Monday, April 12, 2010

ജനിതക പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കി ആയുര്‍വേദ മൂലികകളും

ബിടി വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുളള ഉല്‍പ്പാദനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിച്ച് ഉത്തരവിറക്കിയത് ഇന്ത്യയാകെ ഇതിനെതിരായ പ്രതിഷേധം ശക്തമായപ്പോഴാണ്. പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുളള ജനറ്റിക്കല്‍ എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി അനുമതി നല്‍കിയ വഴുതനയ്ക്കുമേലാണ് ജനങ്ങളുടെ പ്രതിഷേധം വിജയം കണ്ടത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സില്‍, ജൈവ സാങ്കേതികവിദ്യാവകുപ്പ് എന്നവയും ബിടി വഴുതനയെ പിന്തുണച്ചു എന്ന് പരിസ്ഥിതിമന്ത്രി ജയറാംരമേശ് തുറന്നുപറഞ്ഞത് ഈ വകുപ്പുകള്‍ എത്ര ജനവിരുദ്ധമായ കാഴ്ചപ്പാടാണ് പുലര്‍ത്തുതെന്നും, മോണ്‍സാന്റോ, മഹീക്കോ എന്നീ കുത്തകക്കമ്പനികളുമായി ഇവര്‍ പുലര്‍ത്തുന്ന അവിഹിത ബന്ധം എത്ര വലുതാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു. ഇതേ കമ്മിറ്റികള്‍ അംഗീകരിച്ച ബിടി തക്കാളി, വെണ്ട, ഉരുളക്കിഴങ്ങ്, പപ്പായ, നെല്ല് എന്നിങ്ങനെ ജനങ്ങള്‍ ആഹാരവസ്തുക്കളായി ഉപയോഗിക്കുന്ന ഒട്ടനവധി ഇനങ്ങള്‍ ഗവേഷണ സ്ഥാപനങ്ങളുടെ കലവറയില്‍ തയ്യാര്‍ ചെയ്തിരിപ്പുണ്ട്.

കീടങ്ങളെ നശിപ്പിക്കാന്‍ പ്രാപ്തമായ തുറിന്‍ജ്യന്‍സിസ് എന്ന മണ്ണിലെ ബാക്ടീരിയയുടെ, പ്രോട്ടീന്‍ ഉല്‍പ്പാദനത്തിന്റെ ജീനുകള്‍ എടുത്ത് പച്ചക്കറി വിളകളിലെയും ധാന്യങ്ങളിലെയും കോശ ന്യൂക്ളിയസില്‍ ഉള്‍ച്ചേര്‍ത്ത് സ്വയം കീടനാശിനി ഉല്‍പ്പാദിപ്പിക്കുന്നവയായി അവയെ വളര്‍ത്തി എടുക്കുകയാണല്ലോ ചെയ്തത്. ഇവ മനുഷ്യന്‍ ഭക്ഷിച്ചാല്‍ കുടലിലെ സ്വാഭാവിക ബാക്ടീരിയകള്‍ കൂടി നശിക്കുമെന്നും, കോശങ്ങള്‍ തകരുമെന്നും കരള്‍, പാന്‍ക്രിയാസ്, വൃഷണങ്ങള്‍ എന്നിവ രോഗബാധിതമാകുമെന്നും, കൃഷിചെയ്യുന്നത് മണ്ണിനും പരിസ്ഥിതിക്കും പരിഹരിക്കാന്‍ കഴിയാത്ത തകരാറുകള്‍ ഉണ്ടാക്കുമെന്നും ജനങ്ങളോടു പ്രതിബദ്ധതയുളള ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി അവര്‍ നല്‍കിയ മുന്നറിയിപ്പിലാണ് കൃഷിക്കാരുള്‍പ്പെടെയുളളവരുടെ പ്രതിരോധനിര ഇന്ത്യയില്‍ സജ്ജമായത്.

എന്നാല്‍, ഇതേ പരീക്ഷണങ്ങള്‍ ഔഷധമൂലികകളിലും നടത്തിയാലോ?

ജനിതക പരിവര്‍ത്തിത വഴുതന നിര്‍മിച്ച് കുപ്രസിദ്ധി നേടിയ തമിഴ്നാട് കാര്‍ഷിക യൂണിവേഴ്സിറ്റി തന്നെയാണ് അമുക്കുരം, അതിവിടയം, കിര്യാത്ത്, ബ്രഹ്മി തുടങ്ങിയ ആയുര്‍വേദ മൂലികകളെ ജനിതകപരിവര്‍ത്തനംചെയ്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും കാത്തിരിക്കുന്നത്. ബിടി വിളകളെ ശാസ്ത്രീയ വിശകലനം നടത്തി എതിര്‍ത്ത ഇന്ത്യയിലെ പ്രമുഖ മോളിക്കുലാര്‍ ബയോളജിസ്റ്റായ ഡോ.പുഷ്പമിത്ര ഭാര്‍ഗവയും, ബയോടെക്നോളജിയുടെയും ഫുഡ് സെക്യൂരിറ്റിയുടെയും ഫോറം ചെയര്‍മാനായ ഡോ. ദേവീന്ദര്‍ശര്‍മ ഉള്‍പ്പടെയുള്ളവരും ആയുര്‍വേദമൂലികകള്‍ ജനിതക പരിവര്‍ത്തനത്തിന് വിധേയമാക്കുന്നതില്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചുകഴിഞ്ഞു. അമുക്കുരം ഹോമിയോപ്പതി മരുന്നുണ്ടാക്കുന്നതിനും, കിര്യാത്ത് (നിലവേമ്പ്) സിദ്ധചികിത്സയിലുംകൂടി ഉപയോഗിക്കുന്ന ഔഷധമൂലികകളാണ്. ഇവ ഉപയോഗിച്ച് ഔഷധങ്ങള്‍ നിര്‍മിച്ചാല്‍ ഇതേവരെ കേട്ടിട്ടില്ലാത്തവണ്ണം ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇവയുടെ കൃഷിക്കും വിപണനത്തിനും അനുമതി നല്‍കരുതെന്നും നാഷണല്‍ സിദ്ധ ഇന്‍സ്റിറ്റ്യൂട്ടിന്റെ അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി എന്‍ ദൈവനായഗം തമിഴ്നാട് സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും അറിയിച്ചുകഴിഞ്ഞു.

ന്യൂഡല്‍ഹിയിലുളള ആയുഷ് ഡിപ്പാര്‍ട്മെന്റിന്റെ ഡയറക്ടര്‍ പറയുന്നു:

''ജനിതക പരിവര്‍ത്തിതമൂലികകളെ ആയുര്‍വേദ ഔഷധ നിര്‍മാണത്തിനും ചികിത്സയ്ക്കും ഉപയോഗിക്കണമെങ്കില്‍ ഇവ എത്രമേല്‍ സുരക്ഷിതവും പ്രവര്‍ത്തനക്ഷമവുമാണെന്ന് ഞങ്ങള്‍ക്കു ബോധ്യപ്പെടണം. എതായാലും ആയുര്‍വേദ ദ്രവ്യഗുണ നിരൂപണത്തിന് വിരുദ്ധമാണിത്.''

ഇവിടെ കാതലായ ഒരു സംശയമുണരുന്നുണ്ട് :

ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മൂലികകളില്‍ ഏതു സ്ഥാപനത്തിനും ഏതൊരു വ്യക്തിക്കും കയറി തോന്നുംപടി ഗവേഷണം നടത്താന്‍ സ്വാതന്ത്ര്യമുണ്ടോ? ഗവേഷണാനുമതി നല്‍കാന്‍ ചുമതലപ്പെട്ടിട്ടുളള ഇന്ത്യയിലെയോ, കേരളത്തിലെയോ സ്ഥാപനം/ സമിതി ഏതാണ് ? ആരുടെയും അനുമതി ആവശ്യമില്ലാത്തതും ഏതു തരം ഗവേഷണം നടത്തുന്നതിനും ആര്‍ക്കും സ്വാതന്ത്ര്യം ഉള്ളതുമാണ് നമ്മുടെ സസ്യൌഷധ മേഖല എന്ന സ്ഥിതി പരിതാപകരം തന്നെ.

ആയുര്‍വേദ മേഖലയില്‍ത്തന്നെ, സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദ മുതല്‍ ആയുര്‍വേദ കോളേജിലെ ഫാര്‍മക്കോഗ്നോസി യൂണിറ്റുവരെയുളള നിരവധി ഗവേഷണസ്ഥാപനങ്ങളുണ്ട്. ഇതിനു പുറമെ ഇന്ത്യയിലെ എല്ലാ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റികളിലും, സര്‍ക്കാര്‍ - സ്വകാര്യമേഖലകളിലുള്ള നിരവധി സസ്യശാസ്ത്രഗവേഷണകേന്ദ്രങ്ങളിലും ഔഷധമൂലികകളില്‍ തകൃതിയായി ഗവേഷണങ്ങള്‍ നടക്കുകയാണ്. കേന്ദ്രസര്‍ക്കാരില്‍നിന്ന് 100 ശതമാനം സാമ്പത്തികസഹായം കിട്ടുന്ന സ്ഥാപനങ്ങളാണ് ഇവയില്‍ പലതും. പക്ഷേ, ജനിതകമാറ്റം വരുത്തി മൂലികകള്‍ വളര്‍ത്തുന്ന അപകടകരമായ പ്രവര്‍ത്തനങ്ങളിലേക്ക് ഈ സ്ഥാപനങ്ങള്‍ വഴിതിരിയുമ്പോള്‍ അതിനു കടിഞ്ഞാണിടുകതന്നെവേണം. ബഹുരാഷ്ട്രകുത്തകക്കമ്പനികള്‍ക്കു പേറ്റന്റെടുത്ത്, മൂലികകളില്‍ സര്‍വാധികാരികളാകാന്‍ നാം സാഹചര്യം സൃഷ്ടിച്ചുകൂടാ. 'സ്കൂള്‍ ഓഫ് ബയോ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി' കൂടി ഭാവിവളര്‍ച്ചയില്‍ ഒരു യൂണിറ്റായി തീരുമാനിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ ആരോഗ്യസര്‍വകലാശാലയെ അനുമതികേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണം. ആ സര്‍വകലാശാലയിലെ ആയുര്‍വേദത്തിന്റെയും ഇതര ഗവേഷണവിഭാഗത്തിന്റെയും കര്‍ശനമായ വിശകലനത്തിനു വിധേയമാക്കാന്‍ പോരുംവണ്ണം ഏതു ഗവേഷണസ്ഥാപനവും നടത്താന്‍ ഉദ്ദേശിക്കുന്ന ഔഷധമൂലികകളുടെ ഗവേഷണപ്രോജക്ട് സമര്‍പ്പിച്ച് അനുമതി തേടിയിരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവുണ്ടാകണം.

കേരളത്തിലാകട്ടെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പീച്ചി ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട്, കേരള അഗ്രിക്കള്‍ചറല്‍ യൂണിവേഴ്സിറ്റി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്നിവയും ഔഷധ മൂലികകളില്‍ ജനിതക പരിവര്‍ത്തന പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് ഇവയുടെ വെബ്സൈറ്റുകള്‍ വ്യക്തമാക്കുന്നു. കടുക്, ബ്രഹ്മി, ആവണക്ക്, മുരിങ്ങ, അശോകം, രക്തചന്ദനം, സര്‍പ്പഗന്ധി, ഇഞ്ചി, കുരുമുളക്, മന്ദാരം, ജടാമാഞ്ചി എന്നിങ്ങനെ നിരവധി ഇനങ്ങളില്‍. തുറിന്‍ജ്യന്‍സിസ് ബാക്ടീരിയയുടെ മുതല്‍ സസ്യൌഷധികള്‍ സമൃദ്ധിയായി വളരാന്‍ സഹായിക്കുന്ന മറ്റു ചില ബാക്ടീരിയകളുടെവരെ ജീന്‍ എടുത്ത് മൂലികകളിലേക്ക് അനായാസം കടത്തി ഗവേഷണം പൂര്‍ത്തിയാക്കി ഇനി 'ഫീല്‍ഡ് ട്രയലിന്' കാത്തിരിക്കുന്നുണ്ട് ഇവയില്‍ ചില സ്ഥാപനങ്ങള്‍. ലബോറട്ടറിയില്‍മാത്രം ഒതുങ്ങുന്ന പരീക്ഷണങ്ങളേ ഉദ്ദേശിച്ചിട്ടുള്ളു എന്ന് ചില സ്ഥാപനങ്ങള്‍ തുറന്നുപറയുന്നുമുണ്ട്. ഏതായാലും തമിഴ്നാട് അഗ്രിക്കള്‍ചര്‍ യൂണിവേഴ്സിറ്റിയുടെ വഴിവിട്ട പോക്ക് ഗവേഷണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ജാഗ്രതാപൂര്‍വം വീക്ഷിക്കണം എന്ന ഒരു പാഠം നമുക്കു നല്‍കുന്നു.

ഡോ. കെ ജ്യോതിലാല്‍ ദേശാഭിമാനി 12042010

1 comment:

  1. ബിടി വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുളള ഉല്‍പ്പാദനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിച്ച് ഉത്തരവിറക്കിയത് ഇന്ത്യയാകെ ഇതിനെതിരായ പ്രതിഷേധം ശക്തമായപ്പോഴാണ്. പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുളള ജനറ്റിക്കല്‍ എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി അനുമതി നല്‍കിയ വഴുതനയ്ക്കുമേലാണ് ജനങ്ങളുടെ പ്രതിഷേധം വിജയം കണ്ടത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സില്‍, ജൈവ സാങ്കേതികവിദ്യാവകുപ്പ് എന്നവയും ബിടി വഴുതനയെ പിന്തുണച്ചു എന്ന് പരിസ്ഥിതിമന്ത്രി ജയറാംരമേശ് തുറന്നുപറഞ്ഞത് ഈ വകുപ്പുകള്‍ എത്ര ജനവിരുദ്ധമായ കാഴ്ചപ്പാടാണ് പുലര്‍ത്തുതെന്നും, മോണ്‍സാന്റോ, മഹീക്കോ എന്നീ കുത്തകക്കമ്പനികളുമായി ഇവര്‍ പുലര്‍ത്തുന്ന അവിഹിത ബന്ധം എത്ര വലുതാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു. ഇതേ കമ്മിറ്റികള്‍ അംഗീകരിച്ച ബിടി തക്കാളി, വെണ്ട, ഉരുളക്കിഴങ്ങ്, പപ്പായ, നെല്ല് എന്നിങ്ങനെ ജനങ്ങള്‍ ആഹാരവസ്തുക്കളായി ഉപയോഗിക്കുന്ന ഒട്ടനവധി ഇനങ്ങള്‍ ഗവേഷണ സ്ഥാപനങ്ങളുടെ കലവറയില്‍ തയ്യാര്‍ ചെയ്തിരിപ്പുണ്ട്.

    ReplyDelete