Wednesday, April 7, 2010

വാക്കിന്റെ പൊരുള്‍

സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായ ശേഷമുള്ള രണ്ടു പതിറ്റാണ്ടില്‍ ലോക ഭൂപടം തിരിച്ചറിയാനാവാത്തവിധമാണ് മാറിയത്. പുതിയ രാഷ്ട്രങ്ങള്‍, അധിനിവേശങ്ങള്‍, സാമ്രാജ്യത്വ യുദ്ധങ്ങളും കെടുതികളും, സാമ്പത്തികക്കുഴപ്പങ്ങള്‍... ആ തകര്‍ച്ച ലോകമെമ്പാടുമുണ്ടാക്കിയ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിവരിക്കാന്‍ വര്‍ത്തമാനകാലത്ത് ഉദാഹരണങ്ങള്‍ തേടിപ്പോകേണ്ടതില്ല.

മലയാളികളടക്കം ഇന്ത്യക്കാര്‍ നെഞ്ചേറ്റിയ, സോവിയറ്റ് യൂണിയനില്‍നിന്നു പുറത്തിറങ്ങിയ മാര്‍ക്സിസ്റ്റ് ക്ളാസിക്കുകളുടെയും സര്‍ഗസാഹിത്യകൃതികളുടെയും വരവു നിലച്ചത് പൊടുന്നനെയായിരുന്നു. 'സ്വാതന്ത്ര്യത്തിന്റെ കാറ്റും വെളിച്ചവും' കടത്തിവിടാനുള്ള പരിഷ്കരണങ്ങള്‍ക്കൊടുവില്‍ രാജ്യംതന്നെ ഇല്ലാതാവുന്നതിന്റെ മുന്നോടിയായിരുന്നു സാഹിത്യപ്രചാരണങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച വിലക്ക്. മാര്‍ക്സിനെയും ഏംഗല്‍സിനെയും ലെനിനെയും സ്റ്റാലിനെയും ദിമിത്രോവിനെയും മാത്രമല്ല, മാക്സിം ഗോര്‍ക്കിയെയും അലക്സാണ്ടര്‍ പുഷ്കിനെയും മിഖായേല്‍ ഷൊളോഖോവിനെയും പരിചയപ്പെടുത്തിയ പ്രോഗ്രസ് പബ്ളിഷേഴ്സിന്റെ പുസ്തകങ്ങള്‍ പ്രചരിപ്പിക്കേണ്ടെന്നു തീരുമാനിച്ചത് ഗോര്‍ബച്ചേവിയന്‍ പരിഷ്കരണങ്ങളുടെ ആദ്യഘട്ടം. 1990വരെ പീപ്പിള്‍സ് പബ്ളിഷിങ് ഹൌസ് ആണ് ഈ പുസ്തകങ്ങള്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ വായനക്കാരില്‍ എത്തിച്ചത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം പല രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് പാര്‍ടികള്‍ പേരു മാറ്റി പ്രവര്‍ത്തിക്കാനാരംഭിച്ചു. പേരു മാത്രം നിലനിര്‍ത്തി പല പാര്‍ടികളും വലതുപക്ഷവല്‍ക്കരണത്തെ പുല്‍കി. കേരളത്തില്‍ കെ വേണുവിനെപ്പോലുള്ളവര്‍ പാര്‍ടി പിരിച്ചുവിട്ടാണ് കമ്യൂണിസത്തിനേറ്റ തിരിച്ചടിക്ക് തന്നാലാവുംവിധം സഹായം ചെയ്തത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ ശാസ്ത്രീയമായ സിദ്ധാന്തത്തിന്റെ അജയ്യതയിലും അനിവാര്യതയിലും ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായാണ് മുന്നോട്ടുപോയത്. മാര്‍ക്സിസ്റ്റ് ക്ളാസിക്കുകളും റഷ്യയിലെയും പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലെയും സാഹിത്യകൃതികളും ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ലഭിക്കാത്ത അവസ്ഥയില്‍ സിപിഐ എം സ്വന്തമായി പുസ്തകപ്രസാധന ദൌത്യം ആരംഭിക്കുകയായിരുന്നു.

1999ല്‍ ലളിതമായി ആരംഭിച്ച ലെഫ്റ്റ് വേഡ് പ്രസാധനത്തിന്റെ ആദ്യ പതിറ്റാണ്ടു പിന്നിട്ട് ഗൌരവ വായന ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട പേരായി മാറിയിരിക്കുന്നു. പശ്ചിമബംഗാളില്‍ എന്‍ബിഎ, കേരളത്തില്‍ ചിന്ത, ആന്ധ്രപ്രദേശില്‍ പ്രജാശക്തി, തമിഴ്നാട്ടില്‍ ഭാരതി പുത്തകാലയം എന്നിങ്ങനെ സിപിഐ എം നേതൃത്വത്തിലുള്ള പ്രസാധകസംരംഭങ്ങള്‍ നേരത്തെ നിലവിലുണ്ട്. ഇവയെല്ലാം പ്രാദേശിക ഭാഷയിലാണ്. എന്‍ബിഎ അപൂര്‍വമായിട്ടെങ്കിലും ഇ എം എസ് അടക്കമുള്ള നേതാക്കളുടെ തെരഞ്ഞെടുത്ത കൃതികള്‍ ഇംഗ്ളീഷില്‍ പുറത്തിറക്കിയിരുന്നു. മാര്‍ക്സിസ്റ്റ് സാഹിത്യ പ്രചാരണം ലക്ഷ്യമിട്ട് ഇംഗ്ളീഷില്‍ വിപുലമായ പുസ്തകപ്രസാധനം സിപിഐ എം ആരംഭിച്ചത് ലെഫ്റ്റ് വേഡിലൂടെയാണ്.

1999 മാര്‍ച്ച് 15ന് 'ദി വേള്‍ഡ് ടു വിന്‍' എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനുമുമ്പ് ലെഫ്റ്റ് വേഡ് ബുക്ക് ക്ളബ് അംഗങ്ങളെ സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇക്കാലയളവില്‍ വര്‍ഷം ശരാശരി ആറു പുസ്തകമെന്ന മുറയ്ക്ക് എഴുപതിലേറെ കൃതികള്‍ പുറത്തിറക്കാന്‍ ലെഫ്റ്റ് വേഡിനു കഴിഞ്ഞെന്ന് മാനേജിങ് എഡിറ്റര്‍ സുധന്‍വ ദേശ്പാണ്ഡെ അറിയിച്ചു.

ആദ്യ പുസ്തകമായ വേള്‍ഡ് ടു വിന്‍: എസ്സേയ്സ് ഓണ്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നാലഞ്ചുതവണ പുനഃപ്രസിദ്ധീകരിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചു. ലെഫ്റ്റ് വേഡ് മാനേജിങ് ഡയറക്ടര്‍ പ്രകാശ് കാരാട്ട് എഡിറ്റ് ചെയ്ത ഈ പുസ്തകത്തില്‍ പ്രഭാത് പട്നായിക്, ഐജാസ് അഹമ്മദ്, ഇര്‍ഫാന്‍ ഹബീബ് എന്നിവരുടെ ലേഖനങ്ങളാണുള്ളത്. കാലികപ്രസക്തിയുള്ള പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ ആരംഭിച്ചതോടെ ലെഫ്റ്റ് വേഡ് ബദല്‍ പുസ്തകപ്രസാധകരില്‍ ഒഴിച്ചുകൂടാനാവാത്ത ശക്തിയായി. ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തില്‍ പുറത്തിറക്കിയ ബിജെപി-ആര്‍എസ്എസ് എന്ന എ ജി നൂറാണിയുടെ പുസ്തകം ആറായിരത്തിലേറെ കോപ്പിയാണ് വിറ്റഴിഞ്ഞത്. അദ്ദേഹത്തിന്റെതന്നെ 'ഇസ്ളാം ആന്‍ഡ് ജിഹാദ്' എന്ന പുസ്തകവും വന്‍തോതില്‍ സ്വീകരിക്കപ്പെട്ടു.

യുദ്ധം, സാമ്രാജ്യത്വം, നവലിബറലിസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സൈന്‍പോസ്റ്റ് പരമ്പരയോട് വായനക്കാര്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്. ഹിന്ദുവിന്റെ എഡിറ്റര്‍ എന്‍ റാം എഴുതിയ 'റൈഡിങ് ദി ന്യൂക്ളിയര്‍ ടൈഗര്‍' എന്ന സൈന്‍പോസ്റ്റ് പുസ്തകവും വന്‍തോതില്‍ വിറ്റഴിഞ്ഞു. ലെഫ്റ്റ് വേഡ് ക്ളാസിക് എന്ന സീരീസില്‍ ഉള്‍പ്പെട്ട പുസ്തകങ്ങള്‍ മാര്‍ക്സിസ്റ്റ് സാഹിത്യ പ്രചാരണത്തില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. മാര്‍ക്സിസ്റ്റ് പഠനങ്ങളെക്കുറിച്ച് ഐജാസ് അഹമ്മദ് എഡിറ്റ് ചെയ്ത മാര്‍ക്സ് ആന്‍ഡ് ഏംഗല്‍സ് ഓണ്‍ ദി നാഷണല്‍ ആന്‍ഡ് കൊളോണിയല്‍ ക്വസ്റ്റ്യന്‍, കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച് ഉത്സാ പട്നായിക് എഡിറ്റ് ചെയ്ത ദി അഗ്ര്രേറിയന്‍ ക്വസ്റ്റ്യന്‍ ഇന്‍ മാര്‍ക്സ് ആന്‍ഡ് ഹിസ് സക്സസേഴ്സ്, ലെനിന്റെ ഇംപീരിയലിസം ദി ഹൈയസ്റ്റ് സ്റ്റേജ് ഓഫ് ക്യാപിറ്റലിസം എന്നിവയും വായനലോകത്ത് ലെഫ്റ്റ് വേഡിന്റെ പ്രസക്തി വിളംബരംചെയ്ത പുസ്തകങ്ങളാണ്. കേരളവികസന മാതൃകയെക്കുറിച്ച് തോമസ് ഐസക്കും റിച്ചാഡ് ഫ്രാങ്കിയും ചേര്‍ന്നെഴുതിയ 'ലോക്കല്‍ ഡെമോക്രസി ആന്‍ഡ് ഡെവലപ്മെന്റ്' എന്ന പുസ്തകം ലെഫ്റ്റ് വേഡിന്റെ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. ചെ ഗുവേര, ഫിദല്‍ കാസ്ട്രോ, മാര്‍ക് ട്വെയ്ന്‍, നോം ചോംസ്കി, നവോമി ക്ളെയ്ന്‍, എലെന്‍ മെയ്ക്സിന്‍സ് വുഡ്, ജോണ്‍ ഹാരിസ്, താന്യ റെയ്ന്‍ഹാര്‍ട്, സി പി ചന്ദ്രശേഖര്‍, ജയതി ഘോഷ്, നൈനാന്‍ കോശി, പ്രബീര്‍ പുര്‍കായസ്ത, പ്രവീണ്‍ സ്വാമി എന്നിവരുടെ രചനകളും ലെഫ്റ്റ് വേഡിലൂടെ വായനക്കാരിലെത്തുന്നു.

മാനേജിങ് ഡയറക്ടര്‍ പ്രകാശ് കാരാട്ടിനെ കൂടാതെ പ്രഭാത് പട്നായിക്, ഐജാസ് അഹമ്മദ്, വി കെ രാമകൃഷ്ണന്‍, ഇന്ദിരാ ചന്ദ്രശേഖര്‍, സീതാറാം യെച്ചൂരി, എന്‍ റാം, പി ഗോവിന്ദപ്പിള്ള, വിജയ് പ്രഷാദ് എന്നിവരാണ് ലെഫ്റ്റ് വേഡിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍.

പ്രസാധക ഭീമന്മാരെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് പുസ്തകം നല്‍കാന്‍ ലെഫ്റ്റ് വേഡിന് ആവുന്നുണ്ടെന്ന് സുധന്‍വ പറഞ്ഞു. ബദല്‍ സംരംഭം എന്ന നിലയ്ക്കുള്ള വെല്ലുവിളി നേരിടാനും കഴിയുന്നു. അതിനായി ഇന്‍ഡിപെന്‍ഡന്റ് പബ്ളിഷിങ് ഡിസ്ട്രിബ്യൂഷന്‍ ആള്‍ട്ടര്‍നേറ്റീവ് (ഐപിഡിഎ) എന്ന പേരില്‍ പ്രസാധകരുടെ കൂട്ടായ്മയ്ക്ക് ലെഫ്റ്റ് വേഡ് നേതൃത്വം നല്‍കുന്നു. തൂലിക (ചെന്നൈ), തൂലിക (ഡല്‍ഹി), ത്രീ എസ്സേയ്സ്, നവായന, സന്‍സ്കൃതി, സ്ത്രീ/സാമ്യ എന്നീ പ്രസാധകരുമായി സഹകരിച്ചാണ് ആ കൂട്ടായ്മ. വിപണനത്തിന് സഹകരിക്കാനുള്ള പൊതുവേദിയാണ് ഐപിഡിഎ. വായനക്കാരുടെ ആവശ്യത്തിനനുസരിച്ച് പുസ്തകം നല്‍കുന്ന പബ്ളിഷിങ് ഓണ്‍ ഡിമാന്‍ഡ് എന്ന സ്കീമും ജനപ്രിയമായി വരികയാണ്. ബുക്ക് ക്ളബ് അംഗങ്ങളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

പ്രസാധനത്തിനൊപ്പം സാംസ്കാരിക ഇടപെടലുകള്‍ക്കും ലെഫ്റ്റ് വേഡ് തുടക്കമിട്ടിട്ടുണ്ട്. മാസങ്ങള്‍മുമ്പ് ജാമിയ മിലിയ ഇസ്ളാമിയയില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ യങ്സ് കോളേഴ്സ് സെമിനാറിലെ വര്‍ധിച്ച പങ്കാളിത്തം ആവേശകരമായിരുന്നു. സെമിനാറിന്റെ ഭാഗമായി 'സമ്പന്നരാഷ്ട്രം, ദരിദ്ര ജനത' എന്ന വിഷയത്തില്‍ നടത്തിയ ലേഖനരചനാ മത്സരത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.

ലെഫ്റ്റ് വേഡിന്റെ വെബ് സൈറ്റ്

ദേശാഭിമാനി വാരാന്തപ്പതിപ്പ് 04042010

1 comment:

  1. സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായ ശേഷമുള്ള രണ്ടു പതിറ്റാണ്ടില്‍ ലോക ഭൂപടം തിരിച്ചറിയാനാവാത്തവിധമാണ് മാറിയത്. പുതിയ രാഷ്ട്രങ്ങള്‍, അധിനിവേശങ്ങള്‍, സാമ്രാജ്യത്വ യുദ്ധങ്ങളും കെടുതികളും, സാമ്പത്തികക്കുഴപ്പങ്ങള്‍... ആ തകര്‍ച്ച ലോകമെമ്പാടുമുണ്ടാക്കിയ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിവരിക്കാന്‍ വര്‍ത്തമാനകാലത്ത് ഉദാഹരണങ്ങള്‍ തേടിപ്പോകേണ്ടതില്ല.

    ReplyDelete