Tuesday, April 6, 2010

പൊതുമേഖലാ സ്ഥാപനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരും

കഴിഞ്ഞ മൂന്നര വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ എടുത്തു പറയേണ്ടതാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തിയ ഉജ്ജ്വല മുന്നേറ്റം. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെയും വ്യവസായമന്ത്രി എളമരം കരീമിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമായ ഈ നേട്ടത്തിന് ഇന്ത്യയിലാകെയുള്ള തൊഴിലാളിവര്‍ഗത്തെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത രാഷ്ട്രീയ പ്രാധാന്യമുണ്ട്.

2001-06 വര്‍ഷങ്ങളില്‍ കേരളം ഭരിച്ചിരുന്ന യുഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ അടച്ചുപൂട്ടാനും ലാഭകരമായവയെ സ്വകാര്യവല്‍കരിക്കാനുമാണ് പരിശ്രമിച്ചിരുന്നത്. പ്രസ്തുത സര്‍ക്കാര്‍ നിയോഗിച്ച എന്റര്‍പ്രൈസസ് റിഫോംസ് കമ്മിറ്റി (ചൌധരി കമ്മിറ്റി) പല പിഎസ്യുകളും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും സ്വകാര്യവല്‍ക്കരിക്കേണ്ടവയുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. അന്നത്തെ വ്യവസായ വകുപ്പു മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയാണ് ഇതിനു ചുക്കാന്‍ പിടിച്ചിരുന്നത്. 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടാനും 24 എണ്ണം സ്വകാര്യവത്കരിക്കാനും യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കി. നഷ്ടമുണ്ടാക്കുന്ന പിഎസ്യുകള്‍ അടച്ചുപൂട്ടണമെന്നല്ലാതെ അവയെ സംരക്ഷിക്കാനുള്ള യാതൊരു നിര്‍ദ്ദേശവും ചൌധരി കമ്മിറ്റിക്കുണ്ടായിരുന്നില്ല.

എന്നാല്‍ പ്രസ്തുത ഉത്തരവുകള്‍ നടപ്പിലാക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞില്ല. ഇടതുപക്ഷ പ്രസ്ഥാനവും തൊഴിലാളികളും മാത്രമല്ല യുഡിഎഫ് ഘടകകക്ഷികളും ട്രേഡ് യൂണിയനുകളുംപോലും അതിനെതിരെ പരസ്യമായി പ്രതികരിച്ചു.

യുഡിഎഫിന്റെ പ്രഗത്ഭനായ വ്യവസായ വകുപ്പു മന്ത്രിയെന്ന് മലയാള മനോരമയടക്കമുള്ള വലതുപക്ഷ മാധ്യമങ്ങള്‍ പ്രകീര്‍ത്തിക്കാറുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ കടുത്ത തകര്‍ച്ച നേരിടുകയാണുണ്ടായത്. ഇതുസംബന്ധിച്ച കണക്കുകള്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നതാണ്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിനുകീഴില്‍ ആദ്യത്തെ 3 വര്‍ഷവും പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ മുന്നേറ്റമുണ്ടാക്കി. (പട്ടിക 1 കാണുക)

യുഡിഎഫിന്റെ ഭരണത്തില്‍ 2005-06 കാലത്ത് 70 കോടി രൂപ വാര്‍ഷിക നഷ്ടമുണ്ടായിരുന്ന സ്ഥാനത്ത് 2008-09 കാലത്ത് 170 കോടി രൂപ ലാഭമുണ്ടാക്കാന്‍ എല്‍ഡിഎഫ് ഭരണത്തില്‍ സാധിച്ചു. യുഡിഎഫ് ഭരണത്തില്‍ 42ല്‍ 12 പിഎസ്യുകള്‍ മാത്രമാണ് ലാഭമുണ്ടാക്കിയത്. എല്‍ഡിഎഫ് ഭരണത്തില്‍ അത് 28 ആയി ഉയര്‍ന്നു. യുഡിഎഫ് ഭരണത്തില്‍ 30 പിഎസ്യുകള്‍ നഷ്ടത്തിലായിരുന്നു. എല്‍ഡിഎഫ് ഭരണം അത് 13 ആയി കുറച്ചു. പൊതുമേഖല വ്യവസായ സ്ഥാപനങ്ങളെയും അതിലെ തൊഴിലാളികളെയും സംരക്ഷിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വഹിച്ച പങ്ക് സംസ്ഥാനത്താകെയുള്ള ബഹുജനങ്ങള്‍ അഭിമാനത്തോടെയാണ് വിലയിരുത്തുന്നത്. എന്നാല്‍ ഈ നേട്ടങ്ങളെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ മനോരമ, മാതൃഭൂമി പോലുള്ള മാധ്യമങ്ങള്‍ തയ്യാറല്ല.

കേരള സര്‍ക്കാരിനു കീഴിലുള്ള ബ്യൂറോ ഓഫ് പബ്ളിക് എന്റര്‍പ്രൈസസ് പൊതുമേഖലാ സ്ഥാപനങ്ങളെ വിലയിരുത്തി വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്. 2010 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പ്രസ്തുത റിപ്പോര്‍ട്ട് സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ സ്ഥിതി സംബന്ധിച്ച യഥാര്‍ത്ഥ ചിത്രമാണ് നല്‍കുന്നത്. പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം കോ-ഓപ്പറേറ്റീവ് മേഖലയില്‍ ഉള്ള വ്യവസായ സ്ഥാപനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തില്‍ 114 പിഎസ്യുകളാണുള്ളത്. അവയില്‍ 9 എണ്ണം പൂട്ടിപ്പോയവയാണ്. ശേഷിക്കുന്ന 105 യൂണിറ്റുകളില്‍ 16 എണ്ണം പ്രവര്‍ത്തനക്ഷമമല്ല. 5 എണ്ണം 2007-08, 08-09 വര്‍ഷങ്ങളില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ലയിച്ചു. 3 എണ്ണത്തിന്റെ കണക്കുകള്‍ ലഭിച്ചിട്ടില്ല. ശേഷിക്കുന്ന 81 യൂണിറ്റുകളെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുള്ളത്. 2006-07 മുതല്‍ 2008-09 വരെ മൂന്നുവര്‍ഷക്കാലയളവില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുചിത്രം താഴെ കൊടുത്ത പട്ടികയില്‍ 2ല്‍ കാണാം.

2008-09ല്‍ സംസ്ഥാനത്തെ 51 പിഎസ്യുകള്‍ 770.02 കോടി രൂപ അറ്റലാഭം ഉണ്ടാക്കിയതായാണ് പ്രസ്തുത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം അത് 520.45 കോടി രൂപയായിരുന്നു. ശേഷിക്കുന്ന 30 യൂണിറ്റുകളുടെ നഷ്ടം 336.12 കോടി രൂപയാണ്. പ്രസ്തുത നഷ്ടം കുറച്ചാല്‍ 2008-09ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുണ്ടാക്കിയ ലാഭം 433.90 കോടി രൂപയാണ്. കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ആവേശകരമായ മുന്നേറ്റമാണിത്.

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ലാഭവും നഷ്ടവും ഉണ്ടാക്കിയ പത്ത് വീതം പിഎസ്യുകളുടെ പട്ടിക 3, 4 കൊടുത്തിട്ടുണ്ട്.

ലാഭകരമായി പ്രവര്‍ത്തിക്കുന്ന 10 പിഎസ്യുകള്‍ 663.80 കോടി രൂപ ലാഭമുണ്ടാക്കി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 10 സ്ഥാപനങ്ങളുണ്ടാക്കിയ നഷ്ടം 322.28 കോടി രൂപയാണ്. അറ്റലാഭം 341.52 കോടി രൂപയും. 2009 മാര്‍ച്ച് 31ന് വരെ സംസ്ഥാനത്തെ പൊതുമേഖലയില്‍ നിക്ഷേപിച്ചിട്ടുള്ള മൂലധനം 18178.84 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 17612.51 കോടി രൂപയായിരുന്നു. സംസ്ഥാനതല പൊതുമേഖലാ വ്യവസായ സംരംഭങ്ങളുടെ മൊത്തം വിറ്റുവരവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16.83% വര്‍ദ്ധിച്ച്, 15756.59 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 13486.62 കോടി രൂപയായിരുന്നു.

84 പൊതുമേഖലാ സ്ഥാപനങ്ങളിലായി 1,23,290 തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. പൊതുവെ ഉയര്‍ന്ന സേവന - വേതന വ്യവസ്ഥകളാണ് തൊഴിലാളികള്‍ക്കു ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള 10 പിഎസ്യുകളുടെ പേരും തൊഴിലാളികളുടെ എണ്ണവും പട്ടിക 5ല്‍ കൊടുത്തിട്ടുണ്ട്.

യുഡിഎഫ് ഭരണത്തില്‍ 2005-06ല്‍ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ യൂണിറ്റുകള്‍ക്ക് കേവലം 5 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. കേരളത്തിന്റെ വ്യവസായ വികസനത്തെ സംബന്ധിച്ച് വാതോരാതെ പ്രസംഗിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും വ്യവസായ വകുപ്പിനോട് സ്വീകരിച്ചിരുന്ന കടുത്ത അവഗണനയുടെയും ദീര്‍ഘവീക്ഷണമില്ലായ്മയുടെയും സംസാരിക്കുന്ന ഉദാഹരണമാണിത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ 2006-07ലെ ബജറ്റില്‍ 50 കോടി രൂപയാണ് പൊതുമേഖലാ വ്യവസായ യൂണിറ്റുകള്‍ക്കായി നല്‍കിയത്. പിന്നീടത് 90 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് വാങ്ങണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചത് പിഎസ്യുകള്‍ക്ക് തുണയായി. വന്‍കിട വ്യവസായം, ടൂറിസം, ഐടി മേഖലകളില്‍ 2009-10 വര്‍ഷത്തിലെ പദ്ധതി അടങ്കല്‍ ഏതാണ്ട് 330 കോടി രൂപയായിരുന്നത് 2010-11 വര്‍ഷത്തെ ബജറ്റില്‍ 412 കോടി രൂപയായി ഉയര്‍ത്തി.

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടായ ഈ ഉജ്ജ്വല മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് 2010-11ലെ ബജറ്റില്‍ 125 കോടി രൂപ മുതല്‍മുടക്കി പുതുതായി 8 പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി ആരംഭിക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയില്‍ ചിലത് ഒറ്റവര്‍ഷംകൊണ്ട് കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍ക്ക് വര്‍ണ്ണത്തിളക്കം നല്‍കുന്നതാണ് ഈ പുതിയ സംരംഭങ്ങള്‍. കോമളപുരം ഹൈടെക് സ്പിന്നിംഗ് & വീവിങ് മില്‍ (36 കോടി), കണ്ണൂര്‍ ഹൈടെക് നെയ്ത്ത് ഫാക്ടറി (20 കോടി), കാസര്‍ഗോഡ് പുതിയ ടെക്സ്റ്റൈല്‍ മില്‍ (16 കോടി),ട്രാക്കോ കേബിളിന്റെ കണ്ണൂര്‍ യൂണിറ്റ് (12 കോടി), സിഡ്കോയുടെ കോഴിക്കോട്ടെ ടൂള്‍ റൂം (12 കോടി), കുറ്റിപ്പുറത്തെ കെല്‍ട്രോണ്‍ യൂണിറ്റ് (12 കോടി), ഷൊര്‍ണ്ണൂരില്‍ പുതിയ ഫോര്‍ജിംഗ് യൂണിറ്റ് (12 കോടി), പാലക്കാട് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ മീറ്റര്‍ ഫാക്ടറി (5 കോടി) എന്നിവയാണിവ. ഇതിനുപുറമെ നിലവിലുള്ള പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് 55 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

2006-07 മുതല്‍ 2009-10 വരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണ - വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 60.62 കോടി രൂപയും വിവിധ കമ്പനികള്‍ സ്വന്തം ഫണ്ടില്‍നിന്നും 283.74 കോടി രൂപയും ചെലവഴിച്ചു. 2010-11 വര്‍ഷത്തെ ബജറ്റില്‍ ഈ ഇനത്തില്‍ 275 കോടി രൂപയാണ് ചെലവഴിക്കാനായി വകയിരുത്തിയിട്ടുള്ളത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ധീരമായ പരീക്ഷണം വിജയകരമായി നടപ്പിലാക്കിയത് വ്യവസായ വകുപ്പിന്റെ മറ്റൊരു നേട്ടമാണ്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (ടഅകഘ) കോഴിക്കോട് സ്റ്റീല്‍ കോംപ്ളക്സുമായി ചേര്‍ന്ന് 50 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന പുതിയ ടിഎംടി റോളിങ് മില്ലിന് തറക്കല്ലിട്ടു. തിരുവനന്തപുരത്തെ കെല്‍ടെക് പ്രതിരോധവകുപ്പിന്റെ ബ്രഹ്മോസുമായി സഹകരിച്ച് സംയുക്ത സംരംഭം ആരംഭിച്ചു. കെല്‍ - ബിഎച്ച്ഇഎല്‍, ആട്ടോ കാസ്റ്റ് റെയില്‍വെ, ടെല്‍ക് - എന്‍ടിപിസി എന്നീ സംയുക്ത സംരംഭങ്ങളും യാഥാര്‍ത്ഥ്യമാക്കുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുദ്ധരിച്ചും ആധുനീകരിച്ചും കേന്ദ്ര സര്‍ക്കാരിനും ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാതൃകയാവാനും കക്ഷി രാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ജനവിഭാഗങ്ങളുടെയും അംഗീകാരവും അഭിനന്ദനവും ഏറ്റുവാങ്ങാനും വി എസ് സര്‍ക്കാരിനു കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. പ്രത്യേകിച്ചും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഖജനാവിന് ബാദ്ധ്യതയാണെന്നും അവയെ കയ്യൊഴിയുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നുമുള്ള നവഉദാരവല്‍ക്കരണ -സാമ്രാജ്യത്വനയങ്ങളെ വെല്ലുവിളിച്ചാണ് കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നേട്ടമുണ്ടാക്കിയത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റ് സ്വകാര്യവല്‍ക്കരിച്ചും ഉദാരവല്‍ക്കരിച്ചും മുന്നേറിയ ലോക മുതലാളിത്ത രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് മൂക്കുകുത്തി വീണു. ലോക മുതലാളിത്ത പ്രതിസന്ധി ഇന്ത്യയെ വന്‍തോതില്‍ ബാധിക്കാതിരിക്കാനുള്ള കാരണം പൊതുമേഖലാ സ്ഥാപനങ്ങളാണെന്ന കാര്യത്തില്‍ ആരും സംശയിക്കുന്നില്ല. കോണ്‍ഗ്രസ്, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ട്രേഡ് യൂണിയനുകളുടെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ശക്തമായ ചെറുത്തുനില്‍പ്പ് കാരണം ബാങ്കുകളും, ഇന്‍ഷുറന്‍സ് കമ്പനികളും, വ്യവസായ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കുന്നതില്‍ ആഗ്രഹിച്ചതുപോലെ വിജയിക്കാനായില്ല എന്നതാണ് രാജ്യത്തെ തുണച്ചത്.

സമ്പദ്ഘടനയില്‍ ശക്തവും വിപുലവുമായ പൊതുമേഖലയുടെ പങ്കാണ് ലോകത്തെങ്ങുമുള്ള തൊഴിലാളിവര്‍ഗം മുന്നോട്ടുവെയ്ക്കുന്ന ബദല്‍ കാഴ്ചപ്പാട്. സാമൂഹ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ സമ്പദ്ഘടനയില്‍ സര്‍ക്കാരിനുള്ള പങ്ക് നിഷേധിക്കുകയല്ല; ശക്തിപ്പെടുത്തുകയാണാവശ്യം എന്നതാണ് തൊഴിലാളിവര്‍ഗ നിലപാട്. സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്കുപോലും ശക്തമായ പൊതുമേഖലയുടെ സാന്നിദ്ധ്യം അനിവാര്യമാണ്.

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമായല്ല പ്രവര്‍ത്തിക്കുന്നത് എന്നത് വസ്തുതയാണ്. സ്വകാര്യമേഖല ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാമൂഹ്യമായി അനിവാര്യമായ സേവന -ഉല്‍പ്പാദന മേഖലകളിലാണ് പല പൊതുമേഖലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് . അതുകൊണ്ടുതന്നെ സ്വകാര്യമേഖലയില്‍നിന്ന് വ്യത്യസ്തമായ സ്വഭാവമാണ് പൊതുമേഖലയ്ക്കുണ്ടാവുക. ജനാധിപത്യ-മാനവിക മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും സാമൂഹ്യമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുകൊണ്ടും ലാഭകരമായി പ്രവര്‍ത്തിക്കുക എന്നതാണ് പൊതുമേഖല നിര്‍വഹിക്കേണ്ട ദൌത്യം.

പ്രശസ്ത മാര്‍ക്സിയന്‍ ചിന്തകനും സംസ്ഥാന പ്ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടിയതുപോലെ "ഇപ്പോള്‍ കേരളത്തില്‍ പൊതുമേഖലക്കുണ്ടായ ഈ ഉയര്‍ത്തെഴുന്നേല്‍പ്പ്, അല്ലെങ്കില്‍ പുനരുജ്ജീവനം ഭൂമി പിടിച്ചെടുക്കുകയോ, ഊഹക്കച്ചവടം നടത്തുകയോ, അതുവഴി ലാഭമുണ്ടാക്കുകയോ, അങ്ങനെ ലാഭക്കണക്ക് പ്രദര്‍ശിപ്പിക്കുകയോ ചെയ്തത് കൊണ്ടല്ല. കേരളത്തിലെ അനുഭവം സാമ്പത്തിക തിരിമറികളോ അഭ്യാസങ്ങളോ വഴി ഉണ്ടായതല്ല. തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചുവിട്ടുകൊണ്ടുമല്ല അത് സംഭവിച്ചത്. മറിച്ച് പൊതുമേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടാണിത് സാധ്യമാക്കിയത്. മെച്ചപ്പെട്ട കൈകാര്യ കര്‍തൃത്വം, മെച്ചപ്പെട്ട പരിശീലനം എന്നിവയില്‍ കൂടിയാണത് നേടിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യമായ പങ്ക് നിര്‍വഹിച്ചുകൊണ്ടുതന്നെ, അവയുടെ കൂടുതല്‍ ശ്രദ്ധാപൂര്‍വമുള്ള കൈകാര്യ കര്‍തൃത്വം വഴിയാണ് ഇതു സാധിക്കുന്നത്. ഈ അനുഭവം ആഴമുള്ള ഒരു ചോദ്യം ഉയര്‍ത്തുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, സാമൂഹ്യമായ ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോള്‍, ലാഭം കുറയുന്നുവെങ്കില്‍ എന്താണതിന് കാരണം?

പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണതില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സംഭവിച്ചത്, പൊതുമേഖലയെ പൊതുമേഖലയായിത്തന്നെ പുനരുജ്ജീവിപ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ്. അത്തരമൊരു ഇച്ഛാശക്തിയുണ്ടെങ്കില്‍ പൊതുമേഖലയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനാവും. ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളില്‍ പൊതുമേഖല വഹിക്കുന്ന പങ്ക് - മാനവീകമായ ഒരു സമൂഹം പണിതുയര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്ക്, ഒപ്പം അത്തരമൊരു പങ്കിനായുള്ള അദമ്യമായ ആവശ്യം- ഇവയെല്ലാം അപ്പോള്‍ ദൃഢമായി തന്നെ നില്‍ക്കും. ഇതാണ് കേരളത്തിലെ അനുഭവം പഠിപ്പിക്കുന്ന പാഠം''.

പ്രഭാത് അടിവരയിട്ടു പറയുന്ന ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് വ്യവസായവകുപ്പിന് നേതൃത്വം നല്‍കിയ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായ മന്ത്രി എളമരം കരീം പ്രകടിപ്പിച്ചത്. സിഐടിയു എന്ന ഇന്ത്യന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതൃത്വത്തിന്റെ ഭാഗമാണെന്ന അനുഭവവും വര്‍ഗവീക്ഷണവുമാണ് അഭിമാനകരമായ ഈ മുന്നേറ്റത്തില്‍ നായക സ്ഥാനത്ത് നില്‍ക്കാന്‍ അദ്ദേഹത്തിനു സഹായകരമായത്. പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ഇടതുപക്ഷ സര്‍ക്കാരുകളുടെ നേതൃത്വവും ഇന്ത്യയിലാകെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളും പുരോഗമന വിശ്വാസികളും അഭിമാനത്തോടെയാണ് കേരളത്തിന്റെ ഈ നേട്ടത്തെ സ്വാഗതം ചെയ്തത്.

30 വര്‍ഷങ്ങള്‍ക്കുശേഷം സംസ്ഥാനത്തിന്റെ പൊതുമേഖലയെ മുന്നേറ്റ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തി തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും ആത്മവിശ്വാസം പകര്‍ന്നിരിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഒപ്പം ഓഹരികള്‍ വിറ്റഴിച്ച് പൊതുമേഖലയെ കേന്ദ്ര സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുമ്പോള്‍ പിഎസ്യുകളെ സംരക്ഷിച്ച് ശക്തമാക്കുക എന്ന ബദല്‍നയത്തിന്റെ വിജയസാധ്യത പ്രയോഗത്തിലൂടെ തെളിയിക്കുകയും ചെയ്തിരിക്കുന്നു.

പി കൃഷ്ണപ്രസാദ് chintha weekly 090410

1 comment:

  1. കഴിഞ്ഞ മൂന്നര വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ എടുത്തു പറയേണ്ടതാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തിയ ഉജ്ജ്വല മുന്നേറ്റം. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെയും വ്യവസായമന്ത്രി എളമരം കരീമിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമായ ഈ നേട്ടത്തിന് ഇന്ത്യയിലാകെയുള്ള തൊഴിലാളിവര്‍ഗത്തെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത രാഷ്ട്രീയ പ്രാധാന്യമുണ്ട്.

    ReplyDelete