തളരാതിരുന്നത് കൈകള്‍ ശുദ്ധമായതിനാല്‍:പിണറായി
ദുബായ്: സാധാരണനിലയ്ക്ക് ഏതു മനുഷ്യനും തളര്‍ന്നുപോകുന്ന രീതിയില്‍ വളഞ്ഞിട്ടാക്രമിച്ചപ്പോഴും തളരാതിരുന്നത് കൈകള്‍ ശുദ്ധമായതിനാലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു കുപ്രചാരണത്തെയും ഭയപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. നമ്മുടെ നാട്ടില്‍ ഒരു പഴഞ്ചൊല്ലുണ്ട്. മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയം വേണ്ടൂ എന്ന്. ഒരുപാട് ദുരാരോപണങ്ങളില്‍ തളരാതിരിക്കാനായത് ശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനത്താലാണ്. എന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്ന എന്റെ പാര്‍ടിയും എന്റെ സഖാക്കളും പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുകയായിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച അന്വേഷണ ഏജന്‍സി തന്നെ ലാവ്ലിന്‍ ഇടപാടില്‍ ഒരു സാമ്പത്തികനേട്ടവും പിണറായി വിജയന് ഉണ്ടായിട്ടില്ലെന്ന് കോടതിമുമ്പാകെ സത്യവാങ്മൂലം കൊടുത്തെന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി-ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
എന്തെല്ലാമാണ് പ്രചരിക്കപ്പെട്ടത്. ആദ്യം പറഞ്ഞത് സിംഗപ്പൂരില്‍ എന്റെ ഭാര്യയുടെ പേരില്‍ ഒരു മഹാസ്ഥാപനം പ്രവര്‍ത്തിക്കുകയാണെന്നാണ്. കമല ഇന്റര്‍നാഷണല്‍ എന്നോ ഒരു പേരും പറഞ്ഞു. അതു വസ്തുതാവിരുദ്ധമാണെന്ന് ആരും പ്രത്യേകിച്ച് പറയേണ്ടതില്ല. പക്ഷേ, പിന്നീട് എല്ലാവര്‍ക്കും അതു ബോധ്യമായി. എന്നാല്‍, പ്രചാരണം നടത്തിയവര്‍ അതു വ്യാപകമായി നടത്തുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായി വന്ന ഒരു കഥ ഞാന്‍ നൂറോ ഇരുന്നൂറോ അതിലേറെയോ തവണ സിങ്കപ്പൂരില്‍ പോയിട്ടുണ്ടെന്നാണ്. പച്ചക്കള്ളത്തിനു പ്രചാരണം കൊടുക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ആലോചിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇപ്പോള്‍ അന്വേഷണ ഏജന്‍സി വ്യക്തമായി പറഞ്ഞിരിക്കുന്നു. ആരോപണമുന്നയിച്ച ആള്‍ക്കും ഒരു തെളിവും ഹാജരാക്കാന്‍ ഉണ്ടാകില്ല. എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണ നിറഞ്ഞ വാര്‍ത്തകള്‍ മനസ്സില്‍വച്ചുപുലര്‍ത്തുന്ന ചില ആളുകളെങ്കിലും നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുമല്ലോ. അത്തരം ആളുകള്‍ക്ക് വസ്തുത എന്തെന്ന് യഥാര്‍ഥത്തില്‍ മനസ്സിലാക്കാന്‍ ഉതകുന്ന ഒരു സത്യവാങ്മൂലം വന്നതില്‍ സന്തോഷവാനാണെന്നും പിണറായി പറഞ്ഞു.
പ്രഹരം ഗവര്‍ണര്‍ക്കും
പിണറായി വിജയന് സാമ്പത്തികനേട്ടമില്ലെന്ന് പ്രത്യേകകോടതിയില്‍ സിബിഐ അറിയിച്ചതോടെ ലാവ്ലിന്‍ കേസ് ഇനി നിലനില്‍ക്കില്ല. സാങ്കേതികമായി കേസ് തുടരുമെങ്കിലും അഴിമതിക്കുറ്റം ഇല്ലാതായതോടെ പിണറായിയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. സിബിഐ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലൂടെ തകര്‍ന്നുവീണത് യുഡിഎഫ്-ബിജെപി-മാധ്യമ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ നുണക്കോട്ടയാണ്. ഇവരുടെ താളത്തിനു തുള്ളിയ ഗവര്‍ണര്‍ ആര്‍ എസ് ഗവായിക്ക് കനത്ത പ്രഹരവുമാണ് കോടതിക്ക് സിബിഐ നല്‍കിയ സാക്ഷ്യപത്രം.
ലാവ്ലിന്‍ കരാറില്‍ സാമ്പത്തിക അഴിമതി നടന്നെന്നും സ്വകാര്യ നിക്ഷേപങ്ങളിലേക്കും ടിവി ചാനലിലേക്കും കോടികള്‍ മറിഞ്ഞെന്നുമാണ് രാഷ്ട്രീയ എതിരാളികളും ഒരുവിഭാഗം മാധ്യമങ്ങളും ചില നിക്ഷിപ്ത താല്‍പ്പര്യക്കാരും പ്രചരിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ആക്ഷേപത്തിന് പരോക്ഷമായി ശക്തിപകര്‍ന്നുകൊണ്ട് ഗവര്‍ണര്‍ ആര്‍ എസ് ഗവായി പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. കേന്ദ്രഭരണകക്ഷിയുടെ ചട്ടുകമായാണ് ഗവായി പ്രവര്‍ത്തിച്ചത്.
90 ശതമാനം പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും നിലനിന്ന ഇരുണ്ട കാലഘട്ടത്തില്‍ കേരളത്തെ വെളിച്ചത്തിലേക്കു നയിക്കാന്‍ ഊര്‍ജിത നടപടി സ്വീകരിച്ച നേതാവിനെ ശരശയ്യയില്‍ കിടത്താന്‍ ശ്രമിച്ചവര്‍ക്ക് കാലം മാപ്പുനല്‍കില്ലെന്ന സന്ദേശമാണ് കേസിന്റെ പുതിയ വഴിത്തിരിവ്. ഗൂഢാലോചന കേസ് നിലനില്‍ക്കണമെങ്കില്‍ വ്യക്തിപരമായ നേട്ടം പ്രതിചേര്‍ത്ത വ്യക്തിക്ക് ഉണ്ടാകണം. സാമ്പത്തികനേട്ടം പിണറായിക്ക് ഉണ്ടായില്ലെന്ന് കോടതിയില്‍ സിബിഐ വ്യക്തമാക്കിയതോടെ പ്രതിപ്പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് അസംബന്ധമായി. പിണറായി കുറ്റക്കാരനല്ലെന്ന് സംസ്ഥാന വിജിലന്‍സ് തീര്‍ത്തുപറഞ്ഞിരുന്നു. അപ്രകാരം വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ എഫ്ഐആറും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സമര്‍പ്പിച്ചിരുന്നു. അതു നിരാകരിച്ചാണ് സിബിഐക്ക് കേസ് വിടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നിട്ടാണ് സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് കളിച്ചത്. ഈ കളി നടത്തിയ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മറ്റും വായ അടപ്പിക്കുന്നതാണ് സിബിഐ റിപ്പോര്‍ട്ട്.
നടക്കാത്ത അഴിമതിയുടെ പേരില്‍ ഒരു രാഷ്ട്രീയ നേതാവിനെ ഇത്രമാത്രം ചിത്രവധം ചെയ്ത മറ്റൊരു സംഭവം ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാകില്ല. നട്ടാല്‍ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിച്ചത്. കുടുംബാംഗങ്ങളെപ്പോലും ബന്ധപ്പെടുത്തി അടിസ്ഥാനരഹിത ആക്ഷേപങ്ങള്‍ ഹര്‍ജിയായി ഹൈക്കോടതിയിലടക്കം എത്തിയിരുന്നു. പിണറായി വിജയന്റെ ഭാര്യ കമലയുടെ പേരില്‍ സിങ്കപ്പൂരില്‍ കമലാ ട്രേഡേഴ്സ് എന്ന പേരില്‍ സ്ഥാപനമാരംഭിച്ചു, സിങ്കപ്പൂരില്‍ നൂറിലധികംതവണ പിണറായി സന്ദര്‍ശിച്ചു-എന്നീ കഥകള്‍. പി സി ജോര്‍ജിനെക്കൊണ്ട് ഇക്കാര്യങ്ങള്‍ പറയിപ്പിച്ച് ജയ്ഹിന്ദ് ടിവി ശനിയാഴ്ചയും പ്രത്യേക പരിപാടി അവതരിപ്പിച്ചു. എന്നാല്‍, കമലാ ട്രേഡേഴ്സ് എന്ന സ്ഥാപനം സിങ്കപ്പൂരിലില്ലെന്നും പിണറായി സിങ്കപ്പൂരില്‍ ഒരുതവണയേ പോയിട്ടുള്ളൂവെന്നും കേന്ദ്ര ഏജന്‍സികള്‍ തന്നെ കോടതിയെ അറിയിച്ചിരുന്നു. ഇതെല്ലാം വിസ്മരിച്ചാണ് നെറികെട്ട ആക്ഷേപം ആവര്‍ത്തിച്ചത്. ഇതിന്റെ വിഷം പരക്കുന്നതിനിടെയാണ് പിണറായിയുടെ കരങ്ങള്‍ ശുദ്ധമാണെന്ന സിബിഐ നിഗമനം കോടതിയിലെത്തുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരെ ഇല്ലാതാക്കാന്‍ കെട്ടിച്ചമച്ച വാര്‍ത്തകളും വ്യാജകഥകളുംവഴി കഴിയില്ല. മാധ്യമങ്ങളും ഒരുവിഭാഗം രാഷ്ട്രീയക്കാരും പ്രചരിപ്പിച്ച വിഷം അവരുടെ അന്വേഷണ ഏജന്‍സി തന്നെ സ്വയം വിഴുങ്ങിയതിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നേതാക്കളുടെയും സംശുദ്ധമായ ശിരസ്സ് ഒന്നുകൂടി ഉയരുകയാണ്.
(ആര്‍ എസ് ബാബു)
CBIയോടുള്ള നേരത്തേയുള്ള നിലപാടില്‍ മാറ്റില്ല:ജയരാജന്‍
ലാവലിന്‍ കേസ് സംബന്ധിച്ച CBI റിപ്പോര്‍ട്ട് CPIM നേരത്തെ പറഞ്ഞത് തന്നെയാണെന്നും സത്യം ഇനിയും ഓരോന്നായി പുറത്തുവരുമെന്നും കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പ്രതികരിച്ചു. ഇപ്പോള്‍ CBI സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ CBIയോടുള്ള നേരത്തേയുള്ള നിലപാടില്‍ മാറ്റില്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യരുതെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും ഇ പി ജയരാജന്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദേശാഭിമാനി/പീപ്പിള്‍ ടി.വി വാര്‍ത്തകള്‍ 18042010
സാധാരണനിലയ്ക്ക് ഏതു മനുഷ്യനും തളര്‍ന്നുപോകുന്ന രീതിയില്‍ വളഞ്ഞിട്ടാക്രമിച്ചപ്പോഴും തളരാതിരുന്നത് കൈകള്‍ ശുദ്ധമായതിനാലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു കുപ്രചാരണത്തെയും ഭയപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. നമ്മുടെ നാട്ടില്‍ ഒരു പഴഞ്ചൊല്ലുണ്ട്. മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയം വേണ്ടൂ എന്ന്. ഒരുപാട് ദുരാരോപണങ്ങളില്‍ തളരാതിരിക്കാനായത് ശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനത്താലാണ്. എന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്ന എന്റെ പാര്‍ടിയും എന്റെ സഖാക്കളും പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുകയായിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച അന്വേഷണ ഏജന്‍സി തന്നെ ലാവ്ലിന്‍ ഇടപാടില്‍ ഒരു സാമ്പത്തികനേട്ടവും പിണറായി വിജയന് ഉണ്ടായിട്ടില്ലെന്ന് കോടതിമുമ്പാകെ സത്യവാങ്മൂലം കൊടുത്തെന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി-ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ReplyDelete