ലാവ്ലിന്‍ : തകര്‍ന്നടിഞ്ഞത് 'മാധ്യമകോടതി'കള്‍: അഴീക്കോട്
തൃശൂര്‍: ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കുകയും ഏകപക്ഷീയമായി വിധി പ്രസ്താവിക്കുകയും ചെയ്ത നമ്മുടെ നാട്ടിലെ 'മാധ്യമകോടതി'കള്‍ ദയനീയമായി തകര്‍ന്നടിഞ്ഞുവെന്ന്് സുകുമാര്‍ അഴീക്കോട്. സിബിഐ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഈ കേസിന്റെ തുടക്കത്തില്‍ത്തന്നെ താന്‍ അഭിപ്രായപ്പെട്ടിരുന്നു. സിബിഐ റിപ്പോര്‍ട്ടിലൂടെ കേസിന്റെ മുക്കാല്‍ഭാഗവും തീര്‍ന്നിരിക്കയാണ്. അവശേഷിക്കുന്നത് കോടതിയുടെകൂടി അംഗീകാരമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ അതും പിണറായിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രകാലവും മാധ്യമങ്ങളും എതിര്‍രാഷ്ട്രീയക്കാരുമെല്ലാം സൃഷ്ടിച്ച ചന്ദ്രഗ്രഹണംപോലുള്ള ഒരു 'കീര്‍ത്തിഗ്രഹണം' ഈ കേസിന്റെ പേരില്‍ പിണറായിക്കെതിരെ ഉണ്ടായിരുന്നു. ഇപ്പോള്‍ സത്യസന്ധതയുടെ ചന്ദ്രന്‍ തെളിഞ്ഞുവരികയാണ്. താമസിയാതെ അതു പൂര്‍ണചന്ദ്രനെപ്പോലെ പ്രകാശം ചൊരിയുമെന്ന്് പ്രതീക്ഷിക്കുന്നു. ഇവിടെ പരാജയമടഞ്ഞത് മാധ്യമങ്ങളും അവരുടെ ഏകപക്ഷീയ വിധികളുമാണ്. സത്യമേ ജയിക്കൂ എന്ന ഭാരതീയ കാഴ്ചപ്പാട് ഇവര്‍ക്കെല്ലാം പാഠമാകേണ്ടതാണ്. പുകമറ സൃഷ്ടിച്ച് ആരെയെങ്കിലും പ്രതിയാക്കുകയോ തീരുമാനമെടുക്കുകയോ ചെയ്യുന്നത് മാധ്യമങ്ങള്‍ക്ക് ഭൂഷണമല്ല. സത്യത്തിനുമാത്രമേ അന്തിമവിജയം നേടാനാകൂ. പിണറായിയുടെ കാര്യത്തിലും ആ വിജയത്തിന്റെ സൂചനയാണ് വന്നിരിക്കുന്നതെന്നും അഴീക്കോട് പറഞ്ഞു.
ഈ സദ്ബുദ്ധി മുമ്പേ തോന്നേണ്ടിയിരുന്നു: ജ. കെ കെ നരേന്ദ്രന്‍
കൊച്ചി: ലാവ്ലിന്‍ കേസില്‍ സിബിഐക്ക് ഇപ്പോള്‍ തോന്നിയ സദ്ബുദ്ധി വളരെ മുമ്പേ തോന്നേണ്ടതായിരുന്നെന്ന് ജസ്റിസ് കെ കെ നരേന്ദ്രന്‍ പറഞ്ഞു. വൈകിയാണെങ്കിലും സിബിഐ ചെയ്തത് നന്നായി. സമൂഹത്തിലെ വളരെ ഉന്നതനായ രാഷ്ട്രീയനേതാവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളും അഭ്യൂഹങ്ങളും ഉയര്‍ന്നപ്പോള്‍ എത്രയുംവേഗം സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായിരുന്നു സിബിഐ ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍,അതുണ്ടായില്ലെന്നുമാത്രമല്ല, കൂടുതല്‍ വഷളാക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. മാധ്യമങ്ങള്‍ക്കും ഇതിലുള്ള പങ്ക് ചെറുതല്ല. സ്വന്തം രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് അവര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. അത് പറഞ്ഞുപരത്തി. വൈകിയാണെങ്കിലും സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും ജസ്റിസ് നരേന്ദ്രന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാപ്പു പറയണം: ശിവദാസമേനോന്‍
ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി കാട്ടിയിട്ടില്ലെന്ന് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ധാര്‍മികതയുടെ കണിക ശേഷിക്കുന്നുണ്ടെങ്കില്‍ കേരളീയരോട് മാപ്പു പറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മുന്‍ വൈദ്യുതി- ധനമന്ത്രിയുമായ ടി ശിവദാസമേനോന്‍ ആവശ്യപ്പെട്ടു.
കുറ്റകരമായ രാഷ്ട്രീയഗൂഢാലോചന നടത്തിയാണ് പിണറായി വിജയനെ ലാവ്ലിന്‍ കേസില്‍ സിബിഐയെക്കൊണ്ട് പ്രതിയാക്കിയത്. ഇതുവഴി സിപിഐ എമ്മിന്റെ ഉന്നതനായ നേതാവിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചത്. ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമാണ്. പിണറായിയെ പ്രതിചേര്‍ത്തതിലൂടെ സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന സിപിഐ എം പൊളിറ്റ്ബ്യൂറോയുടെ നിഗമനം ശരിയാണെന്ന് സിബിഐതന്നെ വൈകിയാണെങ്കിലും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ പിണറായിയെ പ്രതിചേര്‍ത്ത് സിബിഐ നല്‍കിയ കേസ് പിന്‍വലിക്കുകയാണ് വേണ്ടത്. സാമ്പത്തികനേട്ടം ഇല്ലെങ്കില്‍ ഗൂഢാലോചന ആക്ഷേപത്തിന് നിയമപരമായി നിലനില്‍പ്പില്ല. ഭരണകൂട മര്‍ദനങ്ങളെയും സാമൂഹ്യവിരുദ്ധശക്തികളുടെ ആക്ഷേപ ആക്രോശങ്ങളെയും സുധീരം നേരിട്ട് പതറാതെ മുന്നോട്ടുപോയ പിണറായി വിജയന്റെ സംശുദ്ധ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് സിബിഐയുടെ വൈകിവന്ന വെളിപ്പെടുത്തലെന്ന് ശിവദാസമേനോന്‍ ആവശ്യപ്പെട്ടു.
ആരോപണക്കുമിള പൊട്ടി: എസ് ആര്‍ പി
ഇടുക്കി: രാഷ്ട്രീയ എതിരാളികളും ഒരു പറ്റം മാധ്യമങ്ങളും ചേര്‍ന്ന് ഊതിവീര്‍പ്പിച്ച ലാവ്ലിന്‍ അഴിമതിയെന്ന ആരോപണക്കുമിള കോടതിയില്‍ സിബിഐ റിപ്പോര്‍ട്ടോടെ പൊട്ടിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ടി എടുത്ത നിലപാട് പൂര്‍ണമായും ശരിയായിരുന്നു എന്ന് ഇതോടെ വ്യക്തമായി.
350 കോടിയുടെ അഴിമതിയെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഒരു രൂപയുടെ പോലും സാമ്പത്തികാനുകൂല്യങ്ങള്‍ പറ്റിയിട്ടില്ലെന്ന സിബിഐ റിപ്പോര്‍ട്ട് ഇത്തരം മാധ്യമങ്ങള്‍ക്ക് തിരിച്ചടിയായി. ഈ റിപ്പോര്‍ട്ട് ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാനാണ് ഇപ്പോള്‍ ശ്രമം. എക്കാലത്തും പാര്‍ടിയെ തകര്‍ക്കാന്‍ മാധ്യമങ്ങളുടെ സംഘടിത ആക്രമണമുണ്ടായിട്ടുണ്ട്. മാധ്യമരംഗത്തെ എല്ലാ ആധുനിക സമ്പ്രദായങ്ങളെയും അതിനായി ഉപയോഗിച്ചിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ താല്‍പര്യത്തിന് എതിരായ വാര്‍ത്തകള്‍ സംഘടിതമായി നല്‍കാതിരിക്കുക, വാര്‍ത്തകളുടെ ചില വശങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുക എന്നിങ്ങനെ വിവിധ തരത്തില്‍ സിപിഐ എമ്മിനെ ക്ഷീണിപ്പിക്കാനാവുമോ എന്ന് നോക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ സിബിഐ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ മറച്ചുവയ്ക്കാന്‍ നടത്തുന്ന നീക്കം. ലാവ്ലിന്റെ പേരില്‍ സിപിഐ എമ്മിനും പിണറായി വിജയനുമെതിരെ സംഘടിതമായി നടത്തിയ കള്ളപ്രചാരണങ്ങളെല്ലാം ഇപ്പോള്‍ ജനങ്ങള്‍ക്ക് വ്യക്തമായി.
ദുഷ്പ്രചാരകരെ തുറന്നുകാട്ടി: വൈക്കം വിശ്വന്‍
തെറ്റായ പ്രചാരവേല നടത്തിയവരുടെ യഥാര്‍ഥ മുഖം തുറന്നുകാട്ടുന്നതാണ് സിബിഐ റിപ്പോര്‍ട്ടെന്ന് എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരായി നടത്തിയ പ്രചാരവേലകള്‍ അസ്ഥാനത്താണെന്ന് വ്യക്തമായി. രാഷ്ട്രീയ നിക്ഷിപ്ത താല്‍പ്പര്യത്തോടെ കേസുകള്‍ ചമയ്ക്കുകയും ത്യാഗസമ്പൂര്‍ണമായ രാഷ്ട്രീയം കൈമുതലാക്കിയ ജനനേതാക്കളെ അപമാനിക്കുകയും ചെയ്യുന്ന മാധ്യമപ്രചാരവേലയുടെ യാഥാര്‍ഥ്യമാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. സാമൂഹ്യവിരുദ്ധരെ മാന്യരാക്കി അവതരിപ്പിക്കുകയും മാധ്യമങ്ങളുടെ പിന്‍ബലത്തോടെ അത്തരക്കാരുടെ പ്രചാരവേലകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നവരുടെ മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞുവീണത്. പുതിയ വിവാദങ്ങള്‍ കുത്തിപ്പൊക്കി ഈ വാര്‍ത്ത തമസ്കരിക്കാനുള്ള തന്ത്രങ്ങള്‍ പയറ്റിയത് ഇത്തരക്കാര്‍ കൊണ്ടാലും പഠിക്കില്ലെന്നതിന്റെ സൂചനയാണ്. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് സിപിഐ എം സ്വീകരിച്ച സമീപനം അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് സിബിഐയുടെ നിലപാട്. കരാര്‍ ഒപ്പിട്ട മന്ത്രിയെ ഒഴിവാക്കി കേരളത്തിന് നേട്ടങ്ങളുണ്ടാക്കിയ പിണറായിയെ പ്രതിയാക്കിയവരുടെ ദുഷ്ടലാക്കാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ച പിണറായി വിജയനെ ഇത്തരത്തില്‍ ക്രൂശിച്ചതിന് കള്ളപ്രചാരവേല നടത്തിയവര്‍ മാപ്പുപറയണം. സിബിഐ നിലപാട് സംബന്ധിച്ച് യുഡിഎഫിന്റെ അഭിപ്രായമെന്തെന്ന് അറിയാന്‍ കേരളജനതയ്ക്ക് താല്‍പ്പര്യമുണ്ട്-വൈക്കം വിശ്വന്‍ പറഞ്ഞു.
ലാവ്ലിന്‍ മാധ്യമങ്ങളുടെ ശേഷിച്ച വിശ്വാസ്യതയും ഇല്ലാതായി: എന്‍ മാധവന്‍കുട്ടി
ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ അഴിമതി വിമുക്തനാക്കിക്കൊണ്ടുള്ള സിബിഐ റിപ്പോര്‍ട്ട് സിപിഐ എം വിരുദ്ധ മാധ്യമങ്ങളുടെ ശേഷിക്കുന്ന വിശ്വസനീയതകൂടി ഇല്ലാതാക്കുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി പറഞ്ഞു. തെറ്റുതിരുത്താന്‍ ഇക്കൂട്ടര്‍ തയ്യാറല്ലെന്ന് വെളിപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തയ്ക്ക് മുഖ്യധാരാമാധ്യമങ്ങള്‍ നല്‍കിയ പരിചരണം. ചിലര്‍, വീണുകിട്ടിയ തച്ചങ്കരിയെ ഉപയോഗിച്ച് സിബിഐ റിപ്പോര്‍ട്ടിനെ ഉള്ളില്‍ തള്ളി, വളച്ചൊടിച്ചു. ചിലര്‍ പാടേ തമസ്കരിച്ചു. സിബിഐയുടെ ഗത്യന്തരമില്ലാത്ത വെളിപ്പെടുത്തലിന്റെ നിയമപരവും രാഷ്ട്രീയവുമായ പ്രാധാന്യം ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് മുതലാളിത്ത മാധ്യമങ്ങള്‍ ഒളിച്ചോടി. സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഒരു പതിറ്റാണ്ടിലേറെയായി നടന്നുവരുന്ന പിണറായിവേട്ടയില്‍ ഇവര്‍ സജീവപങ്കാളികളാണെന്ന് ഇത് വ്യക്തമാക്കുന്നു.
ദേശാഭിമാനി 21042010
ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കുകയും ഏകപക്ഷീയമായി വിധി പ്രസ്താവിക്കുകയും ചെയ്ത നമ്മുടെ നാട്ടിലെ 'മാധ്യമകോടതി'കള്‍ ദയനീയമായി തകര്‍ന്നടിഞ്ഞുവെന്ന്് സുകുമാര്‍ അഴീക്കോട്. സിബിഐ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ReplyDeleteThis comment has been removed by the author.
ReplyDelete