സെപ്തംബര്‍ ഏഴ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ മാത്രമല്ല, ലോക തൊഴിലാളിവര്‍ഗത്തിന്റെയാകെ സമരചരിത്രത്തിലെ നിര്‍ണായക പ്രാധാന്യമുള്ള ദിനമാവുകയാണ്. മുതലാളിത്തം സൃഷ്ടിക്കുന്ന ജീവിതപ്രതിസന്ധികള്‍ മുന്‍നിര്‍ത്തി ലോകത്തെമ്പാടുമുള്ള ട്രേഡ് യൂണിയനുകള്‍ സമരദിനമായി ആചരിക്കുകകൂടിയാണ് സെപ്തംബര്‍ ഏഴ്.
മുതലാളിത്ത പ്രതിസന്ധി അത്യഗാധവും രാഷ്ട്രീയം, സമ്പദ്ഘടന, സമൂഹം, സംസ്കാരം, പരിസ്ഥിതി, വ്യക്തിബന്ധങ്ങള്‍ എന്നിങ്ങനെ ജനജീവിതത്തിന്റെ സമസ്തമേഖലകളെയും ഗ്രസിക്കുന്ന വിധത്തിലുള്ളതുമാണെന്ന് സെപ്തംബര്‍ ഏഴ് അന്താരാഷ്ട്ര സമരദിനമായി ആചരിക്കാനുള്ള ആഹ്വാനത്തില്‍ ട്രേഡ് യൂണിയനുകളുടെ ലോകഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര നാണയനിധിപോലുള്ള സാമ്പത്തികസ്ഥാപനങ്ങള്‍ സ്വതന്ത്ര നയം ആവിഷ്കരിക്കാനുള്ള രാഷ്ട്രങ്ങളുടെ പരമാധികാരത്തെപ്പോലും കടന്നാക്രമിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കുന്നു. തൊഴിലാളിവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിച്ച് അധിനിവേശ രാഷ്ട്രീയം വികസ്വര രാഷ്ട്രങ്ങളെയും അവിടങ്ങളിലെ തൊഴിലെടുക്കുന്ന ജനങ്ങളെയും ശ്വാസംമുട്ടിക്കുകയാണെന്നും സാമ്പത്തിക കടന്നാക്രമണങ്ങളിലൂടെ രാഷ്ട്രസ്വാതന്ത്ര്യത്തെപ്പോലും ഇല്ലായ്മചെയ്യാന്‍ വ്യഗ്രതപ്പെടുകയാണെന്നും അവര്‍ വിലയിരുത്തിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് പ്രത്യാശ പകരുന്നത് അവരുടെ സംഘടിതശക്തിയും അതിന്റെ അടിസ്ഥാനത്തിലുള്ള സമരങ്ങളുമാണ്. ഈ തിരിച്ചറിവോടെ യൂറോപ്പിലും ഏഷ്യയിലും ലാറ്റിനമേരിക്കയിലുമെല്ലാം തൊഴിലാളികള്‍ പണിമുടക്കി തെരുവിലിറങ്ങുന്ന അതേദിവസംതന്നെയാണ് ഇന്ത്യയിലെ പൊതുപണിമുടക്ക് എന്നത് സവിശേഷശ്രദ്ധയര്‍ഹിക്കുന്നതാണ്; തൊഴിലാളിവര്‍ഗ സാര്‍വദേശീയതാബോധത്തിന് നിദര്‍ശനവുമാണിത്.
മുതലാളിത്ത പ്രതിസന്ധി നേരിടാന്‍ അവിടങ്ങളിലെ ഗവണ്മെന്റുകള്‍ എടുക്കുന്ന നടപടികളുടെ ഭാരം തൊഴിലാളികള്‍ക്കുമേല്‍ കെട്ടിവയ്ക്കരുത്, പടക്കോപ്പുകള്‍ സമാഹരിക്കുന്നതിനുള്ള ചെലവിനേക്കാള്‍ പ്രാധാന്യം ആഹാരം ജനങ്ങളിലെത്തിക്കാനുള്ള നടപടികള്‍ക്കാകണം, മൂന്നാംലോകരാഷ്ട്രങ്ങളുടെ വായ്പാഭാരം എഴുതിത്തള്ളാനുള്ള നടപടികള്‍ വേണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഭക്ഷണം, കുടിവെള്ളം എന്നിവ ജനങ്ങള്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണം, തൊഴില്‍ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പൊതുമേഖലാനിക്ഷേപങ്ങള്‍ ഉണ്ടാവണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സെപ്തംബര്‍ ഏഴിന് ലോകത്തിന്റെ പലഭാഗങ്ങളിലും തൊഴിലാളി സംഘടനകള്‍ സമരരംഗത്തിറങ്ങുന്നത്.
ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ 99-ാം സമ്മേളനത്തില്‍ ലോക ഫെഡറേഷന്റെ ജനറല്‍സെക്രട്ടറി ജോര്‍ജ് മാവ്റികോസ് അവതരിപ്പിച്ച റിപ്പോര്‍ട്ട്, മുതലാളിത്ത പ്രതിസന്ധിയുടെ ഭാരം ജനങ്ങള്‍ക്കുമേല്‍ ഗവണ്മെന്റുകള്‍ കെട്ടിയേല്‍പ്പിക്കുന്നതിന്റെ രീതികള്‍ വിശദീകരിച്ചിട്ടുണ്ട്. ഗ്രീസില്‍ ജീവനക്കാരുടെ ശമ്പളം 25 ശതമാനം കണ്ട് വെട്ടിച്ചുരുക്കി. ലേ ഓഫുകള്‍ ഇരട്ടിയാക്കി. പെന്‍ഷന്‍ 40 ശതമാനംകണ്ട് വെട്ടിക്കുറച്ചു. നികുതി കുത്തനെ കൂട്ടി. പൊതുമുതലുകള്‍ വിറ്റുതുലച്ചു. ബ്രിട്ടനില്‍ പൊതുചെലവുകള്‍ 700 കോടി യൂറോ കണ്ട് വെട്ടിക്കുറച്ചു. ജര്‍മനിയില്‍ പ്രശസ്തമായ ഒപെല്‍ കാര്‍ കമ്പനി എണ്ണായിരം ലേ ഓഫുകള്‍ പ്രഖ്യാപിച്ചു. ശമ്പളത്തില്‍ 26 കോടിയിലേറെ യൂറോയുടെ വെട്ടിക്കുറവു വരുത്തി. പോര്‍ച്ചുഗലില്‍, ഡെന്മാര്‍ക്കില്‍, ഇറ്റലിയില്‍, സ്പെയിനില്‍ എന്നുവേണ്ട ബ്രസല്‍സ്-വാഷിങ്ടണ്‍ കല്‍പ്പനകള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങളിലാകെ ജനജീവിതം ദുസ്സഹമാവുകയാണ്. ഈ സാഹചര്യത്തിലാണ്, ലോകതൊഴിലാളിവര്‍ഗമാകെ പ്രക്ഷോഭത്തിനിറങ്ങുന്നത്. ഈ സാര്‍വദേശീയ പശ്ചാത്തലം ഇന്ത്യയിലെ പൊതുപണിമുടക്കിന്റെ പ്രസക്തിക്കും പ്രാധാന്യത്തിനും അടിവരയിടുന്നുണ്ട്.
ലോകമുതലാളിത്തത്തില്‍നിന്ന് ലഭിക്കുന്ന കല്‍പ്പനകള്‍പ്രകാരം ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിവരികയാണ് ഇന്ത്യയില്‍. ആ നയങ്ങളാകട്ടെ, രാജ്യത്തിന്റെ പരമാധികാരത്തില്‍പ്പോലും വിട്ടുവീഴ്ചചെയ്യുന്നതും ജനതയെയാകെ ലോകമുതലാളിത്തത്തിന്റെ ചൂഷണത്തിനായി ഒറ്റിക്കൊടുക്കുന്നതുമായ വിപല്‍ക്കരമായ മാനങ്ങളിലേക്ക് വളര്‍ന്നിരിക്കുന്നു. ഇതിന്റെ ദുരന്തം ഇന്ത്യയിലെ തൊഴിലെടുക്കുന്ന ജനവിഭാഗമാകെ അനുഭവിക്കുകയാണിന്ന്. ഈ അവസ്ഥയാണ് സെപ്തംബര്‍ ഏഴിന്റെ പൊതുപണിമുടക്കിലേക്ക് തൊഴിലാളികളെ കൊണ്ടെത്തിച്ചത്.
ഈ പൊതുപണിമുടക്കിന് നിരവധി സവിശേഷതകളുണ്ട്. രാഷ്ട്രീയഭേദമെന്യേ, തൊഴിലാളിസംഘടനകള്‍ ഒരുമിക്കുന്നുവെന്നതാണ് ഒന്ന്. തങ്ങളുടെ സാമ്പത്തികനേട്ടങ്ങള്‍ക്കുവേണ്ടിയല്ല, രാജ്യത്തിന്റെ നന്മയ്ക്കായുള്ള മുദ്രാവാക്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തൊഴിലാളികള്‍ സമരരംഗത്തിറങ്ങുന്നത് എന്നതാണ് മറ്റൊന്ന്. സ്വതന്ത്ര ഇന്ത്യയില്‍ ഐഎന്‍ടിയുസി കൂടി പങ്കെടുത്ത് നടത്തുന്ന ആദ്യ ദേശീയപണിമുടക്ക് എന്നതാണ് മൂന്നാമത്തേത്. ഇതൊക്കെത്തന്നെ പണിമുടക്കിന്റെ ന്യായയുക്തത സംബന്ധിച്ച് സംശയലേശമില്ലാത്തവിധം ജനങ്ങളെയാകെ ബോധ്യപ്പെടുത്തുന്നുണ്ട്.
ഒരുദിവസം പെട്ടെന്ന് പണിമുടക്കിലേക്ക് നീങ്ങുകയല്ല, ട്രേഡ് യൂണിയനുകള്‍ ചെയ്തത് എന്നതും ഓര്‍മിക്കണം.
2009 സെപ്തംബര്‍ 14നാണ് കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി പ്രക്ഷോഭത്തിലേക്കിറങ്ങാന്‍ നിശ്ചയിച്ചത്; അഞ്ച് സുപ്രധാന മുദ്രാവാക്യങ്ങള്‍ ജനങ്ങളുടെ മുമ്പാകെ വച്ചത്. തുടര്‍ന്നിങ്ങോട്ട് ഒക്ടോബര്‍ 28ലെ പ്രതിഷേധദിനാചരണം, ഡിസംബര്‍ 16 ന്റെ പാര്‍ലമെന്റ് മാര്‍ച്ച്, 2010 മാര്‍ച്ച് അഞ്ചിന്റെ ജയില്‍നിറയ്ക്കല്‍ സമരം, ജൂലൈ 15ന്റെ ദേശീയ കവന്‍ഷന്‍ എന്നിങ്ങനെ ഘട്ടംഘട്ടമായി സമരശക്തി സമാഹരിച്ച് ട്രേഡ് യൂണിയനുകള്‍ മുന്നേറി. എന്നാല്‍, ഈ ഘട്ടത്തിലൊന്നും കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തിയ അഞ്ച് മുദ്രാവാക്യങ്ങള്‍ ചെവിക്കൊള്ളാനുള്ള രാഷ്ട്രീയസന്നദ്ധത അധികാരസ്ഥാനങ്ങള്‍ക്കുണ്ടായില്ല. അതേസമയം, സ്വന്തം ജീവിതാനുഭവങ്ങള്‍കൊണ്ടുതന്നെ വിപുലമായ ജനവിഭാഗങ്ങള്‍ ഈ മുദ്രാവാക്യങ്ങളുടെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞു. തൊഴിലാളികള്‍ സംഘടിതമായി മുദ്രാവാക്യങ്ങള്‍ക്കുപിന്നില്‍ അണിനിരന്നു. ഐഎന്‍ടിയുസി മുതല്‍ സ്വതന്ത്ര തൊഴിലാളിസംഘടനകള്‍വരെ സംയുക്തസമരനിരയിലെത്തി. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം, വിവിധ ഫെഡറേഷനുകളും സമരരംഗത്ത് നിലയുറപ്പിച്ചു. അങ്ങനെ അതിവിശാലവും സുശക്തവുമായ തൊഴിലാളി ഐക്യപ്രസ്ഥാനമായി പണിമുടക്ക് മാറുകയായിരുന്നു.
ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി തൊഴിലാളിസംഘടനകള്‍ സമരപാതയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന അതേ ഘട്ടത്തില്‍, ജനജീവിതപ്രതിസന്ധികളുടെ തീയില്‍ എണ്ണയൊഴിക്കുന്ന നടപടികളാണ് രാജ്യത്തുണ്ടായത്. പെട്രോളിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ചു. വില നിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് കൈമാറി. പൊതുവിതരണശൃംഖലയില്‍നിന്ന് തൊഴിലാളികളില്‍ വലിയ ഒരു വിഭാഗം അകറ്റിനിര്‍ത്തപ്പെട്ടു. അവധിവ്യാപാരവും ഊഹക്കച്ചവടവും ശക്തിപ്പെട്ടു. ഭക്ഷ്യസംഭരണം ദുര്‍ബലപ്പെട്ടു. അങ്ങനെ ജീവിതാവസ്ഥ കൂടുതല്‍ കൂടുതല്‍ ദുസ്സഹമായി. രാഷ്ട്രത്തിന്റെ സമ്പദ്ഘടനയില്‍ മുതല്‍ പ്രതിരോധസംവിധാനത്തില്‍വരെ വിദേശശക്തികള്‍ക്ക് നിര്‍ണായകമായി ഇടപെടാന്‍ പഴുതുനല്‍കുന്ന സ്ഥിതിയുണ്ടായി. ഈ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ടാണ് ദേശീയ പണിമുടക്കിന് ഇത്ര വിപുലവും ശക്തവുമായ പിന്തുണയുമായി തൊഴിലാളികള്‍ രാഷ്ട്രീയ വേര്‍തിരിവുപോലും മറന്ന് ഒരുമിച്ചത്.
തൊഴിലാളികളുടെ ഈ ഐക്യനിര കൂടുതല്‍ ഊട്ടിയുറപ്പിച്ച് രാജ്യത്തിന്റെയും ജനങ്ങളുടെയും ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പോരാട്ടം ഇനിയും ഇനിയും മുമ്പോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ആ കുതിപ്പിന് ഊര്‍ജം പകരുന്നതാവട്ടെ സെപ്തംബര്‍ ഏഴിന്റെ ദേശീയ പണിമുടക്ക്.
ദേശാഭിമാനി മുഖപ്രസംഗം 07092010
സെപ്തംബര്‍ ഏഴ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ മാത്രമല്ല, ലോക തൊഴിലാളിവര്‍ഗത്തിന്റെയാകെ സമരചരിത്രത്തിലെ നിര്‍ണായക പ്രാധാന്യമുള്ള ദിനമാവുകയാണ്. മുതലാളിത്തം സൃഷ്ടിക്കുന്ന ജീവിതപ്രതിസന്ധികള്‍ മുന്‍നിര്‍ത്തി ലോകത്തെമ്പാടുമുള്ള ട്രേഡ് യൂണിയനുകള്‍ സമരദിനമായി ആചരിക്കുകകൂടിയാണ് സെപ്തംബര്‍ ഏഴ്.
ReplyDeleteഅപ്പ ന്ന്, സ്പെഷല്‍ പൂജേണല്ലേ !!!
ReplyDeleteപാര്‍ട്ടി ആപ്പീസിലിരുന്ന് മെയ്യാനങ്ങാതെ, വെയിലുകൊള്ളാതെ,
ചര്‍മ്മ കാന്തി നെലനിര്‍ത്തണ എല്ലാ പ്രതിഷ്ടകള്‍ക്കും,
ചിത്രകാരന്റെ വക ഒരോ നെയ് വീളക്ക് വഴിപാട് കഴിപ്പിക്കണം.
മാദനീക്കും,മാര്‍ട്ടിന്നും,ഫാരിസിനും,വി.എസ്സിനും,പിഡിപി ജില്ല്ല-സംസ്ഥാന ഭാരവാഹികള്‍ക്കും വേണ്ടി ഒരോ ശത്രു സംഹാര പൂജയും ചീട്ടാക്കിക്കോളു.
കാരാട്ടിന്റേം,പിണരായിന്റീം ജന്മ നക്ഷത്രത്തില്‍ ഓരോ വെടി വഴിപാടൂടെ
ചീട്ടാകണം.
തന്ത്രിക്ക്‍ള്ള ദക്ഷിണ ശ്രീകോവിലില്‍ കൊടുത്തോളാം.
അക്കൌൗണ്ട് നംബറ് പറഞ്ഞാ പൈഇസ അയച്ച് തരാര്ന്നു :)
സാമ്രാജ്യത്വ മന്ത്ര ലക്ഷാര്‍ച്ചനയില്‍ തന്ത്രിമാര്‍ക്ക്‍ള്ള ദക്ഷിണകൂടി അയക്ക്കാന്‍ താല്‍പ്പര്യം ണ്ടേ.... !!!
......
ഈ സാമ്രാജ്യത്വവും,മുതലാളിയും,തൊഴിലാളിയുമൊക്കെ ആരാണെന്ന് മാത്രം പിടില്ല്യ.