Tuesday, April 13, 2010

ഊര്‍ജപ്രതിസന്ധിയിലും ജനങ്ങള്‍ക്കുവേണ്ടി

ഗത്യന്തരമില്ലാതെ വൈദ്യുതിക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെ 'ഷോക്ക്' എന്നാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍തന്നെ തടസ്സം നില്‍ക്കുന്നു. അതേസമയം, സംസ്ഥാനങ്ങള്‍ വൈദ്യുതി സ്വയംപര്യാപ്തത നേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു. വൈദ്യുതിമേഖലയില്‍ സ്ഥിതി സങ്കീര്‍ണമാണ്. അസാധാരണമായ അധ്വാനവും മാനേജ്മെന്റുമുണ്ടെങ്കിലേ ഒരടി മുന്നോട്ടുപോകാനാകൂ. അങ്ങനെയുള്ള അവസ്ഥയില്‍ ജനങ്ങള്‍ക്ക് വലിയതോതില്‍ പ്രയോജനംചെയ്യുന്ന പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിന് സാധാരണയില്‍ കവിഞ്ഞ പ്രാധാന്യമുണ്ട്. 2010 മാര്‍ച്ച് 31വരെ വൈദ്യുതികണക്ഷന് അപേക്ഷിച്ചിട്ടുള്ള (മുഴുവന്‍ പോസ്റ്റ് ആവശ്യമില്ലാത്ത) ഗാര്‍ഹിക കണക്ഷനുകളും വിഷുവിനുമുമ്പ് കൊടുത്തുതീര്‍ക്കാനുള്ള വൈദ്യുതിബോര്‍ഡിന്റെ തീരുമാനം അതുകൊണ്ടുതന്നെ കലവറയില്ലാത്ത പ്രശംസ അര്‍ഹിക്കുന്നു. ഏകദേശം 25000 അപേക്ഷകര്‍ക്കാണ് ഇതിലൂടെ കണക്ഷന്‍ കിട്ടാന്‍ പോകുന്നത്. ഒവൈഇസി അടയ്ക്കാതെതന്നെ എളുപ്പത്തില്‍ കണക്ഷന്‍ ലഭിക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും. ഏഴരക്കോടി രൂപയുടെ വരുമാനക്കുറവു സഹിച്ചാണ് ഈ തീരുമാനം നടപ്പാക്കുന്നത് എന്നറിയുമ്പോള്‍, സാധാരണജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അതിനും നാലുവര്‍ഷംമുമ്പ് അപേക്ഷിച്ചവര്‍ കണക്ഷന്‍ ലഭിക്കാതെ കാത്തിരിക്കുന്ന സ്ഥിതിയാണുണ്ടായത്. ഏകദേശം 2.62 ലക്ഷം അപേക്ഷകര്‍ക്കാണ് കണക്ഷന്‍ നല്‍കാനുണ്ടായിരുന്നത്. ഈ അവസ്ഥ മാറ്റി കാത്തിരിപ്പ് കാലാവധി കുറച്ചുകൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. ഇതിന്റെ പുരോഗതിയെന്നോണം കഴിഞ്ഞ ജനുവരിയില്‍ 2009 സെപ്തംബര്‍ 30 വരെ അപേക്ഷിച്ച എല്ലാവര്‍ക്കും കണക്ഷന്‍ നല്‍കാന്‍ നിശ്ചയിച്ചു. ഇതില്‍ പോസ്റ്റ് വേണ്ടാത്ത കണക്ഷനുകള്‍ പൂര്‍ണമായും കൊടുത്തുതീര്‍ത്തു. അതിന്റെ തുടര്‍ച്ചയായാണ് ലക്ഷ്യം 2010 മാര്‍ച്ച് 31 വരെ ആക്കി പുനര്‍നിശ്ചയിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചത്. പോസ്റ്റു വേണ്ട ഏകദേശം 40,000 കണക്ഷന്‍ ഇനിയും നല്‍കാന്‍ ബാക്കിയുണ്ടെന്നാണറിയുന്നത്. പോസ്റ്റിന്റെ ലഭ്യതക്കുറവുമൂലമാണിത്. ഇത് പരിഹരിക്കാന്‍ പോസ്റ്റുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ വിളിച്ച് നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം വൈദ്യുതിമന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിട്ടുള്ളത്. അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തി ഈ വര്‍ഷം അവസാനത്തോടെ എല്ലാ സെക്ഷനിലും മാതൃകാ സൌകര്യം ഒരുക്കുമെന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്.

2010 ജൂണ്‍ ഒന്നുമുതല്‍ പണം സ്വീകരിക്കുന്ന സമയം രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയാക്കി ദീര്‍ഘിപ്പിക്കുന്നുമുണ്ട്. ഉപയോക്താക്കള്‍ക്ക് പരമാവധി സൌകര്യം നല്‍കാനുള്ള ഇത്തരം നടപടി ബോര്‍ഡിന്റെ കാര്യക്ഷമതയും വളര്‍ച്ചയും ഉയരുന്നതിന്റെ സൂചകമാണ്.

വൈദ്യുതിവിതരണരംഗത്ത് എടുത്തുപറയാവുന്ന പുരോഗതിയാണ് കഴിഞ്ഞ നാലുവര്‍ഷംകൊണ്ടുണ്ടായത്. ഇതുവരെ 17.64 ലക്ഷം കണക്ഷന്‍ നല്‍കി. വൈദ്യുതിയുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ കഴിയുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 9754 കിലോമീറ്റര്‍ 11 കെവി ലൈനും 14147 ട്രാന്‍സ്ഫോര്‍മറുമാണ് സ്ഥാപിച്ചത്. യുഡിഎഫ് ഭരണകാലത്ത് അഞ്ചുവര്‍ഷംകൊണ്ട് ആകെ 4776 കി.മി 11 കെവി ലൈനും 5600 ട്രാന്‍സ്ഫോര്‍മറുമാണ് സ്ഥാപിച്ചത്. ഈ നാലു വര്‍ഷംകൊണ്ട് വച്ച ട്രാന്‍സ്ഫോര്‍മറുകള്‍ കേരളത്തില്‍ ആകെയുള്ള ട്രാന്‍സ്ഫോര്‍മറുകളുടെ നാലിലൊന്നിലേറെയാണ് എന്നതും ശ്രദ്ധയര്‍ഹിക്കുന്നു.

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതില്‍ ഏറെ മുന്നോട്ടുപോയി. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തിയ വോള്‍ട്ടേജ് അദാലത്ത് വോള്‍ട്ടേജ് കുറവുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ സഹായകമായി. ഈ വര്‍ഷം 4000 കി.മി. 11 കെവിലൈനും 6000 ട്രാന്‍സ്ഫോര്‍മറും സ്ഥാപിച്ച് കേരളത്തെ വോള്‍ട്ടേജ് ക്ഷാമരഹിത സംസ്ഥാനമാക്കി മാറ്റുമെന്നാണ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്. നാലുവര്‍ഷത്തിനുള്ളില്‍ 81 സബ്സ്റേഷന്‍ കമീഷന്‍ചെയ്തു. കഴിഞ്ഞവര്‍ഷംമാത്രം 29 സബ്സ്റേഷന്‍ പണി പൂര്‍ത്തിയാക്കി. കടുത്ത വൈദ്യുതിപ്രതിസന്ധി നിലനില്‍ക്കുമ്പോഴും ഇത്തരത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുന്നുവെന്നത് അഭിമാനകരമാണ്.

വൈദ്യുതിക്കമ്മി അടക്കമുള്ള പ്രശ്നങ്ങളില്‍ സാധാരണക്കാരെ ബാധ്യതകളില്‍നിന്ന് ഒഴിവാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്രതിമാസം 120 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവരെ തെര്‍മല്‍ സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ ആകെയുള്ള 78 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കളില്‍ 66 ലക്ഷം പേരെയും സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കാന്‍ ഇതുവഴി കഴിഞ്ഞു. വൈദ്യുതിലഭ്യതയുടെ കാര്യത്തില്‍ വരും വര്‍ഷത്തിലും വലിയ പ്രതിസന്ധി കൂടാതെ പോകാനുള്ള നടപടിയാണുണ്ടാകുന്നത്. 100 മെഗാവാട്ടിന്റെ æകുറ്റ്യാടി അഡീഷണല്‍ എക്സ്റന്‍ഷന്‍ അടുത്തമാസം കമീഷന്‍ചെയ്യും. 70 മെഗാവാട്ട് നെയ്വേലി എക്സ്റന്‍ഷനില്‍നിന്ന് ലഭിക്കും. കൂടംകുളത്തുനിന്നും കിട്ടേണ്ട 266 മെഗാവാട്ടില്‍ ലൈന്‍ പൂര്‍ത്തിയാകാത്തതിനാല്‍ പൂര്‍ണമായും കിട്ടില്ലെങ്കിലും പകുതിയെങ്കിലും പ്രതീക്ഷിക്കാം. ലൈന്‍ നിര്‍മാണത്തിലെ പ്രതിസന്ധി പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്. സിഎഫ്എല്‍ വിതരണമടക്കമുള്ള ഊജസംരക്ഷണ നടപടിയിലൂടെയും വൈദ്യുതിലഭ്യത വര്‍ധിപ്പിക്കാനുള്ള ത്വരിതപ്രവര്‍ത്തനവും പുരോഗമിക്കുന്നു.

വൈദ്യുതി പ്രതിസന്ധിക്കുമുന്നില്‍ നിസ്സംഗമായി നില്‍ക്കാതെ ഭാവനാ പൂര്‍ണവും സമയബന്ധിതവുമായ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തുന്നതിന്റെ ഫലമാണീനേട്ടം; ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഫലവും.

ദേശാഭിമാനി മുഖപ്രസംഗം

1 comment:

  1. ഗത്യന്തരമില്ലാതെ വൈദ്യുതിക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെ 'ഷോക്ക്' എന്നാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍തന്നെ തടസ്സം നില്‍ക്കുന്നു. അതേസമയം, സംസ്ഥാനങ്ങള്‍ വൈദ്യുതി സ്വയംപര്യാപ്തത നേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു. വൈദ്യുതിമേഖലയില്‍ സ്ഥിതി സങ്കീര്‍ണമാണ്. അസാധാരണമായ അധ്വാനവും മാനേജ്മെന്റുമുണ്ടെങ്കിലേ ഒരടി മുന്നോട്ടുപോകാനാകൂ. അങ്ങനെയുള്ള അവസ്ഥയില്‍ ജനങ്ങള്‍ക്ക് വലിയതോതില്‍ പ്രയോജനംചെയ്യുന്ന പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിന് സാധാരണയില്‍ കവിഞ്ഞ പ്രാധാന്യമുണ്ട്. 2010 മാര്‍ച്ച് 31വരെ വൈദ്യുതികണക്ഷന് അപേക്ഷിച്ചിട്ടുള്ള (മുഴുവന്‍ പോസ്റ്റ് ആവശ്യമില്ലാത്ത) ഗാര്‍ഹിക കണക്ഷനുകളും വിഷുവിനുമുമ്പ് കൊടുത്തുതീര്‍ക്കാനുള്ള വൈദ്യുതിബോര്‍ഡിന്റെ തീരുമാനം അതുകൊണ്ടുതന്നെ കലവറയില്ലാത്ത പ്രശംസ അര്‍ഹിക്കുന്നു. ഏകദേശം 25000 അപേക്ഷകര്‍ക്കാണ് ഇതിലൂടെ കണക്ഷന്‍ കിട്ടാന്‍ പോകുന്നത്. ഒവൈഇസി അടയ്ക്കാതെതന്നെ എളുപ്പത്തില്‍ കണക്ഷന്‍ ലഭിക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും. ഏഴരക്കോടി രൂപയുടെ വരുമാനക്കുറവു സഹിച്ചാണ് ഈ തീരുമാനം നടപ്പാക്കുന്നത് എന്നറിയുമ്പോള്‍, സാധാരണജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്.

    ReplyDelete