Sunday, April 18, 2010

ലാവ്ലിന്‍: സിബിഐ റിപ്പോര്‍ട്ട് മലയാള പത്രങ്ങള്‍ ഒതുക്കി

ലാവ്ലിന്‍ കേസില്‍ എരിവും പുളിയും ചേര്‍ത്ത് അപസര്‍പ്പക കഥ മെനഞ്ഞ മാധ്യമങ്ങള്‍, പിണറായി അഴിമതി കാട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവഗണിച്ചു. പ്രമുഖ പത്രങ്ങള്‍ വാര്‍ത്ത ഒതുക്കാനും അല്ലെങ്കില്‍ അപ്രധാനമായി പ്രസിദ്ധീകരിക്കാനും മത്സരിച്ചു. എന്താണ് സിബിഐ പറഞ്ഞതെന്നുപോലും ചില പത്രങ്ങളിലെ വാര്‍ത്ത വായിച്ചാല്‍ വായനക്കാര്‍ക്ക് മനസിലാവില്ല. പിണറായിയെ ക്രൂശിക്കാന്‍ ലീഡ് വാര്‍ത്തകള്‍ പലതും സൃഷ്ടിച്ച 'മനോരമ' സിബിഐ റിപ്പോര്‍ട്ടിന്റെ വാര്‍ത്ത ഒന്നാം പേജില്‍ ഞെരുങ്ങി കൊടുത്ത് 'കടമ' തീര്‍ത്തു. വാര്‍ത്ത എങ്ങനെ ദുരൂഹമായും നാലു രൂപ കൊടുത്തവന് മനസ്സിലാവാതെയും എഴുതാമെന്നതിന് തെളിവാണ് ഈ വാര്‍ത്ത. പിണറായിക്കെതിരെയുള്ള ആരോപണത്തിന് തെളിവില്ലെന്ന് മാത്രമല്ല തെളിവിലേക്ക് നയിക്കുന്ന സൂചനപോലുമില്ലെന്ന് സിബിഐ പറഞ്ഞുവച്ചതൊന്നും'മനോരമ'യ്ക്ക് വാര്‍ത്തയായില്ല.

'മാതൃഭൂമി' വാര്‍ത്തയിലാകട്ടെ, സിബിഐ റിപ്പോര്‍ട്ടിനേക്കാള്‍ നിറഞ്ഞുനില്‍ക്കുന്നത് നന്ദകുമാറിന്റെ ആരോപണങ്ങള്‍. നന്ദകുമാറിന്റെ ആരോപണങ്ങളെല്ലാം തള്ളിയാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയതെന്നത് വേറെ കാര്യം. ഇല്ലാത്ത സിംഗപ്പുര്‍, ദുബായ് യാത്രകള്‍ പൊലിപ്പിച്ചെഴുതിയ മംഗളത്തിനും മാധ്യമത്തിനും സിബിഐ റിപ്പോര്‍ട്ട് തിരിച്ചടിയായി. ഒന്നാം പേജില്‍ രണ്ട് കോളത്തില്‍ അവര്‍ വാര്‍ത്ത ഒതുക്കി. ദീപികയുടെ ഒന്നാം പേജ് തപ്പിയാല്‍ വാര്‍ത്ത കാണില്ല. ഉള്‍പ്പേജില്‍ കൊടുക്കാനുള്ള പ്രാധാന്യമേ അവര്‍ സിബിഐ റിപ്പോര്‍ട്ടിന് കണ്ടുള്ളൂ. കോഗ്രസ് മുഖപത്രമായ 'വീക്ഷണ'വും മുസ്ളിംലീഗ് മുഖപത്രമായ'ചന്ദ്രിക'യും ഉള്‍പ്പേജിലെ ഒരു മൂലയില്‍ 'അവ്യക്തത' നിറച്ചാണ് അവതരണം. ദേശാഭിമാനിക്ക് പുറമെ, ഈ വാര്‍ത്തയോട് നീതി പുലര്‍ത്തിയത് 'കേരള കൌമുദി' മാത്രമാണ്. പ്രധാന വാര്‍ത്തയ്ക്കു പുറമെ 'പറഞ്ഞതെല്ലാം സിബിഐ വിഴുങ്ങി' എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ ഉപവാര്‍ത്തകൂടി അവര്‍ നല്‍കി. വാര്‍ത്തയ്ക്കു പുറമെ ഉപവാര്‍ത്തയും ആക്ഷേപ ഹാസ്യവും പ്രതികരണവും വിശകലനവുമൊന്നും എവിടെയും കണ്ടില്ല. നിയമ വിദഗ്ധരുടെ നിഗമനങ്ങളും രാഷ്ട്രീയ ലേഖകരുടെ സൈദ്ധാന്തിക ചര്‍ച്ചകളും സ്ഥിരം പ്രതികരണക്കാരുടെ കുറുവടി പ്രയോഗങ്ങളും ഇത്തവണ ഉണ്ടായില്ല. വാര്‍ത്തയ്ക്ക് ടിപ്പണിയായി സ്വന്തം ലേഖകന്മാര്‍ എഴുതിവയ്ക്കാറുള്ള കുന്നായ്മകളും അച്ചടി മഷി പുരണ്ടില്ല.
(ആര്‍ രഞ്ജിത്)

കള്ളക്കഥ: മാധ്യമങ്ങള്‍ പ്രതികരിക്കണം-ഐസക്

ലാവ്ലിന്‍ കരാറിന്റെ പേരില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ അഞ്ചുവര്‍ഷം നുണക്കഥകള്‍ പ്രചരിപ്പിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ സിബിഐയുടെ പുതിയ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്ത രീതി സജീവമായി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇ എം എസ് ജന്മശതാബ്ദിയോട് അനുബന്ധിച്ച് ആലപ്പുഴയില്‍ സുശീല ഗോപാലന്‍ പഠനകേന്ദ്രം സംഘടിപ്പിച്ച ഇ എം എസും മാധ്യമങ്ങളും എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തോമസ് ഐസക്.

അഴിമതി നിരോധന നിയമത്തിലെ വകുപ്പനുസരിച്ചുള്ള കുറ്റം, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനാകുറ്റം എന്നീ വകുപ്പുകളില്‍ കേസെടുക്കാന്‍ കാരണമൊന്നും ഇല്ലെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്്. കൂടുതല്‍ പരിശോധന നടത്താന്‍ തെളിവില്ലെന്നാണ് സിബിഐ കോടതിയില്‍ പറഞ്ഞത്. സ്വത്തുസമ്പാദിച്ചതായി തെളിവില്ല. ഈ സ്ഥിതിയില്‍ കള്ളക്കഥയ്ക്കു കിട്ടിയ തിരിച്ചടിയെപ്പറ്റി പ്രതികരിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഇ എം എസിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ജനകീയാസൂത്രണത്തെ ഏറെ വിമര്‍ശിച്ചവര്‍ മലപ്പുറം പാര്‍ടി സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ലാവ്ലിന്‍ മാത്രം പിന്നീട് ഏറ്റുപിടിച്ചു. ഇതിനുവേണ്ടി മുഖപ്രസംഗങ്ങളും ലേഖനങ്ങളും എഴുതിയവര്‍ ഈ കേസില്‍ പിണറായിക്ക് പങ്കുള്ളതായി തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ടിനെപ്പറ്റി നല്‍കിയ വാര്‍ത്ത എവിടെയെന്ന് പരതേണ്ടിവരും.

സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് ആരംഭിച്ച ഇടതുപക്ഷ മാധ്യമങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമായി സ്വാതന്ത്ര്യത്തോടൊപ്പം ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളും കൈകാര്യം ചെയ്ത് ഒരു ബദല്‍സരണി തുറന്നു. ഇതിനു നേതൃത്വം നല്‍കിയത് ഇ എം എസാണ്. സ്വദേശാഭിമാനിയുടെയും കേസരിയുടെയും പിന്തുടര്‍ച്ചക്കാരനായാണ് ഇ എം എസ് വരുന്നത്. ദേശീയസമരത്തില്‍ മാതൃഭൂമി, മനോരമ എന്നിവ അവരുടെ വാര്‍ത്തകളില്‍ ഇടതുപക്ഷത്തിനു വലിയസ്ഥാനം നല്‍കിയില്ലെങ്കിലും എതിരായിരുന്നില്ല. എന്നാല്‍, സ്വാതന്ത്ര്യത്തിനു ശേഷം വിമോചനസമരത്തെ തുടര്‍ന്ന് ഇ എം എസ് മന്ത്രിസഭ പിരിച്ചുവിട്ടതോടെ മാതൃഭൂമി തികച്ചും കമ്യൂണിസ്റ്റ് വിരുദ്ധമായി. സര്‍ക്കാരിനെതിരെ അണിനിരത്തുന്ന രീതിയില്‍ ജനങ്ങളുടെ മാനസികാവസ്ഥ മാറ്റിയെടുക്കാന്‍ ഈ പത്രങ്ങള്‍ ശ്രമിച്ചു. എഴുപത് കാലഘട്ടത്തോടുകൂടി വാണിജ്യവല്‍ക്കരണം മാധ്യമങ്ങളുടെ സ്വഭാവത്തിലും മാറ്റംവരുത്തി. പത്രങ്ങളുടെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാക്കിയ 90കളില്‍ മാധ്യമങ്ങള്‍ കടുത്ത വാണിജ്യവല്‍ക്കരണത്തിന് വിധേയമായി. മാധ്യമനയം പത്രപ്രവര്‍ത്തകന്റെ മാത്രം പ്രശ്നമല്ല. ജനാധിപത്യത്തിന്റെയും നാടിന്റെയും പ്രശ്നമായി കാണണമെന്നും ഐസക് പറഞ്ഞു.

സാമൂഹ്യവിരുദ്ധരുടെ പ്രചാരണം മാധ്യമങ്ങള്‍ ഏറ്റുപാടരുത്: പിണറായി

ദുബായ്: മാധ്യമസമൂഹത്തിന്റെ മറ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യവിരുദ്ധനെ നല്ലപിള്ളയാക്കാനും അത്തരക്കാരന്‍ പറയുന്നത് പ്രചരിപ്പിക്കാനും തയ്യാറാകുന്ന സമീപനം മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദുബായില്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട് അഴിമതി കാട്ടിയിട്ടില്ലെന്ന് സിബിഐ പ്രത്യേക കോടതി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തനം നമ്മുടെ നാട്ടില്‍ നല്ല തോതില്‍ അംഗീകരിക്കപ്പെടുന്ന ഒന്നാണ്. അപവാദം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം പറ്റുന്ന കശ്മലന്മാര്‍ക്ക് വലിയ പ്രചാരണം കൊടുക്കാന്‍ മുഖ്യധാരാമാധ്യമങ്ങള്‍തന്നെ തയ്യാറാകുന്നു. അത് മാധ്യമധര്‍മത്തില്‍ പെട്ടതാണോ. സമൂഹത്തിലെ പുഴുക്കുത്തുകളായ അത്തരം വ്യക്തികള്‍ക്ക് വ്യാപകമായി പ്രചാരണം കൊടുക്കുന്നത് ഇതുമായി ബന്ധപ്പെട്ട് നമുക്ക് കാണാന്‍ കഴിയും. ഒരുപാട് ദുഷ്പ്രചാരണങ്ങള്‍ വന്ന ഒരു പ്രശ്നമാണിത്. കേരളത്തില്‍ വൈദ്യുതിവകുപ്പിന്റെ ചുമതല കുറച്ചുകാലം കൈവശംവയ്ക്കുകയും ആകുന്ന രീതിയില്‍ ആ ചുമതല നിറവേറ്റാന്‍ ശ്രദ്ധിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ പ്രശ്നം ഉയര്‍ന്നുവന്നത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിയുമ്പോള്‍ രാഷ്ട്രീയമായി എതിര്‍ത്തവര്‍പോലും നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. എങ്കിലും പിന്നീട് വലിയ കോടികളുടെ അഴിമതിക്കാരനായി എന്നെ ചിത്രീകരിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. ചിലരത് 360 കോടിയില്‍ പരമെന്നും ചിലര്‍ 500 കോടിയില്‍ പരമാണെന്നുമൊക്കെ അവരവരുടെ ഭാവനാവിലാസമനുസരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കേസ് നിയമപരമായി നേരിടുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചതാണ്. അതുതന്നെയാണ് തുടര്‍ന്നും സ്വീകരിക്കുന്ന നിലപാടെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി 18042010&19042010

2 comments:

  1. ഹ! ഒന്ന് കമന്റെടോ..

    ReplyDelete
  2. ഒരാളും വരില്ല രാജേഷ്. ചാനല്‍ ചര്‍ച്ചയിലെ സ്ഥിരം വിദഗ്ദര്‍ ഒളിവില്‍ പോയ പോലെ തന്നെ ഇവിടെയും.

    ReplyDelete