Tuesday, April 6, 2010

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രത്തിന്റെ ഒളിച്ചുകളി

കേരളത്തിലെ നാലു ജില്ലകളിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയുയര്‍ത്തുന്ന മുല്ലപ്പെരിയാറിലെ കാലപ്പഴക്കം ചെന്ന അണക്കെട്ടിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തികച്ചും വസ്തുതാപരമായ നിലപാട് കൈക്കൊണ്ടു തുടങ്ങിയപ്പോള്‍, അതു സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസ് കേരളത്തിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നം അവഗണിച്ച മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അക്ഷന്തവ്യമായ അശ്രദ്ധ കാണിച്ചതാണ് പ്രശ്നം ഇത്രത്തോളം രൂക്ഷമാകാനും കേരളം തോറ്റുപോയേയ്ക്കുമെന്ന പ്രതീതി ജനിപ്പിക്കുവാനും കാരണം. അതെന്തായാലും, തമിഴ്നാടിന് കരാര്‍ അടിസ്ഥാനത്തിലുള്ള വെള്ളം നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്, എന്നാല്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തിലും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനിലും ആണ് തങ്ങള്‍ക്ക് ഉല്‍ക്കണ്ഠ എന്ന് സുപ്രീംകോടതിയില്‍ ബോധ്യപ്പെടുത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസില്‍ ഒരു പുതിയ വഴിത്തിരിവുണ്ടാക്കുകയായിരുന്നു.

ഇതോടെ അണക്കെട്ടിന്റെ നിയന്ത്രണവും ദൈനംദിന നടത്തിപ്പും സ്വന്തം കൈയില്‍ അമരണം എന്ന് ശഠിക്കുന്ന തമിഴ്നാട് സര്‍ക്കാരിന്റെയും ഡിഎംകെ എംപിമാരെ ആശ്രയിച്ച് മാത്രം നിലനില്‍ക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെയും കള്ളക്കളികള്‍ കൂടുതല്‍ പ്രകടമായിത്തീര്‍ന്നു. അണക്കെട്ട് തകര്‍ന്ന് ലക്ഷക്കണക്കിന് കേരളീയര്‍ ആപത്തിലകപ്പെട്ടാലും തങ്ങള്‍ക്കൊന്നുമില്ല, അണക്കെട്ടിന്റെ നിയന്ത്രണം തങ്ങള്‍ക്കാവണം എന്ന തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട്, കരാര്‍ അനുസരിച്ചുള്ള വെള്ളത്തിനുവേണ്ടിയല്ല അവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. സുപ്രീംകോടതി നിയോഗിച്ച, തുടക്കത്തില്‍ തങ്ങള്‍ കൂടി അംഗീകരിച്ച ഉന്നതാധികാര സമിതിയിലേക്ക് തങ്ങളുടെ അംഗത്തെ നാമനിര്‍ദ്ദേശം ചെയ്യാതെ ഒഴിഞ്ഞുമാറിയ തമിഴ്നാട് സര്‍ക്കാര്‍, സമിതിയെ നിയോഗിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവു തന്നെ റദ്ദാക്കണം എന്നാണ് ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ വസ്തുതാപരമായ വിദഗ്ദ്ധ അന്വേഷണത്തെ അവര്‍ ഭയപ്പെടുന്നുവെന്നാണിത് കാണിക്കുന്നത്. അവരും അവരുടെ ബ്ളാക്മെയ്ലിങ്ങിന് ഇരയായ മന്‍മോഹന്‍സിങ് സര്‍ക്കാരും സുപ്രീംകോടതിയെപ്പോലും പരിഹസിക്കാനും ബോധപൂര്‍വം കബളിപ്പിക്കാനുമാണ് ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കയ്യില്‍, സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ തുച്ഛമായ തുക എടുക്കാനില്ലത്രെ! രണ്ടു കേന്ദ്രമന്ത്രിമാര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ടുമാസം താമസിച്ചതിനു മാത്രം വാടകയിനത്തില്‍ നല്‍കിയ തുകയുടെ പകുതി മതിയല്ലോ ഉന്നതാധികാര സമിതിയുടെ ചെലവിന്!

അതെന്തായാലും, സുപ്രീംകോടതിയെ കബളിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒത്തുകളിച്ച് നടത്തിയ കപടനാടകം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വസ്തുനിഷ്ഠമായ നിലപാടു കാരണം തല്‍ക്കാലം പൊളിഞ്ഞിരിക്കുന്നു. എന്നാല്‍ ഇനിയും അവര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ യഥാര്‍ത്ഥ പ്രശ്നം പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. അവരെ ആ വഴിക്കു കൊണ്ടുവരാന്‍ പരമോന്നത നീതിപീഠത്തിനു കഴിയുമെന്നു പ്രതീക്ഷിക്കാം.

ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി വിവാദങ്ങള്‍ സൃഷ്ടിക്കാറുള്ള കേരളത്തിലെ യുഡിഎഫ് നേതൃത്വവും കേരളത്തില്‍നിന്ന് ഡെല്‍ഹിയിലെത്തിയ ആറു മന്ത്രിമാരും അവരുടെ വക്കാലത്തുകാരായ ബൂര്‍ഷ്വാ മാധ്യമങ്ങളും ഇക്കാര്യത്തില്‍ വാചാലമായ മൌനം പാലിക്കുന്നത് അര്‍ഥഗര്‍ഭം തന്നെ.

ചിന്ത മുഖപ്രസംഗം 09042010

1 comment:

  1. കേരളത്തിലെ നാലു ജില്ലകളിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയുയര്‍ത്തുന്ന മുല്ലപ്പെരിയാറിലെ കാലപ്പഴക്കം ചെന്ന അണക്കെട്ടിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തികച്ചും വസ്തുതാപരമായ നിലപാട് കൈക്കൊണ്ടു തുടങ്ങിയപ്പോള്‍, അതു സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസ് കേരളത്തിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നം അവഗണിച്ച മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അക്ഷന്തവ്യമായ അശ്രദ്ധ കാണിച്ചതാണ് പ്രശ്നം ഇത്രത്തോളം രൂക്ഷമാകാനും കേരളം തോറ്റുപോയേയ്ക്കുമെന്ന പ്രതീതി ജനിപ്പിക്കുവാനും കാരണം. അതെന്തായാലും, തമിഴ്നാടിന് കരാര്‍ അടിസ്ഥാനത്തിലുള്ള വെള്ളം നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്, എന്നാല്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തിലും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനിലും ആണ് തങ്ങള്‍ക്ക് ഉല്‍ക്കണ്ഠ എന്ന് സുപ്രീംകോടതിയില്‍ ബോധ്യപ്പെടുത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസില്‍ ഒരു പുതിയ വഴിത്തിരിവുണ്ടാക്കുകയായിരുന്നു.

    ReplyDelete