Friday, April 9, 2010

ഔഷധവ്യാപാരത്തിലെ അപകടങ്ങള്‍

ഔഷധ വ്യാപാരരംഗത്ത് നിലനില്‍ക്കുന്ന അനാശാസ്യ പ്രവണതകള്‍ സജീവചര്‍ച്ചാവിഷയമാണിന്ന്. നിലവാരം കുറഞ്ഞ മരുന്നുകളും അനാവശ്യ മരുന്നുകളും രോഗികളില്‍ അടിച്ചേല്‍പ്പിക്കുന്നത് സര്‍വ സാധാരണമായിരിക്കുന്നു. സംഘടിതമായി നടത്തുന്ന തട്ടിപ്പുകള്‍ പുറത്തുവന്നിരിക്കുന്നു. രോഗികള്‍ക്ക് ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ചോദ്യംചെയ്യാതെ സ്വീകരിക്കാതെ നിവൃത്തിയില്ല. ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഏത് മരുന്നിനും പാര്‍ശ്വഫലങ്ങളും അപകടസാധ്യതകളുണ്ട്. വമ്പിച്ച സാമ്പത്തികശേഷിയുള്ള കുത്തകക്കമ്പനികളുടെ മേധാവിത്വമാണ് ഔഷധവിപണനരംഗത്ത്. ലോകത്തില്‍ 10 ബഹുരാഷ്ട്രകമ്പനികളാണ് ഔഷധവിപണിയുടെ 60 ശതമാനവും നിയന്ത്രിക്കുന്നത്. ഇതില്‍ വലിയ അഞ്ചെണ്ണം അമേരിക്കന്‍ കമ്പനികളാണ്. ഇന്ത്യയില്‍ 58 ശതമാനം ഔഷധവിപണിയും 25 ഇന്ത്യന്‍ വിദേശകുത്തകകളുടെ പിടിയിലാണ്.

ഇന്ത്യന്‍ ഔഷധവ്യവസായം നേരിടുന്ന സമകാലീന പ്രതിസന്ധികള്‍ സംബന്ധിച്ച് കല്‍ക്കട്ടയില്‍ കഴിഞ്ഞമാസം ഇന്ത്യന്‍ ജനകീയാരോഗ്യ പ്രസ്ഥാനമായ ജനസ്വസ്തയാ അഭിയാന്റെ നേതൃപങ്കാളിത്തത്തില്‍ സെമിനാര്‍ നടത്തിയിരുന്നു. ഔഷധവ്യവസായ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ ആ സെമിനാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുക, അശാസ്ത്രീയ ഔഷധചേരുവകള്‍ നിരോധിക്കുക, സുരക്ഷിതമല്ലാത്ത ഔഷധപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് സെമിനാര്‍ അംഗീകരിച്ച പ്രധാന പ്രമേയങ്ങള്‍.

ജനസ്വസ്തയ അഭിയാന്‍ ജനകീയ ഔഷധനയത്തിനായി സെമിനാറില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ഒരു സെമിനാറില്‍ ഡോ. ബി ഇക്ബാല്‍ വ്യക്തമാക്കുകയുണ്ടായി. ഏതാണ്ടെല്ലാ അവശ്യമരുന്നുകളും പൂര്‍ണമായും ഉല്‍പ്പാദിപ്പിക്കാനാവശ്യമായ സാങ്കേതികശേഷി ഇന്ത്യന്‍ ഔഷധകമ്പനികള്‍ക്കുണ്ട്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന 40,000 കോടി രൂപയ്ക്കുള്ള മരുന്നില്‍ പകുതിയോളം വിദേശരാജ്യങ്ങളിലാണ് വില്‍ക്കുന്നത്. ഔഷധക്കമ്പനികളുടെ മാര്‍ക്കറ്റിങ് രീതികളും വിപണനതന്ത്രങ്ങളും ഔഷധമേഖലയില്‍ ഒട്ടനവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മരുന്നുകളുടെ രാസനാമത്തിനു പകരം ഓരോ കമ്പനിയും അവരുടെ കമ്പനിനാമത്തിലാണ് വിപണിയില്‍ എത്തിക്കുന്നത്. ഏതാനും കുത്തകകമ്പനികളാണ് ജനിതക ഔഷധനിര്‍മാണമേഖലയില്‍ മേധാവിത്വം വഹിക്കുന്നത്. തന്മൂലവും ജീവരൂപങ്ങള്‍ക്ക് പേറ്റന്റ് അനുവദിക്കുന്നതുകൊണ്ടും അമിതവിലയ്ക്കാണ് ജൈവഔഷധങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. അതുകൊണ്ട് ഇവയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല. കേന്ദ്ര ജൈവഗവേഷണസ്ഥാപനങ്ങള്‍ ഔഷധഗവേഷണമേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ഇത്തരം മരുന്നുകളുടെ വില കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുകയും വേണം.

കല്‍ക്കത്ത പ്രഖ്യാപനത്തിലെ പല നിര്‍ദേശങ്ങളും കാലവിളംബം കൂടാതെ നടപ്പാക്കുമെന്ന് അന്നത്തെ ആരോഗ്യമന്ത്രി ജനകീയാരോഗ്യസംഘടനകള്‍ക്ക് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കല്‍ക്കത്ത പ്രഖ്യാപനത്തിലെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചെന്നുമാത്രമല്ല പൊതുമേഖലയിലുള്ള വാക്സിന്‍ ഫാക്ടറികള്‍ പൂട്ടുന്നതടക്കം പിന്നീട് സ്വീകരിച്ച പല നടപടികളും അവശ്യമരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നത് തടയുന്നതിലേക്കും ഔഷധമേഖലയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നതിലേക്കുമാണ് നയിച്ചത്. ഔഷധ വിലനിയന്ത്രണം നടപ്പാക്കാന്‍ കൂട്ടാക്കാത്തതുമൂലവും പേറ്റന്റ് നിയമം മാറ്റിയതോടെയും ഔഷധവില കുതിച്ചുയരുകയാണ്. ഔഷധവിലനിയന്ത്രണനിയമം നടപ്പാക്കിയ 1978ല്‍ 374 അവശ്യമരുന്നുകളുടെ വിലയാണ് നിയന്ത്രണ വിധേയമാക്കിയിരുന്നത്. മരുന്നുകമ്പനികളുടെ സമ്മര്‍ദത്തിനുവഴങ്ങി മാറിമാറിവന്ന സര്‍ക്കാരുകള്‍ വില നിയന്ത്രണത്തിന്റെ പരിധിയില്‍നിന്ന് ഒട്ടുമിക്ക മരുന്നുകളെയും ഒഴിവാക്കി. വില വര്‍ധിപ്പിക്കാന്‍ മരുന്നുകമ്പനികള്‍ക്ക് അനുമതി നല്‍കി. ഇപ്പോള്‍ 74 മരുന്നിന്റെ വില മാത്രമാണ് നിയന്ത്രണപരിധിയില്‍വരുന്നത്. ഇവയില്‍ പല മരുന്നും കാലഹരണപ്പെട്ടവയാണെന്നു മാത്രമല്ല ഇവയില്‍ പലവയും സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി ഉയര്‍ന്ന വിലയ്ക്കാണ് മരുന്നുകമ്പനികള്‍ വിറ്റുവരുന്നത്. അപകടകാരികളായ മരുന്നുകള്‍ക്കെതിരായി ജനകീയാരോഗ്യപ്രസ്ഥാനങ്ങള്‍ നടത്തിയ പ്രചാരണങ്ങളെത്തുടര്‍ന്ന് ഒട്ടനവധി മരുന്നുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു.

സമീപകാലത്തെ പ്രവണത വൈദ്യശാസ്ത്രപരമായി ഒരു നീതീകരണമില്ലാത്തവയും പാര്‍ശ്വഫലസാധ്യതയുള്ളവയുമായ ഔഷധചേരുവകളുടെ വന്‍തോതിലുള്ള മാര്‍ക്കറ്റിങ്ങാണ്. കേന്ദ്ര ഡ്രഗ് കണ്‍ട്രോള്‍ ജനറലിന്റെ അനുമതികൂടാതെ സംസ്ഥാന ഡ്രഗ് കട്രോളര്‍മാരുടെ അനുമതി വാങ്ങി ഇന്ത്യയിലിപ്പോള്‍ പ്രചാരത്തിലുള്ള 294 തരം അശാസ്ത്രീയ ഔഷധചേരുവകളുണ്ടെന്ന് കല്‍ക്കത്ത സെമിനാറില്‍ വ്യക്തമാക്കപ്പെട്ടു.

ആരോഗ്യാവശ്യങ്ങള്‍ക്ക് ഇന്ത്യയിലെ ജനങ്ങള്‍ നേരിടേണ്ടിവരുന്ന ചെലവില്‍ കേവലം 25 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ചെലവിടുന്നത്. ബാക്കി 75 ശതമാനവും ജനങ്ങള്‍ വഹിക്കേണ്ടിവരുന്നു. ഇതില്‍ 80 ശതമാനം ചെലവിടേണ്ടിവരുന്നത് മരുന്നുകള്‍ക്കു വേണ്ടിയാണ്. അവശ്യമരുന്നുകള്‍ വില കുറച്ച് സാധാരണക്കാര്‍ക്ക് ലഭ്യമാക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. ഔഷധ വ്യാപാര രംഗത്തെ പ്രശ്നങ്ങള്‍ അതീവ സങ്കീര്‍ണമാണെന്ന് വ്യക്തമാക്കുന്ന വസ്തുതകളാണിവ. മരുന്നുകമ്പനികള്‍ ഡോക്ടര്‍മാരെ വശത്താക്കാന്‍ വന്‍തുക ചെലവിടുന്നു. ഒരു ഡോക്ടര്‍ക്ക് വര്‍ഷത്തില്‍ ഒന്നരലക്ഷം രൂപ എന്ന നിലയില്‍ വരും ഇത്. ഔഷധങ്ങള്‍ നിര്‍ദേശിക്കുന്നതില്‍ ഡോക്ടര്‍മാര്‍ ശാസ്ത്രീയസമീപനവും വൈദ്യശാസ്ത്ര നൈതികതയും പിന്തുടരേണ്ടതാണ്. സര്‍ക്കാര്‍ തലത്തില്‍ സര്‍വതലസ്പര്‍ശിയായ ഇടപെടലിനു പുറമെ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് മുന്‍കൈയുണ്ടായാലേ ഇന്നത്തെ ദുരവസ്ഥ മാറ്റിയെടുക്കാനാകൂ. ജനകീയാരോഗ്യ പ്രസ്ഥാനം ഈ വഴിക്ക് നടത്തുന്ന പ്രചാരണ പ്രക്ഷോഭങ്ങള്‍ക്ക് ബഹുജനങ്ങളുടെ സജീവ പിന്തുണ ഉണ്ടാകേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം

1 comment:

  1. ഇന്ത്യന്‍ ഔഷധവ്യവസായം നേരിടുന്ന സമകാലീന പ്രതിസന്ധികള്‍ സംബന്ധിച്ച് കല്‍ക്കട്ടയില്‍ കഴിഞ്ഞമാസം ഇന്ത്യന്‍ ജനകീയാരോഗ്യ പ്രസ്ഥാനമായ ജനസ്വസ്തയാ അഭിയാന്റെ നേതൃപങ്കാളിത്തത്തില്‍ സെമിനാര്‍ നടത്തിയിരുന്നു. ഔഷധവ്യവസായ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ ആ സെമിനാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുക, അശാസ്ത്രീയ ഔഷധചേരുവകള്‍ നിരോധിക്കുക, സുരക്ഷിതമല്ലാത്ത ഔഷധപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് സെമിനാര്‍ അംഗീകരിച്ച പ്രധാന പ്രമേയങ്ങള്‍.

    ReplyDelete