Thursday, September 9, 2010

അയോധ്യകേസ്: വിധി 24ന്

അയോധ്യയില്‍ ബാബറിമസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് 24ന് വിധിപറയും. അറുപത് വര്‍ഷത്തിന് ശേഷമാണ് ഈ കേസില്‍ വിധിപറയുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എറെ കോളിളക്കം സൃഷ്ടിക്കാന്‍ പര്യാപ്തമായിരിക്കും ഈ വിധി. ബാബറി മസ്ജിദ് സ്ഥിതിചെയ്യുന്ന 2.77 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് കേസ്. വാദം പൂര്‍ത്തിയാക്കി ജൂലൈ 26 നാണ് ജസ്റ്റിസുമാരായ എസ്യു ഖാന്‍, സുധീര്‍ അഗര്‍വാള്‍, ഡി വി ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിവച്ചത്. ഈ കേസില്‍ 26ന് വിധിപറയുമെന്ന് ഈ ഫുള്‍ബെഞ്ചാണ് കേസില്‍ ഹാജരായ അഭിഭാഷകരെ അറിയിച്ചതെന്ന് സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി കോടതിയില്‍ ഹാജരായ സഫര്‍യാബ് ജിലാനി അറിയിച്ചു. 24ന് വൈകിട്ട് മൂന്നരയ്ക്കായിരിക്കും ചരിത്രപ്രസിദ്ധമായ വിധി പുറപ്പെടുവിക്കുക.

1950ല്‍ ഗോപാല്‍ സിങ് വിശാരദ് എന്നയാളാണ് കേസ് ഫയല്‍ ചെയ്തത്. ബാബറി മസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ശ്രീരാമനെ പൂജിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ നല്‍കിയത്. രണ്ടാമത്തെ കേസ് ഫയല്‍ ചെയ്തതാകട്ടെ പരമഹംസ് രാമചന്ദ്ര ദാസായിരുന്നു. വിശാരദിന്റെ ആവശ്യം തന്നെയാണ് ഇയാളും മുന്നോട്ടുവച്ചത്. പിന്നീട് ഈ പരാതി പിന്‍വലിച്ചു. 1959 ലാണ് മൂന്നാമത്തെ കേസ് ഫയല്‍ ചെയ്തത്. റിസീവറില്‍നിന്ന് ബാബറി മസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഭരണാധികാരം തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മോഹി അക്കാഡയാണ് ഈ പരാതി നല്‍കിയിരുന്നത്. 1961ല്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ഹര്‍ജി നല്‍കി. അഞ്ചാമത്തെ കേസ് 1989 ജൂലൈ ഒന്നിന് ഭഗവാന്‍ ശ്രീറാം ലല്ല വിരാജ്മാന്‍ ആണ് ഫയല്‍ ചെയ്തത്.

നിലവില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച നാല് കേസാണ് കോടതിക്കു മുമ്പിലുള്ളത്. ആദ്യം ഫൈസാബാദ് കോടതിക്കു മുമ്പിലുണ്ടായിരുന്ന ഈ കേസുകള്‍ ഉത്തര്‍പ്രദേശ് അഡ്വക്കറ്റ് ജനറലിന്‍െ അപേക്ഷയനുസരിച്ച് ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു. അയോധ്യ കേസിലെ വിധി പറയുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷാ സംവിധാനം ശക്തമാക്കുകയാണ്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശില്‍. വെള്ളിയാഴ്ച കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തിരുന്നു. രാമജന്മഭൂമി ട്രസ്റിന് വിധി എതിരാണെങ്കില്‍ അത് അംഗീകരിക്കില്ലെന്ന് സംഘപരിവാര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ദേശാഭിമാനി 09092010

1 comment:

  1. അയോധ്യയില്‍ ബാബറിമസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് 24ന് വിധിപറയും. അറുപത് വര്‍ഷത്തിന് ശേഷമാണ് ഈ കേസില്‍ വിധിപറയുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എറെ കോളിളക്കം സൃഷ്ടിക്കാന്‍ പര്യാപ്തമായിരിക്കും ഈ വിധി. ബാബറി മസ്ജിദ് സ്ഥിതിചെയ്യുന്ന 2.77 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് കേസ്. വാദം പൂര്‍ത്തിയാക്കി ജൂലൈ 26 നാണ് ജസ്റ്റിസുമാരായ എസ്യു ഖാന്‍, സുധീര്‍ അഗര്‍വാള്‍, ഡി വി ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിവച്ചത്. ഈ കേസില്‍ 26ന് വിധിപറയുമെന്ന് ഈ ഫുള്‍ബെഞ്ചാണ് കേസില്‍ ഹാജരായ അഭിഭാഷകരെ അറിയിച്ചതെന്ന് സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി കോടതിയില്‍ ഹാജരായ സഫര്‍യാബ് ജിലാനി അറിയിച്ചു. 24ന് വൈകിട്ട് മൂന്നരയ്ക്കായിരിക്കും ചരിത്രപ്രസിദ്ധമായ വിധി പുറപ്പെടുവിക്കുക.

    ReplyDelete