മണ്ണഞ്ചേരി ആദ്യ തരിശുരഹിത പഞ്ചായത്തായി
കാര്‍ഷികമേഖലയിലെ സമഗ്രവും അര്‍ഥപൂര്‍ണവുമായ നേട്ടങ്ങളിലൂടെ മാരാരിക്കുളം മണ്ഡലത്തിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ പ്രഥമ തരിശുരഹിത ഗ്രാമപഞ്ചായത്ത് എന്ന പദവി നേടി. പഞ്ചായത്തില്‍ പതിറ്റാണ്ടുകളായി തരിശു കിടന്ന 600 ഏക്കര്‍ വയലുകളില്‍ നെല്ലും പച്ചക്കറിയും മറ്റു ഇടവിളകളും കൃഷി ചെയ്താണ് മണ്ണഞ്ചേരി ചരിത്രത്തിന്റെ ഭാഗമായത്. കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ ആയിരങ്ങളെ സാക്ഷിയാക്കി പഞ്ചായത്തിനെ തരിശുരഹിത നെല്‍വയല്‍ ഗ്രാമമായി പ്രഖ്യാപിച്ചു. വേമ്പനാട് കായലിന്റെ ഓരംപറ്റി കിടക്കുന്ന ഈ തീരദേശ പഞ്ചായത്തിലെ ജനകീയ കൂട്ടായ്മക്കുള്ള സാര്‍ഥകമായ അംഗീകാരം കുടിയായി ഇത്. ഇതോടനുബന്ധിച്ചു ചേര്‍ന്ന പൊതുസമ്മേളനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിര്‍വഹിച്ചു. സുസ്ഥിര സമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി ഐസക് നിര്‍വഹിച്ചു.
മണ്ണഞ്ചേരിയില്‍ വിജയം കണ്ടത് കൂട്ടായ നീക്കം
സംസ്ഥാന കൃഷിവകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും പഞ്ചായത്ത് ഭരണസമിതിയും സംയുക്തമായി രൂപം നല്‍കിയ ആശയത്തിന്റെ വിജയമാണ് മണ്ണഞ്ചേരിയെ സമ്പൂര്‍ണ തരിശുരഹിത ഗ്രാമമാക്കിയത്. കേന്ദ്രാവിഷ്കൃത പദ്ധതിയും സംസ്ഥാന-പഞ്ചായത്തുതല പദ്ധതികളും ഇതിനായി സമര്‍ഥമായി സംയോജിപ്പിച്ചു. കൃഷി ശാസ്ത്രജ്ഞരും ഗ്രാമീണ കര്‍ഷകരും ജനപ്രതിനിധികളും പദ്ധതി നടത്തിപ്പിനു ആവേശപൂര്‍വും ചുക്കാന്‍ പിടിച്ചു. 25 ഏക്കര്‍ വരുന്ന പറവെയ്ക്കല്‍ കരിയിലാണ് ആദ്യം നെല്‍കൃഷി ഇറക്കിയത്. 200 ഏക്കര്‍ വരുന്ന പെരുന്തുരുത്ത് കരി, 35 ഏക്കറോളംമുള്ള തെക്കേക്കരി, 16 ഏക്കര്‍വീതം വരുന്ന മാങ്കരി, ചിരട്ടക്കാട് കരി തുടങ്ങി 600 ഏക്കര്‍ പാടത്ത് പൊന്നിന്‍ കതിരുകളും പച്ചക്കറിയും മുറ്റു ഇടവിളകളും വളിഞ്ഞു. 700 ടണ്‍ പച്ചക്കറിയും ഉല്‍പാദിപ്പിച്ചു.
പെരുന്തുരുത്ത് കരിയിലെ വിളവെടുപ്പു മഹോത്സവം ശനിയാഴ്ച രാവിലെ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരിയെ സംസ്ഥാനത്തെ ആദ്യ തരിശുരഹിത ഗ്രാമമായി മന്ത്രി മുല്ലക്കര പ്രഖ്യാപിച്ചുമ്പോള്‍ ആയിരക്കണക്കിനു കണ്ഠങ്ങള്‍ ആ പ്രതിജ്ഞ ഏറ്റു ചൊല്ലി.സംസ്ഥാനത്ത് കാര്‍ഷികമേഖലയിലെ സമഗ്രമായ നേട്ടങ്ങള്‍ക്കു അഞ്ചു ഗ്രാമപഞ്ചായത്തുകള്‍ അര്‍ഹമായി എന്നു മന്ത്രി മുല്ലക്കര രത്നാകരന്‍ പ്രഖ്യാപിച്ചു. കടപ്ര (പത്തനംതിട്ട ജില്ല), പാലമേല്‍, മണ്ണഞ്ചേരി (ആലപ്പുഴ), ആദവനാട്, എടരിയക്കോട് (മലപ്പുറം) എന്നീ പഞ്ചായത്തുകളാണ് ഈ നേട്ടം കൈവരിച്ചത്. പത്തുലക്ഷത്തില്‍ കുറയാത്ത തുക ഇവയ്ക്കോരോന്നിനും അടുത്ത ചിങ്ങപ്പിറവിയോടെ നല്‍കുമന്നും മുല്ലക്കര പറഞ്ഞു. പ്രഖ്യാപനത്തോടനുബന്ധിച്ച് ഏപ്രില്‍ ഒമ്പതുവരെ കാര്‍ഷിക- വ്യവസായ പ്രദര്‍ശനവും വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും
ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് കേന്ദ്ര- സംസ്ഥാന സഹകരണം വേണം: തോമസ് ഐസക്
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ വിജയത്തിനു കേന്ദ്ര- സംസ്ഥാന പദ്ധതികളുടെ സമഗ്രമായ സംയോജനം ഉണ്ടാകണമെന്നു ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. അധികാര വികേന്ദ്രീകരണം അര്‍ഥപൂര്‍ണമായി നടപ്പാകാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ തരിശുരഹിത ഗ്രാമമായി പ്രഖ്യാപിക്കുന്നതിനു ചേര്‍ന്ന സമ്മേളനവും സംസ്ഥാനതല സുസ്ഥിര സമൃദ്ധി പദ്ധതിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി ഐസക്.
കേന്ദ്രം തരുന്ന ഫണ്ട് ഇത്തരം കാര്യങ്ങള്‍ക്കു വിനിയോഗിക്കാമോ എന്നു പലരും സംശയം ഉന്നയിക്കുന്നു. വികേന്ദ്രീകൃത ആസൂത്രണം എന്തെന്നു അറിയാത്തവരാണിവര്‍. ഈ സംശയം നിലനില്‍ക്കമ്പോള്‍ തന്നെയാണ് വിവിധ വകുപ്പുകളുടെ ഏകോപനംവഴി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിച്ചത്. വികേന്ദ്രീകൃത ആസൂത്രണം മുകളിലെ പഠനത്തില്‍ മാത്രം ഒതുക്കരുത്. താഴേത്തട്ടിലുള്ള അനുഭവസമ്പത്തും മുകളിലെ പഠനവും കോര്‍ത്തിണക്കി കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാനാകണം. ഇതിനു കൃഷിശാസ്ത്രജ്ഞര്‍ക്കു വലിയ പങ്കുണ്ട്. അവരുടെ പഠനം പ്രബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഒതുങ്ങാതെ താഴേക്കു പകരാനാകണം. ഈ സവേദനരീതിയിലൂടെ മാത്രമെ വികസനവിപ്ളവം സാധ്യമാകൂ എന്നും ഐസക് പറഞ്ഞു.
2012 മാര്‍ച്ചോടെ കേരളത്തെ സമ്പൂര്‍ണ തരിശുരഹിത സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നു കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. എല്ലാവരുടെയും കൂട്ടായ ശ്രമവും വിവിധ പദ്ധതികളുടെ ഏകോപനവും കാര്‍ഷിക മുന്നേറ്റത്തിനു അനിവാര്യമാണ്. രാജ്യം ഭക്ഷ്യസുരക്ഷാ ഭീഷണിയിലേക്കു നീങ്ങുകയാണെന്നു പ്രധാനമന്ത്രിതന്നെ സമ്മതിച്ചു. 2012ല്‍ 20 ദശലക്ഷം പേര്‍ പട്ടിണിയിലേക്കു എറിയപ്പെടും. ഈ സാഹചര്യം മുന്നില്‍കണ്ടുള്ള മാറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മുക്കര പറഞ്ഞു.
'കര്‍ഷകര്‍ക്കൊപ്പം ശാസ്ത്രജ്ഞര്‍' പദ്ധതിക്ക് മണ്ണഞ്ചേരിയില്‍ തുടക്കം
കേരള കാര്‍ഷിക സര്‍വലാശാലയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കൊപ്പം ശാസ്ത്രജ്ഞര്‍ പരിപാടിക്ക് മണ്ണഞ്ചേരിയില്‍ തുടക്കമായി. കര്‍ഷകരും ശാസ്ത്രജ്ഞരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിദ്യാര്‍ഥികളും അടങ്ങുന്ന സംഘം ഗ്രാമപഞ്ചായത്തിന്റെ ഓരോ വാര്‍ഡും സന്ദര്‍ശിച്ച് കാര്‍ഷിക വികസന സാധ്യതകള്‍ വിലയിരുത്തുന്ന പരിപാടി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ആര്‍ വിശ്വംഭരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക സഹായത്തോടെ മണ്ണ്, കാലാവസ്ഥ, ഭൂപ്രകൃതി, കാര്‍ഷിക ആവാസവ്യവസ്ഥ എന്നിവ ശാസ്ത്രീയമായി വിശകലനം ചെയ്ത് പ്രദേശത്തിന് യോജിച്ച തീവ്രകാര്‍ഷിക വികസന പരിപാടികള്‍ മണ്ണഞ്ചേരിയില്‍ ആവിഷ്കരിക്കും. കാര്‍ഷിക സര്‍വകലാശാല രൂപം നല്‍കിയ സുസ്ഥിരസമൃദ്ധി എന്ന പരിപാടിയുമായി സഹകരിച്ചാണ് ഗ്രാമപഞ്ചായത്ത് പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. തദ്ദേശ ഭരണപദ്ധതികള്‍ ആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ നടപ്പാക്കുന്നതിന് ശാസ്ത്രജ്ഞരുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സുസ്ഥിര സമൃദ്ധിയുടെ ലക്ഷ്യം. കര്‍ഷകര്‍ക്കൊപ്പം ശാസ്ത്രജ്ഞര്‍ എന്ന കൃഷിയിട സന്ദര്‍ശന പരിപാടി ഇതിന്റെ ആദ്യഘട്ടമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എ എം ഹനീഫ്, വൈസ് പ്രസിഡന്റ് പി രഘുനാഥ്, ജില്ലാ പഞ്ചായത്തംഗം ആര്‍ റിയാസ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി ഗോപാലകൃഷ്ണപിള്ള, കൃഷി ഓഫീസര്‍ റെജിമോള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തകഴി പറഞ്ഞു; സംവത്സരങ്ങള്‍ക്കുശേഷം ഉദ്യോഗസ്ഥര്‍ പാടത്ത്
കുട്ടനാടിന്റെ കഥാകാരന്‍ തകഴി ഒരിക്കല്‍ പറഞ്ഞു- 'കൃഷി ഉദ്യോഗസ്ഥര്‍ കോപ്പ (പാന്റ്സ്) അഴിച്ച് പാടത്തിറങ്ങണം'. കേട്ടിരുന്ന കൃഷി ഉദ്യോഗസ്ഥരില്‍ പലരും ചിരിച്ചുതള്ളി. എന്നാല്‍ വര്‍ഷം പലതു പിന്നിട്ടപ്പോള്‍ ആ വാക്കുകള്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാവര്‍ത്തികമാക്കുകയാണ്. കര്‍ഷകരോടൊപ്പം വീടുകളില്‍ താമസിച്ച് കൃഷിരീതികള്‍ പഠിക്കുന്നതിനും അറിവുകള്‍ പകര്‍ന്നുനല്‍കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി സര്‍വകലാശാല ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിച്ച 'കര്‍ഷകര്‍ക്കൊപ്പം ശാസ്ത്രജ്ഞര്‍' എന്ന പരിപാടിയിലൂടെയാണ് ഇത് നടപ്പാക്കുന്നത്.
സംസ്ഥാനത്തെ ആദ്യത്തെ തരിശുരഹിത നെല്‍വയല്‍ ഗ്രാമമായി പ്രഖ്യാപിച്ച മണ്ണഞ്ചേരിയില്‍ ബുധനാഴ്ച ഇതിന് തുടക്കമായി. വൈകിട്ട് നാലോടെ കാവുങ്കല്‍ ഗ്രാമത്തിലെ പാടവരമ്പുകളിലൂടെ നടന്നുവന്ന സംഘത്തെ ഗ്രാമവാസികള്‍ കൌതുകത്തോടെ നോക്കിനിന്നു. ഇവിടത്തെ യുവകര്‍ഷകനായ കൊല്ലശേരി തങ്കച്ചന്റെ വീട്ടിലേക്കാണ് യാത്ര. കൂട്ടത്തില്‍ തങ്കച്ചനും. ഐഎഎസുകാരന്റെ പത്രാസുകളൊന്നുമില്ലാതെ ഒരാള്‍ സംഘത്തിലുണ്ട്. കര്‍ഷകന്‍കൂടിയായ കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ആര്‍ വിശ്വംഭരനാണ് അതെന്ന് സമീപവാസികള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. തങ്കച്ചന്റെ വീട്ടിലെത്തിയ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തങ്കച്ചന്റെ ഭാര്യ സന്ധ്യയും മക്കളായ ആര്യ, ആദര്‍ശ് എന്നിവര്‍ ഇളനീര്‍ നല്‍കി സ്വീകരിച്ചു. കുടുംബാംഗങ്ങളെ പരിചയപ്പെട്ട സംഘം നേരെ തങ്കച്ചന്റെ കൃഷിയിടത്തിലേക്ക്. പാടംനിറയെ മരച്ചീനിയും മത്തനും പച്ചക്കറികളും. കൃഷിരീതികളെക്കുറിച്ച് മനസ്സിലാക്കുന്നതിനിടയില്‍ സമീപവാസിയും കര്‍ഷകത്തൊഴിലാളിയുമായ പണിക്കാപറമ്പ്വെളി പത്മനാഭന്‍ (75) വൈസ് ചാന്‍സലറെ കാണാനെത്തി. പ്രകൃതിയുടെ തലതിരിവുമൂലം പെരുന്തുരുത്ത് കരിയില്‍ നെല്‍കൃഷിയുടെ വിളവ് കുറഞ്ഞതിന്റെ ആശങ്കയുമായാണ് പത്മനാഭന്‍ വൈസ് ചാന്‍സലറെ സമീപിച്ചത്.
പിന്നീട് പാടവരമ്പില്‍ ഒത്തുചേര്‍ന്ന സംഘം പത്മനാഭന്റെ കാര്‍ഷികാനുഭവങ്ങളില്‍ ലയിച്ചു. തങ്കച്ചന്റെ കൃഷിയിടത്തില്‍നിന്നും പറിച്ചെടുത്ത വലിയ മത്തങ്ങ വൈസ് ചാന്‍സലര്‍ സംഘാംഗമായ മണ്ണഞ്ചേരി ഹൈസ്കൂളിലെ ഏഴാംക്ളാസ് വിദ്യാര്‍ഥി പേനത്തുവെളി ഷിഹാബിന് സമ്മാനിച്ചു. പിന്നീട് തങ്കച്ചന്റെ വീട്ടുമുറിയില്‍ കാര്‍ഷികചര്‍ച്ചകള്‍ സജീവം. ഒന്നാരയേക്കറിലേറെ സ്ഥലത്ത് നെല്ലും പച്ചക്കറികളും മാറിമാറി കൃഷിചെയ്ത് ഒരുസീസണില്‍ 35,000ത്തിലേറെ രൂപയുടെ വരുമാനം തനിക്ക് ലഭിക്കുന്നുണ്ടെന്ന് തങ്കച്ചന്‍ പറഞ്ഞു. പ്രൊഫ. എം കെ ഷീല, കോട്ടയം കൃഷി വിജ്ഞാനകേന്ദ്രത്തിലെ അധ്യാപിക വന്ദന, തിരുവല്ല കാര്‍ഷികഗവേഷണകേന്ദ്രത്തിലെ അധ്യാപിക സജീന, കാര്‍ഷിക കോളേജ് വിദ്യാര്‍ഥിനികളായ ആശാ വി പിള്ള, സ്നേഹ എസ് മോഹനന്‍, ഷിഹാബ്, രണ്ടാംവാര്‍ഡ് പഞ്ചായത്തംഗം ഗിരിജാ ഗോപി എന്നിവര്‍ ചര്‍ച്ചകള്‍ സജീവമാക്കി. വൈകിട്ട് സംഘാംഗങ്ങളും വീട്ടുകാരും ഒന്നിച്ചിരുന്ന് കഞ്ഞിയും കപ്പകുഴച്ചതും കഴിച്ചു. ഇവര്‍ വ്യാഴാഴ്ച രാവിലെ ആറോടെ തങ്കച്ചന്റെയും സമീപത്തെയും കൃഷിയിടങ്ങളില്‍ ഇറങ്ങി കൃഷിപ്പണികള്‍ ചെയ്യും. വാര്‍ഡുതല കാര്‍ഷികവികസന സാധ്യതകളും വിലയിരുത്തും. ഇത്തരത്തില്‍ 25 സംഘങ്ങള്‍ മണ്ണഞ്ചേരിയിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുടെ വീടുകളില്‍ ഒരുദിവസം താമസിക്കും. ഇവരുടെ കാര്‍ഷികാനുഭവങ്ങള്‍ വ്യാഴാഴ്ച പകല്‍ രണ്ടിന് പങ്കുവയ്ക്കും. തന്റെ ജീവിതത്തിലെ എഴുതപ്പെടുന്ന ദിവസമായിരിക്കും മണ്ണഞ്ചേരിയിലെ അനുഭവങ്ങളെന്ന് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ആര്‍ വിശ്വംഭരന്‍ പറഞ്ഞു.
ദേശാഭിമാനി വാര്‍ത്തകള്‍
കുട്ടനാടിന്റെ കഥാകാരന്‍ തകഴി ഒരിക്കല്‍ പറഞ്ഞു- 'കൃഷി ഉദ്യോഗസ്ഥര്‍ കോപ്പ (പാന്റ്സ്) അഴിച്ച് പാടത്തിറങ്ങണം'. കേട്ടിരുന്ന കൃഷി ഉദ്യോഗസ്ഥരില്‍ പലരും ചിരിച്ചുതള്ളി. എന്നാല്‍ വര്‍ഷം പലതു പിന്നിട്ടപ്പോള്‍ ആ വാക്കുകള്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാവര്‍ത്തികമാക്കുകയാണ്. കര്‍ഷകരോടൊപ്പം വീടുകളില്‍ താമസിച്ച് കൃഷിരീതികള്‍ പഠിക്കുന്നതിനും അറിവുകള്‍ പകര്‍ന്നുനല്‍കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി സര്‍വകലാശാല ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിച്ച 'കര്‍ഷകര്‍ക്കൊപ്പം ശാസ്ത്രജ്ഞര്‍' എന്ന പരിപാടിയിലൂടെയാണ് ഇത് നടപ്പാക്കുന്നത്.
ReplyDelete