ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യപാര്‍ടി എന്ന് സ്വയം വിശേഷിപ്പിക്കാറുള്ള കോണ്‍ഗ്രസ് സ്വന്തം സംഘടനയ്ക്കുള്ളില്‍ ഒരുവിധ ജനാധിപത്യക്രമവും പാലിക്കില്ലെന്നതിന്റെ ആവര്‍ത്തിച്ചുള്ള സ്ഥിരീകരണമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സോണിയ ഗാന്ധിയുടെ നാലാംവട്ടത്തെയും വരവ്.
സംഘടനയ്ക്കുള്ളിലെ ജനാധിപത്യപ്രക്രിയയുടെ പൂര്‍ത്തീകരണം എന്ന മട്ടിലാണ് സോണിയയുടെ നാലാമൂഴത്തെ കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കുന്നതെങ്കിലും ജനാധിപത്യത്തെ സംഘടനയ്ക്കുള്ളില്‍ എങ്ങനെ പ്രഹസനമാക്കാമെന്നതിന്റെ നിത്യസ്മാരകമായി ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ചരിത്രത്തില്‍ ഉയര്‍ന്നുനില്‍ക്കും.
സോണിയ ഗാന്ധിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതില്‍ സാധാരണ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പരോക്ഷമായിപോലും ഒരു പങ്കുമില്ല. സംഘടനാ തെരഞ്ഞെടുപ്പിലൂടെ നേതൃസ്ഥാനങ്ങളിലേക്കുയര്‍ന്നുവരാന്‍ ഒരു കോണ്‍ഗ്രസ് അംഗത്തിനും അവസരവുമില്ല. സോണിയ ഗാന്ധിയെ തങ്ങളുടെ പ്രസിഡന്റായി തെരഞ്ഞെടുത്തതായി അവര്‍ മാധ്യമങ്ങളിലൂടെ അറിയുന്നു. അവര്‍ നേരിട്ടോ പ്രതിനിധിയെവച്ചോ ആരെയെങ്കിലും പ്രസിഡന്റായി തെരഞ്ഞെടുത്തിട്ടില്ല. എങ്കിലും സോണിയ ഗാന്ധി അവരുടെ പ്രസിഡന്റുതന്നെ!
താഴേതലംതൊട്ട്, അതായത് മണ്ഡലംകമ്മിറ്റി തൊട്ട് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്തുക. അങ്ങനെ ഉയര്‍ന്നുവരുന്ന നേതാക്കള്‍ ചേര്‍ന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. ഇതൊക്കെയാണ് ജനാധിപത്യക്രമത്തില്‍ ആരും പ്രതീക്ഷിക്കുക. എന്നാലിവിടെ ബ്ളോക്കുതലത്തിലോ ജില്ലാതലത്തിലോ പ്രദേശ് തലത്തിലോ ഒന്നും തെരഞ്ഞെടുപ്പില്ല. ഏഴായിരത്തില്‍പരം അംഗങ്ങളുള്‍പ്പെട്ടതാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഇലക്ടറല്‍ കോളേജ്. അതില്‍ കേരളത്തില്‍നിന്ന് 250 പേരുണ്ട്. ഈ 250 പേരെയും ആരും തെരഞ്ഞെടുത്തതല്ല. ഇവിടെയെന്നല്ല, മിക്ക സംസ്ഥാനങ്ങളിലും ഇതുതന്നെ സ്ഥിതി. ചിലയിടങ്ങളില്‍ സമവായമുണ്ടാക്കിയിട്ടുണ്ടത്രെ. ആ സമവായം ഗ്രൂപ്പടിസ്ഥാനത്തിലുള്ളതാണ്. താഴെതലത്തിലുള്ള ആര്‍ക്കെങ്കിലും തെരഞ്ഞെടുക്കപ്പെട്ട് ഉയര്‍ന്നതലങ്ങളിലേക്ക് പോകാനുള്ള പഴുത് നല്‍കാത്ത സമവായം.
തമിഴ്നാട് ഡിസിസിയില്‍ ഗ്രൂപ്പുപോര് നിമിത്തം സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാനേ വയ്യ. കശ്മീരിലാകട്ടെ, അവിടത്തെ ഗുരുതരമായ സാമൂഹ്യസ്ഥിതിയുടെ പേരുപറഞ്ഞ് സംഘടനാതെരഞ്ഞെടുപ്പ് ഒഴിവാക്കി. ബിഹാറില്‍ വരാന്‍പോകുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞ് തെരഞ്ഞെടുപ്പ് ഒഴിവാക്കി. ആന്ധ്രപ്രദേശിലാകട്ടെ, തെലങ്കാനാ മേഖലയിലെ ഉപതെരഞ്ഞെടുപ്പുകളുടെ പേരില്‍ കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പ് വേണ്ടെന്നുവച്ചു. കേരളത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞ് സംഘടനാതെരഞ്ഞെടുപ്പ് നീട്ടിവച്ചു. ഇങ്ങനെപോകുന്നു സംസ്ഥാനങ്ങളിലെ സ്ഥിതി. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിലും കേന്ദ്രത്തില്‍ സോണിയയെ പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നു! തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിരുന്നോ? ആ ചോദ്യത്തിനുമുമ്പിലാണ് ഈ തെരഞ്ഞെടുപ്പ് ഒരു പ്രഹസനമാവുന്നത്. പ്രഹസനമായാണെങ്കില്‍പോലും ഇങ്ങനെ എന്തെങ്കിലുമൊക്കെ കോണ്‍ഗ്രസ് കാട്ടിക്കൂട്ടുന്നത്, പാര്‍ടികള്‍ക്ക് അംഗീകാരം വേണമെങ്കില്‍ സമയാസമയം പാര്‍ടി സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തിക്കൊള്ളണമെന്ന് തെരഞ്ഞെടുപ്പുകമീഷന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതുകൊണ്ടാണ്. സംഘടനാതെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനെ ധരിപ്പിക്കുക എന്നതില്‍ കവിഞ്ഞ അര്‍ഥമൊന്നും ഈ പ്രഹസനത്തിനില്ല.
കോണ്‍ഗ്രസ് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയോട് വിടപറഞ്ഞിട്ട് പതിനെട്ടുവര്‍ഷമായി. 92ലായിരുന്നു ഒടുവിലത്തെ തെരഞ്ഞെടുപ്പ്. അന്ന് എ കെ ആന്റണിയും വയലാര്‍ രവിയും തമ്മില്‍ പിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതും ആ ഘട്ടത്തില്‍ താഴെത്തട്ടിലെ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളെല്ലാം ക്രമസമാധാനപ്രശ്നത്തിന്റെ കേന്ദ്രങ്ങളായി മാറിയതും ഡല്‍ഹിയില്‍ നിന്നുവന്ന റിട്ടേണിങ് ഓഫീസറെ അടിച്ചോടിച്ചതും മറക്കാറായിട്ടില്ല.
നീണ്ടകാലമായി കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതികളില്ല. നോമിനേറ്റുചെയ്യപ്പെട്ടവരുടെ സമിതികളേയുള്ളൂ; സമവായത്തിന്റെ പേരുപറഞ്ഞുണ്ടാക്കുന്ന സമിതികളേയുള്ളൂ. ഇപ്പോള്‍ സോണിയ ഗാന്ധി നാലാംതവണയും പ്രസിഡന്റായി. ഇനി അവര്‍ നോമിനേറ്റുചെയ്ത് സമിതികളുണ്ടാക്കും. സോണിയ ഗാന്ധി ആദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റായതുപോലും തെരഞ്ഞെടുക്കപ്പെട്ടായിരുന്നില്ല എന്നതോര്‍ക്കണം. അന്ന് പ്രസിഡന്റായിരുന്ന സീതാറാം കേസരിയെക്കൊണ്ട് രാജിവയ്പിച്ച് പ്രസിഡന്റാവുകയായിരുന്നു. സീതാറാം കേസരി രാജിവയ്ക്കാന്‍ മടികാട്ടി; അതുകൊണ്ടുതന്നെ അദ്ദേഹം കോണ്‍ഗ്രസ് ചരിത്രത്തില്‍ വിസ്മൃതിയിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടു. ഒരിക്കല്‍ ജിതേന്ദ്രപ്രസാദ് സോണിയക്കെതിരെ മത്സരിക്കാന്‍ പുറപ്പെട്ടു. ആ ജിതേന്ദ്രപ്രസാദും പിന്നീട് കോണ്‍ഗ്രസില്‍ തല ഉയര്‍ത്തിയിട്ടില്ല.
ആ അനുഭവമൊക്കെയുള്ളതുകൊണ്ടാവണം; ഇത്തവണ അമ്പത്താറ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കപ്പെട്ടു. അമ്പത്താറും സോണിയയുടേത്. ലക്ഷക്കണക്കായ കോണ്‍ഗ്രസുകാരില്‍ മറ്റെല്ലാവരും താന്‍ ആ സ്ഥാനത്തിനര്‍ഹനല്ലെന്ന അപകര്‍ഷബോധത്തോടെ പിന്‍വാങ്ങിനിന്നു. പുതിയ പ്രസിഡന്റ് വന്നതോടെ നിലവിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അസാധുവായി. അതിലേക്ക് പന്ത്രണ്ടുപേരെ തെരഞ്ഞെടുക്കണം; പതിനൊന്നുപേരെ സോണിയ നോമിനേറ്റുചെയ്യണം. സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് എന്തെങ്കിലും പങ്കുള്ള പ്രക്രിയയിലൂടെ ആരും തെരഞ്ഞെടുക്കപ്പെട്ടുവരുന്നില്ല എന്നതുകൊണ്ടുതന്നെ മുഴുവന്‍പേരും നോമിനേറ്റഡ് സ്വഭാവത്തിലുള്ളവരാവും എന്നത് തീര്‍ച്ച.
കോണ്‍ഗ്രസ് അതിന്റെ നൂറ്റിരുപത്തഞ്ചാം വാര്‍ഷികാഘോഷത്തിലേക്ക് കടക്കുകയാണ്. ആ സമ്മേളനത്തില്‍ കോണ്‍ഗ്രസുകാര്‍ ചെയ്യേണ്ടത് ജനാധിപത്യത്തെക്കുറിച്ച് സദാ പറഞ്ഞുകൊണ്ടിരിക്കുന്ന തങ്ങള്‍ക്ക് ഈ പാര്‍ടിക്കുള്ളില്‍ എന്ത് ജനാധിപത്യാവകാശമാണുള്ളത് എന്ന കാര്യം ചര്‍ച്ച ചെയ്യുകയാണ്.
ദേശാഭിമാനി മുഖപ്രസംഗം 06092010
ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യപാര്‍ടി എന്ന് സ്വയം വിശേഷിപ്പിക്കാറുള്ള കോണ്‍ഗ്രസ് സ്വന്തം സംഘടനയ്ക്കുള്ളില്‍ ഒരുവിധ ജനാധിപത്യക്രമവും പാലിക്കില്ലെന്നതിന്റെ ആവര്‍ത്തിച്ചുള്ള സ്ഥിരീകരണമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സോണിയ ഗാന്ധിയുടെ നാലാംവട്ടത്തെയും വരവ്.
ReplyDeleteസംഘടനയ്ക്കുള്ളിലെ ജനാധിപത്യപ്രക്രിയയുടെ പൂര്‍ത്തീകരണം എന്ന മട്ടിലാണ് സോണിയയുടെ നാലാമൂഴത്തെ കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കുന്നതെങ്കിലും ജനാധിപത്യത്തെ സംഘടനയ്ക്കുള്ളില്‍ എങ്ങനെ പ്രഹസനമാക്കാമെന്നതിന്റെ നിത്യസ്മാരകമായി ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ചരിത്രത്തില്‍ ഉയര്‍ന്നുനില്‍ക്കും