Thursday, April 8, 2010

സ്പെക്ട്രം അഴിമതി സര്‍ക്കാരിന് 26,685 കോടി നഷ്ടം

വിദഗ്ധരുടെ ഉപദേശം അവഗണിച്ച് ടെലികോം സ്പെക്ട്രം ലൈസന്‍സ് വിതരണം ചെയ്തതിലൂടെ കേന്ദ്ര ടെലികോം മന്ത്രി എ രാജ സര്‍ക്കാരിന് 26,685 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. വിദഗ്ധോപദേശം അവഗണിച്ചും കാലഹരണപ്പെട്ട വ്യവസ്ഥകള്‍ പിന്തുടര്‍ന്നുമാണ് ലൈസന്‍സുകള്‍ വിതരണം ചെയ്തതെന്ന് സിഎജിയെ ഉദ്ധരിച്ച് 'ഇക്കണോമിക് ടൈംസ്' പത്രം റിപ്പോര്‍ട്ട് ചെയ്തു.

2008ലെ ടെലികോം ലൈസന്‍സ് വിതരണത്തിന് ഏഴുവര്‍ഷം മുമ്പുള്ള മാനദണ്ഡങ്ങളാണ് അടിസ്ഥാനമാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ പാര്‍ലമെന്റില്‍ വയ്ക്കും. ടെലികോം മന്ത്രി എ രാജയെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് അഴിമതിയുടെ വഴികള്‍ അക്കമിട്ട് നിരത്തുന്നു. 2008ല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് 1,651 കോടി രൂപയ്ക്ക് രണ്ടാംതലമുറ സ്പെക്ട്രം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ടെലികോം വകുപ്പിലെ ക്രമക്കേട് സിഎജി ചൂണ്ടിക്കാട്ടിയത്. ഒമ്പത് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ 2001ല്‍ നിശ്ചയിച്ച നിരക്ക് അടിസ്ഥാനമാക്കിയതാണ് ഗുരുതരമായ ക്രമക്കേട്. 2001ല്‍ മൊബൈല്‍ഫോ വരിക്കാര്‍ നാലരക്കോടി മാത്രമായിരുന്നു. 2008ല്‍ ഇത് 30 കോടിയായി. വിപണിയിലെ നിരക്കുകള്‍ തമ്മിലും വലിയ വ്യത്യാസമുണ്ടായിരുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി പൊടുന്നനെ നീട്ടിയതും സംശയത്തിനിടയാക്കി. ഇതിനെല്ലാം പുറമെ, 'ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യം ലൈസന്‍സ്' എന്ന ഉപാധി മുന്നോട്ടുവച്ചു. ലൈസന്‍സ് നേടി മാസങ്ങള്‍ക്കകം യുനിടെക്, സ്വാന്‍ ടെലികോം എന്നീ കമ്പനികള്‍ അത് വിദേശ കമ്പനികള്‍ക്ക് ഇരട്ടിയിലേറെ വിലയ്ക്ക് മറിച്ചുവിറ്റു. ടെലികോം സെക്രട്ടറിയടക്കം പല വിദഗ്ധരും ഇടപാടിനെ എതിര്‍ത്തെന്ന് സിഎജി കണ്ടെത്തി. പ്രവേശനഫീസ് 2001നുശേഷം പുതുക്കിയിട്ടില്ലെന്നും സാഹചര്യങ്ങള്‍ മാറിയതിനാല്‍ നിരക്ക് പുനഃപരിശോധിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഏഴുവര്‍ഷം മുമ്പുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളുമായി മുന്നോട്ടുപോകാന്‍ ഐടി-വാര്‍ത്താവിനിമയമന്ത്രി തീരുമാനിക്കുകയായിരുന്നെന്ന് സിഎജി വ്യക്തമാക്കി. നിശ്ചയിച്ച 30 ദിവസത്തിനുള്ളില്‍ അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കിയിരുന്നില്ല.

2009 മാര്‍ച്ച് 30ന് എഴുതിയ കത്തില്‍ മുന്‍ ടെലികോം സെക്രട്ടറി ഇതുസംബന്ധിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമീഷനെ തെറ്റിദ്ധരിപ്പിച്ചെന്നും സിഎജിയെ ഉദ്ധരിച്ച് 'ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഐ എമ്മാണ് ടെലികോം അഴിമതി പുറത്തുകൊണ്ടുവന്നത്. ലൈസന്‍സ് വിതരണത്തില്‍ 60,000 കോടിയുടെ അഴിമതി നടന്നെന്ന് സിപിഐ എം ചൂണ്ടിക്കാട്ടിയത് ശരിവയ്ക്കുന്നതാണ് സിഎജിയുടെ കണ്ടെത്തല്‍. ടെലികോം വകുപ്പിലെ അഴിമതികളെക്കുറിച്ച് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പുതിയ ലൈസന്‍സ് നേടാനായി ടെലികോം ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനികളും ഒത്തുകളിച്ചെന്ന് കഴിഞ്ഞ നവംബറില്‍ സിബിഐ ഫയല്‍ചെയ്ത എഫ്ഐആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിഎജി എല്ലാവര്‍ഷവും സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖലാസ്ഥാപനങ്ങളിലെയും ഓഡിറ്റ് നടത്തി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കും. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്.

ദേശാഭിമാനി 08042010

1 comment:

  1. വിദഗ്ധരുടെ ഉപദേശം അവഗണിച്ച് ടെലികോം സ്പെക്ട്രം ലൈസന്‍സ് വിതരണം ചെയ്തതിലൂടെ കേന്ദ്ര ടെലികോം മന്ത്രി എ രാജ സര്‍ക്കാരിന് 26,685 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. വിദഗ്ധോപദേശം അവഗണിച്ചും കാലഹരണപ്പെട്ട വ്യവസ്ഥകള്‍ പിന്തുടര്‍ന്നുമാണ് ലൈസന്‍സുകള്‍ വിതരണം ചെയ്തതെന്ന് സിഎജിയെ ഉദ്ധരിച്ച് 'ഇക്കണോമിക് ടൈംസ്' പത്രം റിപ്പോര്‍ട്ട് ചെയ്തു.

    ReplyDelete