തരൂര്‍ കുഴപ്പത്തില്‍
കൊച്ചി ഐപിഎല്‍ ടീം ഓഹരി വിവാദത്തില്‍ വിദേശസഹമന്ത്രി ശശി തരൂര്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്. ടീം ലേലത്തില്‍ ബിസിനസുകാരെ സംഘടിപ്പിക്കാന്‍ തരൂര്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. തരൂരിന്റെ പ്രതിശ്രുത വധുവെന്നു കരുതുന്ന സുനന്ദ പുഷ്കറിന് കൊച്ചി ഐപിഎല്‍ ടീമിന്റെ ഉടമസ്ഥതയില്‍ 70 കോടിയുടെ ഓഹരി ലഭിച്ചത് എങ്ങനെയെന്ന ചോദ്യമാണ് മുഖ്യമായും ഉയരുന്നത്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തി. തരൂരിനെ ആദ്യം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് പിന്നീട് കൈയൊഴിഞ്ഞു. ബിജെപി തരൂരിന്റെ രാജി ആവശ്യപ്പെട്ടു. പ്രശ്നത്തിന് രാഷ്ട്രീയമാനം കൈവന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശമന്ത്രി എസ് എം കൃഷ്ണയെയും ബിസിസിഐ വക്താവും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ളയെയും വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ചൊവ്വാഴ്ച രാവിലെ കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമദ് തരൂരിനെ ന്യായീകരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പിന്നീട് മുതിര്‍ന്ന വക്താവ് ജനാര്‍ദന്‍ ദ്വിവേദി ഇക്കാര്യത്തില്‍ തരൂരാണ് സ്വന്തം ഭാഗം ന്യായീകരിക്കേണ്ടതെന്ന് പ്രതികരിച്ചു.
ടീമിനെ ലേലത്തില്‍ പിടിക്കാന്‍ തരൂര്‍ നടത്തിയ ഉപജാപങ്ങള്‍ക്ക് പ്രതിഫലമായാണ് റൊന്ദേവൂ കസോര്‍ഷ്യത്തിന് 25 ശതമാനം ഓഹരി സൌജന്യമായി ലഭിച്ചത്. ടീമിലെ മറ്റ് ഓഹരി ഉടമകളുമായി ബന്ധമില്ലാത്ത സുനന്ദയ്ക്ക് ഇതില്‍ 70 കോടിയുടെ ഓഹരിയും നല്‍കി. ഐപിഎല്‍ കമീഷണര്‍ ലളിത് മോഡിതന്നെ ഇക്കാര്യം പുറത്തുവിട്ടതോടെ തരൂരിന് പ്രതികരിക്കാതിരിക്കാന്‍ കഴിയാതെ വന്നു. സുനന്ദയൊന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെ ഇവരുമായുള്ള ബന്ധം തരൂരിന് നിഷേധിക്കാന്‍ കഴിയാതായി. സുനന്ദയെ തനിക്ക് നന്നായി അറിയാമെന്ന് തരൂര്‍ തിങ്കളാഴ്ച സമ്മതിച്ചു. അതേസമയം കൊച്ചി ടീമിനുവേണ്ടി നടത്തിയ നീക്കങ്ങള്‍ക്കു പിന്നില്‍ തനിക്ക് സാമ്പത്തിക താല്‍പ്പര്യമൊന്നുമില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. കൊച്ചി ടീമിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനാണ് മോഡി ശ്രമിച്ചതെന്ന് തരൂര്‍ ആരോപിക്കുകയുംചെയ്തു. മറ്റൊരു നഗരത്തിന് ടീം ലഭിക്കണമെന്നായിരുന്നു മോഡിയുടെ താല്‍പ്പര്യം. ഇത് നടക്കാതെ വന്നതോടെയാണ് ആരോപണങ്ങളുമായി രംഗത്തുവന്നത്. തന്റെ വ്യക്തിജീവിതത്തെ ബാധിക്കുന്ന വിധത്തിലുള്ള ആരോപണങ്ങളും ഇതിന്റെ ഭാഗമാണ്. കൊച്ചി ടീമിന്റെ ഉടമകള്‍ ആരൊക്കെയെന്ന് ചോദിക്കരുതെന്ന് താന്‍ ഫോണില്‍ പറഞ്ഞെന്ന ആക്ഷേപം ശരിയല്ല -തരൂര്‍ പറഞ്ഞു.
പ്രശ്നം ചര്‍ച്ചചെയ്യാന്‍ പത്തുദിവസത്തിനകം ഐപിഎല്‍ ഗവേണിങ് ബോഡി യോഗം ചേരുമെന്ന് ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ പറഞ്ഞു. ട്വിറ്ററിലൂടെയും മറ്റും മോഡി നടത്തിയ പ്രതികരണങ്ങളെ മനോഹര്‍ വിമര്‍ശിച്ചു. സുനന്ദയ്ക്ക് 70 കോടി ഓഹരി ലഭിക്കുന്നതിന് തരൂര്‍ മന്ത്രിപദവി ദുര്‍വിനിയോഗംചെയ്തെന്ന ആരോപണമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ബൊഫോഴ്സ് കേസില്‍ ഹര്‍ജിക്കാരനായ അജയ് അഗര്‍വാള്‍ എന്ന അഭിഭാഷകനാണ് തരൂരിനെതിരെ പരാതിപ്പെട്ടത്. ഹര്‍ജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും. തരൂര്‍ നടത്തിയത് അഴിമതിയാണെന്നും അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കൊച്ചി ടീമിന് തരൂര്‍ ചെയ്തുകൊടുത്ത സേവനത്തിന് പ്രതിഫലമായാണ് അവര്‍ക്ക് ഓഹരി കിട്ടിയത് -ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഓഹരിവിവരങ്ങള്‍ പരസ്യപ്പെടുത്തിയ മോഡിക്കെതിരെ വക്കീല്‍നോട്ടീസ് അയക്കുമെന്ന് കൊച്ചി ടീം ഉടമകളായ റൊന്ദേവൂ കസോര്‍ഷ്യം അറിയിച്ചു. ബിസിസിഐക്ക് ഇവര്‍ പരാതി നല്‍കി.
(എം പ്രശാന്ത്)
കോണ്‍ഗ്രസിന് വീണ്ടും തലവേദന
കേന്ദ്രമന്ത്രിസഭയില്‍ എത്തിയതുമുതല്‍ നിരന്തരം പ്രശ്നം സൃഷ്ടിക്കുന്ന ശശി തരൂര്‍ കാമുകിയുമായി ചേര്‍ന്ന് ഉണ്ടാക്കിയ പുതിയ വിവാദം കോണ്‍ഗ്രസിന് വീണ്ടും തലവേദനയായി. സ്വന്തം ചുമതലയായ വിദേശമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെയാണ് തരൂര്‍ വിവാദങ്ങളില്‍നിന്ന് വിവാദങ്ങളിലേക്ക് ചാടുന്നത്. ഐപിഎല്‍ കേരള ടീമില്‍ കാമുകിവഴി തരൂര്‍ പണംമുടക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡിനെ വല്ലാതെ അലട്ടുന്നത്. വിവാദങ്ങളും പരാതികളും പരിശോധിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശമന്ത്രി എസ് എം കൃഷ്ണയെയും ബിസിസിഐ വക്താവും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ളയെയും വസതിയില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൃഷ്ണ തയ്യാറായില്ല. തരൂരിന്റെ പ്രവര്‍ത്തനങ്ങളാണ് ഇരുവരും ചര്‍ച്ചചെയ്തതെന്നാണ് സൂചന. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം മന്ത്രിസഭയിലെത്തിയ തരൂര്‍ സ്വന്തമായ നിലയ്ക്കാണ് പല പ്രവര്‍ത്തനവും നടത്തുന്നത്. പല നടപടിയും ദുരൂഹവുമാണ്. ഈ പോക്കിനെതിരെ പല കോണ്‍ഗ്രസ് നേതാക്കളും പരസ്യമായി രംഗത്തുവരികയുംചെയ്തു. എന്നാല്‍, സോണിയയും മന്‍മോഹന്‍സിങ്ങും ചേര്‍ന്ന് തരൂരിനെ സംരക്ഷിക്കുകയായിരുന്നു. ഐപിഎല്‍ വിവാദത്തിന്റെ വിശദാംശങ്ങള്‍ അറിയുന്നതതിനാണ് രാജ്യസഭാംഗംകൂടിയായ രാജീവ് ശുക്ളയെ സോണിയ വിളിച്ചുവരുത്തിയത്. കൊച്ചി ടീമിന്റെ കാര്യത്തില്‍ തരൂര്‍ കാട്ടുന്ന താല്‍പ്പര്യം, സുനന്ദയുമായുള്ള ബന്ധം, തരൂര്‍ പണം മുടക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ശുക്ളയോട് സോണിയ ആരാഞ്ഞതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, തരൂര്‍പ്രശ്നം സോണിയയുമായി ചര്‍ച്ചചെയ്തിട്ടില്ലെന്ന് രാജീവ് ശുക്ള അവകാശപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷയെന്ന നിലയില്‍ സോണിയയുമായുള്ള പതിവ് കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്നും ശുക്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സുനന്ദയ്ക്ക് 70 കോടിയുടെ സൌജന്യ ഓഹരി
ശശി തരൂരിന്റെ പ്രതിശ്രുത വധുവെന്നു കരുതുന്ന സുനന്ദ പുഷ്കറിന് കേരള ഐപിഎല്‍ ടീമില്‍ 70 കോടിയുടെ 'സൌജന്യ' ഓഹരി. കൊച്ചി കേന്ദ്രമായുള്ള ടീമിന്റെ പ്രൊമോട്ടര്‍മാരായ റൊന്ദേവു സ്പോര്‍ട്സ് വേള്‍ഡിന് ലഭിച്ച 25 ശതമാനം 'സൌജന്യ' ഓഹരിയുടെ ഒരു ഭാഗമാണിത്. ടീമിനെ ലേലത്തില്‍ വാങ്ങാനുള്ള പണം സംഘടിപ്പിക്കാന്‍ തരൂരിന്റെ ബലത്തില്‍ നടത്തിയ ഉപജാപങ്ങള്‍ക്ക് പ്രതിഫലമായാണ് റൊന്ദേവിനും അതുവഴി സുനന്ദയ്ക്കും 'സൌജന്യ ഓഹരികള്‍' ലഭിച്ചത്. റൊന്ദേവുവിനു പുറമെ ആങ്കര്‍ എര്‍ത്ത് (27 ശതമാനം), പരിനി ഡവലപ്പേഴ്സ് (26 ശതമാനം) എന്നീ കമ്പനികളാണ് കൊച്ചി ടീമിലെ മുഖ്യഓഹരി ഉടമകള്‍. ഫിലിം വേവ്സ് കമ്പൈന്‍ (12 ശതമാനം), ആനന്ദ്ഷാ എസ്റേറ്റ്സ് (എട്ടുശതമാനം), വിവേക് വേണുഗോപാല്‍ (ഒരുശതമാനം) എന്നിവരാണ് മറ്റ് ഓഹരി ഉടമകള്‍. സൌജന്യം കിട്ടിയ 25 ശതമാനത്തിനുപുറമെ ഒരു ശതമാനം ഓഹരി റൊന്ദേവു പണം മുടക്കി വാങ്ങിയിട്ടുമുണ്ട്. റൊന്ദേവുവിന് ലഭിച്ച 25 ശതമാനം സൌജന്യ ഓഹരിയില്‍ 75 ശതമാനം ഗെയ്ക്ക്വാദ് കുടുംബാംഗങ്ങള്‍ക്കാണ് നല്‍കിയത്. 19 ശതമാനമാണ് സുനന്ദയ്ക്കുള്ളത്. മറ്റുള്ളവര്‍ക്ക് ആറുശതമാനവും. തരൂരിന് നേരിട്ട് ഓഹരിയില്ല. ടീമിന്റെ മൊത്തം മുതല്‍മുടക്ക് 1533 കോടിയോളം രൂപയാണ്. ബോളിവുഡിനു പുറത്തുനിന്ന് 'സൌജന്യ' ഓഹരിയില്‍ ഐപിഎല്‍ ടീമിന്റെ ഉടമയായ ആദ്യയാളെന്ന നേട്ടമാണ് തരൂരിന്റെ ബലത്തില്‍ സുനന്ദക്ക് ലഭിച്ചത്. ഐപിഎല്‍ ലീഗില്‍ കാമുകന്മാരുടെ പണത്തിന്റെ ശക്തിയില്‍ പല ബോളിവുഡ് താരങ്ങളും ടീം ഉടമകളായി മാറിയിട്ടുണ്ട്. കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമ പ്രീതി സിന്റയും രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമ ശില്‍പ്പ ഷെട്ടിയും കാമുകന്മാരുടെ പണമെറിഞ്ഞാണ് കളിക്കുന്നത്. പ്രീതി സിന്റയ്ക്ക് പഞ്ചാബ് ടീമില്‍ ഓഹരി വാങ്ങിക്കൊടുത്തത് കാമുകനും വ്യവസായിയുമായ നെസ് വാഡിയയായിരുന്നു. വാഡിയയും പ്രീതിയും ഇപ്പോള്‍ പിണക്കത്തിലാണ്. എന്നാല്‍, പ്രീതി ടീമിന്റെ ഉടമസ്ഥത വിട്ടിട്ടില്ല. ശില്‍പ്പ ഷെട്ടി രാജസ്ഥാന്‍ റോയല്‍സ് ടീമിനെ സ്വന്തമാക്കിയത് കാമുകന്‍ രാജ്കുന്ദ്രയുടെ സാമ്പത്തികസഹായത്താലാണ്. കുന്ദ്ര പിന്നീട് ശില്‍പ്പയെ വിവാഹം കഴിക്കുകയും ചെയ്തു.
ഓഹരി ഉടമകളുടെ കാര്യത്തില്‍ ദുരൂഹത
കൊച്ചി ടീമിനുവേണ്ടി ഐപിഎല്ലില്‍ കോടികള്‍ എറിഞ്ഞത് ആരൊക്കെയെന്ന കാര്യത്തില്‍ ദുരൂഹത തുടരുന്നു. 1533 കോടി ആകെ ഓഹരിയുള്ള കൊച്ചി ഐപിഎല്‍ ടീമില്‍ 380 കോടിയോളം രൂപയാണ് സൌജന്യഓഹരിയായി റൊന്ദേവു സ്പോര്‍ട്സിന് നല്‍കിയത്. വിവിധ കമ്പനികളെ യോജിപ്പിച്ച് ടീം സ്വന്തമാക്കാന്‍ നടത്തിയ യത്നങ്ങള്‍ക്കുള്ള 'വിയര്‍പ്പുകൂലിയായാണ്' 25 ശതമാനം സൌജന്യഓഹരിയെന്ന് മറ്റ് ഓഹരി ഉടമകള്‍ പറയുന്നു. ഇരുപത്തഞ്ചുശതമാനം സൌജന്യ ഓഹരി 1000 ഓഹരികളാക്കി മാറ്റിയശേഷം വീതംവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതില്‍ സുനന്ദയ്ക്ക് 70 കോടി മൂല്യമുള്ള 190 ഓഹരി ലഭിച്ചു. ഗെയ്ക്ക്വാദ് കുടുംബത്തിന് (കിഷന്‍, പുഷ്പ, ശൈലേന്ദ്ര) 753 ഓഹരി ലഭിച്ചു. ഗെയ്ക്ക്വാദ് കുടുംബം നല്‍കിയിട്ടുള്ള മുംബൈ വിലാസത്തില്‍ ഓഹരിഉടമകളാരും താമസിക്കുന്നില്ല. രവി ഗെയ്ക്ക്വാദ് എന്നയാളുടെ പേരിലാണ് വിലാസം. ശൈലേന്ദ്ര ഗെയ്ക്ക്വാദിനെയും മറ്റ് ഗെയ്ക്ക്വാദുമാരെയും അറിയില്ലെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. റൊന്ദേവൂ കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ് താനെന്നാണ് മറ്റൊരു സൌജന്യഓഹരിഉടമയായ പൂജ ഗുലാത്തിയുടെ പ്രതികരണം. മറ്റ് സൌജന്യ ഓഹരിഉടമകളും വിവിധ രൂപത്തില്‍ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും പൂജ പറഞ്ഞു. എന്നാല്‍ സുനന്ദയ്ക്ക് കമ്പനിയുമായുള്ള ബന്ധം പൂജയ്ക്കും അറിയില്ല.
സുനന്ദയെ അടുത്തറിയാം: തരൂര്‍
ദുബായില്‍ സുഖചികിത്സാകേന്ദ്രം നടത്തുന്ന കശ്മീരുകാരിയായ സുനന്ദ പുഷ്കറിനെ അടുത്തറിയാമെന്ന് കേന്ദ്ര വിദേശ സഹമന്ത്രി ശശി തരൂര്‍. ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് മന്ത്രി ഇതറിയിച്ചത്. എന്നാല്‍, ഐപിഎല്‍ ടീം സ്വന്തമാക്കിയ റൊന്ദേവൂ കസോര്‍ഷ്യത്തില്‍ സുനന്ദയ്ക്കുള്ള ഓഹരികളെക്കുറിച്ച് പ്രസ്താവനയില്‍ വിശദീകരിക്കുന്നില്ല. കസോര്‍ഷ്യത്തില്‍ സുനന്ദക്ക് ലഭിച്ച 70 കോടി രൂപയുടെ സൌജന്യ ഓഹരി തരൂരിന്റേതാണെന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ ലളിത്മോഡി ആരോപിക്കുന്നത്. രണ്ടാം ഭാര്യയെ ഉപേക്ഷിച്ച് സുനന്ദയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകളോടും തരൂര്‍ പ്രതികരിച്ചില്ല. അടുത്തറിയാമെന്ന ഒരു വരി മാത്രമേ സുനന്ദയെക്കുറിച്ചുള്ളൂ. ടീം സ്വന്തമാക്കാന്‍ കേരളത്തെ സഹായിച്ചെന്നല്ലാതെ താന്‍ സ്വന്തമായോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ പണം മുടക്കിയിട്ടില്ലെന്ന് തരൂര്‍ അവകാശപ്പെട്ടു.
ദേശാഭിമാനി വാര്‍ത്തകള്‍ 13042010
കൊച്ചി ഐപിഎല്‍ ടീം ഓഹരി വിവാദത്തില്‍ വിദേശസഹമന്ത്രി ശശി തരൂര്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്. ടീം ലേലത്തില്‍ ബിസിനസുകാരെ സംഘടിപ്പിക്കാന്‍ തരൂര്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. തരൂരിന്റെ പ്രതിശ്രുത വധുവെന്നു കരുതുന്ന സുനന്ദ പുഷ്കറിന് കൊച്ചി ഐപിഎല്‍ ടീമിന്റെ ഉടമസ്ഥതയില്‍ 70 കോടിയുടെ ഓഹരി ലഭിച്ചത് എങ്ങനെയെന്ന ചോദ്യമാണ് മുഖ്യമായും ഉയരുന്നത്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തി. തരൂരിനെ ആദ്യം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് പിന്നീട് കൈയൊഴിഞ്ഞു. ബിജെപി തരൂരിന്റെ രാജി ആവശ്യപ്പെട്ടു. പ്രശ്നത്തിന് രാഷ്ട്രീയമാനം കൈവന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശമന്ത്രി എസ് എം കൃഷ്ണയെയും ബിസിസിഐ വക്താവും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ളയെയും വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ചൊവ്വാഴ്ച രാവിലെ കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമദ് തരൂരിനെ ന്യായീകരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പിന്നീട് മുതിര്‍ന്ന വക്താവ് ജനാര്‍ദന്‍ ദ്വിവേദി ഇക്കാര്യത്തില്‍ തരൂരാണ് സ്വന്തം ഭാഗം ന്യായീകരിക്കേണ്ടതെന്ന് പ്രതികരിച്ചു.
ReplyDeleteശശി തരൂര്‍ ഒഴിയണം: സിപിഐ എം
ReplyDeleteന്യൂഡല്‍ഹി: ഐപിഎല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട കേന്ദ്രസഹമന്ത്രി ശശി തരൂര്‍ സ്വയം രാജിവെക്കാന്‍ തയ്യാറാകണമെന്ന് സിപിഐ എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഐപിഎല്‍ കൊച്ചി ടീമുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ പങ്കാളിത്തം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. തരൂരുമായി ബന്ധപ്പെട്ട വ്യക്തിക്ക് 70 കോടി രൂപയുടെ സൌജന്യ ഓഹരി ലഭിച്ചുവെന്നാണ് പറയുന്നത്. ഐപിഎല്‍ കായികവിനോദം മാത്രമല്ല, വന്‍ ബിസിനസ് സംരംഭവുംകൂടിയാണ്. വന്‍ തുകയും ഇതിനകത്ത് ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ഇടപാടുകളില്‍ കേന്ദ്രമന്ത്രി ബന്ധപ്പെടുന്നത് ശരിയായ നടപടിയല്ല. ആരോപണങ്ങളില്‍നിന്ന് തന്റെ പേര് ഒഴിവാകുന്നതുവരെ സ്വയം മാറി നില്‍ക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്ന് സിപിഐ എം പ്രസ്താവനയില്‍ പറഞ്ഞു. ഐപിഎല്‍ ടൂര്‍ണമെന്റിലേക്ക് വരുന്ന പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഈ വാണിജ്യ ഏര്‍പ്പാടിന് നികുതി ഇളവ് നല്‍കുന്നതും പുനപരിശോധിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.