Friday, September 10, 2010

കള്ള് കച്ചവടം ഇനിയില്ലെന്ന് കെ അച്യുതന്‍

കള്ള് കച്ചവടം അവസാനിപ്പിക്കുകയാണെന്ന് കെ അച്യുതന്‍ എംഎല്‍എ. 35 വര്‍ഷമായി കള്ള് കച്ചവടം ചെയ്യുന്നുണ്ട്. താനോ തന്റെ കുടുംബമോ ഇനി കള്ള് കച്ചവടം ചെയ്യില്ല. എല്ലാം അവസാനിപ്പിക്കുകയാണ്. കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍രവിയുടെ ഉപദേശപ്രകാരമാണ് കള്ള് കച്ചവടം അവസാനിപ്പിക്കുന്നത്. നാലോ അഞ്ചോ ഷാപ്പുകള്‍ തന്റെ സഹോദരന്‍ മധു നടത്തുന്നുണ്ട്. കള്ള് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. തത്തമംഗലത്തുള്ളത് കള്ള് ഗോഡൌണല്ല, ഓഫീസാണ്. കേരളത്തിലെ മറ്റ് ജില്ലകളിലേക്ക് കള്ള് പോകുന്നത് ചിറ്റൂരില്‍ നിന്നാണ്. കുറച്ചു തെങ്ങ് ചെത്തി കള്ള് അയച്ചിരുന്നു. അതും നിര്‍ത്തുകയാണ്. എന്റെ കുടുംബത്തിലുള്ള ആരെങ്കിലു ഇനി കള്ള് വില്‍ക്കുന്നതായി തെളിഞ്ഞാല്‍ രാഷ്ട്രിയം ഉപേക്ഷിക്കും. 'ദേശാഭിമാനി' പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കും. സിപിഐ എം തന്നെ രാഷ്ട്രീയമായി തോജോവധം ചെയ്യാനാണ് ശ്രമിക്കുന്നത്. സഹോദരന്‍ മധുവിന്റെ പേര് എക്സൈസ് മന്ത്രി പറഞ്ഞത് എന്തിനാണെന്ന് അറിയില്ല. നല്ല മന്ത്രിയാണ് ഗുരുദാസനെന്നും അച്യുതന്‍ പറഞ്ഞു. കുറ്റിപ്പുറത്തും വണ്ടൂരും വ്യാജകള്ള് കഴിച്ച് ദുരന്തമുണ്ടായപ്പോള്‍ ഒരു ചാനല്‍ സെപ്തംബര്‍ ഏഴിന് നടത്തിയ ചര്‍ച്ചയില്‍ അച്യുതന്‍ പറഞ്ഞത് 'തനിക്കോ തന്റെ കുടുംബത്തിലുള്ളവര്‍ക്കോ കള്ള് കച്ചവടമില്ലെന്നാണ്. മാത്രമല്ല ആരോപണം തെളിയിച്ചില്ലെങ്കില്‍ എക്സൈസ് മന്ത്രി പി കെ ഗുരുദാസന്‍ മാപ്പ് പറയേണ്ടിവരുമെന്നും' പറഞ്ഞിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അച്യുതന്‍ മലക്കം മറിഞ്ഞു. മാത്രമല്ല തത്തമംഗലത്ത് കള്ള് ഗോഡൌണുണ്ടായിരുന്നുവെന്നും പരോക്ഷമായി സമ്മതിച്ചു. കുറ്റിപ്പുറത്തെ വിഷക്കള്ള് ദുരന്തവുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പുകാരന്‍ ദ്രവ്യന് തത്തമംഗലത്തു നിന്നാണ് സ്പിരിറ്റ് ലഭിച്ചതെന്ന്് ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്.

അച്യുതന്റെ പ്രഖ്യാപനം കോണ്‍ഗ്രസിനെ വെട്ടിലാക്കി

മലപ്പുറം വിഷക്കള്ള ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കള്ളുകച്ചവടം നിര്‍ത്തുന്നതായുള്ള കെ അച്യുതന്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കി. വിഷക്കള്ളുദുരന്തം സംസ്ഥാനസര്‍ക്കാരിനെതിരായ പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ശ്രമത്തിനാണ് അച്യുതന്റെ പ്രഖ്യാപനം തിരിച്ചടിയായത്. കഴിഞ്ഞ 35 വര്‍ഷമായി കള്ളുകച്ചവടം നടത്തുന്നുണ്ടെന്നും ഇനി നിര്‍ത്തുകയാണെന്നുമാണ് അച്യുതന്‍ പറഞ്ഞത്. മലപ്പുറം വിഷക്കള്ളുദുരന്തത്തിനിടയാക്കിയ കള്ള് കൊണ്ടുപോയത് ചിറ്റൂരില്‍നിന്നാണെന്നുതെളിഞ്ഞതോടെയാണ് കെ അച്യുതന്‍ നിലപാട് മാറ്റിയത്്. ചിറ്റൂര്‍-തത്തമംഗലം നഗരസഭാചെയര്‍മാനായിരുന്ന അച്യുതന്‍ 'എ' ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരിക്കെയാണ് എംഎല്‍എയാവുന്നത്. പിന്നീട് 'എ' ഗ്രൂപ്പുമായി തെറ്റിയ അച്യുതന്‍ വയലാര്‍ രവിയുടെ വിശ്വസ്തനായാണ് കഴിഞ്ഞ രണ്ടുതവണയും നിയമസഭ സീറ്റ് നേടിയത്. എന്നാല്‍, ഈ സമയത്തെല്ലാം അച്യുതന്‍ കള്ളുകച്ചവടം തുടര്‍ന്നിരുന്നു. അച്യുതനോട് കള്ളുകച്ചവടം നിര്‍ത്താന്‍ ഉപദേശിച്ചിരുന്നുവെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞതും യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.

കള്ളുകച്ചവടം നിര്‍ത്താന്‍ അച്യുതനോട് പണ്ടേ പറഞ്ഞു: വയലാര്‍ രവി

കള്ളുകച്ചവടം നിര്‍ത്താന്‍ കോണ്‍ഗ്രസ്സ് നേതാവായ കെ അച്യുതന്‍ എംഎല്‍എയോട് താന്‍ പണ്ടേ ആവശ്യപ്പെട്ടതാണെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി. കഴിഞ്ഞ ദിവസം വയലാര്‍ രവി ആവശ്യപ്പെട്ടതനുസരിച്ച് താന്‍ കള്ളു കച്ചവടം നിര്‍ത്തുകയാണെന്ന് അച്യുതന്‍ വ്യഴാഴ്ച ഒരു ടിവി ചാനലില്‍ വ്യക്തമാക്കി. അതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് വയലാര്‍ രവി ഇതു പറഞ്ഞത്. മദ്യദുരന്തത്തെത്തുടര്‍ന്ന് അച്യുതനെക്കുറിച്ച് അന്വേഷിക്കണമെന്ന് താന്‍ പറയില്ല. സര്‍ക്കാരിനു വേണമെങ്കില്‍ ആകാമെന്നും രവി തുടര്‍ന്നു.

വ്യാജക്കള്ളിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ നേടിയത് കോടികള്‍

വിവിധ റേഞ്ചുകളില്‍ കള്ള് ഷാപ്പ് നടത്തിയും അന്തര്‍ജില്ലാ പെര്‍മിറ്റെടുത്ത് കള്ള് നല്‍കിയും കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം സമ്പാദിച്ചത് കോടികള്‍. പാലക്കാട് ജില്ലയിലാകെ 810 കള്ള് ഷാപ്പുകളാണ് ഉള്ളത്. ചിറ്റൂര്‍ റേഞ്ചില്‍ മാത്രം 90 ഷാപ്പുകളുണ്ട്. ഇതില്‍ 80 ഉും നടത്തുന്നത് കോണ്‍ഗ്രസുകാരാണ്. കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍ റേഞ്ചുകളിലും കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരും അനുയായികളായവരും കള്ള് ഷാപ്പ് ലൈസന്‍സികളാണ്. 1996 വരെ കള്ള് കച്ചവടത്തിന്റെ കുത്തക കോണ്‍ഗ്രസ് നേതാക്കള്‍ക്കായിരുന്നു. 2000ത്തില്‍ കള്ള് സഹകരണസംഘങ്ങളെ ഏല്‍പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കോണ്‍ഗ്രസുകാരുടെ കള്ള് കച്ചവടത്തിന് അറുതിയായത്. പിന്നീടും തൊഴിലാളികളുടെ പേരില്‍ ഷാപ്പ് നടത്താന്‍ അനുമതി നേടി നേതാക്കള്‍ കോടികളുണ്ടാക്കി. ഒരിക്കല്‍ എല്ലാം നഷ്ടപ്പെട്ട ഒരു നേതാവ് കള്ള് കച്ചവടത്തിലൂടെ അതെല്ലാം തിരിച്ചുപിടിച്ചു. പുറമെ തത്തമംഗലത്ത് 14 ഏക്കറിലുള്ള ഒരു എസ്റ്റേറ്റും സ്വന്തമാക്കി. ഈ നേതാവിന്റെ മകന് പൊല്‍പ്പുള്ളി പഞ്ചായത്തില്‍ നാല് ഏക്കര്‍ സ്ഥലമുണ്ട്. ഇത് 50 പ്ളോട്ടുകളാക്കി വില്‍ക്കാനുള്ള ശ്രമത്തിലാണ്. ചിറ്റൂരില്‍ പ്രസിദ്ധമായ കൊങ്ങന്‍പട നടക്കുന്നതിന് മുന്നോടിയായി കണ്യാര്‍കളി നടക്കുന്ന നെല്‍പ്പാടം വാങ്ങിയത് കോണ്‍ഗ്രസ് നേതാവിന്റെ അമ്മാവനാണ്. തത്തമംഗലം മേട്ടുപാളയം, പെരുവെമ്പ്, പട്ടഞ്ചേരി, മീനാക്ഷീപുരം, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ നിരവധി ഏക്കര്‍ ഭൂമിയാണ് കോണ്‍ഗ്രസുകാര്‍ വാങ്ങിക്കൂട്ടിയിട്ടുള്ളത്. 50 തെങ്ങിന് ട്രീ ടാക്സ് 30 രൂപ പ്രകാരം എക്സൈസ് ഓഫീസില്‍ അടച്ചശേഷം 150 വരെ തെങ്ങ് ചെത്തിയും കള്ളില്‍ മായം ചേര്‍ത്തുമാണ് കോടികള്‍ സമ്പാദിക്കുന്നത്.

ചിറ്റൂര്‍കള്ള് പുറത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചു

ചിറ്റൂരില്‍നിന്ന് കള്ള് പാലക്കാട് ജില്ലയ്ക്ക് പുറത്തുകൊണ്ടുപോകുന്നത് നിരോധിച്ചു. മലപ്പുറം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എക്സൈസ് കമീഷണര്‍ എസ് സുബ്ബയ്യയുടേതാണ് ഉത്തരവ്. ചിറ്റൂരില്‍നിന്ന് കള്ള് കൊണ്ടുപോകുന്നതിന് നല്‍കിയ എല്ലാ പെര്‍മിറ്റും മരവിപ്പിച്ചു. ഇതിനിടെ, വിഷമദ്യദുരന്തത്തില്‍പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 24 ആയി. മുഖ്യപ്രതി ദ്രവ്യന്റെ പ്രധാന സഹായി വ്യാഴാഴ്ച അറസ്റ്റിലായി. ഒമ്പതുപേര്‍ ഇതിനകം അറസ്റ്റിലായി. മദ്യദുരന്തത്തിനു പിന്നില്‍ അട്ടിമറിയുണ്ടോയെന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്തു പറഞ്ഞു. പേരശന്നൂര്‍ പുല്ലാട്ട് കുളമ്പില്‍ കണക്കറായി (കുഞ്ഞാനു-50), പെരിന്തല്‍മണ്ണക്കടുത്ത് കൊളത്തൂര്‍ കൂമുള്ളിക്കളം വേലായുധന്‍(47)എന്നിവരാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. കുറ്റിപ്പുറം ഷാപ്പില്‍ നിന്ന് കള്ള് കുടിച്ച കണക്കറായി ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വേലായുധന്‍ വീട്ടില്‍ ഉറക്കത്തിലാണ് മരിച്ചത്. രണ്ട് മൃതദേഹവും പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. ചിറ്റൂരില്‍നിന്ന് കള്ള് കൊണ്ടുപോകാന്‍ ആയിരത്തോളം പേര്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. ഇതിന്റെ മറവില്‍ സ്പിരിറ്റും മയക്കുമരുന്നും കലര്‍ത്തിയ കള്ളാണ് വില്‍ക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതന്‍ ഉള്‍പ്പെടെയുള്ളവരാണ് ചിറ്റൂരിലെ വന്‍കിട കള്ള് മൊത്തവില്‍പ്പനക്കാര്‍. ഈ സാഹചര്യത്തിലാണ് ചിറ്റൂരില്‍നിന്ന് കള്ള് കൊണ്ടുപോകാന്‍ നല്‍കിയ പെര്‍മിറ്റുകള്‍ മരവിപ്പിച്ചത്.

തിരുവനന്തപുരം ബാലരാമപുരം ബുധന്നൂര്‍ മേലേപുത്തന്‍ പുരയില്‍ രാജേഷ് (30)ആണ് അറസ്റ്റിലായത്. ദ്രവ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും കൂട്ടാളിയായ ഇയാള്‍ വളാഞ്ചേരിക്കടുത്താണ് താമസം. മറ്റൊരു സഹായി യൂനിസ് അടക്കം മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. ഇതിനിടെ രണ്ട് കുടുംബങ്ങള്‍ ഗൃഹനാഥന്മാരുടെ മരണം വിഷമദ്യം മൂലമാണെന്ന പരാതിയുമായി രംഗത്തുവന്നു. ഇതേത്തുടര്‍ന്ന് മറവു ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുത്ത്് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. തിരൂര്‍ ആലത്തിയൂര്‍ പരപ്പേരി കൊല്ലത്ത് എഡ്വിന്‍ സോമസുന്ദരത്തിന്റെ മൃതദേഹം പുറത്തെടുത്ത് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. പേരശന്നൂര്‍ കുന്നത്ത്പറമ്പില്‍ സുബ്രഹ്മണ്യന്റെ മൃതദേഹവും പുറത്തെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം തലസ്ഥാനത്തെത്തിയ എക്സൈസ് കമീഷണര്‍ തിങ്കളാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ടായിരിക്കില്ല നല്‍കുക. വീഴ്ചവരുത്തിയ ഒമ്പത് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കൂടുതല്‍ നടപടി തല്‍ക്കാലമില്ലെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച അറസ്റ്റിലായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് പെരിന്തല്‍മണ്ണ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.

ദേശാഭിമാനി 10092010

3 comments:

  1. കള്ള് കച്ചവടം അവസാനിപ്പിക്കുകയാണെന്ന് കെ അച്യുതന്‍ എംഎല്‍എ. 35 വര്‍ഷമായി കള്ള് കച്ചവടം ചെയ്യുന്നുണ്ട്. താനോ തന്റെ കുടുംബമോ ഇനി കള്ള് കച്ചവടം ചെയ്യില്ല. എല്ലാം അവസാനിപ്പിക്കുകയാണ്. കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍രവിയുടെ ഉപദേശപ്രകാരമാണ് കള്ള് കച്ചവടം അവസാനിപ്പിക്കുന്നത്. നാലോ അഞ്ചോ ഷാപ്പുകള്‍ തന്റെ സഹോദരന്‍ മധു നടത്തുന്നുണ്ട്. കള്ള് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. തത്തമംഗലത്തുള്ളത് കള്ള് ഗോഡൌണല്ല, ഓഫീസാണ്. കേരളത്തിലെ മറ്റ് ജില്ലകളിലേക്ക് കള്ള് പോകുന്നത് ചിറ്റൂരില്‍ നിന്നാണ്. കുറച്ചു തെങ്ങ് ചെത്തി കള്ള് അയച്ചിരുന്നു. അതും നിര്‍ത്തുകയാണ്. എന്റെ കുടുംബത്തിലുള്ള ആരെങ്കിലു ഇനി കള്ള് വില്‍ക്കുന്നതായി തെളിഞ്ഞാല്‍ രാഷ്ട്രിയം ഉപേക്ഷിക്കും

    ReplyDelete
  2. Achuthante kaaryam sherikkum puthiya arivaayirunnu. Iniyum athupole ethra perundo entho?? Rendu Pakshavum kanakka ee vaka kaaryangalil!!

    ReplyDelete
  3. മലപ്പുറം: മദ്യദുരന്തമുണ്ടായ ഉടനെ കള്ളുകച്ചവടം നിര്‍ത്തുകയാണെന്ന കോഗ്രസ്സ് നേതാവ് കെ അച്യുതന്‍ എംഎല്‍എ യുടെ പ്രസ്താവന കുറ്റബോധം കൊണ്ടാണെന്ന് എല്‍ഡിഎഫ് കണ്വീ‍നര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മദ്യദുരന്തത്തിന്റെ ഉത്തരവാദിത്വം എംഎല്‍എ ഏറ്റെടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി പറഞ്ഞത്. നാലരവര്‍ഷമായി കേരളത്തില്‍ എവിടെയും മദ്യദുരന്തമുണ്ടായിട്ടില്ല. സര്‍ക്കാര്‍ കരുതലോടെ നീങ്ങുന്ന ഈ സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ ഉണ്ടാവും. അച്യുതന്റെ കള്ളുകച്ചവടത്തെക്കുറിച്ച് വയലാര്‍ രവിക്കു വരെ പറയേണ്ടി വന്നു. മദ്യദുരന്തമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete