പണത്തിനു മീതെ ഐ.പി.എല്‍ പന്ത് പറക്കില്ല
ചൂതാട്ടം, നിശാവിരുന്നുകള്‍ പിന്നെ ക്രിക്കറ്റും
VII
ബിര്‍ല, ഡാല്‍മിയ തുടങ്ങിയ പേരുകേട്ട മാര്‍വാഡി വ്യവസായികളുടെ തട്ടകമാണ് രാജസ്ഥാനിലെ ഷെഖാവതി മേഖല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) എന്ന ക്രിക്കറ്റ് ചൂതാട്ടം ആവിഷ്കരിക്കുകയും വിജയിപ്പിക്കുകയുംചെയ്ത ലളിത് മോഡിയും ഷെഖാവതിയുടെ സന്തതിതന്നെ. ഐപിഎല്ലിനുമുമ്പേ മോഡി കേരളത്തിനു പരിചിതനാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തഴച്ചുവളര്‍ന്ന ഓണ്‍ലൈന്‍ ലോട്ടറിയുടെ ഉടമകളിലൊരാള്‍. 2002 ലാണ് ലോട്ടറിയുമായി മോഡി കേരളത്തിലെത്തുന്നത്. ഇവിടം കുത്തകയാക്കിയ പ്ളേവിന്നിനെതിരെ സിക്സോ എന്ന ബ്രാന്‍ഡുമായാണ് മോഡിയുടെ രംഗപ്രവേശം. പ്ളേവിന്‍ സ്റ്റേ വാങ്ങിയെങ്കിലും ഒരു വര്‍ഷത്തിനകം അത് നീക്കി സണ്‍ഷൈന്‍ എന്ന ലോട്ടറിയുമായി മോഡി വീണ്ടും സജീവമായി. സമ്മര്‍ദങ്ങളെത്തുടര്‍ന്ന് ചൂതാട്ടവിരുദ്ധ നിയമത്തിന്‍കീഴില്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചതോടെ മോഡി പിന്‍വാങ്ങി. സണ്‍ഷൈന്‍ ലോട്ടറിയുടെ ശാഖ തുടങ്ങാന്‍ നൂറുകണക്കിനാളുകളില്‍നിന്ന് അഞ്ചുലക്ഷം രൂപ വീതം നിക്ഷേപം വാങ്ങിയത് മടക്കിനല്‍കാതെയാണ് മുങ്ങിയത്.
വ്യവസായസമൂഹത്തില്‍ 'രാശി'യില്ലാത്തവനെന്ന ദുഷ്പേര് മോഡിക്കുണ്ട്. ഐപിഎല്‍ കച്ചവടത്തിലൂടെ ഇത് മാറ്റിവരികയായിരുന്നു. എന്നാല്‍, മോഡിതന്നെ സ്വന്തം കുഴിതോണ്ടി. കേന്ദ്രസര്‍ക്കാരിലെ ചില ഉന്നതര്‍ക്കുവേണ്ടി ശശി തരൂരിന്റെ രഹസ്യ ഇടപാടുകളും സുനന്ദയുമായുള്ള ബന്ധവും പരസ്യപ്പെടുത്തിയപ്പോള്‍ സംരക്ഷണം ലഭിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. എന്നാല്‍, സര്‍ക്കാരിന് നാണക്കേട് വരുത്തിയ ഐപിഎല്‍ മേധാവിക്കെതിരെ കോണ്‍ഗ്രസ് തിരിഞ്ഞതോടെ കണക്കുകൂട്ടല്‍ പിഴച്ചു. ബിജെപിയും പവാറുമൊന്നും രക്ഷയ്ക്കെത്തിയതുമില്ല.
ഷെഖാവതിയില്‍നിന്നുള്ള ഗുജര്‍ലാല്‍ മോഡി പടുത്തുയര്‍ത്തിയ മോഡി എന്റര്‍പ്രൈസസിന്റെ മൂന്നാംതലമുറ കണ്ണിയാണ് ലളിത് മോഡിയെന്ന നാല്‍പ്പത്താറുകാരന്‍. മോഡി എന്റര്‍പ്രൈസസിനെ വലിയ ബിസിനസ് സാമ്രാജ്യമാക്കി മാറ്റിയത് ലളിതിന്റെ അച്ഛന്‍ കെ കെ മോഡിയാണ്. അമ്മ ബിന മോഡിയും സംരംഭകയാണ്. അമേരിക്കയില്‍നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടിയശേഷം സംരംഭകരംഗത്ത് പരീക്ഷണങ്ങള്‍ മനസ്സില്‍ കണ്ടാണ് മോഡി ഇന്ത്യയിലെത്തിയത്. 1994ല്‍ സ്പോര്‍ട്സ് ചാനലായ ഇഎസ്പിഎന്നിന്റെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശം അഞ്ചുവര്‍ഷത്തേക്ക് മോഡി പിടിച്ചു. സാമ്പത്തിക പ്രശ്നത്തില്‍ ഇഎസ്പിഎന്നുമായി തെറ്റി കോടതിയിലെത്തി. അഞ്ചുവര്‍ഷത്തെ കരാര്‍ കഴിഞ്ഞപ്പോള്‍ ഇഎസ്പിഎന്‍ മോഡിയോട് സലാം പറഞ്ഞു. പിന്നീട്, മോഡി എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്വര്‍ക്ക് (എംഇഎന്‍) എന്ന സ്വന്തം ടിവി കമ്പനി തുടങ്ങി അമേരിക്കയിലെ വാള്‍ട്ട്ഡിസ്നി ഗ്രൂപ്പിന്റെ പരിപാടികളുടെ ഇന്ത്യയിലെ വിപണനാവകാശം നേടി. ഡിസ്നി ഗ്രൂപ്പ് ഇന്ത്യയില്‍ നേരിട്ട് ശാഖ തുടങ്ങുന്നതിന് സര്‍ക്കാരിനെ സമീപിച്ചതോടെ അവരുമായി തെറ്റി. തുടര്‍ന്ന് ഫാഷന്‍ടിവിയെയാണ് മോഡി സമീപിച്ചത്. അവരുമായും കേസുകളുണ്ടായെങ്കിലും എല്ലാം കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നു. ഇപ്പോഴും എഫ്ടിവി ഇന്ത്യയുടെ നിയന്ത്രണം മോഡിക്കാണ്.
രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുമായുള്ള അടുപ്പത്തിലൂടെയാണ് മോഡി ബിസിസിഐയുടെ അകത്തളങ്ങളിലെത്തിയത്. ക്രിക്കറ്റിലെ ഔദ്യോഗികകേന്ദ്രങ്ങളെ വെല്ലുവിളിച്ച് കപില്‍ദേവും സീ സ്പോര്‍ട്സും തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിനെ വീഴ്ത്താന്‍ മോഡി ഐപിഎല്ലുമായി എത്തിയത് ബിസിസിഐയിലെ ഉന്നതരുടെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു. ക്രിക്കറ്റിലെ പണമൊഴുക്ക് സാധ്യത കണ്ട മോഡി തന്ത്രപൂര്‍വം ഐപിഎല്ലിന്റെ നിയന്ത്രണം ഏറ്റെടുത്തു. മൂന്ന് ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയായപ്പോള്‍ മോഡി കെട്ടിപ്പടുത്തത് കോടികളുടെ സാമ്രാജ്യമാണ്. തരൂര്‍വിവാദത്തില്‍ തട്ടി പുറത്തുപോകുമ്പോള്‍ മോഡിക്ക് തേടാന്‍ പുതിയ മേച്ചില്‍പുറങ്ങളുണ്ടാകും. ഐപിഎല്ലിന്റെ പല ഉള്ളുകള്ളികളും അടുത്തറിയുന്നതുകൊണ്ട് മോഡിയെ വേട്ടയാടാനുള്ള ധൈര്യം കേന്ദ്രത്തിനുണ്ടാകില്ല. പലതും വിളിച്ചുപറയുമെന്ന മോഡിയുടെ മുന്നറിയിപ്പ് കേന്ദ്രത്തിനുള്ള താക്കീതാണ്. മോഡി തെറിച്ചെങ്കിലും ഐപിഎല്‍ കച്ചവടത്തില്‍ മാറ്റത്തിന് സാധ്യതയില്ല. അടുത്ത സീസണിലും കോടികള്‍ ഒഴുകും. മോഡിമാര്‍ മാറിമാറി വരും. ചൂതാട്ടത്തിന് എരിവും പുളിയും പകരാന്‍ പുതിയ തരൂരുമാരും സുനന്ദമാരുമുണ്ടാകും.
ദേശാഭിമാനി ഡല്‍ഹി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം പ്രശാന്ത് തയ്യാറാക്കിയ പരമ്പരയിലെ അവസാന ഭാഗം.
തരൂര്‍വിവാദത്തില്‍ തട്ടി പുറത്തുപോകുമ്പോള്‍ മോഡിക്ക് തേടാന്‍ പുതിയ മേച്ചില്‍പുറങ്ങളുണ്ടാകും. ഐപിഎല്ലിന്റെ പല ഉള്ളുകള്ളികളും അടുത്തറിയുന്നതുകൊണ്ട് മോഡിയെ വേട്ടയാടാനുള്ള ധൈര്യം കേന്ദ്രത്തിനുണ്ടാകില്ല. പലതും വിളിച്ചുപറയുമെന്ന മോഡിയുടെ മുന്നറിയിപ്പ് കേന്ദ്രത്തിനുള്ള താക്കീതാണ്. മോഡി തെറിച്ചെങ്കിലും ഐപിഎല്‍ കച്ചവടത്തില്‍ മാറ്റത്തിന് സാധ്യതയില്ല. അടുത്ത സീസണിലും കോടികള്‍ ഒഴുകും. മോഡിമാര്‍ മാറിമാറി വരും. ചൂതാട്ടത്തിന് എരിവും പുളിയും പകരാന്‍ പുതിയ തരൂരുമാരും സുനന്ദമാരുമുണ്ടാകും.
ReplyDelete