Tuesday, April 27, 2010

തൊഴിലുറപ്പു പദ്ധതി നിര്‍വഹണ മികവില്‍ കേരളം മാതൃക

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണം പ്രതിപക്ഷത്തിന്റെ മാത്രമല്ല മാധ്യമങ്ങളുടെയും നിശിത നിരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സ്വാഗതം ചെയ്യപ്പെടേണ്ടതാണ് ഈ പ്രവണത. കേന്ദ്രത്തില്‍നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ സംവിധാനം സംസ്ഥാനത്ത് ഭരണത്തിലിരിക്കുമ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു പരിശോധന നടക്കുന്നത് എന്നതാണ് പ്രത്യേകത. കേന്ദ്രത്തിലും സംസ്ഥാനത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതോ പങ്കാളിത്തമുള്ളതോ ആയ ഭരണ സംവിധാനമാണെങ്കില്‍ കേന്ദ്രാവിഷ്കൃത പദ്ധതി എന്നല്ല ഒരു പദ്ധതിയും ചര്‍ച്ചാ വിഷയമാകാറില്ല.

ഭരണഘടനയില്‍ അന്തര്‍ലീനമായിരിക്കുന്ന ഫെഡറല്‍ കാഴ്ചപ്പാടുകളെ നിഷേധിക്കുന്നതും സംസ്ഥാനങ്ങളുടെ വികസന കാര്യങ്ങളിലെ മുന്‍ഗണനകളെ പരിഗണിക്കാത്തതുമാണ് പല കേന്ദ്രാവിഷ്കൃത പദ്ധതികളും. ഉടമ-അടിമ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിലെ തമ്പുരാക്കന്മാര്‍ സംസ്ഥാനങ്ങളിലെ ഭൃത്യന്മാര്‍ക്ക് നല്‍കുന്ന കൈനീട്ടമാണ് കേന്ദ്രാവിഷ്കൃത പദ്ധതികളെന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും കരുതുന്നത്. സംസ്ഥാനത്തില്‍നിന്ന് പിരിച്ചെടുക്കുന്നതും പദ്ധതിവിഹിതമായി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതുമായ നികുതിപ്പണമാണ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. അത് നടപ്പാക്കുന്ന ഘട്ടത്തില്‍ കേന്ദ്രം ഏകപക്ഷീയമായി നിര്‍ദേശിക്കുന്ന നിബന്ധനകള്‍ അംഗീകരിക്കാനുള്ള ബാധ്യതയും സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. എന്നിരിക്കിലും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ ഒരുപേക്ഷയും സംസ്ഥാന ഗവമെന്റ് വരുത്തിയിട്ടില്ല. മാത്രമോ, മുമ്പൊരിക്കലും ഉണ്ടാക്കാന്‍ കഴിയാത്തത്ര നേട്ടം ഉണ്ടാക്കുകയുംചെയ്തു.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തിയിട്ട് നാലു വര്‍ഷമാകുന്നു. അതിനുമുമ്പ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേരളത്തിലെ നിര്‍വഹണത്തിന്റെ സ്ഥിതി എന്തായിരുന്നെന്ന് ഇന്നത്തെ പ്രതിപക്ഷത്തിന് ഓര്‍മയില്ല. മുഖ്യധാര വാര്‍ത്താ മാധ്യമങ്ങള്‍ക്കും അങ്ങനെയൊരു താരതമ്യത്തിന് താല്‍പ്പര്യവുമില്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നേടിയെടുക്കുന്നതില്‍ മാത്രമല്ല നിര്‍വഹണത്തിലും കേരളം കഴിഞ്ഞ നാലു വര്‍ഷത്തിനിപ്പുറം ഗണ്യമായ പുരോഗതി കൈവരിച്ചു എന്നതാണ് വസ്തുത. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി, പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന, ഇന്ദിരാഗാന്ധി ആവാസ് യോജന, ഹരിയാലി തുടങ്ങി എല്ലാ പദ്ധതികളുടെയും നിര്‍വഹണത്തിലെ മികവും ഭൌതിക നേട്ടങ്ങളും ദേശീയ തലത്തില്‍തന്നെ അംഗീകരിക്കപ്പെട്ടതാണ്. കേരളത്തിലെ നിര്‍വഹണ രീതി മാതൃകയാക്കണമെന്ന് ഇതര സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രാലയം മാത്രമല്ല തൊഴിലുറപ്പു പദ്ധതിയുടെ ഉപജ്ഞാതാക്കളില്‍ പ്രമുഖ സ്ഥാനമുള്ള ശ്രീമതി അരുണാ റോയി അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരും കേരളത്തിന്റെ മികവ് എടുത്തുപറഞ്ഞിട്ടുണ്ട്.

നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രതിപക്ഷത്തിനും ചില മാധ്യമങ്ങള്‍ക്കും ഇത്തരം ഗുണകരമായ കാര്യങ്ങള്‍ കാണുന്നതിലല്ല താല്‍പ്പര്യം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതകള്‍ വിനിയോഗിക്കുന്നതില്‍ പരാജയപ്പെട്ടു, കേന്ദ്രം അനുവദിക്കുന്ന കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തി തുടങ്ങിയവയാണ് സംസ്ഥാന ഗവമെന്റിനെതിരായ വിമര്‍ശനം. പദ്ധതിയില്‍ അഴിമതി നടക്കുന്നു, സ്വജനപക്ഷപാതം കാട്ടുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ ഭാഗ്യവശാല്‍ ഇപ്പോള്‍ ഉന്നയിക്കുന്നില്ല.

തൊഴിലുറപ്പു പദ്ധതി ദേശീയതലത്തില്‍ തുടക്കം കുറിച്ചത് 2005-06 വര്‍ഷമാണ്. അന്ന് സംസ്ഥാനത്ത് യുഡിഎഫ് ഭരണമായിരുന്നു. ആഘോഷപൂര്‍വം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു എന്നതൊഴിച്ചാല്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുകയോ തൊഴില്‍ കാര്‍ഡ് നല്‍കുകയോ കൂലിയിനത്തില്‍ ഒരു രൂപയെങ്കിലും ചെലവഴിക്കുകയോ ചെയ്തില്ല. അതിന് പരിശ്രമിച്ചുമില്ല. പദ്ധതി നിര്‍വഹണം കേരളത്തില്‍ ആരംഭിച്ചത് 2006 മെയ് മാസം ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തിയ ശേഷമാണ്. ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ച 200 ജില്ലയില്‍ കേരളത്തില്‍ നിന്ന് വയനാടും പാലക്കാടും മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടാം ഘട്ടത്തിലെ 130 ജില്ലയിലും കേരളത്തില്‍നിന്ന് ഇടുക്കിയും കാസര്‍കോടും മാത്രവും. രാജ്യത്തെ എല്ലാ ജില്ലയിലും പദ്ധതി നടപ്പാക്കിയ മൂന്നാം ഘട്ടത്തിലാണ്, 2008-09ലാണ് കേരളത്തിലെ 10 ജില്ല പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ഈ പത്തു ജില്ലയിലും ആദ്യ വര്‍ഷം മുന്നൊരുക്കങ്ങള്‍ക്കു വേണ്ട സമയം ആവശ്യമായിരുന്നു. ഫലത്തില്‍ 2009-10 വര്‍ഷം മുതല്‍ക്കേ ചിട്ടയായ പദ്ധതി നിര്‍വഹണം കേരളത്തില്‍ സാധ്യമാകുമായിരുന്നുള്ളു.

ദേശീയ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലയിലെ തകര്‍ച്ചയുടെയും തല്‍ഫലമായുണ്ടായ ദാരിദ്ര്യത്തിന്റെയും കര്‍ഷക ആത്മഹത്യയുടെയും പശ്ചാത്തലത്തിലാണ് ആദ്യ യുപിഎ ഗവമെന്റ് തൊഴിലുറപ്പു പദ്ധതിക്ക് രൂപം നല്‍കിയത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. തൊഴില്‍ നല്‍കാനുള്ള പദ്ധതിയായാണ് നിര്‍മാണ പ്രവര്‍ത്തനമായല്ല രൂപകല്‍പ്പന ചെയ്തത്. കായികാധ്വാനത്തിന് തയ്യാറുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസമെങ്കിലും തൊഴിലും കൂലിയും അധികമായി നല്‍കുക എന്നതാണ് പദ്ധതി ലക്ഷ്യം. പൊതുഭൂമിയിലും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങളിലെ ഭൂമിയിലുമുള്ള കായികാധ്വാനം മാത്രമാണ് അനുവദിക്കപ്പെട്ടത്. മണ്ണ് - ജലസംരക്ഷണ - വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. ഈ മേഖലകളിലെ പ്രവര്‍ത്തനം കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. എന്നാല്‍, പൊതുഭൂമിയുടെ ലഭ്യത കേരളത്തില്‍ തീരെ കുറവാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ കൈവശമുള്ള ഭൂമിയുടെ വിസ്തൃതിയുടെ കാര്യവും വ്യത്യസ്തമല്ല. കാര്‍ഷിക പരിഷ്കരണം പൂര്‍ണമായ തോതില്‍ നടപ്പാക്കിയ സംസ്ഥാനമെന്ന നിലയില്‍ ചെറുകിട നാമമാത്ര കര്‍ഷകരാണ് കേരളത്തില്‍ മഹാ ഭൂരിപക്ഷവും. നാമമാത്ര കര്‍ഷകരുടെ കൃഷി ഭൂമിയിലെ അധ്വാനവും തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ തൊഴില്‍ ദിനം കണ്ടെത്താന്‍ കഴിയുകയൂ.

ഓരോ സംസ്ഥാനത്തെയും കാര്‍ഷിക മേഖലയിലെ കുറഞ്ഞ കൂലിയാണ് തൊഴിലുറപ്പു പദ്ധതിയില്‍ കൂലിയായി അംഗീകരിച്ചിട്ടുള്ളത്. പദ്ധതിക്ക് തുടക്കം കുറിച്ച 2005-06 ലെ മിനിമം കൂലിയായ 125 രൂപയാണ് കേരളത്തില്‍ തൊഴിലുറപ്പു പദ്ധതിക്ക് അനുവദനീയമായ കൂലി. കേരളത്തില്‍ കാര്‍ഷിക മേഖലയിലെ മിനിമം കൂലി 200 രൂപയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഈ നിരക്ക് അനുവദിക്കാന്‍ നിവൃത്തിയില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പൊതുവില്‍ 250 രൂപ മുതല്‍ 350 രൂപ വരെ കൂലി നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ആ സാഹചര്യത്തില്‍ 125 രൂപ നിരക്കില്‍ പണിയെടുക്കാന്‍ ആളെ കിട്ടുക ബുദ്ധിമുട്ടാണ്.

കാര്‍ഷിക മേഖലയില്‍ ഇന്ന് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ പ്രാധാനമായ ഒരു ഘടകം കൃഷിപ്പണിക്ക് ആളെ കിട്ടാനില്ല എന്നതാണ്. കാര്‍ഷിക മേഖലയിലും ഇതര അസംഘടിത തൊഴില്‍ മേഖലകളിലുമായി അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ചു ലക്ഷത്തിലേറെ തൊഴിലാളികളാണ് കേരളത്തില്‍ പണിയെടുക്കുന്നത്. സ്വന്തം നാട്ടില്‍ കായികാധ്വാനത്തിന് തയ്യാറല്ല എന്നതാണ് മലയാളികളുടെ പൊതു സമീപനം. തൊഴിലുറപ്പു പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം പദ്ധതി നിര്‍വഹണം അസാധ്യമാകുന്ന സാമൂഹ്യ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഈ പ്രതികൂല സാഹചര്യങ്ങളെ മുറിച്ചുകടന്ന് അഴിമതിരഹിതമായും സുതാര്യമായും എങ്ങനെ പദ്ധതി നിര്‍വഹണം സാധ്യമാകും എന്ന പരിശ്രമമാണ് തദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയത്. ഈ ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചുകൊണ്ടാണ് പദ്ധതി നിര്‍വഹണം നാലാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്നത്. കേരളത്തിന്റെ പദ്ധതിനടത്തിപ്പിന്റെ കാര്യക്ഷമതയും അഴിമതിരാഹിത്യവും അഖിലേന്ത്യാതലത്തില്‍ അംഗീകാരം നേടിയിരിക്കുകയാണ്.

കേരളത്തിന്റെ പദ്ധതി നിര്‍വഹണത്തിലെ പ്രത്യേകതകള്‍ താഴെ പറയുന്നു.

പദ്ധതിപ്രവര്‍ത്തനം പൂര്‍ണമായും പഞ്ചായത്തുകളുടെ ഉത്തരവാദിത്തത്തില്‍. ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി. കരാറുകാര്‍ ഇല്ല. നടത്തിപ്പിന്റെ ചുമതല കുടുംബശ്രീ സംവിധാനത്തിന്. ബാങ്ക് അക്കൌണ്ടുകളിലൂടെ മാത്രം കൂലി. അഴിമതിരഹിതം. പൂര്‍ണമായും സുതാര്യം. കൃഷി, ജലവിഭവം, വനം തുടങ്ങിയ വകുപ്പുകളുമായി പ്രവൃത്തിതലത്തിലുള്ള സംയോജനം.

ദേശീയതലത്തില്‍ 2009-10 ലെ അടങ്കല്‍ 40100 കോടി രൂപയായിരുന്നു. 674 കോടി രൂപയുടെ ലേബര്‍ ബജറ്റിനാണ് നമുക്ക് അംഗീകാരം ലഭിച്ചിരുന്നത്. ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാനും ലക്ഷ്യമിട്ടിരുന്നു. ഇത് എത്രത്തോളം നേടാന്‍ കഴിഞ്ഞു എന്ന് പട്ടിക പരിശോധിച്ചാല്‍ മനസിലാകും.

II

കേരളത്തിന്റെ നേട്ടം അഭിമാനാര്‍ഹം

2005-06 സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതി ആരംഭിച്ചത്. ആ വര്‍ഷം ഒരാള്‍ക്കുപോലും തൊഴില്‍ കൊടുക്കുകയുണ്ടായില്ല. 2006-07ന്റെ പകുതിയോടെ മാത്രമേ (ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം) തൊഴില്‍ കാര്‍ഡുകള്‍ കൊടുക്കാനും പ്രവൃത്തികള്‍ കണ്ടെത്തി തൊഴില്‍ നല്‍കാനും കഴിഞ്ഞുള്ളു. തുടര്‍ന്നുള്ള പ്രവര്‍ത്തന പുരോഗതി പട്ടിക 1ല്‍ കാണാം. പ്രാദേശികമായ വ്യത്യാസം പദ്ധതി നടത്തിപ്പില്‍ പ്രകടമാണ്. വിവിധ ജില്ലകളുടെ വികസന നിലയിലെ വൈജാത്യം, ഭൂമിശാസ്ത്രപരമായ വ്യത്യാസം, പഞ്ചായത്ത് ഭരണസമിതികളുടെ താല്‍പ്പര്യം, ഉദ്യോഗസ്ഥരുടെ മനോഭാവം എന്നീ ഘടകങ്ങളും ഇതിനു കാരണമാണ്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്ത് 5.16 കോടി രൂപ ചെലവഴിച്ചപ്പോള്‍ തൊട്ടടുത്ത ഇടവക പഞ്ചായത്ത് 4.37 കോടി രൂപ ചെലവഴിക്കുകയുണ്ടായി. ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്ത് 4.34 കോടി രൂപയും ചെലവഴിച്ച് തൊട്ടടുത്തുണ്ട്. 3 കോടിയിലേറെ ചെലവഴിച്ച പത്തു പഞ്ചായത്തും രണ്ടു കോടിയിലേറെ ചെലവഴിച്ച 23 പഞ്ചായത്തും കേരളത്തിലുണ്ട്. ഒരു കോടി രൂപയിലേറെ തൊഴിലുറപ്പു പദ്ധതിയില്‍ ഈ വര്‍ഷം ചെലവഴിച്ച 95 പഞ്ചായത്തുകള്‍ കേരളത്തിലുണ്ട്. ജില്ല തിരിച്ചും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കനുസരിച്ചുമുള്ള 2009-10 ലെ പദ്ധതി പ്രവര്‍ത്തന പുരോഗതി പട്ടിക, 2 പട്ടിക 3 എന്നിവയില്‍ കൊടുത്തിരിക്കുന്നു. എല്ലാ ജില്ലകള്‍ക്കും നീര്‍ത്തട മാസ്റ്റര്‍ പ്ളാനുകള്‍ തയ്യാറാവുകയും ചെറുകിട, നാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ ഭൂവികസനവും ഹോള്‍ട്ടിക്കള്‍ച്ചറല്‍ പ്രവര്‍ത്തനവും സാധ്യമാവുകയും ചെയ്യുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ നമുക്കു കഴിയും. അപ്പോഴും സുതാര്യതയും അഴിമതിയില്ലായ്മയും നിലനിര്‍ത്തേണ്ടതുണ്ട്, അത് ശ്രമകരമാണ്. എങ്കിലും അതു നിലനിര്‍ത്തിയേ പറ്റൂ.

തൊഴിലുറപ്പു പദ്ധതിയുടെ മിനിമം കൂലിയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിശ്രമവും നടക്കുന്നുണ്ട്. തൊഴിലുറപ്പു പദ്ധതിയുടെ സംസ്ഥാനത്തെ കൂലി 125 രൂപയില്‍നിന്ന് കുറയ്ക്കുന്നതിന് ഒരു പരിശ്രമവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന ശാഠ്യമാണ് സംസ്ഥാനത്തെ പ്രതിപക്ഷം പുലര്‍ത്തുന്നത്. ഒരര്‍ഥത്തില്‍ അതു ശരിയുമാണ്. കേരളത്തിലെ മിനിമംകൂലി കുറയ്ക്കുന്നതിനല്ല ദേശീയാടിസ്ഥാനത്തില്‍ തൊഴിലുറപ്പു പദ്ധതിക്ക് പൊതുവായ ഒരു കൂലി നിശ്ചയിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ അങ്ങനെ നിര്‍ദേശിച്ച കൂലി കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള കൂലിയേക്കാള്‍ ഏറെ കുറവുമാണ്. എന്നാല്‍, മറ്റു പല സംസ്ഥാനങ്ങളിലും നിലവിലുണ്ടായിരുന്ന കൂലിയേക്കാള്‍ ഏറെ മികച്ചതും.

തൊഴിലുറപ്പ് പദ്ധതിക്ക് ദേശീയാടിസ്ഥാനത്തില്‍ മിനിമം കൂലി നിശ്ചയിക്കുക എന്ന കാര്യം 2008 മുതലേ കേന്ദ്രഗവമെന്റ് പരിഗണനയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ തലത്തില്‍ കൂടിയാലോചനകളും ചര്‍ച്ചകളുമൊക്കെ നടന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് 2008 ആഗസ്ത് 14ന് കേന്ദ്ര ഗ്രാമവികസന സെക്രട്ടറി സംസ്ഥാന ഗ്രാമവികസന സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തത്. 2005-06ല്‍ കാര്‍ഷിക തൊഴിലാളികളുടെ ശരാശരി കൂലി ദേശീയ അടിസ്ഥാനത്തില്‍ 65 രൂപയായിരുന്നു. 2006-07ല്‍ ഇത് 75 രൂപയായി വര്‍ധിച്ചു. 2007-08, 2008-09 വര്‍ഷങ്ങളില്‍ ചില സംസ്ഥാന ഗവര്‍മെന്റുകള്‍ പ്രത്യേകിച്ചും ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവ കാര്‍ഷിക തൊഴിലാളികളുടെ കൂലിയില്‍ വന്‍തോതിലുള്ള വര്‍ധന വരുത്തി. ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ദേശീയ തൊഴിലുറപ്പു പദ്ധതിക്കുവേണ്ടി മാത്രമായി കാര്‍ഷിക തൊഴിലാളികള്‍ക്ക് ഉയര്‍ന്ന കൂലിനിരക്ക് നിശ്ചയിച്ചു. ആവശ്യാധിഷ്ഠിത തൊഴില്‍ദാന പദ്ധതി ആയതിനാല്‍ ഈ പ്രവണത കേന്ദ്ര ബജറ്റിനെ തകിടം മറിക്കാന്‍ ഇടയാക്കിയേക്കാം.

ഈ സാഹചര്യത്തിലാണ് ദേശീയ തൊഴിലുറപ്പ് ആക്ടിലെ സെക്ഷന്‍ 6 പ്രകാരം പദ്ധതിക്കായി ദേശീയതലത്തില്‍ 80 രൂപ കുറഞ്ഞ കൂലിയായി നിശ്ചയിക്കാമോ എന്ന നിര്‍ദേശത്തിന്മേല്‍ സംസ്ഥാന ഗവമെന്റുകളുടെ അഭിപ്രായം ആരാഞ്ഞത്. വിവിധ സംസ്ഥാന ഗവമെന്റുകളുടെ അഭിപ്രായം വകുപ്പു സെക്രട്ടറിമാര്‍ പ്രകടിപ്പിച്ചു. പൊതുവില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കുറഞ്ഞ കൂലി 80 രൂപയില്‍ താഴെ ആയതിനാല്‍ അങ്ങനെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നിര്‍ദേശത്തോട് എതിര്‍പ്പില്ലായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ കുറഞ്ഞ കൂലി 125 രൂപ ആണെന്നും ആ നിലയ്ക്ക് അതില്‍ കുറവായ ഒരു കൂലി സംസ്ഥാന ഗവമെന്റിന് സ്വീകാര്യമല്ലെന്നും സംസ്ഥാന ഗവമെന്റ് അറിയിക്കുകയുണ്ടായി. വിവിധ തലത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ നടത്താതെ അവസാന തീരുമാനത്തില്‍ എത്തരുതെന്നും സംസ്ഥാന ഗവമെന്റ് അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടയില്‍ കേരളത്തിലെ കാര്‍ഷിക തൊഴിലാളികളുടെ മിനിമം കൂലി 200 രൂപയായി ഉയര്‍ത്തി നിശ്ചയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന തൊഴിലുറപ്പു കൌണ്‍സിലും ഈ കൂലി കേരളത്തില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഞാന്‍ കേന്ദ്ര ഗ്രാമവികസനമന്ത്രി ആയിരുന്ന ഡോ. രഘുവംശ പ്രസാദിനെ നേരില്‍ കണ്ട് സംസ്ഥാന ഗവമെന്റിന്റെ ആവശ്യം ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നു. 2009 ഡിസംബര്‍ 3ന് ദേശീയ തൊഴിലുറപ്പ് ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരം കുറഞ്ഞ കൂലി 100 രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്രഗവമെന്റിന്റെ തീരുമാനം സംസ്ഥാന ഗവമെന്റിനെ അറിയിക്കുകയുണ്ടായി. അതില്‍ കൂടുതല്‍ വരുന്ന തുക സംസ്ഥാന ഗവമെന്റ് വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, 100 രൂപയില്‍ കൂടുതല്‍ കൂലി നിലവില്‍ 2009 ജനുവരി ഒന്നുമുതല്‍ വിജ്ഞാപനം ചെയ്തിട്ടുള്ള സംസ്ഥാനങ്ങളില്‍ അത് നിലനിര്‍ത്തുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന ഗവമെന്റിന്റെ ശക്തമായ ഇടപെടലിന്റെ കൂടി ഫലമായിട്ടാണ് ദേശീയതലത്തില്‍ തൊഴിലുറപ്പു പദ്ധതിക്ക് നിശ്ചയിച്ച മിനിമം കൂലിയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയിരിക്കുന്നത്. 2009-10 ലെ ബജറ്റ് പ്രസംഗത്തിലും കേന്ദ്ര ധനമന്ത്രി ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് 100 രൂപ കൂലി ഉറപ്പു വരുത്തുമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.

2010-11 ലെ തൊഴിലുറപ്പു പദ്ധതിക്കുള്ള ലേബര്‍ ബജറ്റ് കേന്ദ്ര ഗവമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചുകഴിഞ്ഞു. 1113 കോടി രൂപയുടെ ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. 9.12 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും 6.29 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 69 ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്. പദ്ധതി പ്രവര്‍ത്തനം ബാലാരിഷ്ടതകള്‍ പിന്നിടുകയും തദ്ദേശസ്ഥാപനങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും പദ്ധതി നിര്‍വഹണത്തിന്റെ വിവിധ തലത്തില്‍ പ്രവീണ്യം നേടുകയുംചെയ്ത സാഹചര്യത്തില്‍ പ്രയാസകരമെങ്കിലും ലക്ഷ്യം നേടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് തദ്ദേശസ്വയംഭരണ വകുപ്പിനുള്ളത്. പ്രതികൂല സാഹചര്യത്തിലും പദ്ധതി നിര്‍വഹണത്തില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളെയും മാതൃകാപരമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. 2010-11 ലെ പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കാം.

പാലോളി മുഹമ്മദ്കുട്ടി

1 comment:

  1. ഭരണഘടനയില്‍ അന്തര്‍ലീനമായിരിക്കുന്ന ഫെഡറല്‍ കാഴ്ചപ്പാടുകളെ നിഷേധിക്കുന്നതും സംസ്ഥാനങ്ങളുടെ വികസന കാര്യങ്ങളിലെ മുന്‍ഗണനകളെ പരിഗണിക്കാത്തതുമാണ് പല കേന്ദ്രാവിഷ്കൃത പദ്ധതികളും. ഉടമ-അടിമ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിലെ തമ്പുരാക്കന്മാര്‍ സംസ്ഥാനങ്ങളിലെ ഭൃത്യന്മാര്‍ക്ക് നല്‍കുന്ന കൈനീട്ടമാണ് കേന്ദ്രാവിഷ്കൃത പദ്ധതികളെന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും കരുതുന്നത്. സംസ്ഥാനത്തില്‍നിന്ന് പിരിച്ചെടുക്കുന്നതും പദ്ധതിവിഹിതമായി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതുമായ നികുതിപ്പണമാണ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. അത് നടപ്പാക്കുന്ന ഘട്ടത്തില്‍ കേന്ദ്രം ഏകപക്ഷീയമായി നിര്‍ദേശിക്കുന്ന നിബന്ധനകള്‍ അംഗീകരിക്കാനുള്ള ബാധ്യതയും സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. എന്നിരിക്കിലും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ ഒരുപേക്ഷയും സംസ്ഥാന ഗവമെന്റ് വരുത്തിയിട്ടില്ല. മാത്രമോ, മുമ്പൊരിക്കലും ഉണ്ടാക്കാന്‍ കഴിയാത്തത്ര നേട്ടം ഉണ്ടാക്കുകയുംചെയ്തു.

    ReplyDelete