Tuesday, April 13, 2010

മാധ്യമങ്ങള്‍ ഉപജാപത്തിലേക്കോ?

തങ്ങള്‍ നിഷ്പക്ഷരാണെന്ന ചെറിയ നാട്യംപോലും മുഖ്യധാരാ മാധ്യമങ്ങള്‍ കയ്യൊഴിഞ്ഞിരിക്കുന്നു. സുന്ദരവേഷധാരിണിയായി രൂപംമാറിവന്ന് മുലക്കണ്ണുകളില്‍ വിഷംപുരട്ടി പാല്‍ചുരത്തിയ പൂതനയെന്ന രാക്ഷസി ആയുസറ്റുപോകുമ്പോള്‍ വികൃതരൂപിണിയായി മാറിയ കഥപോലെ മുഖ്യധാരാ മാധ്യമങ്ങള്‍ മിക്കതും കരിവേഷംപൂണ്ട് ഭയാനകരൂപിണിയായിക്കൊണ്ടിരിക്കുന്നു. അവര്‍ അവകാശപ്പെടുന്ന മാധ്യമധര്‍മവും കുലീനതയും എവിടെയോ പോയി ഒളിച്ചു. തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഇടതുപക്ഷത്തിനെതിരെ ഉപജാപങ്ങള്‍ സംഘടിപ്പിക്കാന്‍ ഉടമകള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങുന്നതിനാണ് മലയാളക്കര സാക്ഷ്യംവഹിക്കുന്നത്.

നിഷ്പക്ഷത കയ്യൊഴിഞ്ഞവര്‍ പക്ഷംപിടിക്കുന്നതാണ് തുടര്‍ന്നുകണ്ടതെങ്കില്‍ അത് ഉപജാപങ്ങള്‍വരെയെത്തിയെന്നതിന്റെ ഒന്നാംതരം തെളിവാണ്, ജയില്‍നിറയ്ക്കല്‍ സമരം സംബന്ധിച്ച് മാധ്യമങ്ങളില്‍ ഒരേസമയം പ്രത്യക്ഷമായ കള്ളക്കഥകള്‍. വിലക്കയറ്റത്തിനെതിരായി മാര്‍ച്ച് 12ന് ദല്‍ഹിയില്‍ നടന്ന റാലിയിലാണ് ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം പ്രഖ്യാപിക്കപ്പെട്ടത്. വ്യത്യസ്തമായ സാഹചര്യങ്ങളുള്ള വിവിധ സംസ്ഥാനങ്ങളിലെ ഘടകങ്ങള്‍ അതിന്റെ സമരരൂപം നിശ്ചയിച്ചു. പശ്ചിമബംഗാളില്‍ അത് പിക്കറ്റിംഗായി സംഘടിപ്പിക്കുമെന്ന് സംസ്ഥാന പാര്‍ടി സെക്രട്ടറി ബിമന്‍ബാസു പ്രസ്താവിച്ചു. അത് കേന്ദ്ര നേതൃത്വത്തെ അട്ടിമറിക്കുന്നതായി ചാനല്‍ ഫ്ളാഷുകള്‍ വന്നു. പുറകെ അച്ചടി മാധ്യമങ്ങളില്‍ തുടര്‍ പ്രചാരണവും. പാര്‍ടി കേന്ദ്രങ്ങളിലെവിടെയെങ്കിലും തിരക്കാനോ ആശയവ്യക്തത വരുത്താനോ തെല്ലും ശ്രമിക്കാതെ 'ജയില്‍ നിറയ്ക്കല്‍' ഇല്ല എന്ന നിലയില്‍ വാര്‍ത്തകളായി. ഇതുവഴി സമരത്തിനാധാരമായ വിലക്കയറ്റ പ്രശ്നത്തെ ജനശ്രദ്ധയില്‍നിന്ന് മറയ്ക്കാനാണ് മാധ്യമങ്ങള്‍ കഷ്ടപ്പെട്ടത്. മാതൃഭൂമിയിലെ ഒരു കാര്‍ട്ടൂണ്‍ കൂടിയായപ്പോള്‍ സംഗതി ജോറായി. ഭീമന്‍ (ബിമന്‍)ബസു ഒരു ഗദകൊണ്ട് കാരാട്ടിനെ അടിച്ചു താഴെയിടുന്നു. ഈ കാര്‍ട്ടൂണ്‍ കാണുന്ന സാധാരണ വായനക്കാരന്‍ എന്താണ് മനസ്സിലാക്കേണ്ടത്. ഇത്തരമൊരു കാര്‍ട്ടൂണിന് ആധാരമായ എന്തെങ്കിലും യഥാര്‍ത്ഥത്തില്‍ നിലവിലുള്ളതാണോ?

സമരം അടുത്തുവന്നപ്പോള്‍ മറ്റൊരു കോളുകൂടി. പിണറായി വിജയന്‍ വിദേശത്തുപോകുന്നുവത്രേ. ഇവിടെ സമരം നടക്കുമ്പോള്‍ നേതാവില്ലാത്ത സ്ഥിതി വരുന്നതോര്‍ത്ത് മാധ്യമ മനസ്സ് തേങ്ങി. പിണറായി മറ്റ് പാര്‍ടി നേതാക്കള്‍ക്കൊപ്പം പാര്‍ടി നിശ്ചയിച്ചപ്രകാരം പര്യടനത്തിലാണ്. അത് പാര്‍ടി പരിപാടിയുടെ ഭാഗമാണ്. വിദേശ മലയാളികള്‍ക്കിടയില്‍ പാര്‍ടിയുടെ സന്ദേശം എത്തിക്കാനാണ് ഈ പര്യടനം. പരസ്യമായ പാര്‍ടി പരിപാടികളും പൊതുസമ്മേളനങ്ങളുമാണ് അവിടെ നടക്കുന്നത്. കേരള സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രവാസികളുടെ പ്രശ്നങ്ങളും കേന്ദ്ര സമീപനങ്ങളും അവിടെ ചര്‍ച്ചചെയ്യപ്പെടുന്നു. അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നു. ഏതൊരു രാഷ്ട്രീയ പ്രവര്‍ത്തകനും ചെയ്യേണ്ടതായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഒരു പര്യടനം പാര്‍ടി സംഘടിപ്പിക്കുമ്പോള്‍ അതിനെപ്പറ്റി തുടര്‍ച്ചയായി കള്ളക്കഥകള്‍ മിനയുന്നതില്‍ എന്തു മര്യാദയാണുള്ളത്. എകെജിയുടെ ജീവിതകഥയില്‍ എത്രയോ വിദേശ മലയാളികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പര്യടനങ്ങള്‍ സംഘടിപ്പിച്ചത് വിവരിച്ചിരിക്കുന്നു. അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടി നേതാക്കള്‍ മുതല്‍ നടത്തിവരുന്ന രാഷ്ട്രീയ പര്യടനങ്ങളെ അപഹസിക്കുന്നതിന്റെ ഒടുവിലത്തെ തെളിവായി മാതൃഭൂമി ഏപ്രില്‍ 8ന് പ്രസിദ്ധീകരിച്ച വികൃതമായ മറ്റൊരു കാര്‍ട്ടൂണ്‍. "കീശയില്‍ നിറയ്ക്കല്‍ സമരം'' എന്നാണ് പിണറായിയുടെ യാത്രയുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍. അംബാനിമാര്‍ക്ക് അരുതാത്തത് ചെയ്തുകൊടുത്ത് കീശനിറയ്ക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ ചെറുക്കാന്‍ പോരാടുന്ന ഒരു പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും അപമാനിക്കാന്‍ തക്കവിധം എന്ത് വസ്തുതയാണ് അവര്‍ക്ക് ചൂണ്ടിക്കാണിക്കാനാകുന്നത്?

'പൊതുസമ്മതിയുടെ നിര്‍മിതി' എന്നപേരില്‍ ഡോ. തോമസ് ഐസക് രചിച്ച പുസ്തകം പുറത്തുവന്നതോടെ ചിലര്‍ക്ക് കൊള്ളേണ്ടിടത്തു കൊണ്ടു. മലയാളം വാരിക എത്ര അസഹിഷ്ണുതയോടെയാണ് പുതിയ ലക്കത്തില്‍ അതിനെ ചോദ്യംചെയ്യുന്നത്. ലേഖകര്‍ എഴുതിക്കൊടുത്തത് പോരാഞ്ഞ് പത്രാധിപര്‍തന്നെ മുഖപ്രസംഗത്തിലൂടെ 'വിഷമം' കരഞ്ഞുതീര്‍ക്കുകയാണ്. ആ ഗ്രന്ഥത്തില്‍ വിവരിക്കുന്നവിധം ഇടതുപക്ഷത്തെ അപമാനിക്കാന്‍ പതിറ്റാണ്ടുകളായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടപ്പെടുക മാത്രമല്ല, ഉപജാപകര്‍ പലരും ഭ്രാന്തമായ അവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നു. ഇനിയും തുറന്നുപറഞ്ഞില്ലെങ്കില്‍ ഭ്രാന്തായി മാറുമെന്ന് കുമ്പസാരം കെ എം ഷാജഹാന്‍ നടത്തുമ്പോള്‍ അതിന്റെ സൂചനകളാണ് വെളിപ്പെടുന്നത്. സിപിഐ എമ്മിനെതിരെ അഭിശപ്ത ഉപജാപക രാഷ്ട്രീയത്തിന്റെ ഇന്നലെകള്‍ തുറന്നുകാട്ടപ്പെട്ടപ്പോള്‍ ഉപജാപങ്ങളുടെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നവരെകാലം ഒറ്റപ്പെടുത്തുകതന്നെ ചെയ്യും.


അഡ്വ. കെ അനില്‍കുമാര്‍ chintha weekly 160410

1 comment:

  1. തങ്ങള്‍ നിഷ്പക്ഷരാണെന്ന ചെറിയ നാട്യംപോലും മുഖ്യധാരാ മാധ്യമങ്ങള്‍ കയ്യൊഴിഞ്ഞിരിക്കുന്നു. സുന്ദരവേഷധാരിണിയായി രൂപംമാറിവന്ന് മുലക്കണ്ണുകളില്‍ വിഷംപുരട്ടി പാല്‍ചുരത്തിയ പൂതനയെന്ന രാക്ഷസി ആയുസറ്റുപോകുമ്പോള്‍ വികൃതരൂപിണിയായി മാറിയ കഥപോലെ മുഖ്യധാരാ മാധ്യമങ്ങള്‍ മിക്കതും കരിവേഷംപൂണ്ട് ഭയാനകരൂപിണിയായിക്കൊണ്ടിരിക്കുന്നു. അവര്‍ അവകാശപ്പെടുന്ന മാധ്യമധര്‍മവും കുലീനതയും എവിടെയോ പോയി ഒളിച്ചു. തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഇടതുപക്ഷത്തിനെതിരെ ഉപജാപങ്ങള്‍ സംഘടിപ്പിക്കാന്‍ ഉടമകള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങുന്നതിനാണ് മലയാളക്കര സാക്ഷ്യംവഹിക്കുന്നത്.

    ReplyDelete