Thursday, September 9, 2010

നെല്ലു സംഭരണ വില 13 രൂപയാക്കി

നെല്ലിന്റെ സംഭരണവില ഈ വിളവെടുപ്പ്കാലത്ത് 12 രൂപയില്‍ നിന്നും 13 രൂപയാക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇത് ഏഴ് രൂപയായിരുന്നു. കേരളത്തിലെ നെല്‍കര്‍ഷകരെ സംബന്ധിച്ച് അങ്ങേയറ്റം ആശ്വാസകരമായ പ്രഖ്യാപനമാണിത്. നെല്ലിന്റെ സംഭരണവില, കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പലതവണയായി 12 രൂപയിലേയ്ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. കേന്ദ്രം നല്‍കുന്നത് ഇപ്പോഴും പത്ത് രൂപയാണ്.

കേരളത്തില്‍ നെല്‍കൃഷിക്ക് പുതുജീവന്‍ പകരാനും കടക്കെണിയിലും ദുരിതത്തിലുമായിരുന്ന നെല്‍ കര്‍ഷകരെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പ്രധാനപ്പെട്ടതായിരുന്നു നെല്ലിന്റെ സംഭരണ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. നെല്‍കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ഏര്‍പ്പെടുത്തിയും കേരളം രാജ്യത്തിന് മാതൃക കാണിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില നല്‍കി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളമാണ്. കേന്ദ്രം നെല്ലിന് 10 രൂപ സംഭരണവില നിശ്ചയിച്ചിരിക്കുമ്പോഴാണ് രാജ്യത്തിന് തന്നെ മാതൃകയായ കേരളം വീണ്ടും സംഭരണവില ഉയര്‍ത്തുന്നത്. നാല് വര്‍ഷത്തിനിടയില്‍ സംഭരണ വില ആറ് രൂപ വര്‍ധിപ്പിച്ച എല്‍ ഡി എഫ് സര്‍ക്കാരിന്റെ നടപടിയെ കര്‍ഷകര്‍ പരക്കെ സ്വാഗതം ചെയ്യുകയാണ്. കണ്ണീരും ദുരിതങ്ങളും മാത്രം പെയ്തിറങ്ങിയിരുന്ന കേരളത്തിലെ നെല്‍പ്പാടങ്ങളില്‍ പ്രതീക്ഷയുടെ പുതിയ നാമ്പുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചിരുന്നു. നെല്‍കര്‍ഷകരെ സഹായിക്കാന്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി നെല്‍ ഉല്‍പ്പാദനത്തില്‍ വന്‍വര്‍ധനയാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉണ്ടായത്. നെല്ല് സംഭരണം കാര്യക്ഷമമാക്കിയതും സംഭരിക്കുന്ന നെല്ലിന്റെ തുക കാലതാമസം കൂടാതെ നല്‍കാന്‍ നടപടി സ്വീകരിച്ചതും കര്‍ഷകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്ന നടപടികളായിരുന്നു. സംഭരണ വില വീണ്ടും വര്‍ധിപ്പിക്കാനുള്ള തീരുമാനം തികഞ്ഞ സന്തോഷത്തോടെയാണ് കര്‍ഷക സമൂഹം സ്വാഗതം ചെയ്യുന്നത്.

ജനയുഗം 09092010

1 comment:

  1. നെല്ലിന്റെ സംഭരണവില ഈ വിളവെടുപ്പ്കാലത്ത് 12 രൂപയില്‍ നിന്നും 13 രൂപയാക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇത് ഏഴ് രൂപയായിരുന്നു. കേരളത്തിലെ നെല്‍കര്‍ഷകരെ സംബന്ധിച്ച് അങ്ങേയറ്റം ആശ്വാസകരമായ പ്രഖ്യാപനമാണിത്. നെല്ലിന്റെ സംഭരണവില, കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പലതവണയായി 12 രൂപയിലേയ്ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. കേന്ദ്രം നല്‍കുന്നത് ഇപ്പോഴും പത്ത് രൂപയാണ്.

    ReplyDelete