Thursday, April 15, 2010

വിദ്യാഭ്യാസ അവകാശനിയമം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ഈ ഏപ്രില്‍ ഒന്നു മുതല്‍ വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞവര്‍ഷമാണ് പാര്‍ലമെന്റ് അത് പാസാക്കിയത്. ആറുമുതല്‍ 14 വരെ വയസ്സ് പ്രായമുള്ള ഇന്ത്യയിലെ സകല കുട്ടികള്‍ക്കും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നിയമം ഉറപ്പു നല്‍കുന്നു. ഇന്ത്യയിലാകെ 17-18 കോടി കുട്ടികള്‍ ഈ പ്രായപരിധിയിലുണ്ട്. അവരില്‍ കോടിക്കണക്കിനു പേര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളല്ല. വീടിനടുത്തൊന്നും വിദ്യാലയം ഇല്ല, അവയില്‍ ചേരാനുള്ള സാമ്പത്തികശേഷിയില്ല, കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കണമെന്ന ബോധമോ അതിനുള്ള സാമ്പത്തികശേഷിയോ അവരുടെ രക്ഷിതാക്കള്‍ക്കില്ല എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍.

ഇവ തരണം ചെയ്യുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നാണ് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ പൊരുള്‍. സര്‍ക്കാര്‍ എന്നു പറഞ്ഞാല്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍. അവ തമ്മില്‍ ഇതിനുവേണ്ടിവരുന്ന അധികച്ചെലവിന്റെ ബാധ്യത എങ്ങനെ പങ്ക് വെയ്ക്കും എന്ന കാര്യത്തില്‍ ഇനിയും അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല എന്നാണ് മാധ്യമ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 34,000 കോടി രൂപ വീതം ചെലവഴിക്കണം എന്നാണ് ഒരു കണക്ക് (കൂടുതല്‍ വേണ്ടിവരുമെന്ന കണക്കുമുണ്ട്). കേന്ദ്രവും സംസ്ഥാനങ്ങളും 55:45 എന്ന തോതില്‍ ചെലവ് നിര്‍വഹിക്കണം. അതനുസരിച്ച് കേന്ദ്രം 18700 കോടി രൂപയും സംസ്ഥാനങ്ങള്‍ 15300 കോടി രൂപയും ചെലവഴിക്കണം. കേന്ദ്രം ഈ വര്‍ഷത്തെ ബജറ്റില്‍ 15000 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ 12000 കോടി രൂപ നീക്കിവെക്കണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. അതിനുതന്നെ പല സംസ്ഥാനങ്ങളും സാമ്പത്തിക പ്രയാസംമൂലം സന്നദ്ധരല്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഇത്രയും തുക നീക്കിവെച്ചാല്‍പോലും 7000 കോടി രൂപ കൂടി ഉണ്ടായാല്‍ മാത്രമേ 34,000 കോടി തികയൂ. അത് എങ്ങനെ കണ്ടെത്തും എന്ന് ഇപ്പോള്‍ വ്യക്തമല്ല. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിനു കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ വിഭാവനം ചെയ്യുന്നതിന്റെ ഏതാണ്ട് ഇരട്ടി തുക വേണമെന്നാണ് പൊതുവിലുള്ള മതിപ്പ്. സാമ്പത്തികം പ്രശ്നമാണെന്ന് ചുരുക്കം.

ഈ നിയമം നടപ്പാക്കുന്നത് നാളത്തെ തലമുറയുടെ മൊത്തം ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്താനാണ്. പാര്‍ശ്വവല്‍കൃതര്‍, പിന്നോക്കക്കാര്‍, പരമദരിദ്രര്‍ എന്നിങ്ങനെ സമൂഹത്തിന്റെ പുറംതട്ടില്‍ ഒരു വിഭാഗം ജനങ്ങള്‍ കഴിയേണ്ടി വരുന്ന സ്ഥിതി ഇല്ലാതാക്കുന്നതിനു ആദ്യമായി വേണ്ടത് അവരെ അഭ്യസ്തവിദ്യരാക്കുകയാണ്. അതിനുള്ള പ്രാഥമിക നടപടിയാണ് സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം. ഇത് 50 വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കുമെന്നായിരുന്നു ഭരണഘടന തയ്യാറാക്കിയപ്പോഴത്തെ പ്രതീക്ഷ. ഇന്ത്യ ജനാധിപത്യപരവും മതനിരപേക്ഷവും സോഷ്യലിസ്റ്റുമായ പരമാധികാര രാഷ്ട്രമാകുന്നതിനുള്ള ഒരു പ്രധാന മുന്നുപാധിയാണിത്.

ഇതേവരെ സ്കൂളില്‍ ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് അവരുടെ വീട്ടിന്നരികില്‍ വിദ്യാലയവും അതില്‍ ആവശ്യത്തിനു പരിശീലനം സിദ്ധിച്ച അധ്യാപകരെയും എങ്ങനെ ലഭ്യമാക്കാം. ഇതാണ് വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കി ചര്‍ച്ച ചെയ്യേണ്ട വിഷയം. അതിനു സ്കൂളുകള്‍ തീരെ ഇല്ലാത്ത പ്രദേശങ്ങള്‍ കണ്ടെത്തണം. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടങ്ങളിലാകെ സ്കൂളുകള്‍ നിലവില്‍ വരണം. അഞ്ചു ക്ളാസുകാര്‍ക്കായി രണ്ട് അധ്യാപകര്‍ മാത്രം നിയോഗിക്കപ്പെടുന്ന മള്‍ട്ടി ഗ്രേഡ് സ്കൂളുകളല്ല. ഓരോ ക്ളാസിനും ഓരോ അധ്യാപകരുള്ള പൂര്‍ണ സ്കൂളുകള്‍. അവയില്‍ കലകള്‍ക്കും കായിക വിദ്യാഭ്യാസത്തിനും വേറെ അധ്യാപകര്‍ വേണം. വേണ്ടത്ര പരിശീലിത അധ്യാപകര്‍ എല്ലായിടത്തും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തണം.

ഇതേവരെ സ്കൂള്‍ പ്രവേശനം സിദ്ധിക്കാത്ത കുട്ടികള്‍ക്ക് അത് ലഭ്യമാക്കാന്‍ ഒരു മാര്‍ഗം. അവരുടെ പ്രദേശത്ത് പുതിയ സ്കൂളുകള്‍ സ്ഥാപിക്കലാണ്. രണ്ടാമതൊരു മാര്‍ഗം. സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളില്‍ പരമാവധി കുട്ടികളെ പ്രവേശിപ്പിക്കലാണ്. അതോടൊപ്പം അണ്‍ എയ്ഡഡ് സ്കൂളുകളില്‍ 25 ശതമാനം സീറ്റ് അവയുടെ പരിസരത്ത് താമസിക്കുന്ന പട്ടികവര്‍ഗ - പട്ടികജാതി - അവശ വിദ്യാര്‍ഥികള്‍ക്കായി നീക്കിവെക്കലാണ്. അതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. വിദ്യാര്‍ഥികളില്‍നിന്ന് അണ്‍ എയ്ഡഡ് സ്കൂള്‍ ഈടാക്കുന്ന ഫീസ് അവര്‍ക്കായി കൊടുക്കുകയല്ല സര്‍ക്കാര്‍ ചെയ്യുക. ആ സംസ്ഥാനത്ത് സര്‍ക്കാര്‍ സ്കൂളില്‍ അതേ ക്ളാസിലെ ഒരു കുട്ടിക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കാനായി സര്‍ക്കാര്‍ എന്തു ചെലവഴിക്കുന്നോ അത്രയും തുക കൊടുക്കുകയാണ്.

എന്നാല്‍, അണ്‍ എയ്ഡഡ് സ്കൂളുകളെക്കുറിച്ച് (അവയില്‍ ന്യൂനപക്ഷങ്ങള്‍ നടത്തുന്നതും പെടും) നടക്കുന്ന ചര്‍ച്ച ഇതല്ല. ഒന്ന്, ആ സ്കൂളുകളുടെ നടത്തിപ്പില്‍ രക്ഷിതാക്കളുടെയും പ്രാദേശിക സര്‍ക്കാരിന്റെയും പ്രതിനിധികള്‍ക്ക് പങ്കാളിത്തം നല്‍കണമെന്ന നിയമത്തിലെ വ്യവസ്ഥ വിവാദമാക്കപ്പെട്ടിരിക്കുന്നു. സ്കൂള്‍ ഒരു കച്ചവട സ്ഥലമല്ല. നാളത്തെ പൌരരെ വാര്‍ത്തെടുക്കുന്നതില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്ന സ്ഥാപനമാണ്. അതിന്റെ നടത്തിപ്പില്‍ ആ പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും കുട്ടികളുടെ രക്ഷിതാക്കള്‍ക്കും പ്രാതിനിധ്യം നല്‍കണം എന്ന വ്യവസ്ഥയില്‍ എന്താണ് പ്രശ്നം? ജനാധിപത്യഭരണം ഉള്ള രാജ്യങ്ങളിലെല്ലാം നടപ്പിലുള്ള വ്യവസ്ഥയാണത്.

സര്‍ക്കാര്‍ (കേന്ദ്രമോ സംസ്ഥാനമോ ആകാം) നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ അനുസരിച്ച് നടത്തപ്പെടുന്ന വിദ്യാലയങ്ങളാണ് അവ. ഏത് സ്വകാര്യ സംരംഭവും - അത് കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളില്‍ ഏതില്‍ പ്രവര്‍ത്തിക്കുന്നതായാലും കൊള്ളാം - സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ അനുസരിച്ചേ നടത്താന്‍ കഴിയൂ. അതിന്റെ പ്രവര്‍ത്തനം സുതാര്യമായിരിക്കണം. എങ്കില്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കുട്ടികളെ അവയില്‍ പ്രവേശിപ്പിക്കില്ല, അവയുടെ നടത്തിപ്പില്‍ രക്ഷിതാക്കളുടെയും പ്രാദേശിക സര്‍ക്കാരിന്റെയും പ്രതിനിധികളെ പങ്കാളികളാക്കില്ല എന്നൊക്കെ അണ്‍ എയ്ഡഡ് സ്കൂളുകള്‍ നിര്‍ബന്ധം പിടിക്കുന്നതിലെ യുക്തി എന്താണ്? ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറില്ലാത്തവര്‍ എന്തിനു വിദ്യാലയം നടത്തണം?

സ്കൂളുകളില്‍ ഏറ്റവുമധികം അവകാശം ഉണ്ടാകേണ്ടത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ്. അവരുടെ ജീവിതമാണ് അവയില്‍ പന്താടപ്പെടുന്നത്. അവരുടെ മൌലികാവകാശങ്ങളേക്കാള്‍ പ്രധാനമാണ് സ്കൂള്‍ നടത്തുന്ന വ്യക്തിയുടെയോ സമിതിയുടെയോ സമുദായത്തിന്റെയോ അവകാശം എന്ന രീതിയിലുള്ള വാദം ഉന്നയിക്കപ്പെടുന്നു. അറിവ് നേടാനുള്ള അവകാശത്തേക്കാള്‍ പ്രധാനമാണോ തൊഴില്‍ ചെയ്യാനുള്ള അവകാശമെന്ന പേരില്‍ സ്കൂള്‍ ഉടമക്കുള്ള അവകാശം? ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായാണ് വിദ്യാലയം നടത്താനുള്ള അവകാശം ഒരു മൌലികാവകാശമായി വ്യാഖ്യാനിക്കപ്പെട്ടത്. ഒരു വ്യക്തിയുടെ (ഒരു കൂട്ടം വ്യക്തികളുടെ) മൌലികാവകാശം കുട്ടികളുടെ നിരവധി തലമുറകളുടെ വിദ്യാഭ്യാസത്തിനുള്ള മൌലികാവകാശത്തേക്കാള്‍ പ്രധാനമാണോ? വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രശ്നമാണിത്.

അതുപോലെ തന്നെ തട്ടിച്ചു നോക്കേണ്ടതാണ് ന്യൂനപക്ഷാവകാശവും കുട്ടികളുടെ വിദ്യാഭ്യാസാവകാശവും. ന്യൂനപക്ഷാവകാശം മൌലികാവകാശമല്ല. ഭൂരിപക്ഷ മത - ഭാഷാ വിഭാഗങ്ങളില്‍പെട്ടവര്‍ക്കുള്ള അവകാശങ്ങള്‍ ന്യൂനപക്ഷവിഭാഗങ്ങളില്‍പെടുന്നവര്‍ക്കും ഉറപ്പു നല്‍കുന്നതാണ് ന്യൂനപക്ഷാവകാശം. അത് മറ്റുള്ളവര്‍ക്കില്ലാത്ത അവകാശങ്ങളൊന്നും ഉറപ്പു നല്‍കുന്നില്ല. മറ്റുള്ളവര്‍ക്കുള്ളത് ഇവര്‍ക്കും ഉറപ്പു നല്‍കുന്നതേയുള്ളു. അങ്ങനെയുള്ള ഒരു അവകാശത്തിനും കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള മൌലികാവകാശത്തെ എങ്ങനെ വരിഞ്ഞു മുറുക്കാനാകും? ചിന്തിക്കേണ്ട കാര്യമാണത്.

ഭരണഘടനയില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ നടത്താന്‍ അവകാശം നല്‍കിയിട്ടുള്ളത് അതത് വിഭാഗത്തിലെ കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ അവസരം ലഭിക്കാനാണ്. എന്നാല്‍, മിക്ക ന്യൂനപക്ഷ വിദ്യാലയങ്ങളും അന്യവിഭാഗങ്ങളില്‍പെട്ടവരെ കൂടി പ്രവേശിപ്പിക്കുന്നുണ്ട്. കേരളത്തിലെ വിദ്യാലയങ്ങളില്‍ ന്യൂനപക്ഷങ്ങളുടേതാണ് എണ്ണത്തില്‍ കൂടുതല്‍. ഈ സ്ഥിതിയില്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഉദാത്ത ആശയമായ ന്യൂനപക്ഷാവകാശം എങ്ങനെ ഇവര്‍ക്ക് അവകാശപ്പെടാനാകും എന്നത് ധാര്‍മികവും നൈതികവുമായ പ്രശ്നം കൂടിയാണ്. ഇത്രയും പറഞ്ഞതില്‍നിന്ന് സ്വകാര്യ - ന്യൂനപക്ഷ വിദ്യാലയങ്ങളെ വരിഞ്ഞുകെട്ടണമെന്നല്ല വിവക്ഷ. അവയ്ക്കു പ്രവര്‍ത്തിക്കാനും ലാഭം (മിച്ചം) ഉണ്ടാക്കാനുമുള്ള ന്യായമായ അവസരവും സ്വാതന്ത്ര്യവും നല്‍കണം. പക്ഷേ, അതുസംബന്ധിച്ച വിവരം അറിയാനും ചര്‍ച്ച ചെയ്യാനും അവരുടെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും അവകാശം ഉണ്ടാകണം. അപ്പോഴേ ജനാധിപത്യം എബ്രഹാം ലിങ്കണ്‍ പറഞ്ഞതുപോലെ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന ജനങ്ങളുടെ ഏര്‍പ്പാടാവുകയുള്ളൂ. സാര്‍വത്രിക വിദ്യാഭ്യാസം ഗവണ്‍മെന്റ് മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന ഈ വേളയിലെങ്കിലും സ്വകാര്യ -ന്യൂനപക്ഷ താല്‍പര്യങ്ങള്‍ ജനാധിപത്യത്തിനു വിധേയമാകുന്നുവെന്ന് ഭരണനിര്‍വഹണ - നീതിന്യായ വിഭാഗങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.

ഈ നിയമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ചില ഇനം സ്കൂളുകള്‍ക്ക് ബാധകമല്ല എന്നാണ് ഇപ്പോഴത്തെ വ്യവസ്ഥ. സ്കൂളിനടുത്ത് പാര്‍ക്കുന്ന പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍പെട്ട കുട്ടികള്‍ക്ക് ഈ "വരേണ്യ'' വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത് ഉചിതമല്ല. അതുകൊണ്ട് പ്രവേശനം സിദ്ധിക്കാത്ത കുട്ടികള്‍ക്കെല്ലാം പ്രവേശനം സിദ്ധിക്കുമെന്നല്ല. പക്ഷേ, സാര്‍വത്രിക പ്രവേശനത്തിന്റെ കാര്യത്തില്‍ ഗവണ്‍മെന്റിനുള്ള പ്രതിബദ്ധതയുടെ ഉരകല്ലാണ് ഇക്കാര്യം.

വിദ്യാഭ്യാസാവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നേരത്തെ സാര്‍വത്രിക വിദ്യാഭ്യാസം മിക്കവാറും കൈവരിച്ച കേരളത്തില്‍ ഉയര്‍ന്നുവരുന്ന ചില പ്രശ്നങ്ങളുണ്ട്. അവയെ ചൊല്ലി ഉദ്യോഗജനകമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി കാണുന്നു. ഇവിടെ എല്‍പി വിദ്യാഭ്യാസം നാലുവര്‍ഷത്തേക്കും യുപി മൂന്നുവര്‍ഷത്തേക്കും ഹൈസ്കൂള്‍ മൂന്നു വര്‍ഷത്തേക്കുമാണ്. ഇത് എത്രയോ വര്‍ഷമായി നിലവിലിരിക്കുന്ന സമ്പ്രദായമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇവ അഞ്ച്, മൂന്ന്, രണ്ട് വര്‍ഷക്കാലത്തേക്കാണ്. ഈ നിയമം ഈ സമ്പ്രദായത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും ബാധകമാക്കുന്നു. അത് മധ്യവേനല്‍ അവധി കഴിഞ്ഞു സ്കൂള്‍ തുറക്കുമ്പോള്‍ ഇവിടെ നടപ്പാക്കപ്പെടും എന്ന മട്ടിലാണ് ചില വാര്‍ത്തകള്‍.

ആയിരക്കണക്കിന് എല്‍പി സ്കൂളുകളില്‍ പുതിയ ക്ളാസ് മുറികളും അധ്യാപകരും കൂടുതലായി വേണ്ടിവരും. ഹൈസ്കൂളുകളില്‍ രണ്ടും ഏറെ അധികമാകും. കേരളത്തിലെ ഇപ്പോഴത്തെ സംവിധാനം മാറ്റണമോ, മാറ്റുന്നതിനു ആവശ്യമായ അധികച്ചെലവ് കേന്ദ്രം തരുമോ എന്നെല്ലാമുള്ള കാര്യങ്ങള്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതുണ്ട്. ഇവിടെ നിലവിലുള്ള ഏര്‍പ്പാട് തുടര്‍ന്നതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെയോ നിലവാരത്തെയോ ഒന്നും അത് ബാധിക്കില്ല. പ്രശ്നത്തിന്റെ നാനാവശങ്ങളും ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യമാണ്.

വിദ്യാഭ്യാസം ഭരണഘടനയിലെ സംയുക്ത പട്ടികയില്‍പെട്ട വിഷയമാണ്. സംസ്ഥാനത്ത് 50 വര്‍ഷമായി നിലനില്‍ക്കുന്ന നിയമത്തെയും അതിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും ആകെ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റേണ്ടതുണ്ടോ? കേന്ദ്ര നിയമം രാജ്യത്തെ വിദ്യാഭ്യാസമേഖലയില്‍ മുന്നേറ്റം കൈവരിക്കാനാണ്. അത് ചില സംസ്ഥാനങ്ങളില്‍ കൈവരിച്ചു കഴിഞ്ഞ നേട്ടങ്ങള്‍ക്ക് വിഘാതമായി കൂട.

ആറു വയസ്സ് തികഞ്ഞ കുട്ടികള്‍ക്കേ കേന്ദ്ര നിയമം വിദ്യാഭ്യാസാവകാശം ഉറപ്പു ചെയ്യുന്നുള്ളൂ. കേരളത്തില്‍ അഞ്ചു വയസ്സായ കുട്ടികളെ ഒന്നാം സ്റ്റാന്‍ഡേര്‍ഡില്‍ ചേര്‍ക്കുന്നു. അത് തടയുന്ന തരത്തിലായിക്കൂട കേന്ദ്ര നിയമത്തിന്റെ നടത്തിപ്പ്. കേന്ദ്ര നിയമത്തില്‍ ഉള്ളതിലപ്പുറം കാര്യങ്ങള്‍ ചെയ്യാന്‍ ഏത് സംസ്ഥാനത്തിനും അവകാശം ഉണ്ടാകണം. അതാണ് അധികാരവികേന്ദ്രീകരണത്തിന്റെ സത്ത.

കേരളത്തില്‍ അധികാരവികേന്ദ്രീകരണം നടപ്പാക്കിയതിന്റെ ഭാഗമായി പ്രൈമറി - സെക്കണ്ടറി - ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളുടെ ചില ചുമതലകള്‍ ഗ്രാമ - ജില്ലാ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നല്‍കിയിട്ടുണ്ട്. അവയുടെ അധികാരത്തെ നിഷേധിക്കുന്ന രീതിയിലായിക്കൂട ഈ അവകാശ നിയമം നടപ്പാക്കുന്നത്.

ഈ നിയമം അനുസരിച്ച് ഏത് എല്‍പി വിദ്യാര്‍ഥിക്കും ഒരു കി. മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ സ്കൂള്‍ ഉണ്ടാകണം. യുപി സ്കൂള്‍ മൂന്നു കി. മീ. പരിധിക്കുള്ളിലാകണം. പൊതുവില്‍ ഇതാണ് സ്ഥിതി. എന്നാല്‍ മലമ്പ്രദേശങ്ങളിലും മറ്റു ചിലേടങ്ങളിലും സ്കൂള്‍ ഈ പരിധിക്കുള്ളിലില്ല. അതിനാല്‍ ഏതാനും സ്കൂളുകള്‍ പുതുതായി വേണ്ടിവരും. അല്ലെങ്കില്‍ ആ വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലേക്ക് സൌജന്യമായി വാഹനസൌകര്യം ഏര്‍പ്പെടുത്തണം.

കേരളത്തിലെ അണ്‍എയ്ഡഡ് സ്കൂളുകള്‍ 25% വീതം കുട്ടികളെ ചേര്‍ത്താല്‍ പൊതുവിദ്യാലയങ്ങളെ അത് ഗുരുതരമായി ബാധിക്കുമെന്ന വാദം ഉയര്‍ന്നുവന്നിട്ടുണ്ട്.

3041 യുപി സ്കൂളുകള്‍ ഉള്ളതില്‍ 220 മാത്രമാണ് അണ്‍ എയ്ഡഡ്. 6802 എല്‍പി സ്കൂളുകളില്‍ 269ഉം. അവ ഗണ്യമായി ആ മേഖലയിലെ കുട്ടികളെ ആകര്‍ഷിക്കില്ല. അതത് അണ്‍ എയ്ഡഡ് സ്കൂളിന്റെ അയല്‍പക്കത്തുള്ള കുട്ടികള്‍ക്ക് മാത്രമേ അതില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ചേരാന്‍ അനുവാദമുള്ളൂ എന്നു വന്നാല്‍ അത് ഉണ്ടാക്കുന്ന പ്രശ്നം ലഘുവായിരിക്കും.

മേല്‍പറഞ്ഞ പരിഷ്കാരങ്ങള്‍ക്കായി കൂടുതല്‍ സാമ്പത്തികച്ചെലവുണ്ടാകും. അതില്‍ ഗണ്യമായ പങ്ക് ഏറ്റെടുക്കാന്‍ കേന്ദ്രം തയ്യാറാകണം. സംസ്ഥാന ഗവണ്‍മെന്റുകള്‍ അത്തരത്തിലൊരു ആവശ്യം ഉന്നയിച്ചത് കേന്ദ്രം അംഗീകരിക്കണം.

വിദ്യാഭ്യാസാവകാശനിയമം രാജ്യത്തിന്റെ സാര്‍വത്രിക വികസനത്തില്‍ വിപുലമായ പങ്ക് വഹിക്കും. നിയമത്തിന്റെ ഉദാത്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന തരത്തില്‍ അത് നടപ്പാക്കണമെന്നു മാത്രം. സാമൂഹ്യനീതി കൂടുതല്‍ ഉറപ്പാക്കാന്‍ ഈ നിയമത്തിന്റെ വിജയകരമായ നടത്തിപ്പ് സഹായിക്കും. ആഗോളവല്‍ക്കരണത്തിന്റെ പാറക്കെട്ടില്‍ തട്ടി ആ ലക്ഷ്യങ്ങള്‍ നടപ്പാക്കപ്പെടാതിരിക്കുന്നത് തടയുകയാണ് ഇപ്പോള്‍ ഏറ്റവും പ്രധാനം.

സി പി നാരായണന്‍ ചിന്ത വാരിക 16042010

2 comments:

  1. വിദ്യാഭ്യാസാവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നേരത്തെ സാര്‍വത്രിക വിദ്യാഭ്യാസം മിക്കവാറും കൈവരിച്ച കേരളത്തില്‍ ഉയര്‍ന്നുവരുന്ന ചില പ്രശ്നങ്ങളുണ്ട്. അവയെ ചൊല്ലി ഉദ്യോഗജനകമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി കാണുന്നു. ഇവിടെ എല്‍പി വിദ്യാഭ്യാസം നാലുവര്‍ഷത്തേക്കും യുപി മൂന്നുവര്‍ഷത്തേക്കും ഹൈസ്കൂള്‍ മൂന്നു വര്‍ഷത്തേക്കുമാണ്. ഇത് എത്രയോ വര്‍ഷമായി നിലവിലിരിക്കുന്ന സമ്പ്രദായമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇവ അഞ്ച്, മൂന്ന്, രണ്ട് വര്‍ഷക്കാലത്തേക്കാണ്. ഈ നിയമം ഈ സമ്പ്രദായത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും ബാധകമാക്കുന്നു. അത് മധ്യവേനല്‍ അവധി കഴിഞ്ഞു സ്കൂള്‍ തുറക്കുമ്പോള്‍ ഇവിടെ നടപ്പാക്കപ്പെടും എന്ന മട്ടിലാണ് ചില വാര്‍ത്തകള്‍.

    ReplyDelete
  2. ഈ കോണ്‍ഗ്രസ്‌ കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും മോശവും, കമ്മ്യൂണിസ്റ്റ്‌ ചെയ്യുന്ന എല്ലാ കാര്യങ്ങളും നല്ലതും. എന്ത് കൊണ്ട് ജനം തിരഞ്ഞെടുപ്പ് സമയത്ത് ഇത് തിരിച്ചറിയുന്നില്ല.

    ReplyDelete