഏപ്രില്‍ 11 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്ന് സുപ്രധാന ഉറപ്പുകള്‍ നേടിയെടുക്കാന്‍ അമേരിക്ക നയതന്ത്രനീക്കം ശക്തമാക്കിയിട്ടുണ്ട്. ആണവ കരാര്‍ നടപ്പാക്കുന്നതിന് ഉപാധിയായി വച്ച ആണവബാധ്യതാബില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാത്തതില്‍ അമേരിക്കന്‍ വ്യവസായലോബി നിരാശയിലാണ്. കഴിഞ്ഞ മാസം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമാ റാവു അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ വാഷിങ്ടണ്‍ അതൃപ്തി അറിയിച്ചിരുന്നു. എത്രയുംവേഗം ബില്‍ പാസാക്കുമെന്ന് നിരുപമാ റാവു ഉറപ്പുനല്‍കുകയും ചെയ്തു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ട 16 രാജ്യങ്ങള്‍ക്ക് ആണവ ഇന്ധന പുനഃസംസ്കരണത്തിനുള്ള അവകാശം അമേരിക്ക നല്‍കിയിട്ടില്ലെന്നും ഇന്ത്യക്ക് അത് നല്‍കുകയാണെന്നുമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. അമേരിക്ക-ഇന്ത്യ ബിസിനസ് കൌണ്‍സിലും സമാനമായ പ്രചാരണം നടത്തുന്നുണ്ട്. പുനഃസംസ്കരണത്തിനുള്ള അവകാശം അമേരിക്കയില്‍നിന്ന് ലഭിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് കൌസില്‍ പ്രസിഡന്റ് റോ സോമേഴ്സ് അറിയിച്ചു. എത്രയുംവേഗം ഇന്ത്യയിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ആണവ സഹകരണത്തില്‍ പങ്കാളിയാകണമെന്ന് കൌണ്‍സില്‍ നിര്‍ദേശിച്ചിരിക്കയാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ആണവരംഗത്തുള്ള കമ്പനികള്‍ക്ക് സുരക്ഷ വേണം. അതിനാല്‍ ആണവബാധ്യതാബില്‍ പാസാകേണ്ടത് അനിവാര്യമാണ്. കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് കാത്തിരിക്കയാണെന്ന് റോ സോമേഴ്സ് പറഞ്ഞു.
ഇവരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ആണവബാധ്യതാ ബില്‍ പാസാക്കുന്നതും ആണവ നിര്‍വ്യാപനകരാര്‍ ഒപ്പിടുമെന്ന ഉറപ്പുനല്‍കലും എത്രയുംവേഗം വേണമെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചുകഴിഞ്ഞു. മന്‍മോഹന്‍സിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് നല്‍കുമെന്നാണ് സൂചന. ആണവസുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാനാണ് മന്‍മോഹന്‍സിങ് പോകുന്നത്. അമേരിക്കന്‍ ഭരണാധികാരികളുമായി അദ്ദേഹം ചര്‍ച്ച നടത്തും. ആണവനിര്‍വ്യാപന കരാര്‍ സംബന്ധിച്ച് ഇന്ത്യയുടെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായി അമേരിക്കയ്ക്ക് ഉറപ്പ് നല്‍കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി. ജി ഇ ഹിറ്റാച്ചി, വെസ്റ്റിങ്ഹൌസ് എന്നീ ആണവ കമ്പനികളുമായി ഇന്ത്യയിലെ ആണവോര്‍ജ കോര്‍പറേഷന്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ജി ഇ ഹിറ്റാച്ചി, ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ പ്രകാരം 1350 മെഗാവാട്ട് ശേഷിയുള്ള അഡ്വാന്‍സ്ഡ് ബോയിലിങ് വാട്ടര്‍ റിയാക്ടര്‍(എബിഡബ്ള്യുആര്‍) ഇന്ത്യയില്‍ സ്ഥാപിക്കും. വെസ്റ്റിങ്ഹൌസ് ഇലക്ട്രിക് കമ്പനിയുമായി ആണവോര്‍ജ കോര്‍പറേഷന്‍ ഒപ്പിട്ട കരാര്‍ പ്രകാരം എപി-1000 റിയാക്ടറുകളാണ് ഇന്ത്യയില്‍ സ്ഥാപിക്കുക.
(വി ജയിന്‍)
ആണവബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാമെന്ന് പ്രധാനമന്ത്രി
ആണവബാധ്യതാബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചശേഷം പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. രാഷ്ട്രപതിഭവനില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണ്. ബില്ലിനെതിരായി ഉയര്‍ന്ന എതിര്‍പ്പുകള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണ്. ബിജെപിയുടെയും ഇടതുപക്ഷത്തിന്റെയും അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാബില്ലില്‍ വെള്ളംചേര്‍ക്കാനായി ചര്‍ച്ചയില്ലെന്ന് അതു സംബന്ധിച്ച ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി നല്‍കി. ആണവബാധ്യതാബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടാല്‍ കമ്മിറ്റി നിര്‍ദേശിക്കുന്ന ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തേണ്ടിവരും. ശാസത്ര-സാങ്കേതിക കാര്യങ്ങള്‍ക്കായുള്ള സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനക്കാവും ബില്‍ വരിക. ഡോ. ടി സുബ്ബരാമി റെഡ്ഢിയുടെ നേതൃത്വത്തിലുളള 30 അംഗ കമ്മിറ്റിയില്‍ സമന്‍ പഥക്ക്(സിപിഐ എം), വരു മുഖര്‍ജി (ഫോര്‍വേഡ് ബ്ളോക്ക്), വിഭു പ്രസാദ് തറായി (സിപിഐ) എന്നീ ഇടതുപക്ഷ എംപിമാരും ഉള്‍പ്പെടുന്നു.
ആണവബാധ്യതാ ബില്ലില്‍ നിരവധി പോരായ്മയുള്ളതിനാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുംമുമ്പ് സെലക്ട് കമ്മിറ്റി പരിശോധിക്കണമെന്ന് സമാജ്വാദി പാര്‍ടി ആവശ്യപ്പെട്ടു. ലോക്സഭയില്‍ അവതരിപ്പിച്ചശേഷം സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടാല്‍ പോര. ബില്ലില്‍ നിരവധി പഴുതുള്ളതിനാല്‍ എല്ലാ രാഷ്ട്രീയപാര്‍ടികളും ഉള്‍പ്പെട്ട സെലക്ട് കമ്മിറ്റി പരിശോധിച്ചശേഷമാകണം ബില്‍ സഭയില്‍ അവതരിപ്പിക്കേണ്ടതെന്ന് സമാജ്വാദി പാര്‍ടി ജനറല്‍ സെക്രട്ടറി മോഹന്‍സിങ് ഡല്‍ഹിയില്‍ പറഞ്ഞു. ആണവ റിയാക്ടറുകളും ഇന്ധനവും മറ്റ് ഉപകരണങ്ങളും നല്‍കുന്ന രാജ്യങ്ങള്‍ക്ക് ഒരു ബാധ്യതയുമില്ലാത്ത തരത്തിലാണ് ആണവബാധ്യതാബില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാ ബാധ്യതയും റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ക്കാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റികള്‍ക്ക് വിടുകയാണ് ഇപ്പോഴത്തെ രീതി. വിഷയവുമായി വലിയ ബന്ധമില്ലാത്തവര്‍ അടങ്ങുന്ന ഇത്തരം കമ്മിറ്റികള്‍ മാത്രം ബില്ലുകള്‍ പരിശോധിച്ചാല്‍ പോര. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുംമുമ്പ് ആണവരംഗവുമായി ബന്ധമുള്ളവരടങ്ങുന്ന സെലക്ട് കമ്മിറ്റി രൂപീകരിച്ച് പരിശോധിക്കണം. ആവശ്യമായ മാറ്റങ്ങള്‍ വരുത്തിവേണം അവതരിപ്പിക്കാന്‍. ഭോപാല്‍ വാതകദുരന്തം അനുഭവിച്ച രാജ്യമെന്ന നിലയില്‍ ഇത്തരം പ്രശ്നങ്ങള്‍കൂടി കണക്കിലെടുത്തുവേണം ബില്‍ കൊണ്ടുവരാന്‍-മോഹന്‍സിങ് പറഞ്ഞു.
ജീവിക്കാനും ആരോഗ്യം സംരക്ഷിക്കാനുമുള്ള പൌരന്മാരുടെ അവകാശം ഹനിക്കുന്ന ആണവബാധ്യതാ ബില്ലിനെ എതിര്‍ക്കുകതന്നെ ചെയ്യുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ലഖ്നൌവില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇന്നത്തെ രൂപത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ ഇരു സഭയിലും സിപിഐ എം എതിര്‍ക്കും. അമേരിക്കന്‍ ആണവ വ്യവസായികളെ സംരക്ഷിക്കാനുള്ള ബില്ലാണ് ഇത്. റിയാക്ടറുകള്‍ നല്‍കുന്ന വിദേശ കമ്പനികള്‍ക്ക് ഒരു ബാധ്യതയുമില്ലാത്ത വ്യവസ്ഥകളാണ് ബില്ലിലുള്ളത്. നിര്‍മാണസമയത്തെ പിഴവുകള്‍ കൊണ്ട് അപകടമുണ്ടായാല്‍ പോലും ആണവറിയാക്ടറുകള്‍ നിര്‍മിച്ച വിദേശ കമ്പനികള്‍ക്ക് ബാധ്യതയില്ലാത്തവിധമാണ് വ്യവസ്ഥകള്‍. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ആണവദുരന്തമുണ്ടായാല്‍ അത് ഭോപാല്‍ വാതകദുരന്തത്തേക്കാള്‍ പതിന്മടങ്ങ് നാശമായിരിക്കും സൃഷ്ടിക്കുകയെന്ന് കാരാട്ട് പറഞ്ഞു. എത്രയും വേഗം ആണവബാധ്യതാ ബില്‍ പാസാക്കി ആണവനിര്‍വ്യാപനം സംബന്ധിച്ച് ഉറപ്പും നല്‍കി ആണവ കരാര്‍ പ്രാവര്‍ത്തികമാക്കണമെന്ന് അമേരിക്ക രണ്ടാം യുപിഎ സര്‍ക്കാരിനുമേല്‍സമ്മര്‍ദം ചെലുത്തുകയാണ്.
(വി ജയിന്‍)
ദേശാഭിമാനി ദിനപ്പത്രം
നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി ഇന്ത്യ-അമേരിക്ക ആണവ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ അമേരിക്കന്‍ ആണവ വ്യവസായ ലോബിയുടെ വന്‍ സമ്മര്‍ദം. കരാര്‍ പ്രാവര്‍ത്തികമാക്കിയാലേ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ റിയാക്ടറുകള്‍ സ്ഥാപിച്ച് കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ് നടത്താന്‍ കഴിയൂ. ഏപ്രില്‍ 11 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്ന് സുപ്രധാന ഉറപ്പുകള്‍ നേടിയെടുക്കാന്‍ അമേരിക്ക നയതന്ത്രനീക്കം ശക്തമാക്കിയിട്ടുണ്ട്. ആണവ കരാര്‍ നടപ്പാക്കുന്നതിന് ഉപാധിയായി വച്ച ആണവബാധ്യതാബില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാത്തതില്‍ അമേരിക്കന്‍ വ്യവസായലോബി നിരാശയിലാണ്.
ReplyDelete