Monday, April 26, 2010

ചൂതാട്ടം, നിശാവിരുന്നുകള്‍ പിന്നെ ക്രിക്കറ്റും

ഒന്നാം ഭാഗം പണത്തിനുമീതെ ഐപിഎല്‍പന്ത് പറക്കില്ല ഇവിടെ

IV

അഴിമതിയുടെ ക്രീസില്‍ മന്ത്രിപുത്രിമാരും

ഐപിഎല്ലിലെ പുതിയ ടീമുകളെ നിശ്ചയിക്കുന്നതിനുള്ള നിര്‍ണായക ലേലത്തിന് രണ്ടുദിവസംമുമ്പ് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിന്റെ ഓഫീസില്‍നിന്ന് വിദേശസഹമന്ത്രി ശശി തരൂരിന് അടിയന്തര ഇ-മെയില്‍ ലഭിച്ചു. രാത്രി പത്തിന് തിരക്കിട്ട് മെയില്‍ അയച്ചത് പട്ടേലിന്റെ പേഴ്സണല്‍ സെക്രട്ടറി ചമ്പ ഭരദ്വാജ്. വിഷയം ഐപിഎല്‍ ലേലം. ഐപിഎല്‍ ടീം സ്വന്തമാക്കിയാലുള്ള ലാഭനഷ്ട കണക്കുകളാണ് പട്ടേല്‍ തരൂരിന് എത്തിച്ചുകൊടുത്തത്. പട്ടേല്‍ അയച്ച കണക്കുപ്രകാരം ഐപിഎല്‍ ടീം ലാഭത്തിലെത്താന്‍ പത്തുവര്‍ഷമെടുക്കും. ഇക്കാലയളവില്‍ 612 കോടിയുടെ നഷ്ടം പ്രതീക്ഷിക്കാം. ഐപിഎല്‍ അത്ര ലാഭമുള്ള ബിസിനസല്ല പിന്മാറുന്നതാകും നല്ലതെന്നായിരുന്നു 'ഉപദേശം'. പട്ടേലിന്റെ 'താല്‍പ്പര്യ'ങ്ങള്‍ നന്നായി അറിയുന്ന തരൂര്‍ പിന്‍മാറുന്നതിനു പകരം ലേലത്തില്‍ ഒരു മുഴം നീട്ടിയെറിഞ്ഞു. വീഡിയോക്കോണ്‍, അദാനി ഗ്രൂപ്പുകളെ പിന്തള്ളി കൊച്ചി ടീമിനായി റൊന്ദേവു കണ്‍സോര്‍ഷ്യം ലേലം പിടിച്ചു. തരൂരിനെ പിന്തിരിപ്പിക്കാന്‍ പട്ടേല്‍ ശ്രമിച്ചതിന്റെ വസ്തുതകള്‍ അന്വേഷിച്ചാല്‍ ഐപിഎല്‍ കമ്പോളത്തില്‍ ഖദര്‍ധാരികള്‍ നടത്തുന്ന നാണംകെട്ട ഇടപെടലുകള്‍ ഒന്നൊന്നായി പുറത്തുവരും.

പുണെയ്ക്കൊരു ഐപിഎല്‍ ടീം എന്‍സിപി നേതാക്കളായ ശരത് പവാറും പ്രഫുല്‍ പട്ടേലും ആഗ്രഹിച്ചിരുന്നു. പവാറിന്റെ മരുമകന്‍ സദാനന്ദ് സൂലെയും പട്ടേലിന്റെ മകള്‍ പൂര്‍ണയും ദീര്‍ഘനാളായി ഐപിഎല്‍ കളത്തിലുള്ളവരും ലളിത് മോഡിയുടെ അടുപ്പക്കാരുമാണ്. ഇവരെല്ലാം ചേര്‍ന്ന് പുണെ ടീമിനുവേണ്ടി വീഡിയോക്കോണ്‍ മുതലാളി വേണുഗോപാല്‍ ദൂതിനെ ലേലവിപണിയിലിറക്കി. ഈ ഘട്ടത്തിലാണ് കൊച്ചി ടീമെന്ന സ്വപ്നവുമായി തരൂര്‍ പട്ടേലിനെ ബന്ധപ്പെടുന്നത്. രണ്ടു ടീമുകള്‍ക്കായുള്ള ലേലത്തില്‍ കൂടുതലാളുകള്‍ വരുന്നതിലെ അപകടം മണത്താണ് തരൂരിനെ വഴിതെറ്റിക്കുന്ന ഇ-മെയില്‍ പട്ടേലിന്റെ ഓഫീസില്‍നിന്ന് ആസൂത്രിതമായി അയച്ചത്. തരൂര്‍- സുനന്ദ ഇടപാടുകള്‍ക്കു പിന്നാലെ ഇപ്പോള്‍ പവാറും പട്ടേലുമൊക്കെ വാര്‍ത്തകളില്‍ നിറയുന്നതിനു കാരണം ഖദര്‍ധാരികളുടെ തമ്മില്‍തല്ലാണ്.

മറാത്ത രാഷ്ട്രീയത്തില്‍ പവാറിന്റെയും പട്ടേലിന്റെയും ശത്രുവാണ് പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പൃഥ്വിരാജ് ചവാന്‍. ഐപിഎല്ലില്‍ പവാര്‍- പട്ടേല്‍ കുടുംബങ്ങളുടെ ഇടപാടുകള്‍ മണത്തറിഞ്ഞ ചവാന്‍ ഒരു ദേശീയദിനപത്രത്തിന് വാര്‍ത്തകള്‍ ചോര്‍ത്തുകയായിരുന്നു. തരൂരിന്റെ ഓഫീസിലേക്കു പോയ ഇ-മെയിലടക്കം ചോര്‍ന്നത് ചവാന്റെ ഇടപെടലിലൂടെ. തന്നെയും പവാറിനെയും കുടുക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളാണെന്ന് പട്ടേല്‍ ആരോപിച്ചത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. എന്നാല്‍, എന്‍സിപി നേതാക്കളെ പൂര്‍ണമായി കൈയൊഴിയാന്‍ കോണ്‍ഗ്രസിന് കഴിയില്ല. പാര്‍ലമെന്റില്‍ ഖണ്ഡനോപക്ഷേപം അടക്കം വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ അണിയറയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ സജീവം. പവാറും പട്ടേലുമൊക്കെ സംരക്ഷിക്കപ്പെടാനാണ് സാധ്യത.
ഐപിഎല്‍ നടത്തിപ്പില്‍ ലളിത് മോഡിയെ കാര്യമായി സഹായിക്കുന്നവരിലൊരാളാണ് പട്ടേല്‍. പട്ടേലിന്റെ ഇരുപത്തിനാലുകാരിയായ മകള്‍ പൂര്‍ണ പട്ടേല്‍ ഐപിഎല്‍ ജീവനക്കാരിയാണ്. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റാണ് ചുമതല. തരൂരിന് പട്ടേല്‍ അയച്ച ഇമെയിലിന്റെ യഥാര്‍ഥ സ്രോതസ്സ് പൂര്‍ണയാണ്. യഥാര്‍ഥത്തില്‍ ലളിത് മോഡിയും പൂര്‍ണയും ഐപിഎല്‍ സിഇഒ സുന്ദര്‍രാമനുമൊക്കെ ചേര്‍ന്ന് നടത്തിയ നാടകമായിരുന്നു ഇ-മെയില്‍ സന്ദേശം. ഐപിഎല്ലിന്റെ മുഖ്യസംഘാടകരിലൊരാളാണ് നേരത്തെ ഫാഷന്‍രംഗത്തും മറ്റും ശോഭിച്ച പൂര്‍ണ. കേന്ദ്രമന്ത്രിയുടെ മകളെന്ന അധികാരം പൂര്‍ണ ചൂഷണംചെയ്യുന്നുമുണ്ട്. ഐപിഎല്ലിനുവേണ്ടി എയര്‍ഇന്ത്യയുടെ വിമാനസര്‍വീസുകള്‍ പലപ്പോഴും പൂര്‍ണ അച്ഛന്റെ പേരില്‍ ദുരുപയോഗപ്പെടുത്തി. പൂര്‍ണയെപ്പോലെ പവാറിന്റെ മകള്‍ സുപ്രിയ സുലെയും ഐപിഎല്‍ വിപണിയില്‍ സജീവം. പുണെ ടീമിനുവേണ്ടി രംഗത്തുണ്ടായിരുന്ന വീഡിയോക്കോണ്‍ ഗ്രൂപ്പ് നിശ്ചിതശതമാനം വിയര്‍പ്പ് ഓഹരി സുപ്രിയയുടെ ഭര്‍ത്താവ് സദാനന്ദിനും പൂര്‍ണയ്ക്കും വാഗ്ദാനം ചെയ്തതായി വാര്‍ത്തയുണ്ട്. വീഡിയോക്കോ ഗ്രൂപ്പിന്റെ ലേലരേഖകളും മറ്റും കാണാതായത് ഈ പശ്ചാത്തലത്തിലാണ്. ഐപിഎല്‍ ഓഹരിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ലോക്സഭാംഗംകൂടിയായ സുപ്രിയ നിരാകരിക്കുന്നുണ്ടെങ്കിലും സദാനന്ദിന്റെ ഐപിഎല്‍ ബന്ധങ്ങള്‍ പുറത്തുവന്നതോടെ നിശ്ശബ്ദതയിലാണ്. ഐപിഎല്ലിന്റെ സംപ്രേഷണാവകാശം നേടിയ മള്‍ട്ടിസ്ക്രീന്‍ മീഡിയയില്‍ (പഴയ സോണിഗ്രൂപ്പ്) 10 ശതമാനം ഓഹരി സദാനന്ദിന്റേതാണ്. വേള്‍ഡ് സ്പോര്‍ട്സ് ഗ്രൂപ്പിന് കോടിക്കണക്കിനു രൂപ കോഴ നല്‍കിയാണ് മള്‍ട്ടിസ്ക്രീന്‍ മീഡിയ ഐപിഎല്‍ സംപ്രേഷണാവകാശം നേടിയതെന്ന് തെളിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കളും ഐപിഎല്‍ കമ്പോളത്തില്‍ സജീവമായുണ്ട്. 10 ജന്‍പഥിലെ വിശ്വസ്തരിലൊരാളായ രാജീവ് ശുക്ളയാണ് കോണ്‍ഗ്രസിനായി ക്രീസിലുള്ളത്. മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗവും ബിസിസിഐ വൈസ്പ്രസിഡന്റുമായ ശുക്ള ഐപിഎല്‍ ഗവേണിങ്ങ് കൌണ്‍സില്‍ അംഗംകൂടിയാണ്. ജനസത്ത പത്രത്തിന്റെ ലേഖകനായി ഡല്‍ഹിയിലെത്തിയ ശുക്ള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിലെത്തിയത് അതിവേഗത്തിലായിരുന്നു. 2000ല്‍ രാജ്യസഭാംഗമായതോടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ബിസിസിഐയിലും പിന്നീട് ഐപിഎല്ലിലുമെത്തി. ഐപിഎല്ലില്‍ മോഡിയുടെ വലംകൈയായിരുന്നെങ്കിലും ഇപ്പോള്‍ മോഡിയെ വെട്ടാനുള്ള കരുനീക്കങ്ങളിലാണ്. ബിജെപിയുടെ അരുജെയ്റ്റ്ലിയാണ് ഐപിഎല്‍ കളത്തിലുള്ള മറ്റൊരു രാഷ്ട്രീയതാരം. വലതുപക്ഷ രാഷ്ട്രീയത്തിലെ ഉന്നതരും വ്യവസായപ്രമുഖരും ബോളിവുഡ് താരങ്ങളുമൊക്കെയായി പ്രമുഖരുടെ നിരതന്നെയാണ് ഐപിഎല്‍ കച്ചവടത്തിന് മുന്നിട്ടിറങ്ങുന്നത്. സാമ്പത്തികനേട്ടം മാത്രമല്ല മറ്റു പല 'ലാഭ'ങ്ങളും ഐപിഎല്‍ കച്ചവടത്തിലുണ്ട്.

V

പണം വാരാന്‍ 'ലഹരി'നുരയും നിശാവിരുന്നുകള്‍

ദക്ഷിണാഫ്രിക്കക്കാരിയായ കാന്‍ഡിസ് ക്രോസിന് ഇന്ത്യ സ്വന്തം നാടുപോലെ പരിചിതം. മുംബൈയും ഡല്‍ഹിയും ബംഗളൂരുവുമെല്ലാം പ്രിയ നഗരങ്ങള്‍. ഇരുപത്തൊന്നുകാരിയായ കാന്‍ഡിസ് ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള മോഡലാണ്. ഇന്ത്യയിലെത്തിയിട്ട് ഒരു മാസം. വിജയ് മല്യയുടെ റോയല്‍ ചലഞ്ചേഴ്സ് ടീമിനുവേണ്ടി ഐപിഎല്‍ വേദികളില്‍ ചിയര്‍ഗേള്‍സ് എന്ന പേരില്‍ നൃത്തംചെയ്യാന്‍ പറന്നെത്തിയതാണ്. കാന്‍ഡിസ് ഉള്‍പ്പെടുന്ന റോയല്‍ ചലഞ്ചേഴ്സ് നൃത്തസംഘത്തിന്റെ പേര് മിസ്ചീഫ് ഗേള്‍സ്. ടീമിനും നൃത്തസംഘത്തിനുമെല്ലാം മദ്യം മണക്കുന്ന പേരുകള്‍. കാന്‍ഡിസ് ക്രോസ് ഇപ്പോള്‍ അറിയപ്പെടുന്നത് മിസ്ചീഫ് ഗേള്‍ കാന്‍ഡി എന്ന പേരിലാണ്. റോയല്‍ചലഞ്ചേഴ്സിന്റെ വെബ്സൈറ്റില്‍ കാന്‍ഡിയെഴുതുന്ന ബ്ളോഗിന് വായനക്കാര്‍ ഏറെ. ചിയര്‍ ഗേള്‍ എന്ന നിലയില്‍ മോശമല്ലാത്ത പ്രതിഫലം കിട്ടും. കളി നടക്കുമ്പോള്‍ മൈതാനങ്ങളില്‍ നൃത്തം ചെയ്യുന്നതിനൊപ്പം ഐപിഎല്‍ നിശാവിരുന്നുകളില്‍ പങ്കെടുക്കുകയും നിര്‍ബന്ധം.

നിശാവിരുന്നുകള്‍ ഐപിഎല്‍ മൂന്നാംപതിപ്പിന്റെ പുത്തന്‍ സവിശേഷതയാണ്. ഓരോ കളിക്കും ശേഷം രണ്ടു ടീമുകളെയും പങ്കെടുപ്പിച്ചുള്ള ആഹ്ളാദവിരുന്ന്. ടീം ഉടമസ്ഥരും ഒഫീഷ്യല്‍സും സംഘാടകരുമൊക്കെ വിരുന്നിനുണ്ടാകും. ഗ്ളാമറേകാന്‍ ബോളിവുഡ് താരങ്ങളും മോഡലുകളും. മദ്യവും നൃത്തവും ഫാഷന്‍ ഷോയുമൊക്കെയായി പാതിരമുതല്‍ പുലരുംവരെ ലഹരിവിരുന്ന്. ബോളിവുഡ് താരം അര്‍ജുന്‍ രാംപാല്‍- മെഹര്‍ ജെസിയ ദമ്പതികളുടെ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് നിശാവിരുന്നുകളുടെ സംഘാടകര്‍. നിശാവിരുന്നെന്ന ആശയം ലളിത് മോഡിയുടെ മുമ്പില്‍ അവതരിപ്പിച്ചത് തങ്ങളാണെന്ന് മുന്‍ മോഡല്‍കൂടിയായ മെഹര്‍ ജെസിയ പറയുന്നു. ഐപിഎല്ലിന് കൊഴുപ്പേകാന്‍ കഴിഞ്ഞ രണ്ടുമാസങ്ങളിലായി 54 നിശാവിരുന്ന് സംഘടിപ്പിച്ചു. കളി നടക്കുന്ന നഗരത്തിലെ ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലായിരിക്കും വേദി. ആതിഥേയ ടീമാണ് വിരുന്നിന്റെയും ആതിഥേയര്‍. കളി കഴിഞ്ഞാലുടന്‍ വിരുന്ന് തുടങ്ങും. ഫാഷന്‍ഷോയാണ് ആദ്യ ഇനം. മനീഷ് മല്‍ഹോത്ര, സഞ്ചിത അജ്ജാംപ്പൂര്‍, ഗായത്രി ഖന്നദേവ്, മനീഷ് അറോറ തുടങ്ങി പ്രശസ്തരായ ഡിസൈനര്‍മാരാണ് പ്രദര്‍ശനം ഒരുക്കുന്നത്. കളിക്കാരും ഐപിഎല്‍ ഭാരവാഹികളും ബോളിവുഡ് താരങ്ങളുമൊക്കെ അണിനിരന്ന സദസ്സിനു മുമ്പാകെ അര്‍ധനഗ്നരായ മോഡലുകള്‍ റാമ്പില്‍ ചുവടുവയ്ക്കും. ഫാഷന്‍ഷോയ്ക്കു പിന്നാലെ ആട്ടവും പാട്ടുമൊക്കെയുണ്ട്. വിരുന്നിന് ലഹരി കൂട്ടാന്‍ ബിയറിന്റെയും വിസ്കിയുടെയുമൊക്കെ രൂപത്തില്‍ മദ്യമൊഴുകും. ക്രിക്കറ്റ് താരങ്ങള്‍ക്കും ടീമിന്റെ ഉടമസ്ഥര്‍ക്കുമൊക്കെ ചിയര്‍ഗേളുകളുമായും മോഡലുകളുമായും സൌഹൃദം സ്ഥാപിക്കാനുള്ള അവസരംകൂടിയാണ് നിശാവിരുന്നുകള്‍. നിശാവിരുന്നുകളില്‍ മോഡലുകളുമായി അമിത സൌഹൃദത്തിലായതിന്റെ പേരില്‍ പല താരങ്ങളും വിവാദത്തില്‍പ്പെടുകയും ചെയ്തു. പെണ്ണും ലഹരിയും മാത്രമായി വിരുന്നുകളെ കാണേണ്ട. ലളിത് മോഡിക്ക് ഇതും പണമൊഴുക്കാനുള്ള വഴിയാണ്. മദ്യമേറെ ഒഴുകുമെന്നതിനാല്‍ മദ്യരാജാവ് വിജയ്മല്യതന്നെയാണ് ഐപിഎല്‍ വിരുന്നുകളുടെ ഔദ്യോഗിക സ്പോസര്‍. ഐപിഎല്‍ വിരുന്നുകളുടെ സംപ്രേഷണാവകാശം വലിയ തുകയ്ക്കാണ് ഒരു ടിവി കമ്പനിക്ക് കരാര്‍ കൊടുത്തിരിക്കുന്നത്.

ഐപിഎല്‍ ക്ളബ് ലോഞ്ച് ടിക്കറ്റുകളാണ് മറ്റൊരു വരുമാനമാര്‍ഗം. ഒരു ടിക്കറ്റിന് 40,000 രൂപയാണ് വില. ഈ ടിക്കറ്റ് എടുത്താല്‍ വിഐപി ലോഞ്ചില്‍ ബോളിവുഡ് താരങ്ങള്‍ക്കും മറ്റ് വിഐപികള്‍ക്കും ഒപ്പമിരുന്ന് മദ്യം കഴിച്ച് കളി കാണാം. കളിക്കുശേഷം നിശാവിരുന്നിലും പങ്കെടുക്കാം. വിരുന്നിനിടെ ക്രിക്കറ്റ് താരങ്ങളെയും ബോളിവുഡ് താരങ്ങളെയുമൊക്കെ പരിചയപ്പെടാം. 40,000 രൂപ വില നിശ്ചയിച്ച ടിക്കറ്റ് പലപ്പോഴും മൂന്നുംനാലും ഇരട്ടി തുകയ്ക്കാണ് വിറ്റുപോകുന്നത്. ഒരു കളിയില്‍ ഇരുന്നുറോളം ടിക്കറ്റ് ക്ളബ്ലോഞ്ച് ടിക്കറ്റുകളായി വില്‍ക്കാറുണ്ട്. ഇഷ്ടടീമിന്റെ 14 കളികളും വിഐപി പരിഗണനയില്‍ കാണണമെന്നുള്ളവര്‍ക്ക് ആറുലക്ഷത്തിന്റെ പ്രത്യേകപാക്കേജുണ്ട്. സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്ക് 1.27 ലക്ഷമാണ് ടിക്കറ്റ് വില. ടിക്കറ്റ് വിറ്റുകിട്ടുന്ന പണം ഐപിഎല്‍ അധികൃതര്‍ക്കാണ് പോകുന്നത്. നിശ്ചിതശതമാനം ആതിഥേയരായ ടീമിനും കിട്ടും.

VI

ജയം, റണ്‍സ്, വിക്കറ്റ്, സിക്സര്‍... ബൌണ്ടറികളില്ലാത്ത ചൂതാട്ടം

ഓണ്‍ലൈന്‍ ചൂതാട്ടത്തിന് കുപ്രസിദ്ധി നേടിയതാണ് ബെറ്റ്356. ഇതിന്റെ പ്രവര്‍ത്തനം ഇംഗ്ളണ്ട് കേന്ദ്രീകരിച്ചാണെങ്കിലും ഒന്നരമാസമായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുന്ന ഇടപാടുകാരില്‍ അധികവും ഇന്ത്യയില്‍നിന്നാണ്. ഐപിഎല്‍ മൂന്നാംപതിപ്പിന് കൊടിയേറിയത് മുതല്‍ കോടിക്കണക്കിന് രൂപയുടെ പന്തയ ഇടപാടാണ് ഇതുവഴി നടക്കുന്നത്.

ചൂതാട്ടം ഇന്ത്യയില്‍ നിയമവിരുദ്ധമാണെങ്കിലും ഓലൈന്‍ ചൂതാട്ടത്തിന്റെ കാര്യത്തില്‍ അവ്യക്തതയാണ്. രാജ്യത്ത് നിലവിലുള്ള ചൂതാട്ടവിരുദ്ധ നിയമങ്ങളെല്ലാം ഇന്റര്‍നെറ്റ് യുഗത്തിന് മുമ്പുള്ളതാണ്. എങ്കിലും പൊതുവിലുള്ള ചൂതാട്ടനിയന്ത്രണവും നിരോധനവും ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ബാധകമാണെന്ന് നിയമജ്ഞര്‍ പറയുന്നു. ഇന്ത്യയിലെ നിരോധനമൊന്നും ചൂതാട്ടക്കാര്‍ക്ക് പ്രശ്നമല്ല. വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി ചൂതാട്ട സൈറ്റുകളില്‍ ഒന്നാണ് ബെറ്റ്365. ലാഡ്ബ്രോക്സ്, വില്യംഹില്‍, ബെറ്റ്ഫെയര്‍, ബെറ്റ്ചിക്ക് തുടങ്ങിയ സൈറ്റുകളുമുണ്ട്. എങ്കിലും ഐപിഎല്‍ പന്തയക്കാര്‍ക്ക് പ്രിയം ബെറ്റ് 365 തന്നെ. ഇവിടെ രൂപയിലൂടെതന്നെ പന്തയഇടപാടുകള്‍ നടത്താം. വിദേശകറന്‍സി വേണ്ട. പന്തയത്തില്‍ പങ്കുകൊള്ളാന്‍ ആഗ്രഹിക്കുന്നവര്‍ സൈറ്റില്‍ പ്രവേശിച്ച് പേരും വിലാസവുമൊക്കെ രേഖപ്പെടുത്തി അക്കൌണ്ട് തുറന്നാല്‍ മതി. കളി ക്രിക്കറ്റായതിനാല്‍ പന്തയത്തിന് പല രൂപങ്ങളുണ്ട്. ആര് ജയിക്കും എന്നതു തന്നെ പ്രധാനം. ടോസ് ആര്‍ക്ക് ലഭിക്കും, കൂടുതല്‍ റണ്‍സ് നേടുന്നവര്‍, വിക്കറ്റ് എടുക്കുന്നവര്‍, എത്ര സിക്സര്‍, എത്ര ബൌണ്ടറി തുടങ്ങി പന്തയത്തിന് സാധ്യതകള്‍ ഏറെ. ഏറ്റവും ഒടുവില്‍ കേട്ട പന്തയവിഷയം ലളിത് മോഡി ഐപിഎല്‍ കമീഷണര്‍സ്ഥാനം രാജിവയ്ക്കുമോ ഇല്ലയോ എന്നതായിരുന്നു. ടെന്‍ഡുല്‍ക്കര്‍ ഫൈനല്‍ കളിക്കുമോയെന്നതും പന്തയത്തിന് വന്നു.

പന്തയത്തിന് ഇന്ത്യ കേന്ദ്രമായി സൈറ്റുകളില്ലെങ്കിലും പന്തയത്തിന്റെ സാധ്യതകളും സൂചനകളുമൊക്കെ നല്‍കുന്ന 'സഹായ'സൈറ്റുകള്‍ ഒട്ടേറെയുണ്ട്. ഐപിഎല്‍ ബെറ്റ്, ഇന്ത്യാബെറ്റ് തുടങ്ങിയവ ഉദാഹരണം. ഒരു ഐപിഎല്‍ കളിയില്‍ എണ്ണൂറ് കോടിയോളം രൂപയുടെ പന്തയം ഇന്ത്യയിലും വിദേശത്തുമായി നടക്കുന്നുണ്ടെന്നാണ് കോഴഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഐപിഎല്‍ മൂന്നാംപതിപ്പില്‍ മൊത്തം അമ്പതിനായിരം കോടിയോളം രൂപയുടെ ചൂതാട്ടം നടന്നതായാണ് കണക്ക്. ഇതിനുപുറമെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചൂതാട്ട സംഘങ്ങളുമുണ്ട്. ഇന്ത്യയില്‍ മുംബൈയും വിദേശത്ത് ദുബായിയുമാണ് പ്രധാന കേന്ദ്രങ്ങള്‍. അധോലോകത്തിന്റെ ശക്തമായ പിന്തുണയോടെയാണ് ചൂതാട്ടക്കാരുടെ പ്രവര്‍ത്തനം. ഐപിഎല്‍ കളിക്കിടെ ബംഗളൂരു സ്റ്റേഡിയത്തില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ മുംബൈയിലെ ചൂതാട്ട സംഘങ്ങളാണോയെന്ന സംശയം ശക്തമാണ്. ബംഗളൂരുവില്‍ നിശ്ചയിച്ച സെമിഫൈനല്‍ മത്സരങ്ങള്‍ പന്തയക്കാരുടെ പ്രിയനഗരമായ മുംബൈയിലേക്ക് മാറ്റുന്നതിനു വേണ്ടിയാണ് സ്ഫോടനങ്ങളെന്നാണ് ആരോപണം.

ഐപിഎല്ലിനു പിന്നിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന ആദായനികുതി വകുപ്പ് കേന്ദ്രത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ചൂതാട്ടവിപണി ഐപിഎല്ലിനെ വലിയ ഒത്തുകളി കേന്ദ്രമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പല ഇന്ത്യന്‍ താരങ്ങളും വിദേശതാരങ്ങളും ഒത്തുകളിയില്‍ പങ്കാളികളാണെന്നാണ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ പല താരങ്ങളുടെയും പതനം തീര്‍ച്ച. ഇന്ത്യന്‍ ക്രിക്കറ്റിനുതന്നെ ഇതുവലിയ തിരിച്ചടിയാകുമെന്നതിനാല്‍ റിപ്പോര്‍ട്ട് മൂടിവയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായാണ് സൂചന. ഐപിഎല്‍ ചൂതാട്ടത്തിനു പിന്നിലും ലളിത് മോഡിയാണെന്ന തരത്തിലാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മോഡിയുടെ സൃഹൃത്തും ഡല്‍ഹിയിലെ ഉന്നതവൃത്തങ്ങളിലെ പ്രമുഖനുമായ സമീര്‍ തുക്റാളാണ് ചൂതാട്ടത്തിനു പിന്നിലെന്നാണ് ആരോപണം. എല്ലാ ഐപിഎല്‍ മത്സരങ്ങളിലും വിഐപി ലോഞ്ചില്‍ തുക്റാളിന്റെ സാന്നിധ്യമുണ്ടാകും. ഐപിഎല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നപ്പോഴും തുക്റാളുണ്ടായിരുന്നു. പുറത്തു പറയാവുന്ന ബിസിനസോ ജോലിയോ ഇല്ലാത്ത തുക്റാള്‍ ആഡംബരപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്. ചൂതാട്ടമാണ് ഒത്തുകളിക്ക് വഴിയൊരുക്കുന്നതെന്ന് പത്തുവര്‍ഷം മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച ഒത്തുകളി വിവാദം അന്വേഷിച്ച മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ കെ മാധവന്‍ പറഞ്ഞു. ഒത്തുകളിയും വാതുവയ്പും തമ്മില്‍ വലിയ ബന്ധമുണ്ട്. എല്ലാം അനധികൃതമായി നടക്കുന്നതുകൊണ്ടാണ് ഒത്തുകളിയിലേക്കും മറ്റും കാര്യങ്ങള്‍ നീങ്ങുന്നത്- മാധവന്‍ അഭിപ്രായപ്പെടുന്നു.

ദേശാഭിമാനി ഡല്‍ഹി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം പ്രശാന്ത് തയ്യാറാക്കിയ പരമ്പരയിലെ 4,5,6 ഭാഗങ്ങള്‍

പരമ്പരയിലെ അവസാ‍ന ഭാഗം

ലളിത് മോഡി റിട്ടയേര്‍ഡ് ഹര്‍ട്ട്

3 comments:

  1. ഐപിഎല്ലിലെ പുതിയ ടീമുകളെ നിശ്ചയിക്കുന്നതിനുള്ള നിര്‍ണായക ലേലത്തിന് രണ്ടുദിവസംമുമ്പ് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിന്റെ ഓഫീസില്‍നിന്ന് വിദേശസഹമന്ത്രി ശശി തരൂരിന് അടിയന്തര ഇ-മെയില്‍ ലഭിച്ചു. രാത്രി പത്തിന് തിരക്കിട്ട് മെയില്‍ അയച്ചത് പട്ടേലിന്റെ പേഴ്സണല്‍ സെക്രട്ടറി ചമ്പ ഭരദ്വാജ്. വിഷയം ഐപിഎല്‍ ലേലം. ഐപിഎല്‍ ടീം സ്വന്തമാക്കിയാലുള്ള ലാഭനഷ്ട കണക്കുകളാണ് പട്ടേല്‍ തരൂരിന് എത്തിച്ചുകൊടുത്തത്. പട്ടേല്‍ അയച്ച കണക്കുപ്രകാരം ഐപിഎല്‍ ടീം ലാഭത്തിലെത്താന്‍ പത്തുവര്‍ഷമെടുക്കും. ഇക്കാലയളവില്‍ 612 കോടിയുടെ നഷ്ടം പ്രതീക്ഷിക്കാം. ഐപിഎല്‍ അത്ര ലാഭമുള്ള ബിസിനസല്ല പിന്മാറുന്നതാകും നല്ലതെന്നായിരുന്നു 'ഉപദേശം'. പട്ടേലിന്റെ 'താല്‍പ്പര്യ'ങ്ങള്‍ നന്നായി അറിയുന്ന തരൂര്‍ പിന്‍മാറുന്നതിനു പകരം ലേലത്തില്‍ ഒരു മുഴം നീട്ടിയെറിഞ്ഞു. വീഡിയോക്കോണ്‍, അദാനി ഗ്രൂപ്പുകളെ പിന്തള്ളി കൊച്ചി ടീമിനായി റൊന്ദേവു കണ്‍സോര്‍ഷ്യം ലേലം പിടിച്ചു. തരൂരിനെ പിന്തിരിപ്പിക്കാന്‍ പട്ടേല്‍ ശ്രമിച്ചതിന്റെ വസ്തുതകള്‍ അന്വേഷിച്ചാല്‍ ഐപിഎല്‍ കമ്പോളത്തില്‍ ഖദര്‍ധാരികള്‍ നടത്തുന്ന നാണംകെട്ട ഇടപെടലുകള്‍ ഒന്നൊന്നായി പുറത്തുവരും.

    ReplyDelete
  2. ഇത്രയും വലിയ നാണംകെട്ട കളികൾ നടക്കുന്ന I.P.L കേരളത്തിന്‌ വേണ്ടായെന്ന്‌ കാരാട്ട്‌... സന്തോഷം, കേരളമെങ്ങിലും രക്ഷപെടുമല്ലോ!

    എന്നാൽ പിന്നെ I.P.L ബംഗാളിനും വേണ്ടായെന്ന്‌ പറഞ്ഞ്‌ ബംഗാളിനേയും ഒന്ന്‌ രക്ഷിച്ചൂടെ നമ്മുടെ സഖാവിന്‌?

    ReplyDelete
  3. ഇത്രയും വലിയ നാണംകെട്ട കളികൾ നടക്കുന്ന I.P.L കേരളത്തിന്‌ വേണ്ടായെന്ന്‌ കാരാട്ട്‌... സന്തോഷം,പക്ഷേ
    കേരളം മാത്രം രക്ഷപ്പെട്ടാൽ മതിയോ സഖാവേ?

    ReplyDelete