Friday, September 10, 2010

ലോട്ടറി: ജനകീയ സംവാദം

ലോട്ടറി: പുകമറ പൊളിച്ച് ഐസക്; പ്രതിപക്ഷം തടിതപ്പി

ലോട്ടറി വിവാദത്തില്‍ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള യുഡിഎഫ് നേതൃത്വത്തിന് തിരിച്ചടിയായി ജനകീയ സംവാദം. വിവാദവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായി മറുപടി നല്‍കി മന്ത്രി തോമസ് ഐസക് സത്യസന്ധത തെളിയിച്ചപ്പോള്‍ സംവാദത്തില്‍ പങ്കെടുക്കാതെ യുഡിഎഫ് നേതൃത്വം തടിതപ്പി. യുഡിഎഫിനുവേണ്ടി കള്ളക്കഥകള്‍ മെനഞ്ഞ വലതുപക്ഷ മാധ്യമങ്ങളെയും സംവാദം വെട്ടിലാക്കി. അന്യസംസ്ഥാന ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട് കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രമാണ് ടൌണ്‍ഹാളില്‍ ജനകീയ സംവാദം സംഘടിപ്പിച്ചത്. സംവാദത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ എഴുതി അയച്ച ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു. തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി വിവാദ വിഷയത്തില്‍ വകുപ്പ് മന്ത്രി തന്നെ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കിയപ്പോള്‍ അത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ പുതു ചരിത്രമായി. പലപ്പോഴും കൈയ്യടിയോടെയാണ് സദസ് മന്ത്രിയുടെ മറുപടിയെ എതിരേറ്റത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി താനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ ആസ്പദമാക്കി ജനകീയ സംവാദത്തിന് തയ്യാറായത്.

സാമൂഹ്യ നീരീക്ഷകരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന പാനലാണ് സംവാദം നിയന്ത്രിച്ചത്. പ്രമുഖ അഭിഭാഷകന്‍ അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം അശോകന്‍, എഴുത്തുകാരന്‍ എന്‍ പി ഹാഫിസ് മുഹമ്മദ്, കലാകൌമുദി റീജിയണല്‍ എഡിറ്റര്‍ എ സജീവന്‍, ഏഷ്യനെറ്റ് അസോസിയേറ്റ് എഡിറ്റര്‍ എന്‍ കെ രവീന്ദ്രന്‍, മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ആര്‍ മധുശങ്കര്‍, ദേശാഭിമാനി സ്പെഷ്യല്‍ കറസ്പോന്‍ഡന്റ് കെ പ്രേമനാഥ്, ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ഷിദ, തുടങ്ങിയവരായിരുന്നു പാനല്‍ അംഗങ്ങള്‍. പാനല്‍ അംഗങ്ങളും ചോദ്യങ്ങള്‍ ഉന്നയിച്ചു.

ചാനലുകള്‍ക്കു മുന്നില്‍ വാതോരാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മന്ത്രിയെയും സര്‍ക്കാറിനെയും സിപിഐ എമ്മിനെയും പ്രതികൂട്ടില്‍ നിര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് സംവാദം ചുട്ടമറുപടിയായി. ലോട്ടറി മാഫിയകളെ സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാറിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വെട്ടിലാക്കുന്ന വാദമുഖങ്ങള്‍ നിരത്തി മന്ത്രി സംവാദത്തിന് തയ്യാറായപ്പോള്‍ കാര്യമായ ചോദ്യങ്ങള്‍ ചോദിക്കാനാവാതെ മാധ്യമ പ്രവര്‍ത്തകര്‍ പോലും നിശബ്ദരായി. ലോട്ടറി വിഷയത്തില്‍ പരമ്പര എഴുതിയവരുംസംവാദത്തില്‍ പങ്കെടുക്കാതെ തടിതപ്പി. സംവാദത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷ നേതാക്കളും ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരായി. സംവാദത്തിന് ക്ഷണിച്ചപ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തടിയൂരാനാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലും അടക്കമുള്ളവര്‍ തയ്യാറായത്. സംവാദമല്ല നടപടിയാണ് വേണ്ടതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. യുഡിഎഫിന്റെ പ്രതിനിധി പങ്കെടുക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വി ഡി സതീശന്‍ എംഎല്‍എ പങ്കെടുക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കിയ സൂചന. എന്നാല്‍, അവസാനഘട്ടത്തില്‍ സതീശനും കാലുമാറി. കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും കെ കെ സി പിള്ള നന്ദിയും പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കൊപ്പം ഡല്‍ഹിയില്‍ പോകാന്‍ തയ്യാര്‍: ഐസക്

അന്യസംസ്ഥാന ലോട്ടറിക്കെതിരെ സംവാദമല്ല നടപടിയാണ് വേണ്ടതെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി മന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്രത്തെക്കൊണ്ട് നടപടിയെടുപ്പിക്കാന്‍ ഡല്‍ഹിയില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം പോകാന്‍ തയ്യാറാണ്. നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കേന്ദ്രത്തിനയച്ച റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ച് മന്ത്രി പറഞ്ഞു. ലോട്ടറി വിവാദം സംബന്ധിച്ച് കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ടൌണ്‍ഹാളില്‍ സംഘടിപ്പിച്ച ജനകീയ സംവാദത്തില്‍ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ലോട്ടറി വിഷയത്തില്‍ ഈ മാസം അവസാനം സര്‍വകക്ഷി യോഗം വിളിക്കും. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം തയ്യാറാക്കി കേന്ദ്ര സര്‍ക്കാറിന് നല്‍കും. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഈ ആവശ്യമുന്നയിച്ച് രണ്ടു തവണ കേന്ദ്രത്തെ സമീപിച്ചു. ഉമ്മന്‍ചാണ്ടി തയ്യാറാണെങ്കില്‍ മൂന്നാമതും പോകാം. ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം പരാജയപ്പെടാനുള്ള കാരണം കേന്ദ്ര നിയമമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍, അത് സുപ്രീംകോടതി തടഞ്ഞു. കേസുകള്‍ പൂര്‍ണമായി പിന്‍വലിക്കാമെന്നും മേലില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും അന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോടതിയലക്ഷ്യ നടപടിക്കെതിരെ നല്‍കിയ സത്യവാങ്മൂലമായതിനാല്‍ ഇത് തിരുത്തി പുതിയത് നല്‍കാന്‍ നിയമ തടസമുണ്ടായി. സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയോടുകൂടിയാണ് ഇപ്പോള്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയത്. നിലവിലെ കേന്ദ്ര നിയമമനുസരിച്ച് സംസ്ഥാന ലോട്ടറി നിരോധിച്ചാല്‍ മാത്രമേ അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാനാകൂ. എന്നാല്‍, ഈ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കേരള ലോട്ടറി ഒരു കാരണവശാലും നിരോധിക്കില്ല. സര്‍ക്കാറിന്റെ ലാഭം ഗണ്യമായി കുറച്ചും ലോട്ടിതൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും. കേരളം ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചെങ്കിലും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍പോകും. ലോട്ടറി നിയമം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. അന്യ സംസ്ഥാന ലോട്ടറികള്‍ക്തിെരെ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തതായും മന്ത്രി പറഞ്ഞു. എഴുത്തുകാരും നിയമവിദഗ്ധരും മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ പാനലാണ് സംവാദം നിയന്ത്രിച്ചത്.

ലോട്ടറി: എല്‍ഡിഎഫിന്റേത് ശരിയായ നിലപാട്-ഇ പി

ലോട്ടറിവിഷയത്തില്‍ ശരിയായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈകൊണ്ടതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. ദേശാഭിമാനി തൃശൂര്‍ യൂണിറ്റില്‍ ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇതു മറച്ചുവച്ച് ധനവകുപ്പിനും മന്ത്രി തോമസ് ഐസക്കിനുമെതിരെ അനാവശ്യ ആരോപണങ്ങളുന്നയിച്ച് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഐശ്വര്യപൂര്‍ണമായ കേരളത്തെ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരും ധനവകുപ്പും. ഐസക്കിനെ ഒറ്റപ്പെടുത്തി കേരളത്തിന്റെ സാമൂഹ്യവളര്‍ച്ചയെ തകര്‍ക്കാമെന്നാണ് യുഡിഎഫിന്റെ വ്യാമോഹം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിവിധ മേഖലകളിലെ ഇടപെടലുകള്‍ ജനലക്ഷങ്ങള്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. എന്നാല്‍, എല്‍ഡിഎഫിന്റെ മുന്നേറ്റത്തില്‍ യുഡിഎഫില്‍ അസ്വസ്ഥത പുകയുകയാണ്. വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യംവച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യുഡിഎഫ് കെട്ടഴിച്ചുവിടുന്ന ആരോപണങ്ങള്‍. കള്ളപ്രചാരണങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയസ്സുപോലും ഇല്ലെന്ന് ഇക്കൂട്ടര്‍ തിരിച്ചറിയണം. യോഗത്തില്‍ ദേശാഭിമാനി യൂണിറ്റ് മാനേജര്‍ യു പി ജോസഫ് അധ്യക്ഷനായി.

ഉമ്മന്‍ചാണ്ടി പ്രതിനിധിയെ അയച്ചാല്‍ തനിക്കും പ്രതിനിധി: ഐസക്

ലോട്ടറി വിവാദം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പ്രതിനിധിയെ അയച്ചാല്‍ താനും പ്രതിനിധിയെ അയക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ലോട്ടറി വിഷയത്തില്‍ നടന്ന ജനകീയ സംവാദത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സംവാദത്തിന് തന്റെ പ്രതിനിധിയായി വി ഡി സതീശനെ അയയ്ക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം മാധ്യമ പ്രവര്‍ത്തകന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ഉമ്മന്‍ചാണ്ടി തന്നേക്കാള്‍ തലമുതിര്‍ന്ന നേതാവാണ്. എന്നാല്‍, ഞാന്‍ കേരളത്തിന്റെ ധനമന്ത്രി എന്ന നിലയിലാണ് സംവാദത്തിന് ക്ഷണിച്ചത്. ഉമ്മന്‍ചാണ്ടിയുടെ പ്രതിനിധിയോട് എന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം ഗോപകുമാര്‍ സംവദിക്കും- മന്ത്രി പറഞ്ഞു.

ദേശാഭിമാനി 10092010

1 comment:

  1. ലോട്ടറി വിവാദത്തില്‍ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള യുഡിഎഫ് നേതൃത്വത്തിന് തിരിച്ചടിയായി ജനകീയ സംവാദം. വിവാദവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായി മറുപടി നല്‍കി മന്ത്രി തോമസ് ഐസക് സത്യസന്ധത തെളിയിച്ചപ്പോള്‍ സംവാദത്തില്‍ പങ്കെടുക്കാതെ യുഡിഎഫ് നേതൃത്വം തടിതപ്പി. യുഡിഎഫിനുവേണ്ടി കള്ളക്കഥകള്‍ മെനഞ്ഞ വലതുപക്ഷ മാധ്യമങ്ങളെയും സംവാദം വെട്ടിലാക്കി. അന്യസംസ്ഥാന ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട് കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രമാണ് ടൌണ്‍ഹാളില്‍ ജനകീയ സംവാദം സംഘടിപ്പിച്ചത്. സംവാദത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ എഴുതി അയച്ച ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി പറഞ്ഞു. തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി വിവാദ വിഷയത്തില്‍ വകുപ്പ് മന്ത്രി തന്നെ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കിയപ്പോള്‍ അത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ പുതു ചരിത്രമായി. പലപ്പോഴും കൈയ്യടിയോടെയാണ് സദസ് മന്ത്രിയുടെ മറുപടിയെ എതിരേറ്റത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി താനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ ആസ്പദമാക്കി ജനകീയ സംവാദത്തിന് തയ്യാറായത്.

    ReplyDelete