Saturday, April 3, 2010

ബഹുരാഷ്ട്ര കുത്തകയുടെ കൊള്ള

പാലക്കാടുജില്ലയിലെ പ്ളാച്ചിമടയില്‍ കൊക്കകോള കമ്പനിയുടെ പ്ളാന്റു പ്രവര്‍ത്തിച്ചതുമൂലം വിവിധ മേഖലകളിലുണ്ടായ ആഘാതം അങ്ങേയറ്റം ഗുരുതരമാണെന്ന് ഇതുസംബന്ധിച്ച് പഠിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി. പരിസ്ഥിതിക്കും കൃഷിക്കും പൊതുജനങ്ങളുടെ ആരോഗ്യത്തിനും അവരുടെ നിലവിലുണ്ടായിരുന്ന വരുമാനത്തിനും അപായകരമായ ആഘാതം കമ്പനിയുടെ പ്രവര്‍ത്തനം മൂലമുണ്ടായതായി അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അദ്ധ്യക്ഷനായ 14 അംഗ വിദഗ്ധസമിതി കണ്ടെത്തി. ഭൂഗര്‍ഭ ജലസ്രോതസ്സിനും ആവാസവ്യവസ്ഥയ്ക്കും കടുത്ത ഭീഷണിയാണ് പ്ളാന്റ് ഉയര്‍ത്തിയതെന്ന് സമിതി ചൂണ്ടിക്കാട്ടി. ഫാക്ടറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കരുതെന്നും സമിതി ശുപാര്‍ശചെയ്തിട്ടുണ്ട്.

216.26 കോടി രൂപ നഷ്ടപരിഹാരമായി ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡി (എച്ച്സിബിപിഎല്‍)ല്‍ നിന്ന് ഈടാക്കാവുന്നതാണെന്ന് വിദഗ്ധസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ കമ്പനി ഉണ്ടാക്കിയ നാശത്തിന് 84.16 കോടി രൂപ ഈടാക്കാം. ജലസ്രോതസുകള്‍ മലിനപ്പെടുത്തിയതിന് 62.1 കോടി രൂപയും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതുമൂലം ജനങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് 30 കോടി രൂപയും കൊക്കകോള കമ്പനിയില്‍നിന്ന് ഈടാക്കാം. കമ്പനി പ്രവര്‍ത്തിച്ചതുമൂലം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ 20 കോടി രൂപയുടെ വേതന നഷ്ടം ജനങ്ങള്‍ക്കുണ്ടായി. അത് കമ്പനിയില്‍നിന്ന് ഈടാക്കാവുന്നതാണ്. പഞ്ചായത്തിലെ ഭൂഗര്‍ഭ ജലവും ജലസ്രോതസ്സുകളും കമ്പനിയുടെ പ്രവര്‍ത്തനഫലമായി മലിനപ്പെട്ടതിനാല്‍ ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണംചെയ്യേണ്ട ബാധ്യത ഗ്രാമപഞ്ചായത്തിന് ഏറ്റെടുക്കേണ്ടി വന്നു. അങ്ങനെ ചെയ്തതിലൂടെ പഞ്ചായത്തിന് നഷ്ടപ്പെട്ട 20 കോടി രൂപ കമ്പനിയില്‍നിന്ന് ഈടാക്കണമെന്ന് വിദഗ്ധസമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്പനിയുടെ ആകെ ബാധ്യത മേല്‍ സൂചിപ്പിച്ച ഇനങ്ങളിലായി 216.26 കോടി രൂപയില്‍ മാത്രം ഒതുങ്ങുന്നതല്ല. കാരണം ഫാക്ടറിക്കുവേണ്ടി കമ്പനി ദിവസേന ഊറ്റിയെടുത്ത ഭൂഗര്‍ഭജലത്തിന്റെ വില വിദഗ്ധസമിതി കണക്കാക്കിയിട്ടില്ല. മേല്‍പറഞ്ഞ കണക്ക് സൂചകം മാത്രമാണെന്ന് സമിതി വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിഗത പരാതികള്‍ ഉള്‍പ്പെടെ പരിഗണിച്ച് നഷ്ടപരിഹാരം സംബന്ധിച്ച് തീര്‍പ്പ് ഉണ്ടാക്കണം. അതിനായി സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനയുടെ 323 ബി അനുസരിച്ച് ട്രിബ്യൂണല്‍ രൂപവത്കരിക്കുകയോ 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 3 (3) അനുസരിച്ച് പരിസ്ഥിതി മലിനീകരണ വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു അഥോറിറ്റിക്കു രൂപം നല്‍കുകയോ ചെയ്യണമെന്ന് വിദഗ്ധസമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

34 ഏക്കറിലായി പ്രവര്‍ത്തിച്ച കൊക്കകോള പ്ളാന്റ് സമീപ പ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ പാടേ ഇല്ലാതാക്കിയതിനു പുറമെ അപകടകാരികളായ മാരക രാസ പദാര്‍ത്ഥങ്ങളടങ്ങിയ മാലിന്യങ്ങള്‍ പുറത്തേക്കൊഴുക്കി കൃഷിയിടങ്ങളും പരിസ്ഥിതിയും പാടേ മലിനമാക്കിയതായി വിദഗ്ധസമിതി വെളിപ്പെടുത്തുന്നു.

ഒമ്പതോളം നിയമങ്ങള്‍ ലംഘിച്ചുകൊണ്ട്, ജനങ്ങളുടെ ആരോഗ്യത്തെ പോയിട്ട് നിലനില്‍പിനെപ്പോലും വകവെയ്ക്കാതെ കൊള്ളലാഭം മാത്രം ലക്ഷ്യമിട്ടാണ് ഈ ബഹുരാഷ്ട്ര കമ്പനി പ്രവര്‍ത്തിച്ചത് എന്ന് വ്യക്തം. പ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും അവര്‍ ഏല്‍പിച്ച ആഘാതങ്ങള്‍ തലമുറകളെത്തന്നെ ബാധിക്കുന്നതാണ്. ഈ പ്രദേശത്തെ നവജാതശിശുക്കളുടെ തൂക്കം കുറയുന്നു എന്ന സമിതിയുടെ നിരീക്ഷണം അതു സൂചിപ്പിക്കുന്നുണ്ട്.

നിരപരാധികളായ ജനങ്ങള്‍ അനുഭവിച്ച അളവറ്റ ദുരിതങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദിയായ കൊക്കകോള കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള നടപടികള്‍ അടിയന്തിരമായും സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കപ്പെടേണ്ടതുണ്ട്; ജനങ്ങള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ട്. ഇത്രയും കൊടും പാതകം ജനങ്ങളോടും പ്രകൃതിയോടും ചെയ്ത കോള കമ്പനിയെ ഒരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കരുത്.

ചിന്ത മുഖപ്രസംഗം 02042010

1 comment:

  1. പാലക്കാടുജില്ലയിലെ പ്ളാച്ചിമടയില്‍ കൊക്കകോള കമ്പനിയുടെ പ്ളാന്റു പ്രവര്‍ത്തിച്ചതുമൂലം വിവിധ മേഖലകളിലുണ്ടായ ആഘാതം അങ്ങേയറ്റം ഗുരുതരമാണെന്ന് ഇതുസംബന്ധിച്ച് പഠിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി. പരിസ്ഥിതിക്കും കൃഷിക്കും പൊതുജനങ്ങളുടെ ആരോഗ്യത്തിനും അവരുടെ നിലവിലുണ്ടായിരുന്ന വരുമാനത്തിനും അപായകരമായ ആഘാതം കമ്പനിയുടെ പ്രവര്‍ത്തനം മൂലമുണ്ടായതായി അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അദ്ധ്യക്ഷനായ 14 അംഗ വിദഗ്ധസമിതി കണ്ടെത്തി. ഭൂഗര്‍ഭ ജലസ്രോതസ്സിനും ആവാസവ്യവസ്ഥയ്ക്കും കടുത്ത ഭീഷണിയാണ് പ്ളാന്റ് ഉയര്‍ത്തിയതെന്ന് സമിതി ചൂണ്ടിക്കാട്ടി. ഫാക്ടറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കരുതെന്നും സമിതി ശുപാര്‍ശചെയ്തിട്ടുണ്ട്.

    ReplyDelete