Monday, April 12, 2010

27 പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നു

കൊച്ചി കപ്പല്‍ നിര്‍മാണശാല ഉള്‍പ്പെടെ 27 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും റെയില്‍വേയില്‍ 26 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനും ധനമന്ത്രാലയത്തിന്റെ ശുപാര്‍ശ. ആരോഗ്യമേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കണമെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രവര്‍ത്തനരേഖ നിര്‍ദേശിക്കുന്നു. 'ഇന്ത്യന്‍ സേവന മേഖലയ്ക്ക് ഒരു നയം' എന്ന പേരില്‍ സാമ്പത്തിക ഉപദേഷ്ടാക്കളായ എച്ച്എസി പ്രസാദും ആര്‍ സതീഷും ചേര്‍ന്നാണ് രേഖ തയ്യാറാക്കിയത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കണമെന്നും തന്ത്രപ്രധാനമല്ലാത്തതും ലാഭകരവുമായ മേഖലയില്‍ സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്തണമെന്നും ആരോഗ്യം, ചെറുകിട വില്‍പ്പന മേഖല, വാര്‍ത്താ ചാനലുകള്‍ എന്നിവയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. ചര്‍ച്ചയ്ക്കു വേണ്ടിയാണ് രേഖ അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രാലയം അവകാശപ്പെടുന്നു. സേവനമേഖലയില്‍ 27 പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി വില്‍പ്പന പടിപടിയായി നടപ്പാക്കാനാണ് നിര്‍ദേശിക്കുന്നത്. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, റെറ്റ്സ് ലിമിറ്റഡ്, എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ്, എന്‍ജിനിയറിങ് പ്രോജക്ട് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍, സ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, എംഎംടിസി എന്നിവ ആദ്യം വില്‍ക്കേണ്ട പട്ടികയിലുണ്ട്. ദേശീയ കെട്ടിട നിര്‍മാണ കോര്‍പറേഷന്‍, ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍, ദേശീയ ഗവേഷണ വികസന കൌസില്‍ എന്നിവ പൂര്‍ണമായും കൈയൊഴിയേണ്ട വിഭാഗത്തിലാണ്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് സര്‍വീസ്, സെന്‍ട്രല്‍ വെയര്‍ഹൌസിങ് കോര്‍പറേഷന്‍ എന്നിവയുടെ ഓഹരി വില്‍ക്കാനും രേഖ ആവശ്യപ്പെടുന്നു.

ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കില്ലെന്ന് ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദംകാരണം 2005 ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ നയം ഉടന്‍ തിരുത്താന്‍ രേഖ ആവശ്യപ്പെടുന്നു. സ്വയം ലാഭമുണ്ടാക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ എന്തിന് സര്‍ക്കാര്‍ നടത്തണമെന്ന വിചിത്രമായ വാദവും രേഖ മുന്നോട്ടുവയ്ക്കുന്നു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് കാരണം ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ആക്കി ഉയര്‍ത്തുക എളുപ്പമല്ലെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ള മേഖലകളിലെങ്കിലും വിദേശനിക്ഷേപം പരിധി വര്‍ധിപ്പിക്കണം. ഏകബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ അനുവദിച്ച 51 ശതമാനം വിദേശ നിക്ഷേപം ബഹുബ്രാന്‍ഡിലേക്ക് വ്യാപിപ്പിക്കാന്‍ രേഖ നിര്‍ദേശിക്കുന്നു. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കണമെന്നു സാരം. ഗ്രാമീണ ബാങ്കിങ് മേഖലയില്‍ വിദേശ നിക്ഷേപ നടപടി ഉദാരമാക്കണം. സ്വകാര്യ ഓഹരി ഉടമകളുടെ വോട്ടവകാശം 10 ശതമാനമായി നിജപ്പെടുത്തുന്നത് മാറ്റി ഓഹരിക്കനുസരിച്ച് നല്‍കണം. ഇതോടെ ബാങ്കുകളുടെ നിയന്ത്രണം സ്വകാര്യ നിക്ഷേപകരിലാകും. വാര്‍ത്താ ചാനലുകളിലെ വിദേശനിക്ഷേപം 26 ല്‍ നിന്ന് 49 ശതമാനമെങ്കിലുമായി ഉയര്‍ത്തണം. അപ്ലിങ്കിങ് നയം ഉദാരമാക്കണം. അനിമേഷന്‍ സ്റുഡിയോകളിലും വിദേശനിക്ഷേപം അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

(വി ബി പരമേശ്വരന്‍)
ദേശാഭിമാനി 120410

1 comment:

  1. കൊച്ചി കപ്പല്‍ നിര്‍മാണശാല ഉള്‍പ്പെടെ 27 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും റെയില്‍വേയില്‍ 26 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനും ധനമന്ത്രാലയത്തിന്റെ ശുപാര്‍ശ. ആരോഗ്യമേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കണമെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രവര്‍ത്തനരേഖ നിര്‍ദേശിക്കുന്നു. 'ഇന്ത്യന്‍ സേവന മേഖലയ്ക്ക് ഒരു നയം' എന്ന പേരില്‍ സാമ്പത്തിക ഉപദേഷ്ടാക്കളായ എച്ച്എസി പ്രസാദും ആര്‍ സതീഷും ചേര്‍ന്നാണ് രേഖ തയ്യാറാക്കിയത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    ReplyDelete